Image

യഷ് ചിത്രം ‘ടോക്സിക്’ ന്റെ റിലീസ് തീയതി മാറ്റി

Published on 29 April, 2026
  യഷ് ചിത്രം  ‘ടോക്സിക്’ ന്റെ റിലീസ് തീയതി മാറ്റി

ബെംഗളൂരു: കന്നഡ സൂപ്പർ താരം യഷും മലയാളി സംവിധായിക ഗീതു മോഹൻദാസും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്പ്സ്’ നിശ്ചയിച്ച തീയതിയിൽ റിലീസ് ചെയ്യില്ല. 2026 ജൂൺ നാലിന് പ്രഖ്യാപിച്ചിരുന്ന റിലീസാണ് മാറ്റിവെച്ചതെന്ന് നിർമ്മാണ കമ്പനികളായ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും കെവിഎൻ പ്രൊഡക്ഷൻസും ഔദ്യോഗികമായി അറിയിച്ചു. ചിത്രം ഇതിനോടകം പൂർത്തിയായെങ്കിലും ആഗോളതലത്തിൽ ഏറ്റവും വലിയ സ്കെയിലിൽ സിനിമ എത്തിക്കുന്നതിനാണ് റിലീസ് തീയതിയിൽ മാറ്റം വരുത്തിയത്.

അടുത്തിടെ നടന്ന സിനിമാകോൺ 2026-ൽ ചിത്രത്തിന് ലഭിച്ച വമ്പിച്ച സ്വീകാര്യതയാണ് ഈ തീരുമാനത്തിന് പിന്നിൽ. അന്താരാഷ്ട്ര വിതരണക്കാർക്കിടയിൽ ടോക്സിക് വലിയ താൽപ്പര്യം സൃഷ്ടിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള വിതരണ കരാറുകളും അന്താരാഷ്ട്ര പങ്കാളിത്തങ്ങളും ഉറപ്പാക്കി ചിത്രം ആഗോളതലത്തിൽ ഒരേസമയം റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകരുടെ നീക്കം. മികച്ച ക്വാളിറ്റിയോടെ സിനിമ ലോകപ്രേക്ഷകരിലേക്ക് എത്തിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

സിനിമ പൂർത്തിയായ വിവരം പങ്കുവെച്ച താരം യഷ് സോഷ്യൽ മീഡിയയിലൂടെ ആരാധകരോട് പ്രതികരിച്ചു. ടോക്സിക് എന്ന ചിത്രം സിനിമാപ്രേമികൾക്ക് പുതിയൊരു അനുഭവമാകുമെന്നും സിനിമാകോണിലെ മികച്ച പ്രതികരണങ്ങൾ ചിത്രത്തിലുള്ള വിശ്വാസം വർദ്ധിപ്പിച്ചുവെന്നും അദ്ദേഹം കുറിച്ചു. ആഗോള വിതരണ കരാറുകൾ പൂർത്തിയാക്കി ഉടൻ തന്നെ പുതിയ റിലീസ് തീയതി പ്രഖ്യാപിക്കുമെന്നും താരം വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക