
മുംബൈ: പ്രശസ്ത നടന്‍ ഭരത് കപൂര്‍ (80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മുംബൈയിലെ സിയോണ്‍ ആശുപത്രിയില്‍ വെച്ച് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് അദ്ദേഹം അന്തരിച്ചത്. നാല് പതിറ്റാണ്ടോളം നീണ്ടുനിന്ന തന്റെ അഭിനയ ജീവിതത്തിലൂടെ ഹിന്ദി സിനിമാ-സീരിയല്‍ രംഗത്ത് തന്റേതായ ഒരിടം കണ്ടെത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
കഴിഞ്ഞ മൂന്ന് ദിവസമായി ഭരത് കപൂര്‍ അസുഖബാധിതനായിരുന്നു. അന്ത്യകര്‍മങ്ങള്‍ തിങ്കളാഴ്ച വൈകുന്നേരംതന്നെ അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്ന ആശുപത്രിക്ക് സമീപമുള്ള ശ്മശാനത്തില്‍ നടത്തി. അദ്ദേഹത്തോടുള്ള ആദരസൂചകമായി ഏപ്രില്‍ 30-ന് വൈകുന്നേരം 5 മണിക്കും 7 മണിക്കും ഇടയില്‍ നോര്‍ത്ത് ബോംബെ അസോസിയേഷനില്‍ പ്രാര്‍ത്ഥനായോഗം സംഘടിപ്പിച്ചിട്ടുണ്ട്.
ഹിന്ദി വിനോദ വ്യവസായത്തില്‍ സുപരിചിതമായ മുഖമായിരുന്നു ഭരത് കപൂറിന്റേത്. നാല് പതിറ്റാണ്ടോളം നീണ്ട തന്റെ കരിയറില്‍ ഭരത് കപൂര്‍ നിരവധി ശ്രദ്ധേയമായ സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. 'നൂരി' (1979), 'റാം ബല്‍റാം' (1980), 'ലവ് സ്റ്റോറി' (1981), 'ബസാര്‍' (1982), 'ഖുദാ ഗവാ' (1992), 'മീനാക്ഷി: എ ടെയില്‍ ഓഫ് ത്രീ സിറ്റീസ്' (2004) എന്നിവ അദ്ദേഹം അഭിനയിച്ച പ്രധാന സിനിമകളില്‍ ചിലതാണ്.
സിനിമകള്‍ക്ക് പുറമെ ടെലിവിഷന്‍ പരമ്പരകളിലും അദ്ദേഹം സജീവമായ സാന്നിധ്യമായിരുന്നു. 'അമാനത്ത്', 'സാന്‍സ്, താരാ', 'ചുനൗതി' തുടങ്ങിയ ജനപ്രിയ പരമ്പരകളിലൂടെ അദ്ദേഹം മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായി.