Image

അസ്ഥിക്കൂടം ഒപ്പുവെക്കുമ്പോള്‍ (കവിത: അന്‍വര്‍ കാരേപറമ്പ്)

Published on 29 April, 2026
അസ്ഥിക്കൂടം ഒപ്പുവെക്കുമ്പോള്‍ (കവിത: അന്‍വര്‍ കാരേപറമ്പ്)

നിങ്ങള്‍ക്കൊരു
കയ്യൊപ്പ്
വേണമായിരുന്നു,
രേഖകളില്‍
പടര്‍ന്നുനില്‍ക്കുന്ന
ജീവന്റെ ഒരടയാളം.

ഞാന്‍ പറഞ്ഞത്
സത്യമായിരുന്നു,
സഹോദരി
മണ്ണിലുറങ്ങുകയാണെന്ന്;

പക്ഷേ,
എന്റെ വാക്കുകള്‍ക്ക്
നിങ്ങളുടെ
ബാങ്ക് ലോക്കറുകളോളം
കനമില്ലായിരുന്നു.

പട്ടിണിയുടെ
ആഴം അളക്കാന്‍
നിങ്ങളുടെ
കംപ്യൂട്ടറുകള്‍ക്കാവില്ല;

മരണസര്‍ട്ടിഫിക്കറ്റിന്റെ
വിടവുകളില്‍
ജീവിതം ശ്വാസംമുട്ടുന്നത്
നിങ്ങള്‍ കണ്ടതുമില്ല.

ഒടുവില്‍,
ഞാന്‍ മണ്ണുമാന്തി
പുറത്തെടുത്തു,
മണ്ണും പുഴുക്കളും
പങ്കുവെച്ച
അവളുടെ പ്രിയപ്പെട്ട
ഓര്‍മകളെ.

തോളിലേറ്റിയത്
അസ്ഥികൂടമല്ല;
നിങ്ങളുടെ
നിയമങ്ങള്‍ കൊന്നുതള്ളിയ
ഒരു മനുഷ്യന്റെ
സത്യമായിരുന്നു.

ബാങ്ക് വരാന്തയിലെ
തണുപ്പിലേക്ക്
ആ അസ്ഥികള്‍
ഒച്ചവെച്ച് നടന്നപ്പോള്‍,
അലമാരയിലെ
ഫയലുകള്‍ക്ക്
നിണത്തിന്റെ മണമുണ്ടായോ?

ഇതാ...
അസ്ഥികള്‍ ബാക്കിയാക്കിയ
വിരലുകള്‍
ഇന്നൊരു ഒപ്പിടും;
നിങ്ങളുടെ സംവിധാനങ്ങളുടെ
മരവിച്ച മനസ്സാക്ഷിക്കു മേല്‍
ഒരു കറുത്ത കയ്യൊപ്പ്!

Join WhatsApp News
Balachandran 2026-04-30 05:21:07
കാലികമായ കവിത ഭംഗിയുണ്ട്. ഇനിയും എഴുത്ത് തുടരൂ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക