Image

വിരമിച്ചിട്ടും തച്ചങ്കരിയെ വിടാതെ പിന്തുടര്‍ന്ന് 'ഡി.ജി.പി' മോഹം; നിയമ ലംഘനത്തില്‍ കേസ് മൃദുവാക്കും

എ.എസ് ശ്രീകുമാര്‍ Published on 27 April, 2026
വിരമിച്ചിട്ടും തച്ചങ്കരിയെ വിടാതെ പിന്തുടര്‍ന്ന്  'ഡി.ജി.പി' മോഹം; നിയമ ലംഘനത്തില്‍ കേസ് മൃദുവാക്കും



ഷാജി കൈലാസിന്റെ 'കമ്മിഷണറി'ല്‍ ഭരത് ചന്ദ്രന്‍ ഐ.പി.എസായി അഭിനയിച്ച ശേഷം സുരേഷ് ഗോപി തന്റെ കാറിന്റെ പുറകില്‍ ഗ്ലാസിനോട് ചേര്‍ന്ന്, പിന്നില്‍ നിന്ന് വരുന്നവര്‍ക്ക് കാണത്തക്ക വിധത്തില്‍ ഐ.പി.എസ് എന്ന് എഴുതിയ ഒരു എസ്.പിയുടെ തൊപ്പി വച്ചിരുന്നു. കുറേക്കാലം അദ്ദേഹം ഇങ്ങനെ തൊപ്പിയുമായി സഞ്ചരിച്ചിരുന്നുവത്രേ. എന്നാല്‍ ഇന്നും അദ്ദേഹം ഭരത്ചന്ദ്രന്റെ ഹാങ് ഓവറിലാണെന്ന് അടുത്ത കാലത്തുണ്ടായ ചില സംഭവ വികാസങ്ങള്‍ തെളിയിക്കുന്നു. അതേ രീതിയിലാണ് നമ്മുടെ വിരവിച്ച വിവാദ ഡി.ജി.പി ടോമിന്‍ ജെ തച്ചങ്കരി.  36 വര്‍ഷത്തെ ഐ.പി.എസ് കരിയര്‍ പൂര്‍ത്തിയാക്കി സംസ്ഥാന പോലീസിലെ സീനിയര്‍ ഡി.ജി.പിയായിരുന്ന തച്ചങ്കരി 2023 ജൂലൈ 31-ന് സര്‍വീസില്‍ നിന്ന് വിരമിച്ചെങ്കിലും 'ഡി.ജി.പി' അദ്ദേഹത്തെ വിട്ടുപോയില്ലെന്ന് തെളിയിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം കോട്ടയത്തുണ്ടായ സംഭവം.

 വിരമിച്ച് മൂന്നുവര്‍ഷം കഴിഞ്ഞിട്ടും തന്റെസ്വകാര്യ വാഹനത്തില്‍ ഡി.ജി.പിയുടെ 3 സ്റ്റാര്‍ ബോര്‍ഡ് പതിപ്പിച്ച് യാത്ര ചെയ്തതാണ് പൊല്ലാപ്പായത്. തച്ചങ്കരിക്കെതിരേ കേസെടുക്കാന്‍ സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ ഉത്തരവിട്ടിരുന്നു. കോട്ടയം എസ്.പിയുടെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഗതാഗത നിയമലംഘനത്തിന് കേസെടുത്ത കോട്ടയം ഈസ്റ്റ് പോലീസ്, തച്ചങ്കരി ചിഹ്നം ഉപയോഗിച്ചത് ഒറ്റ ദിവസം മാത്രമാണെന്ന കണ്ടെത്തല്‍ നടത്തി അദ്ദേഹത്തിന് രക്ഷ ഒരുക്കിയിരിക്കുകയാണ്. മറ്റ് ദിവസങ്ങളില്‍ ചിഹ്നം ഉപയോഗിച്ചതായി കണ്ടെത്താനായിട്ടില്ല എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നടന്നത് നിയമലംഘനമാണെന്ന് റിപ്പോര്‍ട്ടില്‍ സമ്മതിക്കുന്നുണ്ട്. എന്നാല്‍ മുന്‍ ഡി.ജി.പി ആയതിനാല്‍ ഗുരുതര വകുപ്പുകള്‍ ചുമത്താതെയായിരിക്കും നടപടി.

അഭിഭാഷകനായ കൊളത്തൂര്‍ ജയ് സിംഗ് നല്‍കിയ പരാതിയിലാണ് കേസ്. കൂടാതെ ടോമിന്‍ ജെ തച്ചങ്കരിക്കെതിരെ മുക്കം പൊലീസിലും പരാതിയുണ്ട്. കോഴിക്കോട് ചെറുവാടി സ്വദേശി സി.ടി മുനീറാണ് പരാതി നല്‍കിയത്. അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് കോട്ടയം വിജിലന്‍സ് കോടതിയില്‍ എത്തിയപ്പോഴായിരുന്നു തച്ചങ്കരിയുടെ കാറില്‍ നമ്പര്‍ പ്ലേറ്റിന് തൊട്ട് താഴെ ഡി.ജി.പിയുടെ ഔദ്യോഗിക ചിഹ്നമായ ത്രീസ്റ്റാര്‍ ബോര്‍ഡ് മാധ്യങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടത്. ബോര്‍ഡ് തുണിവെച്ച് മറച്ച നിലയിലായിരുന്നു.  മാധ്യമപ്രവര്‍ത്തകര്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചതോടെ പിന്നീട് ഇത് മാറ്റുകയായിരുന്നു. അതേസമയം തച്ചങ്കരി കഴിഞ്ഞ മൂന്നു വര്‍ഷക്കാലവും ഈ ബോര്‍ഡ് വച്ചുകൊണ്ടാണ് യാത്ര ചെയ്തിരുന്നതെന്നും പലയിടങ്ങളിലും വച്ച് ഇത്തരത്തില്‍ നക്ഷത്ര ചിഹ്നമുള്ള കാര്‍ ഉപയോഗിച്ചിരുന്നതായും ആരോപണമുണ്ട്.

സര്‍വീസിലിരിക്കെ വലിയ വിവദങ്ങളുണ്ടാക്കിയ വ്യക്തിയാണ് ടോമിന്‍ തച്ചങ്കരി. അനധികൃത സ്വത്ത് സമ്പാദിച്ചതുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷിച്ച കേസില്‍ തച്ചങ്കരി ഇപ്പോള്‍ കോട്ടയം വിജിലന്‍സ് കോടതിയില്‍ വിചാരണ നേരിടുകയാണ്. 2007-ല്‍ രജിസ്റ്റര്‍ ചെയ്ത കേസാണിത്. 2003-ലാണ് കേസിനാസ്പദമായ സംഭവം. സര്‍വീസ് കാലാവധിയില്‍ 138 ശതമാനമാണ് വരവില്‍ കൂടുതല്‍ സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തിയത്. അതില്‍ തന്നെ ആദ്യം 64 ലക്ഷം രൂപ കണ്ടെത്തിയിരുന്നു. അതിവേഗം കേസ് പൂര്‍ത്തിയാക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്. ഹൈക്കോടതിയിലും സുപ്രീംകോടതിയിലും വര്‍ഷങ്ങളോളം നിയമ വ്യവഹാരം നടന്ന കേസ് ആണിത്. 2013-ല്‍ തച്ചങ്കരിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

 ഗതാഗത കമ്മീഷണറായിരിക്കെ വാഹന ഡീലര്‍മാര്‍ക്ക് പിഴ ഇളവ് നല്‍കിയതിലും വാഹന പുക പരിശോധന കേന്ദ്രങ്ങളില്‍ ഒരു സോഫ്റ്റ് വെയര്‍ മാത്രമാക്കിയതിലും, മലിനീകരണ നിയന്ത്രണ നിയമം ഒരു കമ്പനിക്ക് മാത്രമായി ഒഴിവാക്കിയതിലും സെപ്റ്റംബര്‍ 2, 2016-ല്‍ തച്ചങ്കരിക്കെതിരെ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് തച്ചങ്കരിയെ ട്രാന്‍സസ്‌പോര്‍ട്ട് കമ്മീഷണര്‍ സ്ഥാനത്ത് നിന്നും നീക്കുകയുണ്ടായി. ഇതിനിടെ ഹെല്‍മറ്റ് ധരിക്കാതെ വരുന്ന ഇരുചക്ര വാഹനക്കാര്‍ക്ക് പെട്രോള്‍ നല്‍കില്ലെന്ന തച്ചങ്കരിയുടെ നടപടി താനറിയാതെയാണെന്ന് ഗതാഗത മനത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞത് വിവാദമായിരുന്നു. ഈ വിവാദം നിലനില്‍ക്കുന്ന സമയത്ത് തന്നെയായിരുന്നു പിറന്നാള്‍ ആഘോഷിച്ച് സംസ്ഥാനത്തെ ആര്‍.ടി ഓഫീസുകളില്‍ മധുരം വിതരണം ചെയ്ത് തച്ചങ്കരി വീണ്ടും വിവാദത്തിലായത്. മതിയായ യോഗ്യതയില്ലാത്ത ഉദ്യോഗസ്ഥനെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായി നിയമിച്ചതിന്  തച്ചങ്കരിക്ക് എതിരെ വിജിലന്‍സ് അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

1991-ല്‍ ആലപ്പുഴ എ.എസ്.പി ആയിരിക്കെ ആലപ്പുഴ സ്വദേശിനി സുജ എന്ന യുവതി മരിച്ചതുമായി ബന്ധപ്പെട്ട് അയല്‍വാസിയായ പ്രകാശന്‍ എന്നയാളെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി പീഡിപ്പിക്കുകയും എന്നാല്‍ തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ഇയാള്‍ നിരപരാധിയാണെന്ന് തെളിയുകയയും ചെയ്തു. ഇതേ തുടര്‍ന്ന് ഈ കേസില്‍ പ്രകാശന്‍ നടത്തിയ നിയമപോരാട്ടത്തില്‍ തച്ചങ്കരിയെ പ്രോസീക്യൂട്ട് ചെയ്യുവാന്‍ സുപ്രീംകോടതി അനുമതി നല്‍കിയെങ്കിലും നിരന്തരം കേസ് നടത്തി തളര്‍ന്ന വാദി കേസ് ഒത്തുതീര്‍പ്പാക്കി പിന്‍വലിയുകയുണ്ടായി. 2007 ജൂലൈയില്‍ ഡി.ഐ.ജിയായിരുന്ന ടോമിന്‍ തച്ചങ്കരി വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന വിജിലന്‍സ് കേസിന്റെ അടിസ്ഥാനത്തില്‍, ടോമിന്‍ തച്ചങ്കരിയുടെ ഭാര്യ നടത്തുന്ന റിയാന്‍ സ്റ്റുഡിയോയില്‍ വിജിലിന്‍സ് എസ്.പിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയതും വാര്‍ത്തയായി.

2009 ഡിസംബറില്‍ തടിയന്റവിട നസീറിനെ ചോദ്യം ചെയ്യാന്‍ സര്‍ക്കാര്‍ അറിയാതെയാണ് ഐ.ജി ടോമിന്‍ തച്ചങ്കരിയെ ബാംഗ്ലൂരിലേയ്ക്ക് അയച്ചതെന്ന മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ പരാമര്‍ശവും വിവാദത്തിനിടയാക്കി. 2010 ഏപ്രില്‍ മാസത്തില്‍ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശനം നടത്തുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനൊപ്പം തച്ചങ്കരിയും ഉണ്ടെന്നു പ്രതിപക്ഷം ആരോപണമുന്നയിച്ചു. തച്ചങ്കരിയുടെ വിദേശ യാത്രയെപ്പറ്റി അന്വേഷിയ്ക്കാന്‍ മുഖ്യമന്ത്രി വിജിലിജന്‍സ് എ.ഡി.ജി.പി സിബി മാത്യൂസിന് നിര്‍ദ്ദേശം നല്‍കി. 2010-ല്‍ കണ്ണൂര്‍ റെയ്ഞ്ച് ഐ.ജി സ്ഥാനത്തിരിക്കവെ സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ വിദേശയാത്ര നടത്തിയതിന് സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.

ഏതായാലും തച്ചങ്കരിക്കെതിരായ പുതിയ കേസിനാസ്പദമായ സംഭവം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന അധികാരങ്ങളും അതുമായി ബന്ധപ്പെട്ട ചിഹ്നങ്ങളും പൊതുജന വിശ്വാസത്തിന്റെ പ്രതീകങ്ങളാണ്. അവ ദുരുപയോഗം ചെയ്യുന്നത് നിയമപരമായും നൈതികമായും ഗുരുതരമായ തെറ്റാണ്. സാധാരണയായി ഔദ്യോഗിക ചിഹ്നങ്ങള്‍, പദവിയുടെ അടയാളങ്ങള്‍, വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ചിഹ്നങ്ങള്‍ എന്നിവ അനവസരത്തില്‍ ഉപയോഗിക്കുന്നത് ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരം കുറ്റകരമാണ്. പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ അധികാരത്തിന്റെ ഭാവം സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ശിക്ഷാര്‍ഹമാണ്. ഇത്തരം കേസുകളില്‍ സാധാരണയായി 6 മാസം മുതല്‍ 2 വര്‍ഷം വരെ തടവും പിഴയും ചേര്‍ന്ന ശിക്ഷ ലഭിക്കാം. കുറ്റത്തിന്റെ ഗൗരവം, സംഭവത്തിന്റെ സാഹചര്യങ്ങള്‍ എന്നിവ അനുസരിച്ച് ശിക്ഷയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവാം. ഇത്തരം കുറ്റങ്ങള്‍ക്ക് കോടതികള്‍ കര്‍ശനമായ നിലപാട് സ്വീകരിക്കാറുണ്ട്.

Join WhatsApp News
വേതാളം തലകീഴായി 2026-04-28 19:44:23
പിന്നെയും വേതാളം തലകീഴായി കിടക്കുന്നു!! ഇന്നലെ ഒരു ചാനലിൽ പ്രേതത്തെ കുറിച്ചുള്ള ഒരു ചർച്ച കണ്ടു , മുൻ DGP ആയിരുന്ന അലക്സാണ്ടർ ജേക്കബ് ഇരുന്നു തള്ളുന്നത് കേട്ടിട്ട് ഇയാൾ പള്ളിക്കൂടത്തിന്റെ തിണ്ണ കണ്ടിട്ടുണ്ടോ എന്ന് തോന്നിപ്പോയി , സ്വതവേ വിവരക്കേടിന്റെ അസുഖമുള്ള ആളാണ് ടിയാനെന്ന് അറിയാമെങ്കിലും ഇത്രക്ക് മൂത്തതാണെന്ന് ഇന്നലെയാണ് മനസ്സിലായത് മറ്റൊരു വേതാളമാണ് ടോമിൻ. ഇ ഇയാളെ 1970 മുതൽ അറിയാം. കാസറ്റ് കേസ് ഓർക്കുമല്ലോ!! എന്നിട്ടും ഇയാളെ ഒരു ന്യൂയോർക് പള്ളിക്കാർ ചുമന്നു സ്വീകരണവും കൊടുത്തു. അതും മറ്റൊരു ക്രൈം മറക്കുവാൻ. ജോലിയിൽ ഇരിക്കുമ്പോൾ തന്നെ ഒഫീഷ്യൽ ഡ്യൂട്ടിയിൽ മാത്രമേ സ്റ്റാർ മുതലായ ഒഫീഷ്യൽ ചിഹ്നങ്ങൾ ഉപയോഗിക്കാൻ പാടുള്ളു. റിട്ടയർ ചെയ്യുമ്പോൾ ഇവ ഉപയോഗിക്കാൻ പാടില്ല. നേവിയിലെ ഒരു കുക്ക് മരിക്കുംവരെ അയാളുടെ യൂണിഫോം ഇട്ടു നടക്കുമായിരുന്നു. ഇതൊക്കെ ഓരോ മാനസിക വിഭ്രാന്തി അല്ലെങ്കിൽ അഹന്ത!!! അഹന്തക്ക് കണ്ണും തലയുമില്ല. ഇവർക്കൊക്കെ കർശന ശിക്ഷ കൊടുക്കണം. [byഒരു റിട്ടയേർഡ് ആർമി ഓഫീസർ].
പൊങ്ങച്ചൻ 2026-04-28 20:28:52
എന്റെ പൊന്നു സ്നേഹിത ആരെ കിട്ടിയാലും അമേരിക്കൻ മലയാളി സ്വീകരണം കൊടുക്കും. ഐഡൻറ്റി ക്രൈസിൽ കൂടെ കടന്നു പോകുന്ന മലയാളിക്ക് ഏത് ചീഞ്ഞത് കിട്ടിയാലും തലയിൽ വച്ച് കറങ്ങും. അതിൽ നിന്ന് വരുന്ന ഗന്ധം അവനു സുഗന്ധമാണ്. നക്സലൈറ്റ് പ്രതി അജിത, കൊലക്കേസിൽ സംശയിക്കുന്ന മുഖൈമന്ത്രി, അങ്ങനെ പഞ്ചായത്ത് മെമ്പർ, എന്നുവേണ്ട അങ്ങനെ പോകുന്നു ചീഞ്ഞ ലിസ്റ്റ്. ടോമിൻ എന്ന് പറയുന്ന കാസറ്റ് പൈററ്റിനെ അമ്പത് സ്റ്റേറ്റിലും കൊണ്ട് നടന്ന മലയാളികൾ തന്നെയാണ്, 34 കേസിലെ പ്രതിയെ പ്രസിഡണ്ടാക്കിയത്. അങ്ങനെ ഇവിടെ കഴിവിന്റെ മാനദണ്ഡം എന്ന് പറയുന്നത്, പണം, പെണ്ണ് പിടുത്തം, പൊങ്ങച്ചം, പച്ച കള്ളം, കൂടാതെ വിലപിടിപ്പുള്ള കാറുകളുടെ ശേഖരം എന്നൊക്കെയാണ്. എന്നാണ് ഇവനൊക്കെ ആത്മഹത്യ ചെയ്യുന്നത് എന്ന് പറയാൻ പറ്റില്ല. ഇതൊക്കെ കണ്ടു സഹികെട്ട് വേതാളവും തലകീഴായി കിടക്കുന്നതായിരിക്കും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക