Image

'പരാതിക്കാരിക്ക് 60 വയസ്', പീഡന ആരോപണങ്ങൾ നിഷേധിച്ച് ഷിയാസ് കരീം

Published on 28 April, 2026
'പരാതിക്കാരിക്ക് 60 വയസ്', പീഡന ആരോപണങ്ങൾ നിഷേധിച്ച് ഷിയാസ് കരീം

തനിക്കെതിരെ ഉയർന്ന പീഡന പരാതിയിൽ വിശദീകരണവുമായി നടനും ബിഗ് ബോസ് താരവുമായ ഷിയാസ് കരീം രംഗത്ത്. പരാതി നൽകിയ സ്ത്രീക്ക് 60 വയസ്സുണ്ടെന്നും അവരെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കേണ്ട സാഹചര്യം തനിക്കില്ലെന്നും ഷിയാസ് വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരം ആരോപണങ്ങൾ നിഷേധിച്ചത്. തന്റെ കുടുംബത്തിൽ നിന്ന് പണവും സ്വർണ്ണവും തട്ടിയെടുക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് പുതിയ പരാതിക്ക് പിന്നിലെന്നും താരം ആരോപിച്ചു. 

തന്റെ മാതാവിൽ നിന്നും സഹോദരിയിൽ നിന്നും പരാതിക്കാരി പണവും സ്വർണ്ണവും കൈക്കലാക്കിയിട്ടുണ്ടെന്നും ഇത് തിരിച്ചുചോദിച്ചതിലുള്ള വൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്നും ഷിയാസ് പറയുന്നു. “എന്റെ പേരിൽ പീഡന പരാതി നൽകിയ സ്ത്രീക്ക് 60 വയസ്സുണ്ട്. അവരെ വിവാഹ വാഗ്ദാനം നൽകി വഞ്ചിക്കേണ്ട കാര്യം എനിക്കില്ല. ഞാൻ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. സമാധാനപരമായി കുടുംബജീവിതം നയിക്കുന്ന വ്യക്തിയാണ് ഞാൻ. മുൻപ് ഉണ്ടായ ചില അനുഭവങ്ങൾ കാരണം സ്ത്രീകളോട് വളരെ ജാഗ്രതയോടെയാണ് ഞാൻ പെരുമാറാറുള്ളത്,” ഷിയാസ് വീഡിയോയിൽ വ്യക്തമാക്കി. 

പരാതിക്കാരി തന്റെ കുടുംബവുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്ന ആളാണെന്നും തന്റെ വിവാഹത്തിന് ഉൾപ്പെടെ അവർ പങ്കെടുത്തതായും ഷിയാസ് പറഞ്ഞു. എല്ലാവർക്കും അറിയാവുന്ന വ്യക്തിയായതിനാൽ നിലവിൽ പേര് വെളിപ്പെടുത്തുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വീട്ടുകാർ നൽകിയ പരാതിയുടെ പ്രതികാരമായിട്ടാണ് ഇപ്പോൾ ഇങ്ങനെയൊരു ആരോപണം ഉയർന്നു വന്നിരിക്കുന്നതെന്നാണ് ഷിയാസിന്റെ വാദം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക