
ഉത്സവത്തിന്‍റെ അലയടികള്‍ എങ്ങും ഇരമ്പിയാര്‍ത്തു. അമ്പലപ്പരിസരം ശബ്ദമുഖരിതമായി. വച്ചുവാണിഭക്കാര്‍ ഓരോരുത്തരായി അവിടേയ്ക്കു പൊഴിഞ്ഞു വരാന്‍ തുടങ്ങി. അവര്‍ക്ക് നാട്ടാനുള്ള മുളംതൂണുകളും വിപണനവസ്തുക്കള്‍ നിരത്താനുള്ള പലകകളും പടുതായും മറ്റനുബന്ധസാമഗ്രികളും നിരന്നു കഴിഞ്ഞു. വലിയ കോളാമ്പികളാണ്, കരക്കാര്‍ക്കു മുഴുവന്‍ പാട്ട് കേള്‍ക്കത്തക്കവിധം മരത്തിന്‍റെ കൊമ്പിലും തൂണുകള്‍ കുഴിച്ചിട്ട് അതിന്‍റെ മണ്ടയ്ക്കുമെല്ലാം കെട്ടിവച്ചിട്ടുണ്ട്. അതിലൊന്ന് അമ്പലത്തിനു പിറകിലേക്ക് കോളനിക്കാര്‍ക്ക് നന്നായി കേള്‍ക്കാന്‍ പാകത്തില്‍ തിരിച്ചു വച്ചിട്ടുമുണ്ട്. മറ്റൊന്ന് എതിര്‍ ദിശയിലേയ്ക്ക് കരക്കാര്‍ക്കു കേള്‍ക്കാന്‍ പാകത്തില്‍ വച്ചുകെട്ടിയിരിക്കുന്നു. ആണ്ടിലൊരിക്കല്‍ ഉച്ചത്തില്‍ കേള്‍ക്കാന്‍ കഴിയുന്ന സിനിമാഗാനങ്ങള്‍ ആ കരയിലുള്ളവരെയെല്ലാം വല്ലാത്തരനുഭൂതി പകര്‍ന്നുകൊടുക്കുന്നു. മനം മയക്കുന്ന ഹൃദയഹാരിയായ പാട്ടുകള്‍ മൈക്കിലൂടെ ഒഴുകിനടക്കുമ്പോള്‍ പാട്ടുകേട്ട് നിര്‍വൃതിയില്‍ ലയിച്ചിരിക്കുന്ന കൗമാരക്കാര്‍ ചുറുചുറുക്കോടെ തങ്ങളുടെ ജോലികളില്‍ വ്യാപൃതരാകും. . രാപ്പകല്‍ ഹരം കൊള്ളിക്കുന്ന പാട്ടില്‍ മുഴുകിയ അവരുടെ ചലനങ്ങള്‍പോലുമപ്പോള്‍ സംഗീതാത്മകമാകും. ഹര്‍ഷോന്മാദത്താല്‍ ആറാടുന്ന മനസ്സുകള്‍. അവരുടെ സംസാരത്തില്‍ പോലും ആഹ്ലാദപ്രകടനങ്ങള്‍ കാണാം.
വഴിനീളെ കൊടിതോരണങ്ങള്‍ ചാര്‍ത്താന്‍ എല്ലാവരും ഒത്തൊരുമിച്ചു യത്നം ആരംഭിച്ചു.. ഉയരം കുറഞ്ഞ മരങ്ങളില്‍ പലനിറത്തിലുള്ള ചെറിയ ബള്‍ബുകള്‍ തൂക്കി. ഇലക്ട്രിക് പോസ്റ്റുകളില്‍ അലങ്കാരങ്ങള്‍ വച്ചുകെട്ടാന്‍ വലിയ പങ്കപ്പാടായിരുന്നു. അതും അവര്‍ സന്തോഷത്തോടെ കൊണ്ടാടി..
കുംഭകുടം ദേവിയ്ക്ക് പ്രധാന വഴിപാടാണ്. പിത്തളക്കുടത്തിലാണ് കുമ്പോടം നിറയ്ക്കുക.. അതിനായി മഞ്ഞള്‍പ്പൊടി, കുങ്കുമം, പൂക്കുല, വേപ്പില, പ്ലാവിലത്തണ്ട് , ചെണ്ട് ഇത്യാദി വസ്തുവകകളെല്ലാം വീടുകളില്‍ ശേഖരിച്ചു തുടങ്ങി. കുംഭകുടം നിറയ്ക്കുന്നതും പുറപ്പെടുന്നതും അടുത്തുള്ള ക്ഷേത്രത്തില്‍ നിന്നാണ്. വീടൊന്നുക്ക് ഒരാള്‍ വച്ച് കുമ്പോടമെടുക്കും. അമ്പലത്തിലേയ്ക്ക് ഊര്‍ക്കരകം വരവുണ്ട്. അതുമൊരു വഴിപാടാണ്. കരകം ഏതെങ്കിലുമൊരു ക്ഷേത്രത്തില്‍ നിന്നും പുറപ്പെടുന്നു.. മുതിര്‍ന്നവരും കുട്ടികളും അതിലും പങ്കെടുക്കും
കാവടിയാട്ടവും കരകാട്ടവും മിക്കവാറും പ്രായപൂര്‍ത്തിയായ പുരുഷന്മാരുടെ, തങ്ങള്‍ വിളിച്ചാല്‍ വിളിപ്പുറത്തെത്തുന്ന ദേവിയ്ക്കായുള്ള വഴിപാടോ നേര്‍ച്ചയോ ഒക്കെയാവും. നീണ്ട ശൂലം പലരീതിയില്‍ മുഖത്തും ദേഹത്തും കുത്തിയിറക്കിയാണ് കാവടിയാടുന്നത്. എത്രയധികം വേദന അനുഭവിക്കുന്നോ അത്രയധികം ദേവീകടാക്ഷം ലഭിക്കുമെന്നും അതിലൂടെ ഫലപ്രാപ്തി സിദ്ധിക്കുമെന്നും അവര്‍ വിശ്വസിക്കുന്നു. പെണ്ണുങ്ങളുടെ താലപ്പൊലി കൊട്ടാരത്തില്‍ നിന്നും പുറപ്പെടണം. അതാണ് പതിവ്.
മുത്തേ! താലം ഇവിടുന്നാണ് പോകുന്നത്. നീയിവിടെ വേണം എല്ലാത്തിനും കേട്ടോ? തമ്പുരാട്ടി പറഞ്ഞു. സീത തലകുലുക്കി. അവര്‍ അപ്പോഴും അവളെ അടിമുടി ശ്രദ്ധിച്ചു. താലമെടുത്തു നില്‍ക്കുന്ന സീതമ്മയെ അവര്‍ മനസ്സില്‍ സങ്കല്‍പ്പിച്ചു. ലക്ഷണമൊത്ത പെണ്ണാണ്. പ്രസാദം തുളുമ്പുന്ന മുഖം. അനുപാതം തെറ്റാത്ത ഉടലളവുകള്‍. കൂമ്പിയ താമരമൊട്ടുകള്‍ പോലുള്ള മാറിടം. വീണക്കുടത്തെ വെല്ലുന്ന ജഘനം. ഒതുങ്ങിയ അരക്കെട്ട്. കാര്‍മേഘം പോലെ ഇടതൂര്‍ന്ന മുടിയഴക്. ഇവള്‍ അതിസുന്ദരി തന്നെ. ഇവള്‍ ഈ കൊട്ടാരത്തില്‍ ജനിച്ചിരുന്നെങ്കില്‍? ആ നിമിഷം അവരങ്ങനെ ആശിച്ചുപോയി.
ഉണ്ണ്യേട്ടന്‍ ഉത്സവത്തിന് വരുമോ മ്പ്രാട്ടീ? എവിടെയ്ക്കോ നോക്കിനിന്ന സീത പെട്ടെന്ന് ശൗരിയെ ഓര്‍ത്തു.
“വന്നേക്കും.! കാതിനിമ്പമുള്ള ആ ഒരു വാക്ക് മതിയായിരുന്നു , ഒരു നല്ല വാര്‍ത്ത കേട്ടതിന്‍റെ സന്തോഷാധിക്യം കൊണ്ട് സീത നിന്നിടത്തുനിന്നൊന്നിളകിപ്പോയി. ഉടലാകെ ഒരു പെരുപ്പ് പടര്‍ന്നു. വിവരിക്കാനാവാത്തൊരു മാനസികപിരിമുറുക്കം. അതനുഭവിക്കുമ്പോഴും ഉള്‍ത്തടമാകെ സന്തോഷംകൊണ്ട് ത്രസിക്കുകയാണ്.. പൂത്തുലഞ്ഞ ഹൃദയവസന്തോല്‍സവം തമ്പുരാട്ടി കാണാതെ അടക്കിപ്പിടിച്ചു. എന്നിട്ടും അവളുടെ ആ ഭാവമാറ്റം അവര്‍ ശ്രദ്ധിക്കുകതന്നെ ചെയ്തു. ഒപ്പം അവളുടെ മുഖകമലം പ്രഫുല്ലമായതും അവര്‍ കണ്ടു.. ശൗരി വന്നാല്‍ സീതയുടെ ഇങ്ങോട്ടുള്ള വരവ് പ്രോത്സാഹിപ്പിക്കാന്‍ പാടില്ല എന്നവരാനിമിഷം ചിന്തിച്ചു. തീയും ഇന്ധനവും പോലെ അതപകടമായേക്കാം. എന്നാല്‍ അവളെ ഒഴിവാക്കി നിര്‍ത്തുന്ന കാര്യം അവര്‍ക്ക് ചിന്തിക്കാന്‍ പോലുമാവില്ലായിരുന്നു.
പിന്നീടുള്ള ദിവസങ്ങള്‍ കാത്തിരിപ്പിന്‍റെതായിരുന്നു സീതയ്ക്ക്. അത് ഉത്സവത്തിന്‍റെയാഗമനത്തിനായല്ല, ശൗരിയുടെ വരവിനായി.
അന്ന് ശൗരി വന്നതറിഞ്ഞ് സീത കൊട്ടാരത്തിലേയ്ക്കോടി.. സീത ഊഹിച്ചതുപോലെ ശൗരിയപ്പോള്‍ കുളിക്കാന്‍ തുടങ്ങുകയായിരുന്നു. നോക്കിനില്‍ക്കെ, കുളത്തിന്‍റെ അങ്ങേക്കരയില്‍ അര്‍ദ്ധനഗ്നനായി നില്‍ക്കുന്ന ഉദയസൂര്യന്‍റെ കടഞ്ഞെടുത്ത മേനിയഴക് അവളെ ഭ്രമിപ്പിച്ചു..“ന്‍റെ ഉണ്ണ്യെട്ടന്‍” അവളുടെ ചുണ്ടുകള്‍ മന്ത്രിച്ചു. അതേസമയം തന്നെ ശൗരി അവളെയും കണ്ടുകഴിഞ്ഞു.
“വാ മുത്തേ!” അവനവളെ കയ്യാട്ടി വിളിച്ചു. വച്ചടിവച്ച് തലയും കുമ്പിട്ട് സങ്കോചത്താല്‍ തുടുത്ത മുഖവുമായി സീത അടുത്തേയ്ക്ക് ചെന്നു.
സുഖമല്ലേ നിനക്ക്? ചോദ്യം കേട്ടതും, പൊടുന്നനെ അവളുടെ കണ്ണുകളില്‍ നിന്ന് പളുങ്കുമണികള്‍ പോലെ കണ്ണീരുതിര്‍ന്നുവീഴുന്നത് കണ്ട് ശൗരി അമ്പരന്നു. മ്ലാനവദനനായിക്കൊണ്ടവന്‍ തിരക്കി.
എന്നെ കണ്ടതിന്‍റെ സന്തോഷം കൊണ്ടോ അതോ അടക്കിവച്ചിരുന്ന സങ്കടമോ ഇത്? അവള്‍ മിണ്ടിയില്ല. എന്നാല്‍ രണ്ടുമാണെന്ന് അവളുടെ മനസ്സ് പറഞ്ഞു.
ഞാന്‍ ഇത്തവണ നിനക്കൊരൂട്ടം കൊണ്ടുവന്നിട്ടുണ്ട്. എന്താണെന്ന് പറയാമോ? കൈപ്പത്തികൊണ്ട് അവള്‍ക്കുനേരെ വെള്ളം തെറ്റിച്ചുകൊണ്ട് ശൌരിയുടെ കുസൃതിനിറഞ്ഞ ചോദ്യത്തിന് ഇല്ലെന്നവള്‍ തലയാട്ടുകയും എന്താണെന്ന സന്ദേഹം മുഖത്തുദിക്കുകയും ചെയ്യുന്നതുകണ്ടവന്‍ വീണ്ടും പറഞ്ഞു. “സസ്പെന്‍സ്” ആണ്. ആ വാക്കിന്‍റെ അര്‍ത്ഥം അവള്‍ക്കു പെട്ടെന്ന് മനസ്സിലായില്ല.
ങാ! എന്തുമാവട്ടെ, തരുമ്പോള്‍ അറിയാമല്ലോ? ഉണ്ണ്യേട്ടന്‍ തരുന്നത് ഒരു മിഠായിയായാല്‍പ്പോലും സന്തോഷമേയുള്ളൂ. പക്ഷെ താനിപ്പോള്‍ ഇവിടെ നില്‍ക്കുന്നത് ആരെങ്കിലും കണ്ടാല്‍ കുഴപ്പമാവും. അവള്‍ തിരികെപ്പോവാന്‍ ഭാവിച്ചു.
