
''മലദൈവങ്ങള്‍ പൊന്നു സൂക്ഷിക്കുന്ന പൊന്‍മുടി മലനിരകളില്‍ നിന്നും തണുത്ത കാറ്റുവീശുന്ന പുലര്‍കാലം. കല്ലാര്‍ പുഴയുടെ തീരത്തെ ആല്‍മരത്തില്‍ നൂറിലേറെ തത്തകള്‍ കലപില കൂട്ടുന്നു. പ്രകൃതി സ്‌നേഹിയുടെ 50-ാം പിറന്നാളിന് അതിഥികളായെത്തിയത് ഈ വര്‍ണ്ണപ്പക്ഷികളാണ്. ഇളംവെയിലില്‍ പച്ചപ്പരവതാനി വിരിച്ച പുഴയോരങ്ങളില്‍ കൊതിയൂറും കാഴ്ചകളാണ് കരളു നിറയ്ക്കുന്നത്. കാലം തെറ്റിയെത്തിയ മഴ കടുത്തതിനാല്‍ ഇടുക്കിയിലെ വെള്ളച്ചാട്ടങ്ങള്‍ മനോഹരമാക്കാനായി നദി അങ്ങനെ നിറഞ്ഞൊഴുകിപ്പോകുന്നു, ഒപ്പം മഞ്ഞുപെയ്യുന്ന കാഴ്ച കാണാന്‍ വിദേശ വിനോദസഞ്ചാരികളും എത്തുകയായി...''
കുറച്ചുനാള്‍ മുമ്പ് പൊന്‍മുടിയിലെ തെന്നൂര്‍ വില്ലേജ് ഓഫീസില്‍ നടന്ന ഒരു സാംസ്‌കാരിക പരിപാടി റിപ്പോര്‍ട്ട് ചെയ്ത മനോരമ പ്രത്രത്തിന്റെ ലേഖകന്‍ വാര്‍ത്തയ്ക്ക് കൊടുത്ത ഇന്‍ട്രോ ആണിത്. ഇതിന്റെ ആവശ്യം എന്ത്..? നടന്ന കാര്യങ്ങള്‍ നേരെയങ്ങ് റിപ്പോര്‍ട്ട് ചെയ്താല്‍പ്പോരേ എന്ന് തോന്നിയേക്കാം. അങ്ങനെയായിരുന്നുവെങ്കില്‍ അന്നവിടെ പ്രസംഗിച്ച സാംസാകാരിക മന്ത്രിയുടെ വിടുവായത്തങ്ങളായിരിക്കും ആദ്യം വരിക. അത് വായിക്കാന്‍ ആര്‍ക്കാണ് താത്പര്യം. ആര്‍ക്കുമില്ല. മന്ത്രിമാരുടെ നൂറുകണത്തിന് പ്രസ്താവനകളിലൊന്നായി അത് അപ്രസക്തമായിപ്പോയേനെ. എന്നാല്‍ പത്ര ലേഖകന്‍ തന്റെ മനോധര്‍മമനുസരിച്ച് ഇത്തരത്തില്‍ വാര്‍ത്ത കളറായി അവതരിപ്പിച്ചപ്പോള്‍ അത് ലൈവായി, വായിക്കാനാളുമുണ്ടായി.
മലദൈവങ്ങള്‍ പൊന്നു സൂക്ഷിക്കുന്ന പൊന്‍മുടി എന്നെഴുതിയപ്പോള്‍ അത് വായനക്കാരെ സ്‌ട്രൈക്ക് ചെയ്തു. എന്തുകൊണ്ടാണ് പൊന്‍മുടിക്ക് ഇങ്ങനെയൊരു വിശേഷണം എന്ന് സ്വാഭാവികമായും ചിന്തിക്കും. അപ്പോള്‍ ആ അന്വേഷണം പുതിയൊരറിവിലേയ്ക്കാണ് വായനക്കാരെ കൊണ്ടുചെന്നെത്തിച്ചത്. മലദൈവങ്ങള്‍ പൊന്നു സൂക്ഷിക്കുന്ന മലയായതിനാലാണ് 'പൊന്‍മുടി' എന്ന പേരു വന്നതെന്ന് കാണി വിഭാഗത്തില്‍പ്പെട്ട ആദിവാസികള്‍ വിശ്വസിക്കുന്നു. കല്ലാര്‍ പുഴയും ആല്‍മരവും തണുത്ത കാറ്റുമൊക്കെ വായനക്കാരനെ അവിടേക്ക് എത്തിക്കുന്നു. പച്ചപ്പരവതാനിയും ഇളംവെയിലും വര്‍ണപ്പക്ഷികളുമൊക്കെ ആ വാര്‍ത്തയ്ക്ക് ജീവന്‍ നല്‍കുന്നു. അത് വായിക്കുമ്പോള്‍ ആ മീറ്റിങ്ങ് വാസ്തവത്തില്‍ നമുക്ക് അനുഭവ വേദ്യമാവുകയാണ് ചെയ്യുന്നത്.
