
ധനുഷിനെ നായകനാക്കി വിഗ്‌നേഷ് രാജ സംവിധാനംചെയ്യുന്ന തമിഴ് ചിത്രം 'കര' റിലീസിനൊരുങ്ങുകയാണ്. മലയാളി താരം മമിത ബൈജുവാണ് ചിത്രത്തില്‍ നായികാകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തമിഴ് നടിമാരെവിട്ട് മലയാളത്തില്‍നിന്ന് നായികമാരെ തമിഴ് ചിത്രങ്ങളിലേക്ക് കൊണ്ടുവരുന്നതില്‍ വലിയ വിമര്‍ശനം തമിഴ് ആരാധകര്‍ ഉയര്‍ത്തിയിരുന്നു. ഇക്കാര്യം സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയായി. അതിനിടെ, കരയില്‍ നായികയാവാന്‍ മമിതയല്ല മറ്റൊരു നടിയെയാണ് കണ്ടിരുന്നതെന്ന് പറയുകയാണ് സംവിധായകന്‍ വിഗ്‌നേഷ് രാജ.
കന്നഡയില്‍നിന്നുള്ള ചൈത്ര ജെ. ആചാറിനെയാണ് കരയില്‍ നായികയായി ആദ്യം പരിഗണിച്ചിരുന്നതെന്നാണ് വിഗ്‌നേഷ് രാജ പറയുന്നത്. 31-കാരിയായ നടി നായികയായെത്തുന്ന ശശികുമാര്‍ ചിത്രം മൈ ലോര്‍ഡ്, കരയ്ക്ക് മുമ്പ് പുറത്തിറങ്ങി. ഈ ചിത്രത്തില്‍ കരയിലേതിന് സമാനമായ ലുക്കാണ് നടിക്കുണ്ടായിരുന്നത്. അതുകൊണ്ട് ചൈത്ര തന്നെ വേഷം വേണ്ടെന്നുവെക്കുകയായിരുന്നുവെന്നാണ് വിഗ്‌നേഷ് രാജ പറയുന്നത്.
പിന്നാലെ മമിത ബൈജുവിനെ സമീപിച്ചു. മമിത വേഷം സ്വീകരിക്കില്ലെന്നാണ് കരുതിയത്. എന്നാല്‍, അപ്രതീക്ഷിതമായി അവര്‍ വേഷം ചെയ്യാന്‍ താത്പര്യം പ്രകടിപ്പിക്കുകയായിരുന്നുവെന്നും വിഗ്‌നേഷ് രാജ കൂട്ടിച്ചേര്‍ത്തു.