Image

കിഞ്ചന വർത്തമാനങ്ങൾ (നമുക്ക് ചുറ്റും - 15: സുധീർ പണിക്കവീട്ടിൽ)

Published on 27 April, 2026
കിഞ്ചന വർത്തമാനങ്ങൾ (നമുക്ക് ചുറ്റും  - 15: സുധീർ പണിക്കവീട്ടിൽ)

കിഞ്ചന വർത്തമാനങ്ങൾ എന്ന് വച്ചാൽ അല്പസ്വല്പം കാര്യങ്ങൾ എന്നും ഒരു പ്രധാനപ്പെട്ട കാര്യം അറിഞ്ഞോ ഇല്ലയോ എന്ന് അത്ഭുതത്തോടെയോ സംശയത്തോടെയോ ചോദിക്കുന്ന സന്ദർഭത്തിലുമാണ് ഈ വാക്കുകൾ  ഉപയോഗിക്കുന്നത്. ശ്രീകൃഷ്ണചരിതം മണിപ്രവാളത്തിൽ കുഞ്ചൻ നമ്പ്യാരുടെ കേട്ടീലിയോ കിഞ്ചന വർത്തമാനം എന്ന് തുടങ്ങുന്ന വരികൾ ഉണ്ട്. സ്യമന്തകം മണി  ഭഗവൻ കട്ടെടുത്തു എന്ന അപവാദം പരന്നതിനെപ്പറ്റിയുള്ള വിവരണമാണിതിൽ. എന്നാൽ ഈ കഥ കൂടുതലായി സ്യമന്തകം എന്ന ഓട്ടൻ തുള്ളലിൽ ഉണ്ട്.  

വാർത്തയറിഞ്ഞോ എന്ന് ലളിതമായി പറഞ്ഞാൽ പോരെ എന്ന് ചോദ്യമുണ്ടാവാം. ഉത്തരം- “അങ്ങനെ പറഞ്ഞാൽ ആരും ശ്രദ്ധിക്കില്ലെന്നുള്ളതുകൊണ്ട് ഭാഷ കനിഞ്ഞു  നൽകിയ ചില പദങ്ങളാണ് ഇതൊക്കെ.  അത് എഴുത്തുകാർ അവരുടെ മനോധർമ്മം അനുസരിച്ച് ഉപയോഗിക്കണം. വായനക്കാരിൽ ജിജ്ഞാസയും കൗതുകവും ഉണ്ടാക്കണം. ഭാഗവതം ദശമസ്കന്ദം അമ്പത്താറാം അധ്യായത്തിലാണ് സ്യമന്തകം കഥ പറയുന്നത്.  ഈ  കഥയിൽ ഹാസ്യം ചേർത്ത് കുഞ്ചൻ നമ്പ്യാർ അവതരിപ്പിച്ച ഓട്ടംതുള്ളലാണ് സ്യമന്തകം.  കുഞ്ചൻ നമ്പ്യാരുടെ സ്യമന്തകം തുള്ളൽ കഥയിലെ താഴെ പറയുന്ന വരികൾ ശ്രദ്ധിക്കുക. “സംഗീതമപി സാഹിത്യം സരസ്വത്യാഃ സ്തനദ്വയം"ഏകമാപതമധുര-മന്യദാലോചനാമൃതം.” ഇതിന്റെ അർത്ഥം   സംഗീതവും സാഹിത്യവും സരസ്വതിദേവിയുടെ രണ്ടു സ്തനങ്ങളാണ്.  സംഗീതം കേൾക്കുമ്പോൾ  തന്നെ മധുരമാണ്.  സാഹിത്യം ആലോചിക്കും തോറും മധുരമാണ്.  അതായത് സംഗീതം പെട്ടെന്ന് നമുക്ക് ആനന്ദം പകരുന്നു. സാഹിത്യമോ അർത്ഥം  ഗ്രഹിച്ച് ആസ്വദിക്കുമ്പോഴാണ് ആനന്ദം ലഭിക്കുന്നത്.

അമേരിക്കയിൽ ജീവിക്കുന്ന മലയാളികൾക്ക് നാട്ടിൽ നിന്നുള്ള വാർത്തകൾ എപ്പോഴും  കൗതുകമുളവാക്കുന്നതാണ്. ഈയിടെ പത്രങ്ങളിൽ വായിച്ച വാർത്തകൾ അതിശയിപ്പിക്കുന്നതും മനുഷ്യർ തമ്മിലുള്ള മൈത്രി എത്രമാത്രം കുറഞ്ഞു; അവിടെ വിദ്വേഷം നിറഞ്ഞു എന്ന് നമ്മെ ആശ്ചര്യപ്പെടുത്തുന്നവയുമാണ്. പുരാതന ഭാരതത്തിൽ വേദങ്ങളിൽ അധിഷ്ഠിതമായ ഒരു ജീവിതരീതി ഉണ്ടായിരുന്നു എന്ന് കാണുന്നു. എന്നാൽ ഇതിന്റെ സ്ഥാപകനായ ഒരാൾ ഇല്ലായിരുന്നു. സിന്ധു നദിതട സംസ്കാരവും ഇൻഡോ ആര്യൻ സംസ്കാരവും കൂടിച്ചേർന്ന ഒരു ജീവിതം. കർമ്മ, ധർമ്മ, സംസാര,(പുനർജ്ജന്മം), മോക്ഷം എന്നൊക്കെ വിശ്വസിച്ച് ധാരാളം ദൈവങ്ങളെ ആരാധിച്ചിരുന്നവർ.  അവർക്ക് അവരുടേതായ അനുഷ്ഠാനങ്ങളും ആചാരങ്ങളും ഉണ്ടായിരുന്നു. അതിൽ ജാതി കയറി വന്നു വേർതിരിവ് ഉണ്ടാക്കിയത് സനാതനധർമ്മം എന്ന് അറിയപ്പെടാൻ തുടങ്ങിയ മതത്തിന്റെ കടവേരിളക്കി കണ്ടവർക്കൊക്കെ വേട്ടയാടാൻ പരുവമാക്കി. അത് ഇന്നും തുടരുന്നുവെന്നുള്ളത് ലജ്ജാവഹം. ചോദ്യംചെയ്യലുകളെ എതിർക്കാൻ നോക്കിയവരെ മതതീവ്രവാദികൾ/സംഘികൾ  എന്ന  മുദ്ര കുത്തി വീണ്ടും താഴോട്ടടിച്ചു. ആരെങ്കിലും എന്തെങ്കിലും വിശ്വസിച്ചോട്ടെ എന്ന ഒരു ചിന്താഗതി പണ്ടുണ്ടായിരുന്നു. പിന്നെ പരിഹാസങ്ങൾ ആരംഭിച്ചു. ദേശഭക്തി ഗാനങ്ങൾ പടരുത് , ഭാരതാംബ എന്ന് പറയരുത് ,വണങ്ങരുത്  തുടങ്ങിയ അരുതായ്കൾ കണ്ടു ഹിന്ദുവെന്ന ലേബലും ചാർത്തി നിന്നവർ അത്ഭുതസ്തബ്ധരായി.

പകലും രാത്രിയും സമമായി വരുന്ന കാലം, വിളവെടുപ്പ് കാലം ഇതൊക്കെ മാറ്റി വച്ച് വിഷുവെന്ന ആഘോഷം ഹിന്ദുക്കളുടെ മാത്രമാക്കിയത് എങ്ങനെയാണാവോ?  എന്തായാലും ഹിന്ദുക്കളാണ് കണി വച്ചും പടക്കങ്ങൾ പൊട്ടിച്ചും ഈ ദിവസം ആഘോഷിക്കുന്നത്. അതിൽ പ്രധാനമാണ് കണി. ഭഗവാൻ കൃഷ്ണനെ പലവിധ രൂപത്തിൽ ആരാധിച്ചുവരുന്നുണ്ട്. ബാലകൃഷ്ണ, മുരളീധര, രാധാകൃഷ്ണ, ദ്വാരകാദീശ് (രാജാകൃഷ്ണൻ), പാർത്ഥസാരഥി, ജഗന്നാഥൻ, (ലോകത്തിന്റെ നാഥൻ) എന്നിവയാണ് അവ. വിഷുവിനു ഭഗവാനെ പൂജിക്കുന്നത് ബാലഗോപാലൻ ആയിട്ടാണ്. ഒരു ഹോട്ടൽ ഉടമ ഉണ്ണിക്കണ്ണന്റെ രൂപത്തിന് മുന്നിൽ കണിയായി കുഴിമന്തി വച്ച് ഹോട്ടലിനു പരസ്യം ചെയ്യുകയുണ്ടായി. വിശ്വാസികളായ ഹിന്ദുക്കളെ അത് വൃണപ്പെടുത്തി. എന്നാൽ അവിടെയും പരസ്യക്കാരനെ തുണയ്ക്കുന്ന ജനതെയെയാണ് നമ്മൾ കണ്ടത്.  കൃഷ്ണൻ  കോഴിയിറച്ചി തിന്നാൽ എന്താ കുഴപ്പമെന്നു ചോദിക്കുന്നത് ഹിന്ദുക്കൾ  തന്നെയാണ്. എന്നാൽ ചിലർ അതിനെ എതിർത്തു. പണ്ടാണെങ്കിൽ ഇങ്ങനെ ഒരു സാഹചര്യത്തിൽ അവർ നംപൂതിരി ഫലിതം പറഞ്ഞു പ്രശ്‍നം  ഒഴിവാക്കിയേനെ. ഫലിതം ഇങ്ങനെ. ഒരാള് നമ്പൂതിരിയെ എന്തോ കാരണവശാൽ ചീത്ത വിളിച്ചു. ശവം തീനി, തീട്ടംതീനി, മൂത്രം കുടിയാ ..നമ്പൂതിരി വിട്ടുകൊടുത്തില്ല അദ്ദേഹം പറഞ്ഞു. പപ്പടം തീനി, പഴം തീനി, പായസം കൂടിയാ..  ഇതെല്ലാം കേട്ട് നിന്ന ഒരാൾ ചോദിച്ചു എന്താ തിരുമേനി ഇത്? അയാൾ എന്തെല്ലാം ചീത്ത കാര്യങ്ങളാണ് പറയുന്നത്. നമ്പൂതിരിയുടെ മറുപടി.. അവൻ കഴിക്കാറുള്ളത് അവൻ പറഞ്ഞു, ഞാൻ കഴിക്കാറുള്ളത് ഞാനും പറഞ്ഞു. അപ്പോൾ ഹോട്ടൽ ഉടമ അയാൾക്ക് അറിയുന്നത് അയാൾ കണി വച്ചു; ഓം ശാന്തി എന്നും പറഞ്ഞു പ്രശ്‍നം  അവസാനിപ്പിച്ചാൽ മതിയായിരുന്നു. ഒരു പക്ഷെ അങ്ങനെ ഒരു മനോഭാവം പണ്ട് മുതലേ ഹിന്ദുക്കൾ വച്ച് പുലർത്തിയിരുന്നെങ്കിലും  ഇന്ന്  അവർ ചോദ്യം ചെയ്യാൻ തുടങ്ങിയപ്പോൾ അവരെ സംഘി എന്ന് വിളിച്ച് ആക്ഷേപിക്കുക അതിലൂടെ അവരെ തകർക്കുക എന്നായിരിക്കും  രാഷ്ട്രീയതാല്പര്യമുള്ളവർ കരുതുന്നത്. എന്തായാലും വളരെ സൗഹാർദ്ദത്തോടെ കഴിഞ്ഞിരുന്ന  ഒരു ജനത തമ്മിൽ തല്ലുന്നത് മഹാ കഷ്ടം.

വിഷു ആഘോഷത്തോട് അനുബന്ധിച്ച് മഹാവിഷ്ണു അമ്പലത്തിൽ ഭജന പാടാനെത്തിയ ഗായകർ ഒരു കൃസ്തീയ സ്തോത്രം പാടി.  സ്ഥലത്തെ പള്ളിയിൽ നിന്നും ലഭിക്കുന്ന സഹായത്തിനു നന്ദി പ്രകടിപ്പിക്കാൻ പാടിയതാണ് എന്ന് ഗായകർ. എന്നാൽ ഭജനയും ഗാനമേളയും വേറിട്ടതാണെന്നും ഭജന പാടുമ്പോൾ ഏതു മതത്തിന്റെയാണോ അത് മാത്രമേ പാടാവു എന്ന് വ്യാഖ്യാനങ്ങൾ, കലഹങ്ങൾ, വാദപ്രതിവാദങ്ങൾ. ഗായകർ ഏറ്റെടുത്ത ദൗത്യം സത്യസന്ധതയോടെ നിർവഹിച്ചു പോകുന്നതിനു പകരം അവർക്ക് തോന്നി മതമൈത്രിയാകട്ടെ എന്ന്. മതവികാരങ്ങൾ വളരെ എളുപ്പം വൃണപെടുമെന്നുള്ളതുകൊണ്ട് അത് സസൂക്ഷ്മം കൈകാര്യം ചെയ്യേണ്ടിയിരുന്നു. വിശുദ്ധ കുർബാനക്കിടയിൽ പാതിരി ജയ് ശ്രീകൃഷ്ണ എന്ന് ഉറക്കെ വിളിച്ചാൽ എന്തായിരിക്കും അവസ്ഥ. പാതിരിക്ക് അങ്ങനെ പറയാനുള്ള അവസരങ്ങൾ ഉണ്ട് എന്നാൽ അത് വിശ്വാസികൾ ദൈവപ്രീതിക്കായി കാത്തിരിക്കുമ്പോഴല്ല.

ഒടുവിൽ ഗായകർക്കും, അവരുടെ പ്രവർത്തി അലോസരപ്പെടുത്തിയവർക്കും എന്ത് കിട്ടി. സമൂഹത്തിൽ അശാന്തി പടർന്നുവെന്നല്ലാതെ. കൃസ്തീയ സുവിശേഷകർ ഹിന്ദുക്കൾ നരകത്തിൽ പോകുമെന്നും അവർ സാത്താനെ പൂജിക്കുന്നവെന്നുമൊക്കെ മുൻകാലങ്ങളിൽ നമ്മുടെ നാട്ടിൽ പ്രസംഗിച്ചിരുന്നു. ഈ ലേഖകന്റെ വിദ്യാഭ്യാസകാലത്ത് കേട്ടിട്ടുണ്ട്. അന്നൊക്കെ അത് തമാശയായി ആളുകൾ എടുത്തിരുന്നു. എന്നാൽ ഇയ്യിടെ കൊടുങ്ങല്ലൂരിൽ അത്തരം സുവിശേഷകരെ നാട്ടിലെ യുവാക്കൾ അടിച്ചോടിച്ചു. ആരെ കുറ്റപ്പെടുത്തണം?? ഹിന്ദുക്കൾ പണ്ടത്തെപ്പോലെ മിണ്ടാതിരിക്കയാണ് വേണ്ടത് എന്ന് സമാധാനകാംക്ഷികൾ.
ഒന്നാമതായി നാം ഇന്ത്യക്കാർ എന്ന് ആരും കരുതുന്നില്ല. നമ്മൾ ജാതിമത അടിസ്ഥാനത്തിലാണ് അറിയപ്പെടാൻ ആഗ്രഹിക്കുന്നത്. ഇപ്പോൾ ജാതി വീണ്ടും സജീവമായി. എല്ലാവരും പേരിനു പിന്നിൽ വാല് താങ്ങി കൊണ്ടുനടക്കുന്നു. അതില്ലാത്തവൻ വേർപെടുന്നു. അപ്പോൾ അവനു തോന്നുന്നു മതം മാറി ഈ പൊല്ലാപ്പിൽ നിന്ന് ഒഴിയാമെന്നു. അതിനും സമ്മതിക്കാത്ത ഒരു കൂട്ടർ. പുൽക്കൂട്ടിൽ നായയെപോലെ. ആരെങ്കിലും മതം മാറി നന്നയി ജീവിക്കുന്നത് അനുവദിക്കുക അല്ലെങ്കിൽ ആ മതം നൽകുന്നപോലെ സ്വാതന്ത്ര്യവും സുരക്ഷയും സാമ്പത്തികവും നൽകുക. അഭ്യസ്തവിദ്യരായ ജനത എന്നൊക്കെ പറയുന്നുണ്ടെങ്കിലും എല്ലാവരും രാഷ്ട്രീയ കങ്കാണിമാരുടെ പിടിയിലാണ്.
ഒരു ചാനലിലെ അവതാരകൻ പറഞ്ഞു ഹിന്ദു സ്ത്രീകൾ അമ്പലത്തിൽ പോകുന്നത് നാല് നേരത്തെ ഭക്ഷണം കിട്ടുന്നത് കഴിക്കാനാണ്. അവരെ തീറ്റിപോറ്റാനുള്ള പണത്തിന്റെ സ്രോതസ് എവിടെ?  അപ്പോൾ ചോദ്യം വരുന്നു മറ്റു മതങ്ങളിലെ ജീവകാരുണ്യപ്രവർത്തികൾ എന്തുകൊണ്ട്  അന്വേഷിക്കുന്നില്ല. ഒരു നാലാം കിട നോവലിൽ ഒരു എഴുത്തുകാരൻ എഴുതി ഹിന്ദു സ്ത്രീകൾ അണിഞ്ഞൊരുങ്ങി അമ്പലത്തിൽ പോകുന്നത് അവർ രതിക്ക് തയ്യാറാണെന്ന് കാണിക്കാനാണെന്നു. ഇങ്ങനെ ഓരോരുത്തർ അനാവശ്യമായി ഓരോ വിഷയങ്ങൾ അവതരിപ്പിച്ച് ശാന്തിയും സമാധാനവും നശിപ്പിക്കുന്നു.ഇവിടെയും പലരും കാര്യങ്ങൾ മനസ്സിലാക്കാതെ അല്ലെങ്കിൽ അതേക്കുറിച്ച് നല്ല ബോധമില്ലാതെ നാട്ടിലെ മാപ്രകളെ അനുകൂലിച്ച് എഴുതുന്നുണ്ട്‌. തൃശ്ശൂരിൽ നടന്ന വെടിക്കെട്ട് വടക്കും നാഥന്റെ കഴിവ്‌കേടെന്നും അത്തരം ആചാരങ്ങൾ പാടില്ലെന്നും ആരോ എഴുതിയത് വായിച്ചു. വെടിക്കെട്ട് അമ്പലത്തിന്റെ ആചാര-അനുഷ്ടാനങ്ങളിൽ ഇല്ല. ഇത് തികച്ചും വ്യക്തിപരവും സമൂഹവുമായ തിരഞ്ഞെടുപ്പാണ്.. ഉത്സവങ്ങൾക്ക് മോടി കൂട്ടാൻ ഇതുപയോഗിച്ചുവരുന്നുവെന്നു മാത്രം.  അതേപോലെ നാട്ടിൽ ദരിദ്രരയായി കഴിയുന്ന എഴുത്തുകാർ  അമേരിക്കയുടെ ആഭ്യന്തര വിഷയങ്ങളെക്കുറിച്ച് എഴുതരുത്  എന്ന കൽപ്പനയും കണ്ടു.

ഇങ്ങനെ കിഞ്ചന വർത്തമാനങ്ങൾ ധാരാളം. ഇതുകൊണ്ടൊക്കെ ഇവിടെയും നാട്ടിലും മനുഷ്യർ തമ്മിലുള്ള സൗഹൃദവും സ്നേഹവും നഷ്ടപ്പെടുമെന്ന് മാത്രം. ഇങ്ങനെ പോയാൽ പഴയകാല ജാതിപിശാച് വീണ്ടും എഴുന്നെള്ളും. ഇപ്പോൾ എല്ലാവരും കൂടി സംഘി എന്ന ഒരു ഭൂതത്തെ സൃഷ്ടിച്ച് വലുതാക്കി. ഭഗവത് ഗീത പാടിയാലും, വേദങ്ങൾ ഉച്ചരിച്ചാലും, പുരാണങ്ങൾ ഉദ്ധരിച്ചാലും അവനെ സംഘിയെന്നു വിളിക്കുക എന്ന മാപ്രാ നയം. അതിൽ നിന്നും പൊതുജനത്തിന് ഒരു ഗുണവുമില്ല. രാഷ്ട്രീയക്കാർ വിളവെടുക്കുന്നു.  അധ്വാനത്തിന്റെ ഫലം എടുക്കുന്നതിന് പകരം, അവസരവാദപരമായ നേട്ടം കൊയ്യുക എന്ന അർത്ഥത്തിലും വിളവ് എന്ന വാക്ക് ഉപയോഗിക്കാറുണ്ട്.
(തുടരും)  
 

Read More: https://www.emalayalee.com/writer/11

 

Join WhatsApp News
Anandavalli Chandran 2026-04-28 15:29:29
Abhinandanam , Sudheer.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക