
ഏകദേശം എട്ട് വർഷങ്ങൾക്കു മുമ്പ് ഒരു സ്വകാര്യ YouTube ചാനലിന് വേണ്ടി 'വാക്കെരിയുമ്പോൾ' എന്ന പരിപാടിയിൽ ജി.എസ്. പ്രദീപിനോട് ഞാൻ ചോദിച്ച ചോദ്യത്തിന്റെ സാരം ഇങ്ങനെയായിരുന്നു: "കമ്മ്യൂണിസ്റ്റ് ധാരയിലെ ഇസ്ലാമിന്റെ അതിപ്രസരം... അതിനെ എങ്ങനെ നോക്കിക്കാണുന്നു?". വർഷം എട്ടല്ല, പതിനെട്ടല്ല, ഇനി 81 ആയാലും അത് വളരെ പ്രകടവും പ്രത്യക്ഷവുമായിക്കൊണ്ടിരിക്കുകയാണ് എന്നത് കാര്യങ്ങളെ ഒരു ചായവും ചരിവും ഇല്ലാതെ നോക്കിക്കാണുന്ന esSENSE Global പോലുള്ള ഒരു സംഘടനയ്ക്ക് മനസ്സിലാക്കാൻ സാധിക്കും. esSENSE USA നടത്തുന്ന വാർഷിക പരിപാടിയായ esSENSE Fest USA-യിൽ നമ്മൾ അത് വിശകലനം ചെയ്യുന്നതുമായിരിക്കും.
സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും മനുഷ്യത്വത്തിന്റെയും അട്ടിപ്പേർ അവകാശം കൈമുതലായുള്ള, '"പുരോഗമന പ്രസ്ഥാനം'" എന്ന് ഓമനപ്പേരുള്ള Communist/Marxist പ്രത്യയശാസ്ത്രത്തെ ഹൈജാക്ക് ചെയ്ത ഇടതുപക്ഷം, ജോസഫ് മാഷിന്റെ കൈവെട്ട് സംഭവത്തിന് അഞ്ച് മാസങ്ങൾക്കിപ്പുറം—കൃത്യമായിപ്പറഞ്ഞാൽ 2010 നവംബർ 23-ന്—സുധാകരൻ പുഞ്ചക്കാട് എന്ന വ്യക്തിയെ അങ്ങ് കൊത്തിനുറുക്കി. ഈ മനുഷ്യത്വ പ്രേമികളുടെ നടപടി ജോസഫ് മാഷിന്റെ സംഭവത്തോടൊപ്പം ചേർത്ത് വായിക്കേണ്ടതാണ്.
ജോസഫ് മാഷിന്റെ സംഭവം സ്റ്റേറ്റ് കമ്മിറ്റിയിലും സർക്കാരിലും നന്നേ തലവേദനയുണ്ടാക്കുന്നുണ്ടായിരുന്നു. എന്നിട്ടും മനുഷ്യത്വത്തിന്റെ ആധിക്യം കൊണ്ടാണോ എന്നറിയില്ല, അവർ അവരുടെ റിസോഴ്സുകളും മെഷിനറികളും നല്ല രീതിയിൽ ക്രോഡീകരിച്ച് ആ പുരോഗമന സമൂഹത്തിന്റെ ട്രേഡ്‌മാർക്കായ 'ആൾക്കൂട്ട ന്യായം' വിധിച്ചു. സുധാകരൻ പുഞ്ചക്കാടിന്റെ തുറന്ന എഫ്.ബി കത്ത് നമ്മളിൽ പലരും ഈയിടെ വായിച്ചു കാണുമായിരിക്കും. സഖാവ് ഗോവിന്ദനോടുള്ള കത്തായിരുന്നു അത്; പക്ഷേ അവർക്കത് "അങ്ങ് വീട്ടിൽ പോയി പറഞ്ഞാൽ മതി" എന്ന മനോഭാവമായിരുന്നു.
2010-ലെ വിദ്യാഭ്യാസ മന്ത്രി Indian Express-ലെ 'Dialogue' എന്ന പരിപാടിയിൽ ഒരു 'ഉദ്ധിഷ്ട കാര്യേ ഉപകാര സ്മരണ്യേ' എന്ന ലൈനിൽ ഇരുന്ന് അങ്ങ് മെഴുകി. അങ്ങനെ മെഴുകുമ്പോൾ അദ്ദേഹം വളരെ സുമേരവദനനും പ്രീണന ലാളനനുമായി ഇങ്ങനെ പറഞ്ഞു: "മുസ്ലിം ജനവിഭാഗത്തെ അധിക്ഷേപിക്കുന്ന ചോദ്യമല്ലേ അത്?". ഞാൻ പിന്നെയൊന്നും നോക്കിയില്ല—കാള പെറ്റാൽ നാം എന്താ ചെയ്യുക, അതേ ഞാനും ചെയ്തുള്ളൂ; കയറെടുത്തു, പിന്നെ അങ്ങ് തുടങ്ങി—നിയമസഭയിൽ ആ വ്രണപ്പെട്ട സമുദായത്തിന് വേണ്ടി കാര്യങ്ങൾ അപഗ്രഥിക്കുന്നതിന് മുമ്പ് വായ തോന്നിയതെല്ലാം കോതയ്ക്ക് പാട്ട് എന്നോണം പ്രസംഗിച്ചു.
ഇതാണ് പുരോഗമന സഖാക്കൾ, ഇതാണ് മനുഷ്യത്വ സഖാക്കൾ! ഞാൻ ആലോചിക്കുകയാണ് ഇവർക്ക് ഒരു സംസ്ഥാനം പോയിട്ട് ഒരു വാർഡ് പോലും കൈകാര്യം ചെയ്യാനുള്ള വിവരവും പക്വതയും ഉണ്ടോ? അദ്ദേഹം ഇനി പറയാൻ പോകുന്നതാണ് ബഹുരസം, കുഞ്ചൻ നമ്പ്യാർ പോലും ഒന്ന് മാറിനിന്ന് കൊടുക്കും: "കഥകളൊക്കെ എഴുതാൻ ധൈര്യമുള്ള ആർക്കും എഴുതാം, പക്ഷേ അതൊരു ചോദ്യമാക്കാൻ പാടുണ്ടോ?". മെഴുകൽ, അത് ഒരു radicalആയ മാറ്റമല്ല. കമ്മ്യൂണിസ്റ്റ്/മാർക്സിസ്റ്റ് പ്രത്യയശാസ്ത്രങ്ങൾ ഇടതുപക്ഷത്തിൽ സന്നിവേശിപ്പിക്കുമ്പോൾ ഉണ്ടാവുന്ന ഒരു പ്രതിക്രിയ വാദമാണിത്, വോട്ട് ബാങ്ക് രാഷ്ട്രീയവും തക്കംപാർത്തിരിക്കുകയായിരുന്നു; പിന്നെ മത(ഇസ്ലാം) പ്രീണനം എന്ന അന്തർധാര സജീവമായിരുന്നു. അങ്ങനെയാണ് ഇങ്ങനെയുള്ള 'മെഴുകലുകൾക്ക്' വേണ്ടിയുള്ള നിലമൊരുങ്ങുന്നത്.
കക്ഷി-രാഷ്ട്രീയം ഒന്ന് മാറ്റിവെച്ചാൽ ഇടതു സഹയാത്രികർ മെച്ചപ്പെട്ട നിലപാടുകൾ പറയുമെന്ന് കരുതിയാൽ നമുക്ക് തെറ്റി. "ഓ അങ്ങനെയല്ല, ഉത്തമൻ പാർട്ടി ക്ലാസ്സിലൊന്നും വരാത്തതുകൊണ്ടാണ്" എന്നാണ് ലൈൻ. ഒരു ഇടതു സഹയാത്രിക-താത്വിക ആചാര്യന്റെ വാക്കുകൾ ഇങ്ങനെ: "മതബോധമുള്ള നേതാക്കന്മാരുള്ള മതരാഷ്ട്രീയ സംഘടനകളിൽ നിന്നും മതനവീകരണ രാഷ്ട്രീയ ഒളിച്ചുകടത്തലുകളെ നമുക്ക് കാണാൻ കഴിയൂ. ഇവർ കായികപരമായി ജയിക്കുന്നുണ്ടെങ്കിലും ആദർശപരമായി തോൽക്കുകയാണ് ചെയ്യാറ്!". എന്നിട്ട് സഹയാത്രികൻ തേങ്ങാ ചിരകുന്ന ആക്ഷൻ ഇട്ടുകൊണ്ട് തുടരുന്ന ചിന്താസരണി ഇങ്ങനെയാണ്: "Text & Context—മതമൗലികവാദികൾ, തീവ്രവാദികൾ അടർത്തിമാറ്റി തങ്ങളുടെ ഇഷ്ടങ്ങൾക്കനുസരിച്ച് വായിച്ചതിന്റെ ഒരു ആന്തോളനം മാത്രമാണിത്" എന്ന് വ്യക്തമായി പറഞ്ഞുതരുന്നുണ്ട്.
ഇത് കേട്ട് ഒരു പുല്ലും മനസ്സിലാകാത്ത ചോദ്യകർത്താവ് അതിലും മികച്ചത് തിരിച്ചങ്ങോട്ട് ചോദിക്കുന്നുണ്ട്: "Text-Context-നേതാക്കൾ-അണികൾ ഇവ തമ്മിലുള്ള ഇഴകൾ അകന്നുപോകുന്നത് കൊണ്ടാണോ?". ഇതെല്ലാം കേട്ട് വയലാറിന്റെ 'ആത്മാവിൽ ഒരു ചിത' എന്ന കവിതയിലെ ആ ബാലന്റെ അവസ്ഥയിലായി ഞാൻ: "ഒന്നും മനസ്സിലായില്ല എനിക്കപ്പോഴും, ചന്ദനപ്പമ്പരം തേടി അലഞ്ഞു ഞാൻ!".
ഇടതുപക്ഷത്തിൽ എങ്ങനെയാണ് കമ്മ്യൂണിസവും മാർക്സിസവും പോലുള്ള ആശയങ്ങൾ വന്നുഭവിച്ചത് അതിന്റെ തലങ്ങൾ ബഹുരസമാണ്. ഒരു കൗതുകത്തിനും ജിജ്ഞാസയ്ക്കും വേണ്ടി അത് തപ്പി ഇറങ്ങിയ എനിക്ക് കാണാൻ കഴിഞ്ഞത് വിചിത്രമായ കുറെ കാര്യങ്ങളാണ്. അത് എഴുതാൻ തുടങ്ങിയാൽ ഒരുപാടുണ്ട്, അത് മാത്രമല്ല നമ്മൾ ദിശ മാറിപ്പോകുകയും ചെയ്യും. പക്ഷേ അതിന്റെ സത്തൊന്ന് പറയാൻ നോക്കാം: പുരോഗമനങ്ങൾ നടത്തിയവരെ നമ്മുടെ ആളാക്കുക , 'ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്' എന്ന് പറഞ്ഞു നടക്കുക; അവർ കണ്ട കിനാശ്ശേരി അവരേക്കാൾ വലുതായാൽ അതിനെ എന്ത് വില കൊടുത്തും തടയുക; ഒരു 'പ്രൊക്രൂസ്റ്റസ് കട്ടിൽ' എപ്പോഴും എല്ലാ ഏരിയ കമ്മിറ്റിയിലും ഉണ്ടെന്ന് ഉറപ്പുവരുത്തുക.
Theseus Ship Model-ൽ കാര്യങ്ങളെ കാണുക—സഖാക്കളെല്ലാം മത പ്രാക്ടീസുകൾ തുടങ്ങി; സമാധാന മതത്തിന്റെ അതിപ്രസരം ഉണ്ടെങ്കിലും ഇപ്പോഴും വിളിപ്പേര് ഇടതുപക്ഷം എന്ന് തന്നെ. ഇതൊന്നും പോരാഞ്ഞ് ഏറ്റവും അനിവാര്യമായത് ഈ പറയാൻ പോകുന്നതാണ്: ചില വാദങ്ങൾ കേൾക്കുമ്പോൾ ഭാഷ ആശയത്തെ സേവിക്കുന്നില്ല, അത് അതിനെ മറയ്ക്കുന്നു; അത് ഒരു ഭാഷാപരമായ അസമത്വം പോലെ തോന്നും. പക്ഷേ പ്രശ്നം കുറച്ചുകൂടി അന്തർലീനമാണ് , അല്ലെങ്കിൽ തലച്ചോറിലെ ചില പതോളജി (pathology) ആണെന്ന് തീർത്തുപറയാൻ പറ്റുകയുമില്ല. ഒരു well -ഡിഫൈൻഡ് അല്ലാത്ത ചില ന്യൂറൽ കണക്റ്റിവിറ്റി തകരാറുകളിൽ ഇങ്ങനെ കാണാറുണ്ട്:
* **Wernicke:** ആശയങ്ങളെ ഗ്രഹിക്കാതിരിക്കുക.
* **Broca:** അവയെ ശരിയായി അവതരിപ്പിക്കാതിരിക്കുക.
* **Arcuate Fasciculus:** ഇവയെ തമ്മിൽ ബന്ധിപ്പിക്കാതിരിക്കുക.
ഫലം, സംസാരമുണ്ടാകും പക്ഷേ ഒന്നും മനസ്സിലാകില്ല. പെട്ടെന്ന് മനസ്സിലാകുന്ന ഭാഷയിൽ പറഞ്ഞാൽ 'ഇരുന്ന് അങ്ങ് മെഴുകും'.
---
അടുത്ത ലക്കം - " മൂന്നാം മുറയും ചോദ്യങ്ങളും ആർക്കുവേണ്ടി?”