Image

രമേഷ് നാരായണൻ നിർബന്ധിച്ചു, സോഹൻലാൽ വീണ്ടും പാട്ടെഴുതി !

Published on 29 April, 2026
രമേഷ് നാരായണൻ നിർബന്ധിച്ചു, സോഹൻലാൽ വീണ്ടും പാട്ടെഴുതി !

കഥവീട്, ടീൻസ്, കൊന്തയും പൂണൂലും തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ ഗാനങ്ങൾ എഴുതുകയും പിന്നീട് സംവിധാനത്തിൽ ശ്രദ്ധിക്കാനായി ഗാനരചന അവസാനിപ്പിക്കുകയും ചെയ്ത സോഹൻലാൽ 'സ്വപ്‌നങ്ങൾ പൂക്കുന്ന കാട്' എന്ന ചിത്രത്തിലൂടെ വീണ്ടും ഗാനരചയിതാവാകുന്നു.

രമേഷ് നാരായണൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ രണ്ട് ഗാനങ്ങളാണുള്ളത്. റഷ്യയിൽ നിന്നുള്ള സ്വ്റ്റ്ലാന എന്ന താരം അവതരിപ്പിക്കുന്ന സ്വപ്നങ്ങളുടെ മാലാഖ എന്ന കഥാപാത്രത്തിനായി മധുശ്രീ പാടുന്ന 'അരികത്തൊരോമൽ കിനാവായ് ഞാനുണ്ട് നിന്നോട് കൂടെ...' എന്ന ഗാനമാണ് ആദ്യത്തേത്‌. രമേഷ് നാരായണൻ പാടുന്ന മോട്ടിവേഷണൽ ഗാനമാണ് മറ്റൊന്ന്. ഈ ഗാനത്തിന്റെ സംഗീതവും വരികളും കേട്ട് പരിചയിച്ച ഗാനങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമാണ്.  

https://youtu.be/2JqYd2lz86o

സംഗീത സംവിധായകന്റെ സ്നേഹത്തോടെയുള്ള നിർബന്ധമാണ് തന്നെ വീണ്ടും ഗാനരചയിതാവാക്കിയതെന്നു സോഹൻലാൽ പറയുന്നു: "മെജോ ജോസഫ് സംഗീതം നിർവഹിച്ചു ഉണ്ണി മേനോൻ പാടിയ 'കൊന്തയും പൂണൂലും' എന്ന ചിത്രത്തിനു വേണ്ടിയാണ് ഞാൻ അവസാനമായി പാട്ടെഴുതിയതു. 'എന്തേ ഇന്നെൻ കനവുകളെല്ലാം നീയായ്‌ ...' എന്ന് തുടങ്ങിയ അതിലെ ഗാനം ശ്രദ്ധിക്കപ്പെട്ടതായിരുന്നു. കുഞ്ചാക്കോ ബോബനും ഭാമയും അഭിനയിച്ച, ജിജോ ആന്റണി  ഒരുക്കിയ ചിത്രീകരണവും നല്ലതായിരുന്നു. മറ്റ് പല സംവിധായകരും സംഗീത സംവിധായകരും നിർമാതാക്കളുമൊക്കെ പാട്ടെഴുതാനായി സമീപിച്ചതുമാണ്. പക്ഷേ, ഇനി ഗാനരചന ഇല്ലെന്നാണ് അന്ന് എല്ലാരോടും പറഞ്ഞത്. അതിന് ശേഷം ഞാൻ സംവിധാനം ചെയ്ത സിനിമയിൽ പാട്ടെഴുതിയതു പോലും റഫീഖ് അഹമ്മദാണ്. 'ഓർക്കുക വല്ലപ്പോഴും' സിനിമയൊക്കെ ചെയ്യുമ്പോൾ ഗിരീഷ് പുത്തഞ്ചേരിയൊക്കെ പാട്ടെഴുതുന്നതു അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്. സംഗീത സംവിധായകൻ  എം. ജയചന്ദ്രൻ ഹാർമോണിയം മീട്ടി മൂളുമ്പോൾ അതിൽ വന്ന് നിറയുന്ന ഗിരീഷ് പുത്തഞ്ചേരിയുടെ വാക്കുകളുടെ പ്രവാഹം! വെറും പത്തോ പതിനഞ്ചോ മിനിറ്റുകൾ കൊണ്ടാണ് 'നല്ല മാമ്പൂപാടം പൂത്തെടി പെണ്ണേ ...', ' ഏതോ ജനുവരി മാസം ...' തുടങ്ങിയ ഗാനങ്ങളൊക്കെ ഉണ്ടായത്. എനിക്ക് പക്ഷേ പാട്ടെഴുതാൻ ഒരുപാട് സമയം വേണ്ടി വന്നു. എം. ജയചന്ദ്രൻ തന്നെ സംഗീതം ചെയ്ത 'കഥവീടിലെ’ കെ. എസ്. ചിത്ര ചേച്ചി പാടിയ 'മറക്കാനുള്ളത്‌ മറന്നു തന്നെയാകണം ...' എന്ന പാട്ട് രണ്ടാഴ്‌ചയോളം ഒരു മുറിയിൽ അടച്ചിരുന്ന്‌ എഴുതിയതാണ്. അത് കൊണ്ടൊക്കെയാണ് ഗാനരചന അവസാനിപ്പിക്കാം എന്ന് തീരുമാനിച്ചതു. രമേഷ് നാരായണൻ സാറിന്റെ പ്രോത്സാഹനമാണ് വീണ്ടും പാട്ടെഴുതാൻ പ്രേരിപ്പിച്ചത്."

https://youtu.be/2T8_Fsu4OTI

സ്വ്റ്റ്ലാന, എ. വി. അനൂപ്, ഫെലിക്സ് കുരുവിള, അലോക്, ബേബി അനുഗ്രഹ എന്നിവർ അഭിനയിച്ച 'സ്വപ്‌നങ്ങൾ പൂക്കുന്ന കാട്' നിർമിച്ചിരിക്കുന്നത് ജോണി കുരുവിള, ജഹാൻഗീർ ഷംസ്, ജിമ്മി ജെ. ജോൺ, സോഹൻലാൽ എന്നിവർ ചേർന്നാണ്. അമേരിക്കയിലെ ഡെലവെയറിൽ ഫോമാ പ്രഡിഡന്റ്‌ ഡോ. ജേക്കബ് തോമസ് റിലീസ് ചെയ്ത ഗാനങ്ങൾ ആസ്വാദകരിലേക്കെത്തിക്കുന്നതു മനോരമമ്യൂസിക്. മധുശ്രീ പാടിയ മാലാഖപ്പാട്ട് ക്രിസ്തുമസ്‌ സമ്മാനമായി കേരളത്തിലെ എഫ്‌ എം റേഡിയോ നിലയങ്ങൾ കൊണ്ടാടി.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക