
''പവര്‍കട്ടില്ലാത്ത കേരളം...'' എന്ന് സര്‍ക്കാര്‍ തിരഞ്ഞെടുപ്പില്‍ ഉശിരന്‍ പ്രചാരണം നടത്തിയ ശേഷം ഇതാ ഇപ്പോള്‍ സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്തിയിരിക്കുന്നു. രണ്ടാം പിണറായി സര്‍ക്കാര്‍ കെയര്‍ ടേക്കര്‍ ഭരണത്തില്‍ നിന്ന് ഇറങ്ങിപ്പോകുന്നതിന് തൊട്ടുമുമ്പുള്ള ഈ പ്രഹരം ജനങ്ങള്‍ പ്രതീക്ഷിച്ചിരുന്നതല്ല. എന്നാല്‍, ഉപഭോഗം കൂടുന്നതുകൊണ്ട് ലൈനിനുണ്ടാകുന്ന സമ്മര്‍ദം ഒഴിവാക്കാനുള്ള ലോഡ് നിയന്ത്രണമാണ് നടക്കുന്നതെന്നാണ് കെ.എസ്.ഇ.ബി.യുടെ വിശദീകരണം. രാത്രി 6നും 12നും ഇടയില്‍ അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താനാണ് കെ.എസ്.ഇ.ബി ഉന്നതതല യോഗത്തില്‍ തീരുമാനമെടുത്തത്.
സംസ്ഥാനത്ത് ഉയര്‍ന്ന താപനില തുടരുന്ന സാഹചര്യത്തില്‍ വൈദ്യുതി ഉപഭോഗം വര്‍ധിച്ചതിനാല്‍ ലോഡ് ഷെഡിങ് നടപ്പിലാക്കാന്‍ തീരുമാനം. വൈദ്യുതി ഉപഭോഗം എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 117 ദശലക്ഷം യൂണിറ്റിന് മുകളിലേക്ക് എത്തിയതോടെ സംസ്ഥാനത്ത് ഏപ്രില്‍ 25-ാം തീയതി മുതല്‍ രാത്രികാലങ്ങളില്‍ 15 മിനിറ്റ് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് തുടങ്ങിയിരുന്നു. ഇതോടെ 10 വര്‍ഷം നീണ്ട അവകാശവാദങ്ങളുടെ ഫ്യൂസ് പൊട്ടി.
കഴിഞ്ഞ ദിവസങ്ങളിലെല്ലാം മുന്‍ കൂട്ടി അറിയിക്കാതെയും അറിയിച്ചും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. വേനല്‍ക്കാലം മുന്നില്‍ക്കണ്ടുള്ള മുന്നൊരുക്കങ്ങളൊന്നും കെ.എസ്.ഇ.ബി നടത്തിയില്ലെന്ന് റഗുലേററ്ററി കമ്മീഷന്‍ പോലും വിമര്‍ശിക്കുമ്പോള്‍ പ്രകൃതി ചതിച്ചുവെന്ന വിചിത്ര വാദമാണ് മന്ത്രി കെ കൃഷ്ണന്‍കുട്ടി ഉന്നയിക്കുന്നത്. വാസ്തവത്തില്‍ സര്‍ക്കാരിന്റെ അനാസ്ഥയാണ് ഈ ലോഡ് ഷെഡ്ഡിങ്ങിന് കാരണം. മഴക്കാലത്ത് തിരിച്ച് നല്‍കാമെന്ന വ്യവസ്ഥയില്‍ മധ്യപ്രദേശില്‍നിന്നും പഞ്ചാബില്‍നിന്നും 200 മെഗാവാട്ട് വീതം ലഭിക്കുന്ന കരാറുണ്ടായിരുന്നു. ഇതില്‍ ഒരു കരാര്‍ ഈ മാസം 16-നും മറ്റൊന്ന് 21-നും അവസാനിച്ചു. ഇതോടെ 400 മെഗാവാട്ടിന്റെ കുറവുണ്ടായി. കരാറുകള്‍ അവസാനിക്കുമെന്ന് കെ.എസ്.ഇ.ബി.ക്ക് നേരത്തേത്തന്നെ അറിയാമായിരുന്നു.
ഇതിനു പകരമായി തല്‍സമയം വൈദ്യുതി വാങ്ങാവുന്ന പവര്‍ എക്‌സ്‌ചേഞ്ചുകളെ ആശ്രയിക്കാമെന്നാണ് കണക്കുകൂട്ടിയത്.തലേദിവസം വൈദ്യുതി വാങ്ങാവുന്ന ഡേ എഹെഡ് മാര്‍ക്കറ്റില്‍ വൈദ്യുതി ആവശ്യത്തിന് കിട്ടാതെവന്നു. അപ്പോഴാണ് 90 ദിവസത്തേക്കു വരെ മുന്‍കൂറായി വാങ്ങാനാവുന്ന ടേം എഹെഡ് മാര്‍ക്കറ്റില്‍നിന്ന് 10 രൂപവരെ വിലയ്ക്ക് വാങ്ങാനുള്ള അപേക്ഷ കെ.എസ്.ഇ.ബി റെഗുലേറ്ററി കമ്മിഷന് നല്‍കിയത്. യൂണിറ്റിന് 4.29 രൂപയ്ക്ക് വൈദ്യുതിലഭിച്ചിരുന്ന ദീര്‍ഘകാല കരാറുകള്‍ നടപടികളിലെ ക്രമക്കേടിന്റെപേരില്‍ റെഗുലേറ്ററി കമ്മിഷന്‍ റദ്ദാക്കിയതും വിനയായി. അതിനുശേഷം കെ.എസ്.ഇ.ബി വിളിച്ച ടെന്‍ഡറുകളിലെല്ലാം ഉയര്‍ന്നവില വന്നതിനാല്‍ പുതിയ കരാറുകള്‍ക്ക് കഴിഞ്ഞിട്ടില്ല.
കേരളത്തില്‍ വൈദ്യുതി ഉപഭോഗം വര്‍ഷംതോറും ഉയര്‍ന്നുകൊണ്ടിരിക്കുമ്പോഴും, അതിനൊത്ത രീതിയില്‍ ഉത്പാദനവും വിതരണം സംവിധാനവും വികസിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നത് ഗൗരവതരമായ വിഷയമാണ്. ലോഡ് ഷെഡ്ഡിംഗ് എന്ന പ്രശ്‌നം വീണ്ടും വീണ്ടും ഉയര്‍ന്നുവരുന്നത് പലപ്പോഴും പ്രകൃതിദത്ത കാരണങ്ങളാല്‍ മാത്രമല്ല, ഭരണപരമായ വീഴ്ചകളാലുമാണെന്ന് പൊതുജനങ്ങള്‍ കരുതുന്നതില്‍ തെറ്റില്ല. സര്‍ക്കാരിന്റെ ഉത്തരവാദിത്വം വൈദ്യുതി വിതരണം സ്ഥിരതയോടെ ഉറപ്പാക്കുക എന്നതാണ്. എന്നാല്‍ ആവശ്യമായ മുന്‍കരുതലുകളും ദീര്‍ഘകാല പദ്ധതികളും പലപ്പോഴും നടപ്പിലാക്കാത്തത് പ്രശ്‌നങ്ങളെ വഷളാക്കുന്നു. മഴക്കുറവ് ഉണ്ടാകുമ്പോള്‍ ജലവൈദ്യുതി ഉത്പാദനം കുറയുമെന്ന് മുന്‍കൂട്ടി കണക്കാക്കാന്‍ കഴിയുന്ന സാഹചര്യത്തില്‍ പകരം മാര്‍ഗങ്ങള്‍ വികസിപ്പിക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്.
പുനരുപയോഗ ഊര്‍ജ്ജ മേഖലയില്‍ കേരളം കൂടുതല്‍ മുന്നേറേണ്ടതുണ്ട്. സോളാര്‍, കാറ്റാടി തുടങ്ങിയ മേഖലകളില്‍ വലിയ സാധ്യതകള്‍ ഉണ്ടായിട്ടും അവയെ പരമാവധി പ്രയോജനപ്പെടുത്തുന്നതില്‍ വൈകല്യം സംഭവിച്ചുവെന്നാണ് വിമര്‍ശനം. കൂടാതെ വൈദ്യുതി മോഷണം, വിതരണം സമയത്തെ നഷ്ടങ്ങള്‍ എന്നിവ നിയന്ത്രിക്കുന്നതിലും കാര്യക്ഷമത കുറവാണെന്ന് ആരോപണങ്ങള്‍ ശക്തമായി ഉയരുന്നുണ്ട്. ലോഡ് ഷെഡ്ഡിംഗ് ജനങ്ങളുടെ ദൈനംദിന ജീവിതത്തെ സാരമായി ബാധിക്കുന്ന വിഷയമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ തടസ്സം, വ്യവസായ മേഖലയില്‍ ഉല്‍പാദന നഷ്ടം, ആശുപത്രികളില്‍ സേവന പ്രശ്‌നങ്ങള്‍ തുടങ്ങിയവ സമൂഹത്തിന്റെ വിവിധ തലങ്ങളെയും ബാധിക്കുന്നു.
എന്നിരുന്നാലും, ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തുന്നത് സര്‍ക്കാരിന്റെ മാത്രം ചുമതലയല്ല; പൊതുജനങ്ങളും വൈദ്യുതി ഉപയോഗത്തില്‍ ഉത്തരവാദിത്തം പുലര്‍ത്തണം. ഊര്‍ജ്ജ സംരക്ഷണം, പുനരുപയോഗ ഊര്‍ജ്ജ ഉപകരണങ്ങളുടെ ഉപയോഗം എന്നിവയും പ്രശ്‌നം കുറയ്ക്കാന്‍ സഹായിക്കും. ലോഡ് ഷെഡ്ഡിംഗ് പോലുള്ള പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനായി ദീര്‍ഘകാല കാഴ്ചപ്പാടോടെ സര്‍ക്കാര്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും കൃത്യമായി നടപ്പിലാക്കുകയും ചെയ്യേണ്ടതാണ്. ഉത്തരവാദിത്തപരമായ ഭരണവും ജനങ്ങളുടെ സഹകരണവും കൂടിയാല്‍ മാത്രമേ കേരളത്തിന് സ്ഥസ്ഥായിയായ വൈദ്യുതി ഉല്‍പാദനവും വിതരണവും ഉപഭോഗവും ഉറപ്പാക്കാന്‍ കഴിയൂ.