Image

പഞ്ചാബ് സ്വദേശിനിയെ ബ്രാംപ്ടണില്‍ മരിച്ച നിലയില്‍ കണ്ടെത്തി; പോലീസ് അന്വേഷണം ആരംഭിച്ചു

Published on 28 April, 2026
പഞ്ചാബ് സ്വദേശിനിയെ ബ്രാംപ്ടണില്‍ മരിച്ച നിലയില്‍ കണ്ടെത്തി; പോലീസ് അന്വേഷണം ആരംഭിച്ചു

ബ്രാംപ്ടണ്‍: ബ്രാംപ്ടണില്‍ താമസിച്ചിരുന്ന 29 വയസുകാരിയായ പഞ്ചാബ് സ്വദേശിനി പ്രതിഭ ഗുപ്തയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പഞ്ചാബിലെ അഹമ്മദ്ഗഡ് സ്വദേശിനിയായ ഇവരെ താമസസ്ഥലത്തെ ഗോവണിപ്പടിക്ക് സമീപമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ മൂന്നര വര്‍ഷമായി വര്‍ക്ക് പെര്‍മിറ്റില്‍ കാനഡയില്‍ ജോലി ചെയ്തു വരികയായിരുന്നു പ്രതിഭ.

ശനിയാഴ്ച ഉച്ചയ്ക്ക് കുടുംബവുമായി ഫോണില്‍ സംസാരിച്ചിരുന്ന പ്രതിഭയെ പിന്നീട് ഫോണില്‍ ലഭിക്കാതെ വന്നതോടെ ബന്ധുക്കള്‍ തൊഴിലുടമയെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് യുവതിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. പ്രാഥമിക പരിശോധനയില്‍ ശരീരത്തില്‍ പരിക്കുകളില്ലെങ്കിലും മരണത്തില്‍ ദുരൂഹതയുള്ളതിനാല്‍ ബ്രാംപ്ടണ്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. മരണകാരണം വ്യക്തമാകാന്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് അധികൃതര്‍.

ഗണിതശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദധാരിയായ പ്രതിഭ നാട്ടില്‍ അധ്യാപികയായി ജോലി ചെയ്തിരുന്നു. നിലവില്‍ കാനഡയിലെ സ്വകാര്യ ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി കുടുംബം കേന്ദ്ര സര്‍ക്കാരിന്റെ സഹായം തേടിയിട്ടുണ്ട്. പ്രാദേശിക എംപി അമര്‍ സിംഗ് വഴി വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് ബന്ധുക്കള്‍ അറിയിച്ചു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക