
തെക്കുംഭാഗർ (ക്നാനായക്കാർ) എന്ന മലങ്കര യഹൂദ ഗോത്രത്തെ തെക്കൻ മെസൊപൊട്ടോമിയാ (തെക്കൻ ഇറാഖ്)-യിലേക്ക് പറിച്ചുനടാനുള്ള ശ്രമം പുരോഗമിക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. പ്രത്യേക ആചാര, വിശ്വാസ വ്യത്യാസങ്ങൾ കൂടാതെ സ്വവംശവിവാഹനിഷ്ഠ മുറുകെ പിടിക്കുന്ന ഒരു ഗോത്രമാണ് ക്നാനായക്കാർ. അവർ അതിൽ അഭിമാനം കൊള്ളുന്നു. അവർ 16 നൂറ്റാണ്ടുകൾക്കുമുമ്പ് ക്നായിത്തൊമ്മൻ എന്ന ഒരു വ്യവസായിയുടെ കൂടെ അക്കാലത്തെ മലങ്കരയിലേക്ക് (ഇപ്പോഴത്തെ കേരളം) കുടിയേറിപാർത്തെന്നാണ് അവരുടെ വിശ്വാസം. അവർ ഇന്ന് കേരളത്തിലെ രണ്ട് ക്രിസ്ത്യൻ വിഭാഗങ്ങളായി നിലകൊള്ളുന്നു, കത്തോലിക്കരും യാക്കോബായക്കാരും. ക്നാനായക്കാരുടെ സ്വവംശവിവാഹനിഷ്ഠ നിയമവിരുദ്ധമെന്ന് കേരള ഹൈക്കോടതി വിധി പ്രസ്താവിച്ചതിനെ തുടർന്ന് യഥാർത്ഥ ക്നാനായക്കാരിലെ തീവ്ര ചിന്തകരാണ് തങ്ങളുടെ സ്വന്തം നാടായ തെക്കൻ മെസൊപൊട്ടോമിയായിലേക്ക് പറിച്ചുനടാനുള്ള നീക്കങ്ങൾക്ക് നേതൃത്വം നല്കുന്നതെന്നറിയുന്നു. കേരള ഹൈക്കോടതി വിധിക്കെതിരെ ഒരു ക്നാനായ തീവ്രവാദി നേതാവിൻറെ പ്രതികരണം ഇപ്രകാരമായിരുന്നു: " മെത്രാപ്പോലീത്തായും കൂട്ടരും ഞങ്ങളെ ചതിച്ചു. ഹൈകോടതി ഞങ്ങൾക്ക് പുല്ലാണ്. ഞങ്ങളുടെ എല്ലാ ആചാരങ്ങളും അനുഷ്ഠിക്കാൻ കഴിയില്ലെങ്കിൽ, പ്രത്യേകിച്ച് സ്വവംശവിവാഹനിഷ്ഠ പാലിക്കാൻ കോടതിവരെ തടസമെങ്കിൽ, ഞങ്ങൾ ഇറാഖിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നു."
നശിച്ചുകൊണ്ടിരുന്ന അന്നത്തെ മാർത്തോമാക്രിസ്ത്യാനികളെ രക്ഷിക്കാൻവേണ്ടി 7 തറവാടുകളിൽനിന്ന് 72 കുടുംബങ്ങൾ തെക്കൻ മെസൊപൊട്ടോമിയായിൽ നിന്നും മലങ്കരയിലെത്തി പാർത്ത പൂർവ്വീകരുടെ സന്തതി പാരമ്പരകളാണെന്ന് തെക്കുംഭാഗർ വിശ്വസിക്കുന്നു. ഈശോയുടെ അടുത്ത കസിൻസായി കരുതപ്പെടുന്ന, യഹൂദരക്തം സിരകളിൽകൂടി ഒഴുകുന്ന ഇവർ AD 345-ൽ കൊടുങ്ങല്ലൂരിൽ താമസമാക്കിയെന്നും അന്നത്തെ നാടുവാഴിയായ ചേരമാൻ പെരുമാൾ 72 പദവികൾ ക്നായിത്തൊമ്മൻ ചെപ്പേടുവഴി പതിച്ചുകൊടുത്തെന്നും പാണൻറെ പാട്ടുപോലെ ക്നാനായക്കാർ ഇന്നും പാടിനടക്കുന്നു. സ്വവംശ വിവാഹത്തിൻറെ ഉസ്താദുമാരാണിവർ. കത്തോലിക്കാവിശ്വാസം നഷ്ടപ്പെട്ടാലും ക്നാനായത്വം പ്രത്യേകിച്ച് സ്വവംശവിവാഹനിഷ്ഠ കൃത്യമായി പാലിക്കണമെന്ന് പിടിവാശിയുള്ള ആധുനിക ചിന്തകരാണവർ. 1653-ലെ കൂനൻ കുരിശുസത്യത്തോടെ ക്നായിതൊമ്മൻറെ മക്കൾ കത്തോലിക്കാ/യാക്കോബായ എന്ന് രണ്ടായി പിളർന്നെങ്കിലും അവർ തമ്മിലുള്ള വിവാഹം സ്വവംശവിവാഹമായി കരുതപ്പെടുന്നു. എന്നാൽ ഇക്കൂട്ടർ മാറ്റ് കത്തോലിക്കാ/യാക്കോബായ വിഭാഗത്തിൽനിന്നും വിവാഹം ചെയ്‌താൽ അവരെ സമുദായത്തിൽനിന്ന് പിണ്ഡംവെച്ച് പടിയിറക്കുകയും രൂപതാംഗത്വം നിഷേധിക്കുകയും ചെയ്യും!
കേരള ഹൈക്കോടതിവിധിയിൽ അസന്തുഷ്ടരായ തീവ്രവാദികളായ ഒറിജിനൽ ക്നാനായക്കാർ തിങ്ങി പാർക്കുന്ന കോട്ടയം ജില്ലയിലാണ് തെക്കൻ മെസൊപൊട്ടോമിയായിലേക്ക് മടങ്ങാനുള്ള ആലോചനയുടെ തുടക്കം കുറിച്ചത്. സമാധാനത്തിൽ കഴിയുന്ന കേരളത്തിൽനിന്നും അക്രമാസക്തമായ തെക്കൻ ഇറാഖിലേക്ക് മടങ്ങാനുള്ള വിമുഖത സമനിലയോടെ ചിന്തിക്കുന്ന ക്നാനായക്കർ കാണിക്കുന്നുണ്ട്. വലിയ പ്രത്യാഘാതങ്ങളെ അവഗണി ച്ചുകൊണ്ട് ആഫ്രിക്കയിലെ വന്യമൃഗങ്ങൾ മികച്ച കുടിയേറ്റങ്ങൾ (great migration) ആണ്ടുതോറും നടത്തുന്നുണ്ടെന്നുള്ളത് പറിച്ചുനടൽ നേതാക്കൾക്ക് ആശ്വാസം നൽകുന്നുണ്ട്. വിമുഖത കാണിക്കുന്നവരെ വിശ്വാസത്തിലെടുക്കാൻ അവർ ഈ ഉപമ ഉപയോഗിച്ചുവരുന്നു. ഇറാഖിലെ ഭരണാധികാരികളും ക്നാനായ നേതൃത്വവും തമ്മിൽ ഇതുസംബന്ധമായി കൂടികാഴ്ചകൾ പലവട്ടം നടന്നതായും ഇറാഖ്‌ഭരണകൂടം അനുകൂല നിലപാടാണെടുത്തിരിക്കുന്നതെന്നുമണറിവ്. ഇസ്രായേലിലെ നഷ്ടപ്പെട്ട ഗോത്രങ്ങളിലൊന്നായി തെക്കൻ മെസൊപൊട്ടോമിയായിലെ സഹോദരങ്ങൾ തങ്ങളെ കരുതുമെന്ന് ക്നാനായ പറിച്ചുനടൽ നേതൃത്വം പ്രത്യാശിക്കുന്നു.
റിപ്പോർട്ടിൻപ്രകാരം, കൊച്ചി യഹൂദർ അവരുടെ പൂർവ്വീക മാതൃരാജ്യമായ ഇസ്രായേലിലേക്ക് മടങ്ങിയപോലെ ക്നാനായക്കാർ അവരുടെ പൂർവ്വീക മാതൃരാജ്യമായ തെക്കൻ മെസൊപൊട്ടോമിയായിലേക്ക് മടങ്ങുകയാണ്. പൂർവ്വീക നാട്ടിലേക്കു മടങ്ങാനുള്ള ഈ യാത്രയിൽ ക്നാനായ വിഭാഗത്തിലെ കത്തോലിക്കാ/യാക്കോബായ മെത്രാന്മാ ർ പങ്കെടുക്കില്ലെന്നും അവർ കേരളത്തിൽത്തന്നെ തുടരുമെന്നും പറിച്ചുനടൽ നേതൃത്വത്തെ നേരത്തെതന്നെ അറിയിച്ചതായാണറിവ്. മെത്രാന്മാർക്ക് സുഖിച്ചു ജീവിക്കണമെങ്കിൽ കേരളമാണ് അത്യുത്തമമെന്ന് അവർക്കറിയാം.
തെക്കുംഭാഗക്കാരുടെ പറിച്ചുനടാൽ നടപടിയിൽ രണ്ടുകൂട്ടർ അതീവ സന്തോഷത്തിലാണ്. ആദ്യത്തെ കൂട്ടർ സമുദായത്തിൽനിന്നും മാറിക്കെട്ടിയവർ. പതിറ്റാണ്ടുകളായി കേസുനടത്തി പോക്കറ്റ് കാലിയായികൊണ്ടിരുന്നവർക്ക് അനുകൂലമായ ഒരു കോടതിവിധിയുണ്ടായി. കൂടാതെ, ക്നാനായ തീവ്രവാദികൾ ഇറാഖിലേക്ക് മടങ്ങുന്നു എന്ന സദ്‌വാർത്ത. ഇനികാർമേഘം പോലെയുള്ള അവരുടെ മുഖം കാണുകയും പരിഹാസ്യവചനങ്ങൾ കേൾക്കുകയും വേണ്ട. രണ്ടാമത്തെ കൂട്ടർ സീറോ മലബാർ കത്തോലിക്കർ. അവരുടെ ചുമലിൽനിന്നും കത്തോലിക്കാ സഭയുടെ വിഴുപ്പായ ക്നാനായത്വം മാറിക്കിട്ടി. ഇനി സീറോമലബാറുകാർക്ക് അവരെ ചുമക്കണ്ടല്ലോ. ദൈവത്തിനു സ്തുതി.