
9.35 കോടി രൂപ തട്ടിയെടുത്തെന്നുകാണിച്ച് ലണ്ടനില്‍ താമസമാക്കിയ സോഫ്റ്റ്വെയര്‍ എന്‍ജിനിയര്‍ നല്‍കിയപരാതിയില്‍ തെലുങ്ക് നടിയും സാമൂഹികമാധ്യമ താരവുമായ വെങ്കട അശ്വനിറെഡ്ഡി (അശു റെഡ്ഡി)ക്കെതിരേ കേസ്. വൈ.വി. ധര്‍മേന്ദ്ര എന്നയാളുടെ പരാതിയിലാണ് നടിക്കുപുറമേ പിതാവ് വെങ്കട കൃഷ്ണ കൊയ്യ, മാതാവ് കൊയ്യ യശോദ റെഡ്ഡി, സഹോദരി കൊയ്യ വെങ്കട ദിവ്യ റെഡ്ഡി എന്നിവര്‍ക്കെതിരേ ഹൈദരാബാദ് സെന്‍ട്രല്‍ ക്രൈം സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. ഹണി ട്രാപ്പിലൂടെ പണം തട്ടിയെന്നാണ് ധര്‍മേന്ദ്രയ്ക്കുവേണ്ടി പിതാവ് യെന്‍മുല സത്യനാരായണ മൂര്‍ത്തി നല്‍കിയ പരാതിയിലുള്ളത്. 2018 മുതല്‍ 2025 വരെയുള്ള കാലഘട്ടത്തിനിടെയാണ് പണം തട്ടിയതെന്നും പരാതിയില്‍ പറയുന്നു. സെന്‍ട്രല്‍ക്രൈം പോലീസ് അന്വേഷണം ആരംഭിച്ചു.
2018-ലാണ് ധര്‍മേന്ദ്ര ആദ്യമായി നടിയെ പരിചയപ്പെടുന്നത്. പൊതുസുഹൃത്തുക്കള്‍ വഴിയാണ് ഇരുവരും പരിചയത്തിലായത്. താന്‍ യുഎസില്‍ പഠനം പൂര്‍ത്തിയാക്കിയെന്നും തെലുങ്ക് സിനിമാ മേഖലയില്‍ സജീവമാകാന്‍ ആഗ്രഹിക്കുന്നതായും നടി അറിയിച്ചു. പിന്നീട് ഇരുവരും പ്രണയത്തിലായി. വിവാഹംചെയ്യാമെന്ന് നടി ഉറപ്പും നല്‍കി.
കുടുംബം സാമ്പത്തികമായി സഹായിക്കുന്നില്ലെന്നും എച്ച്വണ്‍ ബി വിസ കലാവധി കഴിഞ്ഞുവെന്നും പറഞ്ഞ് നടി ഇന്ത്യയിലേക്ക് മാറാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. ധര്‍മേന്ദ്രയോട് സാമ്പത്തിക സഹായവും ആവശ്യപ്പെട്ടു.
നടിയുടെ വാക്കുകള്‍ വിശ്വസിച്ച ധര്‍മേന്ദ്ര പല തവണയായി പണം കൈമാറി. തുടക്കത്തില്‍ അടിസ്ഥാന ആവശ്യങ്ങള്‍ക്കായിരുന്നു പണം ചോദിച്ചിരുന്നത്. പിന്നീട് ആഡംബര വാഹനങ്ങള്‍ മുതല്‍ വലിയ അളവില്‍ സ്വര്‍ണ്ണവും റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്കുമായി പണം ചോദിക്കാന്‍ തുടങ്ങി.
2020ല്‍ വിവാഹമുറപ്പിക്കാന്‍ ധര്‍മ്മേന്ദ്ര കുടുംബങ്ങള്‍ തമ്മിലുള്ള കൂടിക്കാഴ്ച ആവശ്യപ്പെട്ടതോടെയാണ് നടി പിന്മാറി തുടങ്ങിയത്. മറ്റൊരു തെലുങ്ക് നടിയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ 70 ലക്ഷം രൂപ തിരിച്ചുനല്‍കാമെന്ന വ്യവസ്ഥയില്‍ ചെക്ക് നല്‍കിയെങ്കിലും അത് പിന്നീട് തിരികെ വാങ്ങി. അതിനിടെ ബന്ധം തുടരണമെന്ന നടിയുടെ കുടുംബം ധര്‍മ്മേന്ദ്രയോട് ആവശ്യപ്പെട്ടു. പല തവണ വീണ്ടും പണം വാങ്ങി. മൂന്ന് കോടി രൂപയുടെ ഫ്‌ളാറ്റ് അടക്കം ഇവര്‍ വാങ്ങിപ്പിച്ചു. പിന്നീട് ബന്ധം വഷളാകുകയും നടി വിവാഹത്തില്‍ നിന്ന് പിന്മാറുകയും ചെയ്തു. തുടര്‍ന്ന് ധര്‍മ്മേന്ദ്രയുമായുള്ള ബന്ധം വരെ വിച്ഛേദിച്ചു. ഇതോടെയാണ് പരാതി നല്‍കിയത്.
ഇതിനിടെ യുവതി മറ്റൊരാളുമായി പ്രണയത്തിലായിരുന്നുവെന്നും ആ ബന്ധം നടിയുടെ കുടുംബത്തിന് അറിയാമായിരുന്നുവെന്നും ആസൂത്രിതമായി പണം തട്ടിയെടുക്കുകയുമായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
എന്നാല്‍ പ്രചരിക്കുന്നത് വ്യാജമായ കാര്യങ്ങളാണെന്നും വസ്തുതകള്‍ പരിശോധിക്കാതെ പ്രചാരണം നടത്തരുതെന്നും അത്തരക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നടി മുന്നറിയിപ്പ് നല്‍കി.