എന്നാല്‍ ഇങ്ങനെ പ്രകൃതിയെ വര്‍ണിച്ച് വാര്‍ത്തയെഴുതുന്നത് പിടിക്കാത്ത അരസികന്‍മാര്‍ നമ്മുടെ ഇടയിലുണ്ട്. ഇക്കാര്യത്തില്‍ അവര്‍ക്ക് പല ഗൂഢമായ താത്പര്യങ്ങള്‍ ഉണ്ടായിരിക്കാം. ഒരിക്കലും മറുപടി അര്‍ഹിക്കാത്ത അത്തരം കമന്റുകളുടെ പിന്നാലെ പോകേണ്ട കാര്യവുമില്ല. ഇന്ന് മാധ്യമ പ്രവര്‍ത്തനം ഏറ്റവും കൂടുതല്‍ ചേര്‍ന്ന് നില്‍ക്കുന്നത് പ്രകൃതിയോടാണ്. കമ്മ്യൂണിറ്റി വാര്‍ത്തകളില്‍ പ്രകൃതി സൗന്ദര്യത്തിന്റെ വിവരണം ഒരു അലങ്കാരം മാത്രമല്ല, അതിന് സാമൂഹികവും സാംസ്‌കാരികവുമായ വലിയ പ്രാധാന്യമുണ്ട്. പച്ചവിരിച്ച നെല്‍പ്പാടങ്ങളും...പ്രകൃതിയെന്ന ശില്‍പിയൊരുക്കിയ കുന്നുകളും താഴ്‌വരകളും...ഭൂമിക്ക് അരഞ്ഞാണമായ നദികളും...മന്ദമാരുതന്റെ തലോടലും...വസന്തത്തിന്റെ വിരുന്നും ഒക്കെ അവിടങ്ങളിലുള്ളവരുടെ ജീവിതരീതിയെയും അവരുടെ സംസ്‌കാരത്തെയും അടയാളപ്പെടുത്തുന്നു. അതുകൊണ്ട് തന്നെ വാര്‍ത്തകളില്‍ ഇത്തരം വിവരണങ്ങള്‍ നല്‍കുന്നത് വായനക്കാരെ പ്രസ്തുത സ്ഥലത്തോടും സംഭവങ്ങളോടും കൂടുതല്‍ ചേര്‍ത്ത് നിര്‍ത്തുന്നു. അതാണ് വാര്‍ത്തയുടെ ലോജിക്ക്.
മാധ്യമ രംഗം സാങ്കേതികത്തികവിന്റെ കാര്യത്തില്‍ മാത്രമല്ല റിപ്പോര്‍ട്ടിങ്ങിന്റെ ശൈലിയിലും വലിയ മല്‍സരം നേരിടുന്ന സമയമാണിത്. സോഷ്യല്‍ മീഡിയ കൂടി ശക്തമായ സാന്നിധ്യമറിയിച്ചതോടെ വായനക്കരെയും പ്രേക്ഷക സമൂഹത്തെയും ആരോഗ്യപരമായി ആകര്‍ഷിക്കാന്‍ മാധ്യമ സ്ഥാനപങ്ങള്‍ പല രീതികളും അവലംബിക്കപ്പെടാറുണ്ട്. പണ്ട് വാര്‍ത്തകള്‍ വിരസമായിരുന്നുവെങ്കില്‍ ഇന്നത് ആകര്‍ഷകമായ പദപ്രയോഗങ്ങള്‍കൊണ്ട് സമ്പന്നമാണത്. പകൃതി വര്‍ണനയോ പശ്ചാത്തല വിവരണമോ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക ചലനങ്ങളുടെ പ്രതിഫലനമോ പ്രകൃതിദുരന്തങ്ങളുടെ സ്പന്ദനങ്ങളോ ഒക്കെ വാര്‍ത്തകളില്‍ ഉള്‍ചേര്‍ക്കുമ്പോള്‍ അത് വ്യത്യസ്തമാവുന്നു. ഇത് മനസിലാക്കാതെ പഴയ കാളവണ്ടി യുഗത്തില്‍ ജീവിക്കുന്നവരും ഉണ്ട്.
പണ്ട് മലയാള ദിനപത്രങ്ങള്‍ തലക്കെട്ടുകൊണ്ട് വിപ്ലവം സൃഷ്ടിക്കുന്നത് വലിയ കൗതുകമുയര്‍ത്തിയിരുന്നു. ഇന്ന് ചാനലുകളും അതേവഴിക്കാണ്. പത്രങ്ങളില്‍ ടൈറ്റില്‍ വീരന്‍മാര്‍ തന്നെ ഉണ്ടായിരുന്നു. അവരുടെ മല്‍സരം ഇപ്പോഴും തുടരുന്നു. പലപ്പോഴും ഒന്നാം സ്ഥാനത്തെത്തിയിരുന്നത് മലയാള മനോരമ ദിനപ്പത്രമാണ്. ഇ.കെ നായനാര്‍ അന്തരിച്ചപ്പോള്‍ മനോരമ കൊടുത്ത ടൈറ്റില്‍ ''ചിരിയുടെ സഖാവിന് ലാല്‍സലാം...'' എന്നായിരുന്നു. ഇതിനേക്കാള്‍ വേറെ ഏത് തലക്കെട്ടാണ് സഖാവ് നായനാരുടെ വിയോഗ വാര്‍ത്തയ്ക്ക് കൊടുക്കാനാവുക. അതുപോലെ ശ്രീ ചിത്തിര തിരുനാള്‍ മഹാരാജാവ് അന്തരിച്ചപ്പോള്‍ മനോരമയുടെ തലക്കെട്ട് ''രാജാവ് നാടു നീങ്ങി...'' എന്നായിരുന്നു. ഇന്ന് പുതിയ കാലത്തിന്റെ വാര്‍ത്താ വഴിയിലാണ് എല്ലാവരും. തലക്കെട്ടുകളും ഇന്‍ട്രോകളും കാലോചിതമായി പരിഷ്‌കരിക്കപ്പെടുന്നു...സൗന്ദര്യവല്‍ക്കരിക്കപ്പെടുന്നു.
അതുകൊണ്ട് വാര്‍ത്ത എന്തുമായിക്കൊള്ളട്ടെ അതിന് കാരണമായ സംഭവം നടക്കുന്ന പ്രദേശത്തിന്റെ വിവരണം സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. അത് വാര്‍ത്തയെ ജീവസാന്നിധ്യമുള്ളതും വിശ്വസനീയവും വായനാ സുഖമുള്ളതുമാക്കുന്നു. പ്രകൃതി സൗന്ദര്യത്തിന്റെ വിവരണം സമൂഹത്തില്‍ പരിസ്ഥിതി ബോധം വളര്‍ത്തുന്നു. ഒരു പ്രദേശത്തിന്റെ സൗന്ദര്യം മാധ്യമങ്ങള്‍ മുഖേന പ്രചരിക്കുമ്പോള്‍, അത് എന്നെന്നേയ്ക്കും സംരക്ഷിച്ച് നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയും ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്നു. വനനശീകരണം, പ്രകൃതി മലിനീകരണം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കിടയില്‍, പ്രകൃതിയുടെ മഹത്വം ഓര്‍മ്മിപ്പിക്കുന്ന ഒരു ചെറിയ പാരഗ്രാഫ് പോലും ചെയ്യുന്നത് പാരിസ്ഥിതികമായ ബോധവല്‍ക്കരണമാണ്. ഇതറിഞ്ഞുകൊണ്ടുതന്നെയാണ് അത്തരം റിപ്പോര്‍ട്ടുകള്‍ എഴുതുന്നത്. ആ രീതി ക്രിയാത്മകമായി തുടരുകയും ചെയ്യും.
വായന സുഗമമാക്കുന്ന ഇത്തരം വിവരണങ്ങള്‍ പ്രാദേശികമായ നമ്മുടെ അഭിമാനത്തെ ശക്തിപ്പെടുത്തുകയും ചെയ്യന്നു. സ്വന്തം നാട്ടിന്റെ സൗന്ദര്യം വാര്‍ത്തകളിലൂടെ വര്‍ണിക്കപ്പെടുമ്പോള്‍, പ്രദേശവാസികള്‍ക്ക് അതില്‍ അഭിമാനം തോന്നുകയും നാമറിയാതെ തന്നെ ഒരു സാമൂഹിക ഐക്യം ബലപ്പെടുകയും ചെയ്യുന്നു. പ്രകൃതിസൗന്ദര്യത്തെ അവതരിപ്പിക്കുന്ന വാര്‍ത്തകള്‍ വിനോദസഞ്ചാര രംഗത്തും വലിയ സ്വാധീനം ചെലുത്തുന്നു. മനോഹരമായ കാഴ്ചകളെക്കുറിച്ചുള്ള വിവരണങ്ങള്‍ വിദേശിയരെ ആകര്‍ഷിക്കുകയും അതിലൂടെ പ്രദേശത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. പ്രകൃതി വര്‍ണന മനുഷ്യന്റെ മാനസികാരോഗ്യത്തെയും സ്പര്‍ശിക്കുന്നതാണ്. ഇത് ഒരു ശൈലി മാത്രമല്ല, സാമൂഹിക ഉത്തരവാദിത്വം നിറവേറ്റലുമാണ്. തിരക്കേറിയ ജീവിതത്തില്‍ നിന്ന് മോചനം കിട്ടാന്‍ ദൃശ്യഭംഗിയുള്ള ഒരു വാര്‍ത്തയ്ക്കും കഴിയുമെന്നോര്‍ക്കുക. കാരണം വാര്‍ത്തകള്‍ പ്രദേശത്തിന്റെ ഹൃദയത്തുടിപ്പാണ്.