ഗിഫ്റ്റ് വാങ്ങിയിട്ടേ പോകാവൂ ട്ടോ? ശൌരി വിളിച്ചു പറഞ്ഞു.
ഉത്സവത്തിനിടാനുള്ള പട്ടുപാവാടയും ബ്ലൗസുമായിരുന്നു ആ ഗിഫ്റ്റ്. അമ്മ പറഞ്ഞതനുസരിച്ച് ശൗരി പട്ടണത്തില്‍ നിന്ന് വാങ്ങിവന്നത്. അത് കയ്യിലേയ്ക്ക് വാങ്ങുമ്പോള്‍ പുടവയേറ്റുവാങ്ങുന്ന ആത്മനിര്‍വൃതി സീത അനുഭവിക്കുകയായിരുന്നു. ആഹ്ലാദം അടക്കിവയ്ക്കാനാവാതെ .അവളുടെ ഇരുകണ്ണുകളും നിറഞ്ഞുതൂവി..
അയ്യേ! കരയുന്നോ? തമ്പുരാട്ടിയവളെ ആശ്ലേഷിച്ചു. അവരുടന്‍ അകത്തുപോയി അവളുടെ ആ സന്തോഷം ഇരട്ടിപ്പിക്കുന്ന മറ്റൊരു സമ്മാനവുമായി വന്നു. സ്വര്‍ണ്ണ നൂലില്‍ കോര്‍ത്ത ഒരു പൊന്‍പതക്കം. അതവളുടെ കഴുത്തില്‍ വെട്ടിത്തിളങ്ങി.. ഒരു തരി പൊന്ന് കാതിലുണ്ടെന്നല്ലാതെ ആദ്യമായിട്ടാണ് ഒരു തങ്കപ്പതക്കം താന്‍ കാണുന്നത് തന്നെ. സീത അന്തംവിട്ടു.
ന്‍റമ്പ്രാട്ടീ! എന്ന് വിളിച്ചുകൊണ്ട് അവരുടെ കാല്‍ച്ചുവട്ടിലിരുന്നവള്‍ വിങ്ങിക്കരഞ്ഞു.
മോളേ! അവരവളെ പിടിച്ചെഴുന്നേല്‍പ്പിച്ചു. “സത്യത്തില്‍ നിനക്കിതൊന്നും തന്നാല്‍ പോരെന്നാ എന്‍റെ മനസ്സില്‍”. അവളുടെ മൂര്‍ദ്ധാവില്‍ തഴുകിക്കൊണ്ടവര്‍ പറഞ്ഞു. വാത്സല്യമുതിരുന്ന ഇത്തരം വാക്കുകള്‍ ഇടയ്ക്കിടെയെല്ലാം പറയാറുള്ളതുകൊണ്ട് അവര്‍ പറഞ്ഞത് സീത ശ്രദ്ധിച്ചതേയില്ല. അവള്‍ വീട്ടിലേയ്ക്കോടി, തനിക്കു കിട്ടിയ സമ്മാനം അമ്മയെ കാണിക്കാന്‍.
എവിടെയായിരുന്നു പെണ്ണേ ഇതുവരെ? അമ്മാളുവമ്മ ക്ഷുഭിതയായി.
അമ്മാ ഇതുകണ്ടോ? സീത കഴുത്തില്‍ തൊട്ടു കാണിച്ചു.
ഇതെവിടുന്നാ?
തംബ്രാട്ടി തന്നതാ..
അമ്മ അത്ഭുതപ്പെടുമെന്നു കരുതിയ സീതയ്ക്ക് തെറ്റി. അവര്‍ പുരികം ചുളിച്ചു.
ഓ......” എന്നവരതിനെ നിസ്സാരമായി തള്ളിയത് കണ്ട് വല്ലാത്ത നിരാശയോടെ അമ്മയോട് പരിഭവിച്ച് സീത വീടിനകത്തേയ്ക്ക് കയറിപ്പോയി. സമ്മാനം പെട്ടിയില്‍ ഭദ്രമായി സൂക്ഷിച്ചു വച്ചു. ഉത്സവമാവട്ടെ, അപ്പോളിടാം.. കാണുന്നവര്‍ക്കത്ഭുതമായിരിക്കും. അപ്പോള്‍ അമ്മയ്ക്കും ഇഷ്ടപ്പെടും. മനസ്സില്ലവള്‍ കണക്കു കൂട്ടി.
തുടരും.....
read more: https://www.emalayalee.com/writer/318