
മകനേ, നിനക്കുവേണ്ടി,
അമ്മമനസ്സില്‍ താരാട്ട്....
അമ്മിഞ്ഞപ്പാല്‍ക്കടലായി,
സ്‌നേഹത്തിരയാല്‍ താരാട്ട്...
നിര്‍വൃതി ദായകമായ് ജന്മം,
വാത്സല്യത്തിന്‍ താരാട്ട്....
നിര്‍വൃതി ദായകമായ് ജന്മം,
വാത്സല്യത്തിന്‍ താരാട്ട്....
ദര്‍ശന പുണ്യം വരമായി,
സ്പര്‍ശനമുള്ളില്‍ കുളിരായി
കൊഞ്ചല്‍ കാതില്‍ ഗീതകമായ്,
ആനന്ദത്തുടി താരാട്ട്...
അമ്മത്തൊട്ടില്‍ വിട്ടൊരുനാള്‍,
അരുമക്കുഞ്ഞിന് മണ്‍തൊട്ടില്‍;
ഊട്ടിയുറ്കകി വളര്‍ത്തിയവള്‍,
കൈകള്‍ പിടിച്ച് നടത്തിയവള്‍,
ആര്‍ദ്രതയോടെ ലാളിച്ച്,
അക്ഷര ദീപം തെളിയിച്ച്,
ജീവിതയാത്രയി ലിന്നോളം,
തായ്മരമായി തണലേകി;
മകനേ, നിനക്കുവേണ്ടി,
സുഖദുഃഖത്തിന്‍ താരാട്ട്...
ക്ഷമയില്‍ സര്‍വം സഹയായി,
കാരുണ്യത്തിന്‍ നിറകുടമായ്,
ത്യാഗത്തിന്‍ വിളനിലമായി,
ഹൃദയ വിപഞ്ചിയില്‍ താരാട്ട്....
കാലത്തിന്‍ ഘടികാരത്തില്‍,
പ്രായം പതിനെട്ടായിട്ടും,
മുത്തം തന്നൊരു മുത്തല്ലേ?
പ്രിയപ്പെട്ട നിധിയല്ലേ?
മുന്‍ ജന്മത്തിലെ ശത്രുക്കള്‍,
മക്കള്‍, ജനനീക്കീജന്മം;
സാര്‍ത്ഥകമാക്കിയീ ചൊല്ല്,
സാഹസ മെന്‍ നേര്‍ക്കോ? കഷ്ടം!
പെറ്റമ്മ, മൃതി,യിവരണ്ടും,
മര്‍ത്ത്യന് മന്നില്‍ സത്യങ്ങള്‍;
നല്‍ക്കണിയേകിയ പൈതല്‍ നീ,
ദുഷ്‌കര്‍മ്മങ്ങള്‍ക്കിരയായി,
നിന്നുണ്മയ്ക്കുറവിടമായ,
മാംസള പാത്ര മുടയ്ക്കുന്നോ?
ലഹരിയിലുന്മാദം പൂണ്ട്,
കൊലവിളിയോടെ പാഞ്ഞെഞ്ഞി,
കലിത്തുള്ളുന്ന പിശാചായി,
ബന്ധം വെട്ടിമുറിക്കുന്നോ?
എന്തൊരു ദൃശ്യം! ദയനീയം!
എത്രയവര്‍ണ്യം! നിര്‍ഭാഗ്യം!
എന്‍ മിഴി വാതി ലടയ്ക്കട്ടെ,
നിശ്ചല വേദി തുറക്കട്ടെ,
സഹനം പട്ടട തീര്‍ക്കട്ടെ,
ജനിമൃതി വിസ്മൃതിയാകട്ടെ;
മകനേ, നിനക്കുവേണ്ടി,
മരണക്കുഴലില്‍ താരാട്ട്....