
തമിഴ് സൂപ്പര്‍സ്റ്റാര്‍ വിജയ് നായകനാകുന്ന അവസാന ചിത്രമെന്ന് കരുതുന്ന ജനനായകന്‍ തിയേറ്ററുകളിലേക്കെത്തുന്നു. ചിത്രം മേയ് എട്ടിന് ലോകമെമ്പാടും റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പൂര്‍ണസമയം രാഷ്ട്രീയത്തിലേക്കിറങ്ങുന്നതിന് മുന്നോടിയായി വിജയ് നായകനാകുന്ന അവസാന ചിത്രം എന്ന നിലയിലാണ് ജനനായകന്‍ ഒരുക്കിയിരിക്കുന്നത്. എച്ച്. വിനോദാണ് സംവിധാനം.
കെവിഎന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ഈ ചിത്രം യഥാര്‍ത്ഥത്തില്‍ 2026 ജനുവരിയില്‍ പൊങ്കല്‍ റിലീസായിട്ടാണ് തീരുമാനിച്ചിരുന്നത്. അന്ന് 100 കോടി രൂപയിലധികം അഡ്വാന്‍സ് ബുക്കിംഗ് നേടിയെങ്കിലും സെന്‍സര്‍ പ്രശ്‌നങ്ങളെ തുടര്‍ന്ന് റിലീസ് മാറ്റിവെക്കേണ്ടി വന്നു. അടുത്തിടെ ചിത്രം ഓണ്‍ലൈനില്‍ ചോര്‍ന്നത് ആശങ്കയുണ്ടാക്കിയെങ്കിലും വിജയ്‌യുടെ താരമൂല്യം സിനിമയ്ക്ക് വന്‍ ബോക്‌സ് ഓഫീസ് ചലനം ഉണ്ടാക്കാന്‍ സഹായിക്കുമെന്ന് കരുതപ്പെടുന്നു.