Image

സതീശൻ വിതച്ചത് സതീശൻ കൊയ്യട്ടെ (ബ്ലെസ്സൺ ഹ്യൂസ്റ്റൺ)

Published on 30 April, 2026
സതീശൻ വിതച്ചത് സതീശൻ കൊയ്യട്ടെ (ബ്ലെസ്സൺ ഹ്യൂസ്റ്റൺ)

കേരളത്തിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞു വോട്ടെണ്ണൽ മെയ് നാലിന് നടക്കുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തെക്കാൾ ഇപ്പോൾ കേരളത്തിൽ ചർച്ചയാകുന്ന വിഷയം ആരാണ് കേരളത്തിന്റെ മുഖ്യമന്ത്രിയെന്നതാണ്. ഒട്ടുമിക്ക സർവ്വേകളും യൂ  ഡി എഫിനാണ് മുൻതൂക്കം പ്രവചിക്കുന്നത്. എൽ ഡി എഫിന്റെ തിരഞ്ഞെടുപ്പ് കഴിഞ്ഞുള്ള അവലോകനത്തിൽ പോലും തുടര്ഭരണം നേരിയ ഭുരിപക്ഷത്തിലെ ലഭിക്കുയെന്നാണ്. അതിന്റെ അർത്ഥം യൂ ഡി എഫ് വരുമെന്നാണ്. അതുകൊണ്ടുതന്നെ കോൺഗ്രസ്സിൽ നിന്ന് ആര്  മുഖ്യമന്ത്രിയാകുമെന്നതാണ് ഒരു ചോദ്യം. ഈ നിയമ സഭയിലെ  പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് മുൻതൂക്കം. കീഴ് വഴക്കമനുസരിച്ചും കോൺഗ്രസിനെയും പ്രതിപക്ഷത്തെയും ശക്തമായി നയിച്ചതിലും പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് സാധ്യത ഏറെയും. കോൺഗ്രസ്സ് പ്രവർത്തകരുടെ പൊതു വികാരവും പിന്തുണയും വി ഡി സതീശനാണ്. എല്ലാ സർവ്വേയിലും വി ഡിയ്ക്കാണ്   വലിയ പിന്തുണ.  

എന്നാൽ ഈ കുപ്പായം രണ്ട് പതിറ്റാണ്ടോളമായി തയ്യപ്പിച്ച്  നടക്കുന്ന രമേശ് ചെന്നിത്തല അടുക്കള വഴിയും പി ജെ കുര്യനെപ്പോലെയുള്ള ദുതന്മ്മാരെ വിട്ട് പറയിപ്പിച്ചും ആ മുഖ്യമന്ത്രി സ്ഥാനം തട്ടിയെടുക്കാൻ മായാവിയിലെ കുട്ടൂസനെപ്പോലെ പതുങ്ങി നടപ്പുണ്ട്. അന്തിമ തീരുമാനം കോൺഗ്രസ്സ് ഹൈക്കമാന്റാണ് എടുക്കുന്നത്. പ്രവർത്തകരുടെയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെയും വികാരം കൂടി കണക്കിലെടുത്തായിരിക്കും ആ തീരുമാനംപണ്ടൊക്ക് പ്രവർത്തകരുടെയോ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെയോ വികാരം മാനിക്കാതെ ഹൈക്കമാന്റ് തീരുമാനിക്കുന്ന വ്യക്തിയായിരുന്നു മുഖ്യമന്ത്രി. ഇന്ന് അത് മാറി കാരണം പ്രവർത്തകർ ശക്തമായി പ്രതികരിക്കും. അത് പാർട്ടിക്ക് വലിയ തിരിച്ചടിയാകുമെന്ന് നേതൃത്വത്തിനറിയാം.

കഴിഞ്ഞ പത്ത് വർഷമായി പ്രതിപക്ഷത്താണ് കോൺഗ്രസ്സ് നയിക്കുന്ന യൂ ഡി എഫ്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ  ഭരണകാലത്ത് നടന്ന സോളാർ അഴിമതിയെ തുടർന്ന് നഷ്ടമായ ഭരണം വീണ്ടെടുക്കാൻ കഴിഞ്ഞ തിരഞ്ഞെടുപ്പിനെ നയിച്ച അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് സാധിച്ചില്ല. അദ്ദേഹം പ്രതിപക്ഷ നേതാവായിരുന്നപ്പോയായിരുന്നു പിണറായി സർക്കാരിനെ പിടിച്ചുകുലുക്കിയ സ്വർണ്ണ കടത്ത് ഉണ്ടായത്. ആ വിഷയം ഫലപ്രദമായി ഉപയോഗിക്കാൻ അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള യൂ ഡി എഫിന് കഴിഞ്ഞില്ല.  മാത്രമല്ല ഇടതുപക്ഷത്തിന് തുടര്ഭരണം  ഉണ്ടാകുകയും ചെയ്തു. ഇത് കോൺഗ്രസ്സിനെ തളർച്ചയിൽ  നിന്ന് അന്ത്യശ്വാസത്തിലേക്ക് എത്തിച്ചുയെന്നു തന്നെ പറയാം. ആ അവസ്ഥയിൽ കോൺഗ്രസ്സും  യൂ ഡി എഫും എത്തി നിൽക്കുമ്പോഴായിരുന്നു വി ഡി സതീശൻ പ്രതിപക്ഷ നേതാവായി വരുന്നത്. ശക്തമായ നിലപാട് എടുക്കാൻ കഴിവുള്ള നേതാവാണ് സതീശൻ. പാർട്ടിയിൽ കൈകടത്തുന്ന മത സമുദായ നേതാക്കളോട് പോലും പോയി പണിനോക്കാൻ പറയാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

കോൺഗ്രസ്സിന്റെയും യൂ ഡി എഫിന്റെയും അന്ത്യ ശ്വാസത്തിൽ നിന്ന് ഇന്നത്തെ ആവേശത്തിൽ പാർട്ടിയെയും മുന്നണിയെയും എത്തിച്ചത് വി ഡി സതീശൻ എന്ന കരുത്തനായ നേതാവാണ്. അദ്ദേഹത്തിന്റെ ശക്തമായ നേതൃത്വത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പികളൊക്കെയും മുന്നണിക്ക് വൻ വിജയം നേടാൻ കഴിഞ്ഞു. അതിൽ നിലംബൂർ നിയമ സഭാ മണ്ഡലം എൽ ഡി എഫിൽ നിന്ന് പിടിച്ചെടുത്തു. ലോക്സഭ തിരഞ്ഞെടുപ്പിൽ പതിനെട്ട് സീറ്റ് നേടി കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ യൂ ഡി എഫിന് മിന്നും വിജയം നേടാനായി. ഏഴ് ജില്ലാ പഞ്ചായത്തും നാല് കോർപ്പറേഷനും നേടിയത് മാത്രമല്ല മുനിസിപ്പാലിറ്റികളിലും ബ്ലോക്ക് ഗ്രാമ പഞ്ചായത്തുകളിലും വൻ ഭൂരിപക്ഷം നേടാനായി. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായപ്പോൾ കണ്ണൂർ ഒഴിച്ച് ഒരു കോർപറേഷനും യൂ ഡി എഫിന് കിട്ടിയിരുന്നില്ല. ജില്ലാ പഞ്ചായത്തിൽ അന്ന് രണ്ടെണ്ണം മാത്രമേ കിട്ടിയിരുന്നൊള്ളു. അന്ന് ബ്ലോക്ക് ഗ്രാമ പഞ്ചായത്തിൽ ഭൂരിഭാഗവും എൽ ഡി എഫിനായിരുന്നു.  എല്ലാ തിരഞ്ഞെടുപ്പിലും സതീശൻ പാർട്ടിക്കും മുന്നണിക്കും കിട്ടുന്ന സീറ്റും ഭൂരിപക്ഷം വരെയും പ്രവചിക്കുകയും അതെ നിലയിൽ നേടാനും വിജയിക്കാനും പാർട്ടിക്ക് കഴിഞ്ഞത് അദ്ദേഹത്തിന്റെ നേതൃത്വ പാടവമാണ് തെളിയിക്കുന്നത്. ചിട്ടയായ പ്രവർത്തന നേതൃത്വവും ദീർഘ വീക്ഷണവും നിർദേശങ്ങൾ നൽകാനും അത് നടപ്പാക്കാനുമുള്ള അദ്ദേഹത്തിന്റെ കഴിവ് എടുത്തു പറയേണ്ടതാണ്. ഓരോ തിരഞ്ഞെടുപ്പുകളിലും അദ്ദേഹം വ്യക്തമായി പ്രവചിക്കുക മാത്രമല്ല പരാജയപ്പെട്ടാൽ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുമെന്ന് തന്റെടത്തോടെ പറയുമായിരുന്നു. അങ്ങനെ പറഞ്ഞ ഒരു നേതാവ് കേരള രാഷ്ട്രീയത്തിൽ ഉണ്ടായിട്ടില്ല. രാഷ്ട്രീയ ചാണക്യൻ എന്ന് വിശേഷിപ്പിച്ചിരുന്ന കെ കരുണാകരൻ പോലും സാധിച്ചിരുന്നില്ല.അങ്ങനെ നേതൃ പാടവം കൊണ്ടും കാര്യക്ഷമമായ പ്രവർത്തനം കൊണ്ടും യൂ ഡി എഫിനെ നയിച്ച നേതാവാണ് വി ഡി സതീശൻ. കെ സ് യൂ  യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് പദവികൾ കൈയ്യെത്തും ദൂരത്ത് വന്നിട്ട് കൈവിട്ട സതീശൻ മന്ത്രി സ്ഥാനം പോലും രാഷ്ട്രീയ മേലാളൻമ്മാരുടെ തന്ത്രത്തിൽ നഷ്ടപ്പെട്ടയെന്നതാണ് സത്യം. അങ്ങനെ എന്തുകൊണ്ടും മുഖ്യമന്ത്രിയാകാൻ ഇപ്പോൾ സതീശനെക്കാൾ യോഗ്യനായ മറ്റൊരു നേതാവ് കോൺഗ്രസ്സിൽ ഇല്ല. ജനങ്ങളുടെയും പ്രവർത്തകരുടെയും പിന്തുണയും സതീശനാണ്.

തൊട്ട തിരഞ്ഞെടുപ്പെല്ലാം പൊന്നാക്കിയ വി ഡി സതീശന്റെ വിയർപ്പിൽ നിന്ന് ഉണ്ടാക്കുന്ന അപ്പം തട്ടിയെടുത്ത് ഭക്ഷിക്കാൻ ഇരിക്കുകയാണ് രമേശ് ചെന്നിത്തല. വിയർക്കാതെയും ഉടയാത്ത ഖദറുമായി സ്ഥാനം നേടിയെടുക്കാനാണ് അദ്ദേഹം എന്നും ശ്രമിച്ചത്. 86 ൽ കരുണാകരൻ മന്ത്രി സഭ പുനഃസംഘടിച്ചപ്പോൾ ആ മന്ത്രി സഭയിൽ കടന്നുകൂടിയത് അടൂർ എം എൽ എ ആയിരുന്ന തെന്നലെയെ തട്ടിമാറ്റിയായിരുന്നു. കരുണാകരന്റെ വിശ്വസ്തരായിരുന്നു തെന്നലയും ചെന്നിത്തലയും. സീനിയോറിറ്റിയും മാറ്റ് നേതാക്കളുടെയും പിന്തുണയും തെന്നലക്കായിരുന്നു. അവസാന നിമിഷം വരെ തെന്നല മന്ത്രിയാകുമെന്ന് എല്ലാവരും കരുതിയെങ്കിലും അട്ടിയിമാറി ഉണ്ടായി. ചെന്നിത്തല മന്ത്രിയായി. കരുണാകരൻ കാര് ആക്സിഡന്റിൽ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കിടന്നപ്പോൾ കെ മുരളീധരൻ ഐ ഗ്രൂപ്പിന്റെയും കരുണാകരന്റേയു പിൻഗാമിയാകാതിരിക്കാൻ എം ഐ ഷാനവാസിനെയും ജി കാർത്തികേയനെയും കൂട്ടി ചെന്നിത്തല തിരുത്തൽ വാദി ഗ്രുപ് ഉണ്ടാക്കി ഭരണത്തിലും പാർട്ടിയിലും പിടിമുറുക്കാൻ ശ്രമം നന്നത് ഇന്നും പലരും പറയാറുണ്ട്. പിന്നീട് കരുണാകരൻ ചാരക്കേസ്സിൽ മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞപ്പോൾ കൈ കഴുകിയതും ഇന്നും ഓർക്കുന്നവരുണ്ട്. ഉമ്മൻ ചാണ്ടിയുടെ കാലത്ത് നടന്ന കളികൾ ഇന്ന് പല ചാനലും പറയുന്നുണ്ട്. ഇപ്പോഴും അധികാരത്തിനുവേണ്ടി ആരെയും കൂട്ടുപിടിക്കുന്ന സ്വഭാവം ഉണ്ടെന്നാണ്  കോൺഗ്രസ്സിൽ തന്നെ പറയുന്നത്. അതിൽ വെള്ളാപ്പള്ളിയുടെയും സുകുമാരൻ നായരുടെയും വരെ പിന്തുണ നേടാൻ മടിയില്ലാത്ത താണെന്ന് കോൺഗ്രിസിനകത്തെ സംസാരം. ചുരുക്കത്തിൽ സതീശൻ കോരുന്ന വെള്ളം ചുളുവിൽ കൊണ്ടുപോകാൻ ശ്രമിക്കുന്നുയെന്ന് വേണം പറയാൻ. സതീശൻ വിയർത്തതിൽ നിന്നുള്ള ഫലം എടുക്കാൻ അയാൾക്കാണ് അവകാശം. സതീശൻ കോരിയ വെള്ളം കുടുക്കാൻ അയാൾക്കാണ് അവകാശം. അതിൽ നിന്ന് അയാൾ എന്തെങ്കിലും കൊടുക്കുന്നെങ്കിൽ മാത്രം വാങ്ങുക .

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക