Image

എംപ്റ്റിനെസ്റ്റ് - ആസ്വാദനകുറിപ്പ് ( റഹിമാബി മൊയ്തീൻ)

Published on 29 April, 2026
എംപ്റ്റിനെസ്റ്റ് - ആസ്വാദനകുറിപ്പ് ( റഹിമാബി മൊയ്തീൻ)

ശ്രീമതി ജെയിൻ ജോസഫ് എഴുതി കഴിഞ്ഞ ഡിസബർ ലക്കം ഭാഷാപോഷിണിയിൽ പ്രസിദ്ധീകരിച്ച "എംപ്റ്റി നെസ്റ്റ് "എന്ന ചെറുകഥ വായിച്ചപ്പോൾ അനുഭവപ്പെട്ട വിങ്ങൽ ഇപ്പോഴും ഉള്ളിലുണ്ട്. ഈ അടുത്ത കാലത്ത് വായിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവുംഹൃദയസ്പർശിയായൊരു കഥയാണിതെന്ന് നിസ്സംശയം പറയാൻ കാരണങ്ങൾ ഏറെയാണ്. "അകൽച്ചയില്ലാത്തൊരു അടുപ്പമില്ലായ്മ" ഈ ഒരൊറ്റ വിശേഷണത്തിൽ തന്നെയുണ്ട് കഥയുടെ മുഴുവൻ കാതലും! ഈ കഥയിലെ കേന്ദ്ര കഥാപാത്രമായ ദീപയെന്ന അമേരിക്കൻ മലയാളിവീട്ടമ്മയുടെ ജീവിതം മനോഹരമായ കൈയൊതുക്കത്തോടെ വരച്ചുകാട്ടുമ്പോൾ അത് എന്നിൽ നിന്നും ഒട്ടും ദൂരത്തല്ല എന്ന് തിരിച്ചറിയുന്നു 

25 വർഷങ്ങൾ ക്കു മുമ്പ് വിവാഹിതയായി അമേരിക്കയിൽ എത്തിയ ദീപ അതുവരെ ജീവിച്ചതിൽ നിന്നും തികച്ചും വ്യത്യസ്തമായൊരു ചുററുപാടിൽ കുടുംബം കെട്ടിപ്പടുക്കാൻ കഠിനാധ്വാനം ചെയ്ത് കാര്യങ്ങൾ ഒരുവിധത്തിൽ കരയ്ക്കടുക്കാറായപ്പോഴേയ്ക്കും ഏകാന്തതയുടെ തടവറയിൽ നിന്നു പുറത്തുകടക്കാനാവാതെ വലയുന്ന അവസ്ഥ ,വായനക്കാരുടെ മനസ്സിൽ ഒരു പിടി കനൽ കോരിയിടുന്ന പോലെ. പുറത്തു നിന്നു നോക്കുന്നവർക്ക് എല്ലാ സൗഭാഗ്യങ്ങളും തികഞ്ഞ അമേരിക്കൻ ജീവിതത്തിൽ അഭിരമിക്കുന്ന സമ്പന്നയായ വീട്ടമ്മ ,അവരുടെ ഉള്ളിൽ ഇരമ്പുന്ന നിശ്ശബ്ദതയുടെ , നിസ്സഹായതയുടെ ,നിസ്സംഗതയുടെ കടൽആരും കാണുന്നില്ല പ്രവാസത്തെകുറിച്ചോർക്കുമ്പോഴാക്കെ തോന്നാറുണ്ട് 

അത് കുറേനേട്ടങ്ങളുടെയും അതിലേറെ നഷ്ടപ്പെടലുകളുടെയും ആകെത്തുകയാണെന്ന് , അതുപോലെ ആൺ പ്രവാസവും പെൺപ്രവാസവും തമ്മിൽ വലിയ അന്തരമുണ്ട് എന്നും, ഇതെൻ്റെ മാത്രം ചിന്തയല്ലെന്നും കഥയിലൂടെ തിരിച്ചറിയുന്നു. പറക്കമുറ്റാറായപ്പോൾ മക്കൾ പറന്നകന്ന ഒഴിഞ്ഞ പക്ഷിക്കൂടുപോലെയാവുന്ന വീട്ടിൽ, അനിവാര്യമാണെങ്കിലും ആ ശൂന്യതയിൽ സ്വന്തം വേവലാതികളിൽ വെന്തുരുകി ഏകാന്തതയുടെ തടവുകാരിയായി മാറിയ വീട്ടമ്മയുടെ മനോഗതങ്ങളാണ് കഥാതന്തു ക്യാപിറ്റലിസത്തിൻ്റെ വക്താവായ , എപ്പോഴും പുതുമ തേടുന്ന ഭർത്താവ് .പുതിയ സോഫയ്ക്ക് ഓർഡർ കൊടുത്തപ്പോൾ പഴയ ലൗസീറ്റ് കളയാൻ വഴികൾ ആലോചിക്കുകയാണ്. 

അവിടെയാണ് അവർ രണ്ടു പേരുടെയും ചിന്തകൾ തമ്മിലുള്ള അന്തരം വെളിവാകുന്നത് - അയാൾക്കാണെങ്കിൽ പണം കൊടുത്തിട്ടാണെങ്കിലും എത്രയും വേഗം സ്ഥലം കാലിയാക്കാനുള്ള ധൃതി, അവർക്കാണെങ്കിലോ പഴയ ലൗ സീറ്റ് ഒരു നൊസ്റ്റാൾജിയ ആണ് ,ഒരു പാട് വൈകാരിക സന്ദർഭങ്ങൾ ഒരുക്കിയ നല്ലയോർമ്മകൾ അതിൽ തങ്ങി നിൽക്കുന്നുണ്ട് " മാർക്കറ്റ് പ്ലെയിസി"ലൂടെ അതുവരെ ഒരു കൊടുക്കലും വാങ്ങലുംനടത്തിയിട്ടില്ലാത്ത സ്ത്രീയായിട്ടുപോലും അവരതിനു മിനക്കെടുന്നത് ,അത് നശിപ്പിച്ചു കളയാതെ ആരെങ്കിലും സന്തോഷത്തോടെ ഉപയോഗിക്കുമല്ലോ എന്ന ചിന്തയിൽ ആശ്വാസം കണ്ടെത്താൻ വേണ്ടിയല്ലേ! പഴയ ലൗസീററും പുതിയ സോഫയും ,രണ്ടും രണ്ടു കാലഘട്ടത്തിൻ്റെ പ്രതീകങ്ങളായി നിലകൊള്ളുന്നു, ഒന്ന് പ്രണയത്തിൻ്റെ , അടുപ്പത്തിൻ്റെ, പങ്കുവെക്കലിൻ്റെ മധുരം പകർന്നതാണെങ്കിൽ പുതിയ സോഫ മാറിയ കാലത്തിൻ്റെ , കൂടുന്ന സുഖസൗകര്യങ്ങളോടൊപ്പം കുറഞ്ഞുവരുന്ന ഇൻ്റിമസി ബോധ്യപ്പെടുത്തുന്നതുമാണ്. 

ഇതിൽ എഴുതപ്പെട്ടിട്ടുള്ള ചില വാക്കുകളും പ്രയോഗങ്ങളും നോക്കൂ ,ദീപയുടെ ജീവിത സംഘർഷങ്ങൾ പ്രതിഫലിക്കുന്ന, ഉള്ളിലുടക്കുന്ന ശക്തമായ ബിംബകൽപ്പനകൾ! 24വയസ്സിൽ വിവാഹിതയായി " അപരിചിതനായ ഭർത്താവിനോടൊപ്പം"അമേരിക്കയിലേക്കു കുടിയേറിയ എന്ന വരികളിലെ അപരിചിതനായ എന്ന വാക്കിലൂടെ പുതിയ തലമുറയ്ക്ക് ഏറെ പരിചിതമല്ലാത്ത എന്നാൽ പണ്ട് സർവ്വ സാധാരണമായിരുന്ന "അറേഞ്ച്ഡ് മാര്യേജ് ' എന്ന വ്യവസ്ഥിതിയെ എന്തു ലളിതമായിട്ടാണ് പറഞ്ഞു വെച്ചിരിക്കുന്നത്! " അകൽച്ചയില്ലാത്തൊരു അടുപ്പമില്ലായ്മ്മ", എത്ര അർത്ഥസമ്പുഷ്ടമായ പദം , മദ്ധ്യവയസ്ക്കനായ ഭർത്താവിൻ്റെ മിഡ് ലൈഫ് ക്രൈസിസിനും മെനപ്പോസിൻ്റെ താപവ്യതിയാനങ്ങളിലൂടെ കടന്നുപോവുന്ന ഭാര്യയ്ക്കുമിടയിൽ മെല്ലെ മെല്ലെ രൂപപ്പെട്ടുവരുന്ന ഒരു തരം തണുത്ത നിശ്ലബ്ദതയെ വിശേഷിപ്പിയ്ക്കാൻ ഇതിലും അനുയോജ്യമായ മറെറന്തു നിർവ്വചനമാണുള്ളത് മലയാളത്തിൽ? 

പങ്കാളികളിൽ ഒരാളുടെ ലോകം വലുതാവുമ്പോൾ മറ്റൊരാളുടെ ലോകം ചുരുങ്ങി ചുരുങ്ങി ശ്വാസം മുട്ടിയ്ക്കുന്ന അവസ്ഥയുടെ ഭീകരത മുഴുവനുമുണ്ടതിൽ !പരസ്പരം മിണ്ടിയും പറഞ്ഞും ചിരിച്ചും കളിച്ചും കഴിഞ്ഞ ഭൂതകാലവുംഓരോ ദ്വീപുകളിലായി സ്വയം അടച്ചിടപ്പെട്ട് പരസ്പരം അന്യരായിക്കൊണ്ടിരിയ്ക്കുന്ന വർത്തമാനകാലവും തമ്മിലുള്ള കലഹം ഭാര്യയെ മാത്രമാണ് ബാധിയ്ക്കുന്നത്.അതുപോലെ പുതിയ സോഫയിൽ തമ്മിൽ തൊടാതെ തോളിൽ ചായാതെ ഇരുന്ന് ജേക്കബിന് ഇഷ്ടമുള്ള ഷോ കാണും എന്ന് സങ്കൽപ്പിക്കുമ്പോൾ എവിടെ ജീവിച്ചാലും, കാലം എത്ര പുരോഗമിച്ചാലും , സമത്വവും, സംവരണവുമൊക്കെ ഏതൊക്കെ താലത്തിൽ വെച്ചു നീട്ടിയാലും സ്ത്രീയെങ്ങിനെ ആണധികാരത്തിൻ്റെ അലിഖിത നിയമങ്ങൾ പരാതിയില്ലാതെ സഹിക്കുന്നുവെന്ന് പറയാതെ പറയുകയല്ലേ!

 സോഫ വാങ്ങാനെത്തുന്ന ചെറുപ്പക്കാരിലൊരാളുടെ പേരുകേട്ടപ്പോൾ തന്നെ ഇന്ത്യക്കാരൻ ആയിരിക്കുമെന്ന പ്രതീക്ഷ , ജനിച്ചു വളർന്ന നാടിനോട് ബന്ധിപ്പിക്കുന്ന ചില കണ്ണികൾ അററു പോയിട്ടില്ല എന്നതിൻ്റെ തെളിവായി അവശേഷിക്കുന്നു , അതുപോലെ എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും പുതിയ നാട്ടിൽ പുതിയൊരു ജീവിതം കെട്ടിപ്പടുക്കാനുള്ള ആ ചെറുപ്പക്കാരുടെ നിശ്ചയ ദാർഡ്യം ദീപയെ അവരുടെ പ്രവാസത്തിൻ്റെ ആദ്യ കാലങ്ങൾ ഓർമ്മിപ്പിക്കുന്നുണ്ട് കാൽ നൂറ്റാണ്ടിലധികം അമേരിക്കയിൽ ജീവിച്ചിട്ടും മലയാളിത്തം വേർപെട്ടുപോയിട്ടില്ല എന്നടയാളപ്പെടുത്താൻ എടുത്തുപയോഗിച്ചിട്ടുള്ള ചില വാക്കുകൾ നോക്കൂ അടുക്കളയിൽ വേവുന്ന ചോറും, ചായക്കൊപ്പം വിളമ്പുന്ന കായ വറുത്തതും ! 

ഘനമുള്ള സോഫയുമായി താഴേക്കിറങ്ങി വരുന്നതിനെ പ്രവാസത്തിൻ്റെഭാരം എന്നും കുടിയേറ്റത്തിൻ്റെ പുതിയ കൂടൊരുങ്ങുന്നു എന്നും വിശേഷിപ്പിച്ചിരിക്കുന്നതിൻ്റെ സാംഗത്യം എത്ര വലുതാണ് അല്ലേ. എന്തു മനോഹരമായ ഭാഷയാണ് ഈ കഥയിലുടനീളം ഉപയോഗിച്ചിരിക്കുന്നത്.ഒരക്ഷരം പോലും കൂട്ടുകയോ കുറയ്ക്കുകയോ വേണ്ടാത്ത കെട്ടുറപ്പുള്ള കഥ ,ചുരുക്കിപ്പറഞ്ഞാൽ നമ്മുടെയൊക്കെ ജീവിതത്തോടു ചേർത്തുവെയ്ക്കാവുന്നത്! 

കുറച്ചുകാലം മുമ്പ് ഏകദേശം ഇതേ പാശ്ചാത്തലമുള്ള " ലൗ സീറ്റ്" എന്നൊരു കുഞ്ഞുകഥയെഴുതി കഥകൾ ചർച്ച ചെയ്യുന്ന ഗ്രൂപ്പിലിട്ടിരുന്നുഅത് വായിച്ചിട്ട് ഒരു സുഹൃത്തു പറഞ്ഞ വാക്കുകൾ ഓർമ്മവരുന്നു " ഒരാൾക്ക് മറ്റൊരാളോടുള്ള സ്നേഹത്തിനും വിധേയത്തിനും ഒരു സാച്യുറേഷൻ പോയിൻ്റ് ഉണ്ട്. അത് എത്തികഴിഞ്ഞാൽ പരസ്പരമുള്ള മിണ്ടാട്ടമൊക്കെ നില്ക്കും" ശരിയായിരിയ്ക്കാം പക്ഷേ അങ്ങിനെയുള്ള സാഹചര്യങ്ങളും ആദ്യം സ്ത്രീയാണല്ലോ തരണം ചെയ്യേണ്ടി വരുന്നത്. ആദ്യവായനയിൽ തന്നെ ഉള്ളിൽ ആഴത്തിലൊരു പൊള്ളലേൽപ്പിച്ച ,ഇത്രയും അനുഭവവേദ്യമായൊരു കഥ ,വായനക്കാർക്കു സമ്മാനിച്ച ശ്രീമതി ജെയിൻ ജോസഫിന് അഭിനന്ദനങ്ങളും ആശംസകളും നേരുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക