Image

ആത്മ രഹസ്യം ( നോവൽ -  12 : മിനി ആന്റണി )

Published on 27 April, 2026
ആത്മ രഹസ്യം ( നോവൽ -  12 : മിനി ആന്റണി )

“വയസ്സും അനുഭവവും ധാർമ്മിക ജീവിതവും ഒരാളിന് മാനവും മഹത്വവും നൽകുന്നു “

ജോസൂട്ടി മുഴുവനായും വെളുത്ത തൻ്റെ തലമുടിയിലുഴിഞ്ഞുകൊണ്ട് പ്ലാസ്റ്ററിട്ട വലതുകാൽ മറ്റൊരു സ്‌റ്റൂളിട്ട് അതിലേക്ക് കയറ്റി വച്ച് ചാരുകസേരയിൽ ചാരിക്കിടന്നു.  

നരച്ചമുടി മഹത്വത്തിൻ്റെ കിരീടമാണെന്ന ബൈബിൾ വാക്യത്തെകുറിച്ച് കൊള്ളന്നൂരച്ചൻ പറയാറുള്ള തമാശയോടെയുള്ള വിശദീകരണം അയാളോർത്തു.

“നരക്കുന്നേനനുസരിച്ച്  സൂക്ഷിച്ചും കണ്ടും പെരുമാറ്റം നിയന്ത്രിച്ചാ മഹത്വം നരക്കാണ്ടിരിക്കും. “

ആ പറഞ്ഞത് ശരിയാണെന്ന് അനുഭവം കൊണ്ടറിഞ്ഞിരിക്കുന്നു.

ജോസൂട്ടി ഒരു മാസത്തെ ആശുപത്രി വാസത്തിന് ശേഷം ഇന്നലെ തിരിച്ചെത്തിയതേയുണ്ടായിരുന്നുള്ളൂ. ചവറ് മൂടിക്കിടക്കുന്ന മുറ്റം ലിസി അടിച്ച് വൃത്തിയാക്കികൊണ്ടിരിക്കുകയാണ്.  ജോസൂട്ടിയുടെ കയ്യെത്താത്തതുകൊണ്ട്  പറമ്പും കാടുപിടിച്ചിരിക്കുന്നു..  ചുറ്റുപാടും നോക്കിക്കൊണ്ടിരിക്കെ ഓടിയിറങ്ങിച്ചെന്ന് എല്ലാം വാരിവലിച്ച്  വൃത്തിയാക്കാൻ അയാളുടെ കൈ തരിച്ചു.  ഡോക്ടർ ആറ് മാസത്തെ വിശ്രമമാണ് പറഞ്ഞിരിക്കുന്നത്.  കാല് തുളച്ച് കമ്പിയിട്ടിരിക്കുകയാണ്. 

അവൻമാർ എന്ത് ചവിട്ടാണ് ചവിട്ടിയത്! മക്കളെപ്പോലെ കരുതിയവരായിരുന്നു.  എന്നിട്ടും!  ആലോചിക്കും തോറും അയാൾക്കുള്ളിൽ സങ്കടം പെരുകി.

ചെറിയ പിള്ളേരുടെ സ്വഭാവം ഒരു വകയാണ്. ഉപദേശം തീരെ പിടിക്കില്ല.  എങ്കിലും ഓരോന്നും കാണേം കേൾക്കേം ചെയ്യുമ്പോ  ജോസൂട്ടിക്ക് ദേഷ്യം വരും. ഇത്തിരിയോളം ഉള്ളപ്പോ മുതൽ കാണുന്ന പിള്ളാരാണ്.  ആ ഒരു തോന്നലിൽ ജോസൂട്ടി  എന്തെങ്കിലും പറയും. അവൻമാർക്കത്  പിടിക്കില്ല. 

“നിങ്ങളീ ആവശ്യല്ല്യാത്ത പണിക്കൊന്നും നിക്കണ്ട.  ഇപ്പഴത്തെ പിള്ളാരുടെ സ്വഭാവം നമ്മള് വിചാരിക്കണ പോലൊന്നും അല്ല. പിന്നെ അവരടെ വീട്ടിലും തന്തേം തള്ളേം ഒക്കെ ഒണ്ടല്ലോ. വേണെങ്കി അവര് പറഞ്ഞ് നിർത്ത്യോളും. നിങ്ങക്ക്ത് എന്തിൻ്റെ കേടാ  മൻഷ്യാ……. പ്രായം പഴേതല്ലാന്ന് ഓർമ്മ വേണം. “  എന്ന് അയാളുടെ ഭാര്യ ലിസി  എപ്പോഴും വിലക്കാറുണ്ട്.  

എഴുപത് കടന്നേന് ശേഷം ജോസൂട്ടി വലിയ പ്രതികരണങ്ങൾക്കൊന്നും പോകാതെ സ്വന്തം കാര്യം നോക്കി നടക്കാനാരംഭിച്ചതുമായിരുന്നു.. അപ്പോഴാണ് അയാളുടെ  ഒരു പഴയകാല സുഹൃത്തിൻ്റെ സങ്കടം കേൾക്കാനിടയായത്. ഇളയ മകനെക്കൊണ്ട് പൊറുതിമുട്ടിയത്രെ!  മനുഷ്യൻ്റെ ഒരോരോ അവസ്ഥകൾ!  സുഹൃത്ത് വലിയ കാൽപന്ത് കളിക്കാരനായിരുന്നു ആയകാലത്ത്. ഇപ്പോൾ കൂനികൂടിയൊതുങ്ങിപ്പോയിരിക്കുന്നു.

“മനസമാധാനാടോ എല്ലാറ്റിലും വലുത് … “ സുഹൃത്ത്  അയാളുടെ സമാധാനക്കേട് ജോസൂട്ടിയിലേക്ക് പകർന്ന് എണീറ്റ് പോയി.  സുഹൃത്തിൻ്റെ ഇളയ മകനാണ് പ്രശ്‌നക്കാരൻ.  മൂത്തത് രണ്ട് പെൺകൊച്ചുങ്ങളായിരുന്നു. കെട്ടിച്ചുവിട്ടു.. പ്രതീക്ഷ മുഴുവൻ ഇവനിലായിരുന്നു. പ്രതീക്ഷിച്ചത്  കിട്ടിയതുമില്ല, പ്രതീക്ഷിക്കാത്തത് സംഭവിക്കേം ചെയ്തു എന്ന് പറഞ്ഞപോലെ ചെക്കൻ  ശകലം തല്ലുകൊള്ളിയായി.  പത്തിരുപത്തെട്ട് വയസ്സായ ചെക്കനാണ്.  എന്നാലും ഒന്ന് പറഞ്ഞ് നോക്കാം എന്ന് കരുതി ജോസൂട്ടി ഒന്നുപദേശിച്ചു.  സംഭവം അത്രയേ ഉണ്ടായുള്ളൂ. പക്ഷേ …….

രാത്രി കോളിംഗ് ബെല്ലടിക്കണ കേട്ട്  ജോസൂട്ടി വാതിൽ തുറന്നു.  മുറ്റത്ത് മൂന്ന് പേരുണ്ട്. കാലത്ത് ഉപദേശിച്ച ചെറുക്കനും പിന്നെ ചുറ്റുവട്ടത്തുള്ള വീടുകളിലെ രണ്ട് പിള്ളേരും. എല്ലാവരും ജോസൂട്ടിക്ക് നന്നായറിയാവുന്നവരാണ്.  ഇരുട്ടാണെങ്കിലും ഉള്ള നിലാവെളിച്ചത്തിലും ജോസൂട്ടിക്ക് മനസ്സിലാക്കാൻ മാത്രം അടുപ്പമുള്ളവർ.

“ എന്താടാ… പിള്ളാരേ ……?  ജോസൂട്ടി ലൈറ്റിട്ടോണ്ട് ചോദിച്ചു.

“കാർന്നോര് ഒന്നിങ്ങ്ട്  എറങ്ങി വന്നേ. “  ഒരുത്തൻ പറഞ്ഞു.

അവരുടെ നിൽപിലും നോട്ടത്തിലും ജോസൂട്ടിക്ക് ശങ്ക മണത്തു.  മൂന്ന് പേരും കണ്ണും തലയും നേരെയുള്ള അവസ്ഥയിലല്ല.  ഒരുത്തൻ അരയിലെ കത്തി വലിച്ചെടുത്തതും ജോസൂട്ടി പാമ്പിനെ തല്ലാൻ ചെത്തി മിനുക്കി വച്ചിരുന്ന പാണൽവടി കയ്യിലെടുത്തതും ഒന്നിച്ചായിരുന്നു.  അടുക്കളയിലായിരുന്ന ലിസി ശബ്‌ദം കേട്ട് ഓടി വന്നപ്പോൾ ഉമ്മറത്ത് അടിപിടിയാണ്. പ്രായമേറിയെങ്കിലും എല്ലുമുറിയെ പണിയെടുക്കുന്നതിൻ്റെ  കരുത്ത് 

ഇപ്പോഴും ജോസൂട്ടിക്കുണ്ട്.

“ തൻ്റെ ഉപദേശം നിർത്താൻ ഞങ്ങള് പണ്ടേ പറഞ്ഞതല്ലേടോ.  അയാടെ കോത്താഴത്തെ ഒരുപദേശം.  തൻ്റെ മോളെ വിളിച്ചുപദേശിച്ച്  നന്നാക്കാൻ നോക്ക് ആദ്യം …. “  

“ഒരു ജോസൂട്ടി … പേരിലൊരു കുട്ടി ഉണ്ടെന്ന് കരുതി  ഒരുപാട് എളതാവാൻ നോക്കരുത് കെളവാ…. “

എന്നിങ്ങനെയൊക്കെ പിള്ളാര് വിളിച്ച് പറയുന്നുണ്ട്. ലിസി ഉറക്കെ ഒച്ച വച്ചു.  കുറേ അപ്പുറത്താണ് ഇനിയൊരു വീടുള്ളത്. അലറിക്കരഞ്ഞാൽ ഒച്ചയെത്തുമോ എന്ന് സംശയമാണ്.

“ നിങ്ങള്  ഓടിക്കോ….. “ എന്ന് കരച്ചിലിനിടയിൽ ലിസി വിളിച്ച് പറയുന്നുണ്ടായിരുന്നു. മൂന്നാളോടും കൂടി പിടിച്ചു നിൽക്കാൻ പറ്റില്ല എന്ന് തോന്നിയപ്പോൾ  ജോസൂട്ടി മുന്നിലെ റബ്ബർ തോട്ടത്തിലേക്കോടി.  ചവറിൽ ചവിട്ടി കാൽ വഴുതി താഴേ തട്ടിലേക്ക് കമിഴ്ന്ന് വീണു. പിള്ളേര് അയാളുടെ മേൽ ചാടി വീഴുന്നത് കണ്ട് ലിസി അലറിക്കരഞ്ഞു.  ആ വഴി വന്ന ഒന്ന് രണ്ട് പേർ ഓടിയെത്തിയില്ലായിരുന്നെങ്കിൽ  ഒരു പക്ഷേ ഇതായിരുന്നില്ല ഉണ്ടാകേണ്ടിയിരുന്നത്.

മുടി വെളുക്കാൻ തുടങ്ങുമ്പോൾ മുതൽ സ്വഭാവത്തിനൊരു ഒതുക്കം വേണമെന്ന കൊള്ളന്നൂരച്ചൻ്റെ വാദം എത്ര ശരിയായിരുന്നെന്ന്  ഈ ഒരു മാസത്തിനിടെ  ആയിരം തവണയെങ്കിലും ജോസൂട്ടി ലിസിയോട് പറഞ്ഞു കാണും.  പക്ഷേ, മനുഷ്യനല്ലേ.  സഹജവാസന എന്നൊന്നുണ്ടല്ലോ.  ബോധം കൊണ്ടതിനെ തടഞ്ഞു നിർത്താൻ എപ്പോഴും കഴിയണമെന്നില്ലല്ലോ.

ലിസി മുറ്റമടി കഴിഞ്ഞ് അകത്ത് കയറി  നൈറ്റിയുടെ മുകളിൽ റബ്ബർക്കറ മണക്കുന്ന ഒരു ഷർട്ടെടുത്തിട്ട് തിരിച്ചിറങ്ങി വന്നു.  “ ഞാനാ ചെരട്ടേലെ  ഒട്ടുപാലൊക്കെ വൃത്തിയാക്കിയേച്ച് വരാം.”  എന്ന് പറഞ്ഞ് പറമ്പിലോട്ട് നടന്നു.  

വേനലായതിനാൽ റബ്ബർവെട്ട്  നിർത്തിയിരിക്കുന്ന സമയമാണ്.  മഴ തുടങ്ങും മുൻപ് പ്ലാസ്റ്റിക്കിടണം.  ഇനി ഇക്കൊല്ലം അതിനൊക്കെ കൂലിക്കാളെ വെക്കണം. മഴ താഴെ തൊടും മുമ്പ് ചെയ്യേണ്ട പല കാര്യങ്ങളും അവതാളത്തിലായി.  കാല് തല്ലിയൊടിച്ചതിനേക്കൾ  ജോസൂട്ടിക്ക് പിള്ളേരോട് കലി തോന്നുന്നത് തന്നെ ഇങ്ങനെ അഞ്ചാറ് മാസം ഇരുത്തിക്കളഞ്ഞല്ലോ എന്നോർത്തിട്ടാണ്.  എന്തോ കഞ്ചാവോ മറ്റോ വലിച്ച് കേറ്റിയതിൻ്റെ മത്തിൽ ചെയ്ത് പോയതാണ്.  ഹോസ്പിറ്റലിൽ വിവരം അറിയിച്ചപ്പോൾ അത് കേസായി.  പിള്ളാര് അകത്തും പോയി.  

പിന്നെ ജാമ്യത്തിലെറങ്ങി കയ്യും കാലും പിടിച്ച് മാപ്പ് ചോദിക്കലൊക്കെ നടത്തി.  ചികൽസാചെലവും നഷ്‌ടപരിഹാരോം ഒക്കെ വാങ്ങി കേസങ്ങ്  ഒത്തുതീർപ്പാക്കി.

കഴിഞ്ഞ ഒരു മാസത്തെ സംഭവബഹുലമായ കാര്യങ്ങളെക്കുറിച്ചുള്ള ജോസൂട്ടിയുടെ ആലോചനകൾക്കിടയിലേക്ക്  ഒരു സ്‌കൂട്ടറിൻ്റെ ശബ്‌ദം ഇരമ്പിക്കയറി വന്നു. വീടിൻ്റെ അതിരിൽ വന്ന് സംശയത്തോടെ നിന്ന  സ്കൂട്ടർകാരനോട്  ജോസൂട്ടി ഉറക്കെ വിളിച്ച് ചോദിച്ചു

“ എന്താ …..?”

“കുന്നുപുരയ്ക്കൽ  ജോസിൻ്റെ വീടിതാണോ?”

“അതെ. ഇങ്ങോട്ട് കേറിപ്പോര്. കാല് സുഖല്ല്യാണ്ടിരിക്കാണേ.”എന്ന ജോസൂട്ടിയുടെ ഉത്തരത്തിന് പിന്നാലെ ആഗതൻ സ്‌കൂട്ടർ മുറ്റത്തേക്ക് കയറ്റി നിർത്തി താഴെയിറങ്ങി.

മുണ്ടും ഷർട്ടുമാണ് വേഷം.  വെട്ടിയൊതുക്കാതെ വളർന്നിറങ്ങിയ മുടിയും വെട്ടിയൊതുക്കിയ താടിമീശയും.  ജോസൂട്ടിക്ക് ആഗതനാരെന്ന് ഒരു പിടിയും കിട്ടിയില്ല. വൻതേനന്വേഷിച്ച് ചിലരിടക്ക് ജോസൂട്ടിയെ തേടിപ്പിടിച്ച് വരാറുണ്ട്.  

തേനീച്ച പോകുന്ന വഴി നോക്കി തേൻകൂട് കണ്ടുപിടിക്കാനും ചെറിയ പുകയടുപ്പിച്ച്  കുത്തൊന്നും കൊള്ളാതെയും തേനീച്ചകളുടെ അധ്വാനഫലം നശിപ്പിക്കാതെയും ആവശ്യത്തിന് തേനെടുക്കാനുള്ള മിടുക്ക് ആ നാട്ടിൽ ജോസൂട്ടിയോളം മറ്റാർക്കുമില്ല. റബ്ബർമരങ്ങൾ പൂക്കുന്ന കാലത്തിനോടടുപ്പിച്ച് ജോസൂട്ടി കുറച്ചധികം തേൻ സംഘടിപ്പിക്കാറുണ്ട്.  ഒട്ടും മായമില്ലാത്ത പ്രകൃതിദത്തമായ വിഭവം.

തേൻ ചേദിക്കാൻ തന്നെയായിരിക്കും… എന്നുറപ്പിച്ച് ജോസൂട്ടി ആഗതനെ “ഇങ്ങോട്ട് കേറിയിരിക്ക്” എന്ന് ഇറയത്തെ കസേരയിലേക്ക്  ക്ഷണിച്ചു. ഒന്നു മടിച്ച ശേഷം അയാൾ ഇറയത്തേക്ക് കയറി. പിന്നെ  കസേരയിലിരുന്ന്  “എൻ്റെ പേര് ബഷീർ.” എന്ന് പരിചയപ്പെടുത്തി.

“ബഷീർ” എന്ന്  നേരിയ ശബ്ദത്തിലുരുവിട്ടു കൊണ്ട് ജോസൂട്ടി ഒരു നിമിഷം ഒന്നാലോചിച്ചു. 

“കല്ലൂര് ഒറുക്കുഴി താമസിക്കണ രാമേട്ടനാ ഈ അഡ്രസ് തന്നത്.  ഞാനീ  ചെറുകിട വെള്ളച്ചാട്ടങ്ങളൊക്കെ സന്ദർശിക്കണ കൂട്ടത്തിൽ  ഈ വല്ലൂർ കുത്തും കാണാൻ വന്നതാ. ഇങ്ങോട്ടാന്ന് പറഞ്ഞപ്പോ രാമേട്ടൻ പറ്റാണെങ്കി ഒന്ന് കണ്ടേച്ച് വരാൻ പറഞ്ഞു. “

ജോസൂട്ടിയുടെ അപരിചിതത്വം പെട്ടെന്ന് മാറി.  മുഖം വിടർന്നു. “ആര് !  രാമനോ.  അവന് ഇപ്പ എങ്ങന്ണ്ട് .  അവൻ്റെ പെങ്ങക്ക്  വയ്യാണ്ടായേന് ശേഷം കാണലില്ല.  അല്ലെങ്കിലും അഞ്ച് പത്ത് കൊല്ലായിട്ട് ഞാനും പൊറത്തറങ്ങല് കൊറവാ. മുമ്പ് റബ്ബർസൊസൈറ്റില് വരുമ്പൊഴൊക്കെ ഞാനവനെ ചെന്ന് കാണല്ണ്ട്.  ചെസ്സ്കളീടെ ആശാനാ . ചെല്ലുമ്പോ കൊർച്ചേരം എന്നേം പിടിച്ചിരുത്തും.  എനിക്കതില് വലുതായി അറിവൊന്നും ഇല്ല്യ.  എന്നാലും തോൽക്കാൻ വേണ്ടി വെറുതെ ഇരുന്ന് കൊടുക്കും.പന്ത് കളിന്ന് വെച്ചാ ജീവനാ അവനും.   പന്ത് കളിക്കാൻ  ഈ കാല് സമ്മതിക്കില്ല്യല്ലോ എന്നാ എപ്പഴും സങ്കടം പറച്ചില്.  കാഴ്ച്ചക്കാരനായി മുമ്പി തന്നെ ഇണ്ടാവും.  പിന്നെ ഈ കരുക്കളി പഠിച്ചേ പിന്നാ ആ സങ്കടം മാറീത് . “

ബഷീർ താൽപര്യത്തോടെ കേട്ടിരുന്നു.  രാമേട്ടൻ്റെ ചെസ്സ്കളി ഭ്രമത്തിലാണ് ബഷീർ വർഷങ്ങൾക്ക് ശേഷം വീണ്ടും കരുക്കൾ തൊടുന്നത്.  ആ കരുക്കളിലൂടെ നീങ്ങിക്കൊണ്ടിരിക്കുന്നതിനിടയിൽ രാമേട്ടൻ പറഞ്ഞ കടങ്കഥകൾക്കിടയിലെപ്പോഴോ ആണ് ബഷീറിന് സ്വന്തം ഉൽപത്തിയെ കുറിച്ചുള്ള ഗവേഷണത്തിൽ ഒരു വഴിത്തിരിവുണ്ടാകുന്നത്.

“കുടിക്കാൻ സ്‌പെഷെൽ എന്തെങ്കിലും എടുക്കണങ്കി  ലിസി വരണം. ദാഹിക്കെണ്ടങ്കി ദാ ഈ ജഗ്ഗീന്ന് വെള്ളം എട്ത്ത് കുടിച്ചോ“ ജോസൂട്ടി അടുത്ത് കിടന്ന ടീപ്പോയിലേക്ക് ചൂണ്ടി പറഞ്ഞു.

“ ഒന്നും വേണ്ട ജോസേട്ടാ… രാവിലെ കഞ്ഞീം പയറും കഴിച്ചതാ…“

“ജോസേട്ടാന്ന് എന്നെ വിളിക്കണോര് വളരെ കൊറവാ… എല്ലാർക്കും ജോസൂട്ടിച്ചേട്ടൻ ജോസൂട്ടിച്ചായൻ ഒക്കെയാ ഞാന്. ചെർതിലേ ഈ പേര് വിളിക്കുമ്പോ എനിക്കൊരിക്കലും വയസാവില്ലാന്ന് അപ്പൻ കര്തിക്കാണും. “ ജോസൂട്ടി ഉറക്കെ ചിരിച്ചു

രാമന് പ്രിയപ്പെട്ടവൻ എനിക്കും പ്രിയപ്പെട്ടവൻ തന്നെ എന്ന അടുപ്പത്തിലാവാം പുറത്തേക്കിറങ്ങി നാലാളോട് സംസാരിക്കാനാവാത്തതിൻ്റെ സങ്കടം ജോസൂട്ടി  ബഷീറിനോട് പറഞ്ഞ് തീർത്തുകൊണ്ടിരുന്നു.  

ഇടയ്ക്ക് ലിസി ചിരട്ടയിൽ നിന്നടർത്തിയെടുത്ത ഒരു കുട്ട റബ്ബർപോള മുറ്റത്ത് വെയിലുള്ളിടത്ത് കൊണ്ട് തട്ടി. വീട്ടിൽ അപരിചതനെ കണ്ട് ഒന്ന് പരുങ്ങി.  

“നമ്മക്ക് വേണ്ടപ്പെട്ട ഒര്ത്തനാ . ഇനി വരുമ്പോ നീയൊരു മൂട്  കൊള്ളി പറച്ചൊ. ഉച്ചക്ക് പുഴ്ങ്ങാം.  രാമൻ്റൊപ്പല്ലേ  താമസം . അപ്പ ഇതൊക്കെ ശീലായിണ്ടാവും .

ലിസി ഒന്ന് ചിരിച്ച് വീണ്ടും പറമ്പിലേക്ക് പോയി. ബഷീറും ചിരിയോടെ അവരെ നോക്കി.  ജോസേട്ടനെ വച്ച് നോക്കുമ്പോൾ തീരെ പ്രായം കുറഞ്ഞ ഒരു സ്ത്രീ.  കുറച്ച് മലർന്ന് വിടർന്ന അവരുടെ ചുണ്ടുകൾ  കണ്ടപ്പോൾ ബഷീറിന് പെട്ടെന്ന് ശ്യാമളേച്ചിയെ ഓർമ്മ വന്നു.

പണ്ട് വല്യമ്മയുടെ നിർദ്ദേശപ്രകാരം മായ പോയ സങ്കടത്തിലായിരിക്കുന്ന സമയത്ത് മൂന്ന് മാസം പത്തനംതിട്ടയിൽ വല്യമ്മയുടെ ഒരു സുഹൃത്തിൻ്റെ വീട്ടിൽ പോയി നിന്നപ്പോഴാണ് ശ്യാമളേച്ചിയെ പരിചയപ്പെടുന്നത്.  മായയോട് അദമ്യമായ സ്‌നേഹമുണ്ടായിരുന്നിട്ടും അവളെ കുറിച്ചോർത്ത് മനസ്സ് നീറിക്കൊണ്ടിരുന്നിട്ടും ശ്യാമളേച്ചിയുടെ അപ്രതീക്ഷിതമായ ഒരു ഇടപെടലിൽ ഉള്ളിലെ പുരുഷനുണർന്നതോർത്ത് എത്രകാലം കുറ്റബോധപ്പെട്ടു.  അന്നത്തെ ബോധം അത്തരത്തിലുള്ളതായിരുന്നു.

“ബഷീറേ…. എന്താ കൊള്ളീം കാന്താരിയുടച്ചതും കട്ടൻകാപ്പിം തന്നാ ബോധിക്കോ.  ആരോഗ്യം ശരിയായിരുന്നെങ്കി താമൻ്റെ ശിഷ്യനെ സൽക്കരിച്ചേ വിടുള്ളാർന്നു.....”

“ഓ… ജോസേട്ടാ…. ഭക്ഷണത്തിൽ ഇന്നത് എന്നൊരു താല്പര്യം ഇല്ല. പിന്നെ ഇപ്പറഞ്ഞത് ഉഗ്രനല്ലേ “ പെട്ടെന്ന് ചിന്തയിൽ നിന്നുണർന്ന് ബഷീർ മറുപടി പറഞ്ഞു.  പിന്നെ  സംഭാഷണത്തിനിടയ്ക്ക്  ഒട്ടും കാര്യമില്ലാത്ത ഒരു കാര്യമെന്ന പോലെ ചോദിച്ചു.

“ജോസേട്ടാ…… പണ്ട് കൊറേ കൊല്ലം മുൻപേ … ഏകദേശം മുപ്പത് മുപ്പത്തഞ്ച് ….. ഇവിടെ അഞ്ചെട്ട് പട്ട്യോളെ  വളത്തണ ഒരാള് താമസിച്ചേരുന്നോ? അയാൾടെ  സൈക്കിളിൻ്റെ  പിന്നാലെ പട്ട്യോള്   കൂട്ടത്തോടെ ഓടും….. ഡബിൾ ബെല്ലടിച്ചാ അപ്പ നിക്കും.  അങ്ങനെ എന്തേലും  ഓർമ്മേണ്ടോ? “  

ജോസൂട്ടി അത് കേട്ട് ഒന്നും മിണ്ടാതിരിക്കുന്നത് കണ്ട് ബഷീറിന് ചോദ്യം അബദ്ധം ആയെന്ന് തോന്നി.

“ അല്ല.  ഒര് തമാശക്ക് ചോദിച്ചതാ… അങ്ങനൊരു കാര്യം …… “

“തമാശയല്ല.”  ഗൗരവത്തിലായിരുന്നു ജോസൂട്ടിയുടെ മറുപടി.

“ഈ കഥ നിനക്ക് എവിടുന്ന് കിട്ടി.  അത് പറ. നീയി പറയണ പട്ട്യോളെ വളത്തിത് ഞാനായിരുന്നു. പക്ഷേ അത്  എത്ര കൊല്ലം മുമ്പാ .  അവറ്റോള് വയസ്സായി ചാവണവരെ ഞാൻ നോക്കി. പത്ത് പതിനഞ്ച് കൊല്ലം. പിന്നെ പുത്യോറ്റങ്ങളെ വളത്തീട്ടില്ല്യ.  ഒരു മൻഷ്യൻ ചാവണേന് തുല്ല്യാ.  പട്ട്യോളോയാലും. ചാവുമ്പൊ സങ്കടാവും.  പിന്നെ  അപ്പഴേക്കും അതിൻ്റെ ആവശ്യം തീർന്നിരുന്നു. മോള്ക്ക് ഒരു കൂട്ടിനാ ഞാനവറ്റേനെ വളത്തീത്.”

ബഷീർ ഇനിയെന്ത് പറയണം എന്നറിയാതെ വിമ്മിട്ടപ്പെട്ടു. തൻ്റെ ഓർമ്മയിൽ മങ്ങിക്കിടക്കുന്ന പ്രദേശം ഇതാണോ എന്നറിയാൻ അയാളാ വീടിൻ്റെ ചുറ്റുവട്ടവും കണ്ണോടിച്ചു. ഓരോർമ്മയും തോന്നിയില്ല. താനന്വേഷിക്കുന്ന കഥാപാത്രം ഈ ജോസേട്ടൻ തന്നെയാണോ ? എങ്കിൽ എന്തെളുപ്പത്തിലാണ്  താൻ ലക്ഷ്യത്തിലേക്കെത്തിയത്!  അല്ലെങ്കിൽ തന്നെ ലക്ഷ്യത്തിലേക്കെത്തിച്ചത് !  ഉമ്മയെ പറ്റി ജോസേട്ടനോട് ചോദിച്ചാലോ?  

ജോസൂട്ടി ആലോചനയിലാണ്ടിരിക്കുന്ന ബഷീറിനെ ആദ്യമായി കാണുംപോലെ വീണ്ടും സൂക്ഷിച്ചു നോക്കി. ‘‘ബഷീർ’ എന്ന പേര് വീണ്ടും വീണ്ടും അകത്തുരുവിട്ടു.  പിന്നെ പതിറ്റാണ്ടുകൾക്ക് മുൻപൊരു പുലർക്കാലത്തിലേക്ക് അയാളുടെ ഓർമ്മ പറന്നു.  അവിടെ യാത്രക്കൊരുങ്ങിയിറങ്ങിയ ഒരു സ്ത്രീ  തൻ്റെ മകൻ്റെ കയ്യും പിടിച്ച്  അയാൾക്ക് മുന്നിൽ വന്ന് നിന്നു.

തുടരും ...


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക