Image

എക്സിറ്റ് പോളില്‍ ആവേശവും അവകാശവാദങ്ങളും; ഓര്‍മയില്‍ നാല് വട്ടം മുഖ്യനായ കെ കരുണാകരന്‍ (എ.എസ് ശ്രീകുമാര്‍)

എ.എസ് ശ്രീകുമാര്‍ Published on 30 April, 2026
എക്സിറ്റ് പോളില്‍ ആവേശവും അവകാശവാദങ്ങളും; ഓര്‍മയില്‍ നാല് വട്ടം മുഖ്യനായ കെ കരുണാകരന്‍  (എ.എസ് ശ്രീകുമാര്‍)

എക്സിറ്റ് പോള്‍ പ്രവചനമനുസരിച്ച് കേരളത്തില്‍ യു.ഡി.എഫിന് മുന്‍തൂക്കം ലഭിക്കുമെന്ന റിപ്പോര്‍ട്ടുകളെ അവര്‍ വര്‍ധിത വീര്യത്തോടെ സ്വാഗതം ചെയ്യുമ്പോള്‍ ഇടതുമുന്നണി വിജയ പ്രതീക്ഷയില്‍ തന്നെയാണ്. സംസ്ഥാനത്ത് പലയിടത്തും താമര വിരിയുമെന്ന് ബി.ജെ.പിയും കണക്ക് കൂട്ടുന്നു. എന്നാല്‍ യു.ഡി.എഫ് മേല്‍ക്കൈ നേടുമെന്ന വാര്‍ത്ത പരന്നതോടെ കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയും അവകാശ വാദങ്ങളും ഉച്ചസ്ഥായിയിലായി. എക്സിറ്റ് പോളില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് രമേശ് ചെന്നിത്തല, കെ.സി വേണുഗോപാല്‍ എന്നിവരേക്കാള്‍ ബഹുദൂരം മുന്നില്‍. കേരളത്തിന്റെ ഭരണ ചരിത്രമനുസരിച്ച് പ്രതിപക്ഷ നേതാവായിരുന്ന കെ കരുണാകരന്‍ മുഖ്യമന്ത്രിയായി. പ്രതിപക്ഷ നേതാവായിരുന്ന എ.കെ ആന്റണിക്കും കിട്ടി മുഖ്യമന്ത്രിക്കസേര. പ്രതിപക്ഷ നേതാവായിരുന്ന ഉമ്മന്‍ ചാണ്ടിയും മുഖ്യമന്ത്രിയായി. പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയ്ക്ക് പക്ഷേ ഈ ഭാഗ്യമുണ്ടായില്ല. സി.പി.എമ്മിന് 2021-ല്‍ തുടര്‍ ഭരണം ലഭിച്ചതോടെ രമേശിന്റെ മോഹം പൊലിയുകയായിരുന്നു.

എന്നാല്‍ കേരളത്തിന്റെ ചരിത്രത്തില്‍ നാല് തവണ മുഖ്യമന്ത്രിയായി ചരിത്രം സൃഷ്ടിച്ച വ്യക്തിയാണ് സാക്ഷാല്‍ ലീഡര്‍ കെ കരുണാകരന്‍. അഞ്ചാം നിയമസഭയുടെ കാലത്താണ് ഏഴാം മന്ത്രിസഭ കെ കരുണാകരന്റെ നേതൃത്വത്തില്‍ (1977 മാര്‍ച്ച് 25-1977 ഏപ്രില്‍ 25) അധികാരമേല്‍ക്കുന്നത്. 1977 ഫെബ്രുവരി 21-ന് നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഭരണത്തിലുണ്ടായിരുന്ന ഐക്യജനാധിപത്യ മുന്നണി 111 സീറ്റ് നേടി. കോണ്‍ഗ്രസ്, എന്‍.ഡി.പി, സി.പി.ഐ, ആര്‍.എസ്.പി, കേരള കോണ്‍ഗ്രസ് (മാണി), ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ്, പി.എസ്.പി എന്നീ പാര്‍ട്ടികള്‍ ചേര്‍ന്നതായി ഐക്യജനാധിപത്യ മുന്നണി. സി.പി.എം, അഖില്യോ മുസ്ലീം ലീഗ്, കേരളാ കോണ്‍ഗ്രസ് (പിള്ള), ജനതാപാര്‍ട്ടി തുടങ്ങിയവരായിരുന്നു ഇടതുപക്ഷ മുന്നണി.

കോണ്‍ഗ്രസ് 38, സി.പി.ഐ. 23, കേരളാ കോണ്‍ഗ്രസ് (എം) 20, മുസ്ലീം ലീഗ് 13, ആര്‍.എസ്.പി 9, എന്‍.ഡി.പി 5, പി.എസ്.പി 3, സി.പി.എം 17, ജനതാ പാര്‍ട്ടി 6, കേരളാ കോണ്‍ഗ്രസ് (പിള്ള) 2, അഖില്യോ മുസ്ലീം ലീഗ് 3 ആയിരുന്നു കക്ഷിനില. ഇതേത്തുടര്‍ന്ന് കെ കരുണാകരന്‍ മുഖ്യമന്ത്രിയായി 1977 മാര്‍ച്ച് 25-ന് സത്യപ്രതിജ്ഞ ചെയ്തു. എന്നാല്‍ അടിയന്തിരാവസ്ഥക്കാലത്ത് അറസ്റ്റുചെയ്ത് തടങ്കലിലാക്കിയ റീജിയണല്‍ എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്തി രാജനെ ഹാജരാക്കാന്‍ അച്ഛന്‍ ഈശ്വരവാര്യര്‍ നല്‍കിയ പരാതിയെത്തുടര്‍ന്നുള്ള ഹൈക്കോടതിവിധിയെ തുടര്‍ന്ന് ഏപ്രില്‍ 25-ന് കെ കരുണാകരന്‍ മന്ത്രിസഭ നിലംപതിച്ചു.

കെ. കരുണാകരന്‍ മുഖ്യമന്ത്രിയായ പന്ത്രണ്ടാമത് മന്ത്രിസഭയുടെ കാലം 1981 ഡിസംബര്‍ 28 മുതല്‍ 1982 മാര്‍ച്ച് 17 വരെയായിരുന്നു. സി.എച്ച് മുഹമ്മദ്കോയ ഡെപ്യൂട്ടി മുഖ്യമന്ത്രിയായുള്ള ഈ മന്ത്രിസഭയില്‍ പി.ജെ. ജോസഫ്, കെ.എം. മാണി, ഉമ്മന്‍ചാണ്ടി, കെ. ശിവദാസന്‍, സി.എം. സുന്ദരം, ആര്‍. സുന്ദരേശന്‍ നായര്‍ എന്നിവര്‍ മന്ത്രിമാരായി. കോണ്‍ഗ്രസ് (എസ്.)ലെ എ.സി. ജോസ് ആയിരുന്നു സ്പീക്കര്‍. എന്നാല്‍ അവിശ്വാസപ്രമേയം സഭയില്‍ വന്നപ്പോള്‍ സ്പീക്കര്‍ക്ക് കാസ്റ്റിംഗ് വോട്ട് ചെയ്യേണ്ടിവന്നു. സമസമമായിരുന്ന കക്ഷിനില തകിടം മറിഞ്ഞത് കേരള കോണ്‍ഗ്രസ് (എം)ലെ അംഗം ലോനപ്പന്‍ നമ്പാടന്‍ ഭരണമുന്നണിയില്‍ പിന്‍മാറിയതാണ്. ഇതോടെ 1982 മാര്‍ച്ച് 17ന് മന്ത്രിസഭ രാജിവച്ചു. ഇതേത്തുടര്‍ന്ന് കേരളം വീണ്ടും പ്രസിഡന്റ് ഭരണത്തിലായി.

ഏഴാം നിയമസഭയിലേയ്ക്ക് 1982 മേയ് മാസം നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയും ഐക്യജനാധിപത്യമുന്നണിയും തമ്മിലായിരുന്നു പ്രധാനമത്സരം. കോണ്‍ഗ്രസ് (ഐ), കോണ്‍ഗ്രസ് ആന്റണി വിഭാഗം, കേരളാ കോണ്‍ഗ്രസ് (എം), കേരള കോണ്‍ഗ്രസ് (ജെ), ജനത (ജി), എന്‍.ഡി.പി, എസ്.ആര്‍.പി, ആര്‍.എസ്.പി (എസ്), പി.എസ്.പി, എന്‍.ഡി.പി എന്നിവരും ഒരു സ്വതന്ത്രനും ഉള്‍പ്പെട്ട 77 അംഗങ്ങള്‍ ഐക്യജനാധിപത്യ മുന്നണിക്ക് ലഭിച്ചു. സി.പി.എം, സി.പി.ഐ, കോണ്‍ഗ്രസ് (എസ്), ജനത, അഖില്യോ മുസ്ലീം ലീഗ്, ആര്‍.എസ്.പി, ഡി.എസ്.പി, ഇടതുപക്ഷ മുന്നണിയ്ക്കും സ്വതന്ത്രന്മാര്‍ക്കും കൂടി 63 സീറ്റ് കിട്ടി. കെ കരുണാകരന്‍ 1982 മാര്‍ച്ച് 24-ന് സത്യപ്രതിജ്ഞ ചെയ്തു. പ്രതിസന്ധികളുടെ ഘോഷയാത്രയായിരുന്നു ഈ മന്ത്രിസഭയ്ക്ക് നേരിടേണ്ടിവന്നത്. ഡിസംബറില്‍ കൊച്ചിയില്‍ നടന്ന സമ്മേളനത്തില്‍ എ.കെ ആന്റണിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് കോണ്‍ഗ്രസ് (ഐ)യില്‍ ലയിച്ചു. 1983 സെപ്റ്റംബര്‍ 28 ഉപമുഖ്യമന്ത്രി സി.എച്ച് മുഹമ്മദ്കോയ അന്തരിച്ചതിനെ തുടര്‍ന്ന് അവുക്കാദര്‍കുട്ടി നഹ ആ സ്ഥാനത്ത് എത്തി.

പഞ്ചാബ് പ്രസംഗത്തിന്റെ പേരില്‍ മന്ത്രി ബാലകൃഷ്ണപിള്ളയ്ക്ക് നേരെ ഉയര്‍ന്ന ആരോപണം, പിന്നീട് അദ്ദേഹത്തിന്റെ രാജി, പ്രായപൂര്‍ത്തിയാകാത്ത മകളെ വിവാഹം കഴിച്ചുകൊടുത്തു എന്നതിന്റെ പേരില്‍ മന്ത്രി എം.പി ഗംഗാധരന് എതിരെയുള്ള കോടതിവിധിയും രാജിയും, അഴിമതിയുടെ പേരില്‍ മന്ത്രി എന്‍ ശ്രീനിവാസന്റെ രാജി, മന്ത്രി കെ.ജി.ആര്‍ കര്‍ത്തയുടെ രാജി തുടങ്ങിയ രാഷ്ട്രീയസംഭവങ്ങള്‍ ഇക്കാലത്ത് നടന്നു. ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗില്‍ അഖില്യോ മുസ്ലീം ലീഗ് ലയിച്ചു. സി.പി.എമ്മില്‍ ഉണ്ടായ പ്രധാന പൊട്ടിത്തെറി എം.വി രാഘവനെ പുറത്താക്കിയതാണ്. അദ്ദേഹവും കൂട്ടരും കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി (സി.എം.പി), രൂപീകരിച്ചു. അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയ കരുണാകരന്‍ മന്ത്രിസഭ 1987 മാര്‍ച്ച് 25-ന് രാജിവച്ചു.

കെ കരുണാകരന്‍ നാലാമതും അവസാനവും മുഖ്യമന്ത്രിയായത് 1991-ല്‍ ഒന്‍പതാം കേരള നിയമസഭയുടെ കാലത്താണ്. അത് കേരളത്തിലെ പതിനഞ്ചാം മന്ത്രിസഭയായിരുന്നു. 1991 ജൂണില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ മുന്നണിയില്‍പ്പെട്ട കോണ്‍ഗ്രസ് (ഐ)ക്ക് 57-ഉം, മുസ്ലീം ലീഗിന് 19-ഉം കേരള കോണ്‍ഗ്രസ് എമ്മിന് 10-ഉം, കേരള കോണ്‍ഗ്രസ് (ബി)ക്ക് രണ്ടും, എന്‍.സി.പിക്ക് രണ്ടും, സി.എം.പിക്ക് ഒന്നും, സ്വതന്ത്രന് ഒരു സീറ്റും ലഭിച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ സി.പിഎം 29, സി.പി.ഐ 12, ജനതാദള്‍ 3, കോണ്‍ഗ്രസ് (എസ്) 2, ആര്‍.എസ്.പി. 2, കേരള കോണ്‍ഗ്രസ് (ജോസഫ്) 1, സ്വതന്ത്രന്‍ ഒരു സീറ്റും ഉള്‍പ്പെടെ യു.ഡി.എഫിന് 92 സീറ്റ് ലഭിച്ചു. എല്‍.ഡി.എഫിന് 48 സീറ്റേ ലഭിച്ചുള്ളൂ.

1991 ജൂണ്‍ 24-ന് കെ കരുണാകരന്‍ മുഖ്യമന്ത്രിയായ മന്ത്രിസഭ അധികാരമേറ്റു. എന്നാല്‍ കോണ്‍ഗ്രസ്സില്‍ ആന്റണിയുടേയും, കരുണാകരന്റേയും വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം മന്ത്രിസഭയില്‍ തുടക്കത്തില്‍ നിഴലിച്ചു. വി.എം സുധീരനെ മന്ത്രിയാക്കണമെന്ന ആവശ്യം കരുണാകരവിഭാഗം തള്ളി. ഇതുകാരണം കോണ്‍ഗ്രസ് മന്ത്രിമാരുടെ സത്യപ്രതിജ്ഞ നീണ്ടുപോയി. ഏറ്റുമാനൂര്‍ നിയമസഭയില്‍ നിന്നും കേരള കോണ്‍ഗ്രസിലെ തോമസ് ചാഴിക്കാടന്‍ ജയിച്ചുവന്നതോടെ മന്ത്രിസഭയിലെ ഭരണമുന്നണിയുടെ ശക്തി കൂടി. അതിനുമുമ്പ് ജൂലൈ 2-ന് കോണ്‍ഗ്രസ് മന്ത്രിമാര്‍ ഉള്‍പ്പെടെ എല്ലാ ഘടകകക്ഷികളിലേയും മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു. കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്ക് മന്ത്രിസഭയെ അലട്ടിക്കൊണ്ടിരുന്നു.

ഇടതുപക്ഷ മുന്നണിയിലും ഈ സമയത്ത് പ്രശ്നങ്ങള്‍ തലപൊക്കി. പ്രധാന രാഷ്ട്രീയസംഭവവികാസം 1993-ല്‍ സി.പി.എമ്മില്‍ ഉണ്ടായ പ്രശ്നമാണ്. പാര്‍ട്ടി നേതാവ് കെ.ആര്‍ ഗൗരിയമ്മയെ സംസ്ഥാന കമ്മിറ്റിയില്‍ നിന്നും തരംതാഴ്ത്തിയതിനെ തുടര്‍ന്ന് അവര്‍ രാജിവച്ചു. കുറച്ചുകാലമായി അവരും പാര്‍ട്ടിയും തമ്മില്‍ ഉരസല്‍ ആയിരുന്നു. ഗൗരിയമ്മ ജനാധിപത്യ സംരക്ഷണസമിതി എന്ന സംഘടന രൂപീകരിച്ചു.

കോണ്‍ഗ്രസ് (ഐ)യിലെ പ്രശ്നങ്ങള്‍ എ.കെ ആന്റണി കേന്ദ്രമന്ത്രിയായിട്ടും തീര്‍ന്നില്ല. കേരള കോണ്‍ഗ്രസ്സിലും, മുസ്ലീം ലീഗിലും ഈ സമയത്ത് പ്രശ്നങ്ങള്‍ ഉരുണ്ടുകൂടി. മുസ്ലീം ലീഗ് പ്രസിഡന്റ് ഇബ്രാഹിം സുലൈമാന്‍ സേട്ടും സംസ്ഥാന ഘടകവുമായി ഉരസല്‍ തുടങ്ങി. 1993-ല്‍ കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്നും വിട്ട പി.എം മാത്യു എം.എല്‍.എ ചെയര്‍മാനും, ടി.എം ജേക്കബ് പാര്‍ലമെന്ററി നേതാവുമായി പുതിയ കേരള കോണ്‍ഗ്രസ് രൂപീകരിച്ചു. രാജ്യസഭാ സീറ്റാണ് ഭരണമുന്നണിയില്‍ അടുത്ത പ്രശ്നം. ഭരണമുന്നണിക്ക് ലഭിക്കേണ്ട രണ്ടുസീറ്റുകളില്‍ ഓരോന്ന് ആന്റണി, കരുണാകര വിഭാഗത്തിന് നല്‍കാന്‍ തീരുമാനമായി. തുടര്‍ന്ന് വയലാര്‍ രവിയും, ഡോ. എം.എ കുട്ടപ്പനും നാമനിര്‍ദ്ദേശപത്രിക നല്‍കി. ഈ സമയത്താണ് ലീഗ് ഒരു സീറ്റ് ആവശ്യപ്പെട്ടത് കെ.പി.സി.സി ഡോ. എം കുട്ടപ്പനോട് നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു. വയലാര്‍ രവിയും മുസ്ലീം ലീഗിലെ അബ്ദുള്‍ സമദ് സമ്ദാനിയും രാജ്യസഭയിലേക്ക് തിരഞ്ഞെടുത്തു. ആന്റണി വിഭാഗത്തിനും ഇത് തിരിച്ചടിയായി.

ഇതേത്തുടര്‍ന്നുള്ള പ്രശ്നങ്ങള്‍ ഉമ്മന്‍ചാണ്ടി ധനമന്ത്രിസ്ഥാനം ഒഴിയുമെന്ന സ്ഥിതിയിലെത്തി. പക്ഷെ അത് വേണ്ടെന്നുവച്ചു. കെ കരുണാകരനെ നേതൃത്വത്തില്‍ നിന്നും മാറ്റാന്‍ 20 എം.എല്‍.എമാര്‍ ഒപ്പുവച്ച നിവേദനം എ.ഐ.സി.സിക്ക് നല്‍കി. ഇതില്‍ ഒപ്പിട്ടതിന്റെ പേരില്‍ കെ.പി വിശ്വനാഥനോട് മന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വഴക്കുംവക്കാണവും സസ്പെന്‍ഷനും തുടര്‍ന്നു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് കോണ്‍ഗ്രസ് (ഐ)യിലെ എം.എല്‍.എ, പി.ടി തോമസിനെ സസ്പെന്‍ഡ് ചെയ്തു. ഇതിനിടയിലാണ് അഴിമതി ആരോപണങ്ങളെത്തുടര്‍ന്ന് എന്‍.ഡി.പി മന്ത്രി ആര്‍ രാമചന്ദ്രന്‍ നായരുടെ രാജി.

ഗവണ്മെന്‍ന്റിന്റെ വിദ്യാഭ്യാസനയത്തിനെതിരെ ഡി.വൈ.എഫ്.ഐ നടത്തിയ സമരം ശക്തമായി. കൂത്തുപറമ്പില്‍ മന്ത്രി എം.വി രാഘവനെ തടഞ്ഞ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കുനേരെ ഉണ്ടായ വെടിവയ്പില്‍ അഞ്ചുപേര്‍ മരിച്ചു. ഇതോടെ അവരുടെ പ്രക്ഷോഭത്തിന് ശക്തികൂടി. മുസ്ലീം ലീഗില്‍ നിന്നും രാജിവച്ച ഇബ്രാഹിം സുലൈമാന്‍ സേഠ് ഇന്ത്യന്‍ നാഷണല്‍ ലീഗ് എന്ന പാര്‍ട്ടി രൂപീകരിച്ചു. ഗുരുവായൂര്‍ എം.എല്‍.എ പി.എം അബൂബേക്കറും, തിരൂരങ്ങാടി എം.എല്‍.എ, യു.എ ബീരാനും രാജിവച്ച് സേട്ടിന്റെ പാര്‍ട്ടിയില്‍ ചേര്‍ന്നു. ഗുരുവായൂരില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്വതന്ത്രന്‍ പി.ടി കുഞ്ഞുമുഹമ്മദ് വിജയിച്ചു.

1994-ല്‍ തിരുവനന്തപുരം ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനില്‍ നടന്നതായി ആരോപിച്ച ചാരവൃത്തി കേസില്‍ ചില പോലീസ് ഉദ്യോഗസ്ഥന്മാരെ സഹായിച്ചു എന്ന പേരില്‍ ഭരണമുന്നണിയില്‍ പ്രശ്നം രൂക്ഷമായി. ഇതേത്തുടര്‍ന്ന് കോണ്‍ഗ്രസിലെ വഴക്ക് അവസാനം എത്തിച്ചത് മുഖ്യമന്ത്രി കെ കരുണാകരന്റെ രാജിയിലായിരുന്നു. 1995 മാര്‍ച്ച് 16-ന് അദ്ദേഹം രാജിവച്ചു. കെ കരുണാകരനില്‍ തുടങ്ങി ഉമ്മന്‍ ചാണ്ടി വരെയുള്ള വരുടെ കാലത്ത് മുഖ്യമന്ത്രി പദ മോഹികള്‍ ഉണ്ടായിരുന്നുവെങ്കിലും അത് ഇത്രത്തോളം പരസ്യമായ വടംവലിയിലേയ്ക്ക് നീങ്ങിയിരുന്നില്ല. തിരഞ്ഞടുപ്പ് ഫലം അറിയാന്‍ ഇനി നാല് നാള്‍ മാത്രം. ഇതിനിടെ കോണ്‍ഗ്രസ് ക്യാമ്പുകളില്‍ വലി പൊട്ടിത്തെറികള്‍ പ്രതീക്ഷിക്കാം.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക