Image

എനിക്ക് എന്തിന്റെ കുറവാണ് , എന്റെ കൂട്ടുകാർ എല്ലാം മുഖ്യന്മാർ ആണ്‌ (രാഷ്ട്രീയ ഹാസ്യ വിമർശനം: സുനിൽ വല്ലാത്തറ ഫ്ലോറിഡ)

Published on 26 April, 2026
എനിക്ക് എന്തിന്റെ കുറവാണ് , എന്റെ കൂട്ടുകാർ എല്ലാം മുഖ്യന്മാർ ആണ്‌  (രാഷ്ട്രീയ ഹാസ്യ വിമർശനം: സുനിൽ വല്ലാത്തറ ഫ്ലോറിഡ)

കേരളത്തിൽ കോൺഗ്രസ്‌ മുഖ്യമന്ത്രിമാർ ആയ ലീഡർ കെ കരുണാകരനോടും എ കെ ആന്റണിയോടും ഉമ്മൻചാണ്ടിയോടും കൂടെ പ്രവർത്തിച്ചു അവർക്കൊപ്പം കിടപിടിച്ചു കഴിവ് തെളിയിച്ച നേതാവാണ് രമേശ്‌ ചെന്നിത്തല

എഴുപതുകളുടെ മദ്ധ്യത്തിൽ കെ എസ് യു വിൽ കൂടി വിദ്യാർത്ഥി രാഷ്ട്രീയം തുടങ്ങിയ ചെന്നിത്തല പിന്നീട് അസൂയാവർഹമായ സ്‌ഥാനങ്ങളിൽ ആണ്‌ അതിവേഗം എത്തിപ്പെട്ടത്. അതിന് അദ്ദേഹത്തെ അക്കാലത്തു ഏറ്റവും കൂടുതൽ സഹായിച്ചത് ലീഡർ കെ കരുണാകരൻ ആയിരുന്നു

എൺപതുകളുടെ തുടക്കത്തിൽ തന്നെ ഇന്ദിരാഗാന്ധി കോൺഗ്രസ്‌ നേതൃതൊത്തിൽ ഉള്ളപ്പോൾ തന്നെ എൻ എസ് യു വിന്റെയും പിന്നീട് യൂത്ത് കോൺഗ്രസിന്റെയും ദേശീയ പ്രസിഡന്റ് ആയ ചെന്നിത്തല കോൺഗ്രസ്‌ ഇന്ത്യയിൽ ഏറ്റവും ശക്തമായി മുന്നൂറിൽ അധികം എം പി മാർ ലോക്സഭയിൽ ഉള്ളപ്പോൾ തന്നെയാണ് ഈ രണ്ടു പദവികളിൽ ഇരുന്നത്

എൺപത്തിരണ്ടു മുതൽ എൺപത്തിയേഴു വരെ ഉണ്ടായിരുന്ന കരുണാകരൻ മന്ത്രിസഭയിൽ ഇരുപത്തിഏട്ടമത്തെ വയസ്സിൽ മന്ത്രിയായ ചെന്നിത്തല അന്നുണ്ടായിരുന്ന രാഷ്ട്രീയ നേതാക്കളിൽ ഏറ്റവും താര ശോഭയുള്ള പ്രാസംഗികൻ ആയിരുന്നു

വിദ്യാർത്ഥി സംഘടനകളുടെ ദേശീയ പ്രസിഡന്റ് ആയിരിക്കുമ്പോൾ കേരളത്തിൽ മാത്രമല്ല ഇന്ത്യയിലെ ഏതു സംസ്‌ഥാനത്തേയും കോളേജുകളിൽ വിവിധ ഭാഷകൾ അനായാസം കൈകാര്യം ചെയ്യുന്ന ചെന്നിത്തല പ്രസംഗിക്കുവാൻ ചെല്ലുമ്പോൾ മറ്റേതു നേതാവിനും കിട്ടാത്ത സ്വീകരണം ആണ്‌ വിദ്യാർത്ഥി വിദ്യാർത്ഥിനി എന്ന് ഭേദമില്ലാതെ ചെന്നിത്തലയ്ക്കു നൽകിയിരുന്നത്

എൺപത്തി ഒൻപതിലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ സിറ്റിംഗ് എം പി ആയിരുന്ന സി പി എം ന്റെ കരുത്തനായ യുവജന നേതാവ് കെ സുരേഷ് കുറുപ്പിനോട് തന്റെ കന്നി പാർലമെന്റ് മത്സരത്തിൽ ഏറ്റുമുട്ടിയ ചെന്നിത്തല തീപാറിയ ആ പോരാട്ടത്തിൽ കുറുപ്പിനെ കരകവിഞ്ഞൊഴുകിയ മീനച്ചിൽ ആറ്റിലേയ്ക്കു കറക്കി എറിഞ്ഞു ആദ്യമായി ഇന്ത്യൻ പാർലമെന്റിന്റെ ഇടത്തെ വാതിലിൽ കൂടി പോക്കറ്റിൽ കുത്തിയ കറുത്ത പേനയുമായി ചെറു ചിരിയോടെ ഓടിക്കയറി

അന്ന് കോൺഗ്രസിന്റെ നേതൃതൊത്തിൽ ഇരുന്ന രാജീവ്‌ ഗാന്ധിയെ പല സന്നിഗ്ദാ ഘട്ടത്തിലും നോർത്തിന്ത്യൻ നേതാക്കളെ വെല്ലുന്ന രീതിയിൽ ഹിന്ദിയിൽ പ്രസംഗിച്ചു കൊണ്ടു പ്രതിരോധിച്ച ചെന്നിത്തല ഒട്ടും വൈകാതെ രാജീവിന്റെ പ്രിയങ്കരനായി മാറി

താൻ എൻ എസ് യു വിന്റെയും യൂത്ത് കോൺഗ്രസിന്റെയും ദേശീയ പ്രസിഡന്റ് ആയിരിക്കുമ്പോൾ കൂടെ പ്രവർത്തിച്ച പല ഭാരവാഹികളും അന്ന് പാർലമെന്റിൽ കൂടെ ഉണ്ടായിരുന്നത് കൊണ്ടു ചെന്നിത്തലയ്ക്കു ഡൽഹിയിൽ അന്ന് കരുത്തുറ്റ സൗഹൃദ വലയം തന്നെ ഉണ്ടായിരുന്നു

തൊണ്ണൂറ്റി രണ്ടിൽ ലീഡർ കെ കരുണാകരന് കാർ അപകടം ഉണ്ടായ ശേഷം കേരളത്തിലെ ഐ ഗ്രൂപ്പിൽ നേതൃത്തൊത്തെ ചൊല്ലി ഉണ്ടായ തർക്കമാണ് ചെന്നിത്തലയുടെ രാഷ്ട്രീയ ജീവിതം മാറ്റി മറിച്ചത്

തന്നെക്കാൾ ജൂണിയർ ആയ        കെ മുരളീധരൻന്റെ നേതൃത്വം അംഗീകരിക്കാൻ തയ്യാറാകാതെ ഐ ഗ്രൂപ്പ്‌ വിട്ടു ജി കാർത്തികേയനെയും എം ഐ ഷാനവാസിനെയും കൂട്ടി തിരുത്തൽ വാദി എന്നൊരു മൂന്നാമത് ഗ്രൂപ്പ്‌ കേരളത്തിലെ കോൺഗ്രസിൽ ഉണ്ടാക്കിയ ചെന്നിത്തല കെരളം മുഴുവൻ പ്രസംഗിച്ചു നടന്നാണ് കുറെ അധികം അണികളെ ഉണ്ടാക്കി എടുത്തത്

ലീഡർ കരുണാകരനോടും മുരളീധരനോടും പിണങ്ങി തന്റെ രാഷ്ട്രീയവുമായി വളരെ കരുതലോടെയും കരുത്തോടെയും മുന്നോട്ടു പോയ ചെന്നിത്തല ഇതിനിടയിൽ കോട്ടയത്തുനിന്നും മാവേലിക്കരയിൽ നിന്നുമായി പലവട്ടം പാർലമെന്റിൽ എത്തി

രണ്ടായിരത്തി നാലിലെ ലോക്സഭ തെരഞ്ഞെടുപ്പിൽ മാവേലിക്കരയിൽ സി പി എം ന്റെ സി എസ് സുജാതയോടു ഏറ്റുമുട്ടി നാളായിരത്തിൽ പരം വോട്ടുകൾക്കു പരാജയപ്പെട്ടത് ചെന്നിത്തലയ്ക്കു തന്റെ രാഷ്ട്രീയ ജീവിതത്തിൽ സംഭവിച്ച കനത്ത ആഘാതം ആയിരുന്നു

പക്ഷേ അതേ വർഷം തന്നെ തേടിയെത്തിയ കെ പി സി സി പ്രസിഡന്റ് പദവി അദ്ദേഹം വളരെ നന്നായി പ്രയോജനപ്പെടുത്തി. നീണ്ട ഒൻപതു വർഷങ്ങൾ ആ പദവിയിൽ ഇരുന്ന ചെന്നിത്തല കേരളത്തിൽ അങ്ങോളം ഇങ്ങോളം യാത്ര ചെയ്തു തന്റെ സ്വതസിദ്ധമായ ശൈലിയിൽ ശബ്ദ ഗംഭീര്യത്തോടെ പ്രസംഗിച്ചു പാർട്ടിയിൽ കൂടുതൽ ശക്തൻ ആയപോലെ തന്നെ പഴയ ഐ ഗ്രൂപ്പിന്റെ നേതൃതൊത്തിലും എത്തി

കരുണാകരനും ആന്റണിയും കേരളത്തിലെ കോൺഗ്രസിന്റെ നേതൃതൊത്തിൽ നിന്നും ഒഴിഞ്ഞതോടെ ചെന്നിത്തലയുടെ മുഖ്യമന്ത്രി സ്‌ഥാനത്തേയ്ക്കുള്ള മത്സരം ഉമ്മൻചാണ്ടിയുമായി ആയി

തന്നെക്കാൾ കൂടുതൽ ജനകീയൻ ആയ ഉമ്മൻചാണ്ടി ഉള്ളപ്പോൾ എളുപ്പത്തിൽ മുഖ്യമന്ത്രി ആകുവാൻ പറ്റില്ലെന്ന് തിരിച്ചറിഞ്ഞ രമേശ്‌ജി പക്ഷേ അവസരം കാത്തിരുന്നു

രണ്ടായിരത്തി ഒൻപതിൽ പാർലമെനിലേയ്ക്കു മത്സരിക്കാതെ രണ്ടായിരത്തി പതിനൊന്നിലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഹരിപ്പാട് മത്സരിച്ചു വിജയിച്ചു നിയമസഭയിൽ എത്തി തന്റെ രാഷ്ട്രീയ സ്വപ്നം എന്താണെന്നു അറിയിച്ച രമേഷ്ജി ഉമ്മൻ ചാണ്ടി മന്ത്രിസഭയ്ക്കു രണ്ടു വർഷം കാലാവധി ബാക്കിയുള്ളപ്പോൾ ഒരു സുപ്രഭാതത്തിൽ കേരളത്തിന്റെ ആഭ്യന്തിര മന്ത്രി ആയി

രണ്ടായിരത്തി പതിനാറിലെ നിയമസഭ തെരഞ്ഞെടുപ്പിൽ എന്തൊക്കെയോ കാരണത്താൽ പരാജയപ്പെട്ടു ഉമ്മൻചാണ്ടിക്ക് തുടർഭരണം നഷ്ടപ്പെട്ടപ്പോൾ ഉമ്മൻചാണ്ടിയുടെ ഒഴിവിൽ രമേഷ്ജി കേരളത്തിന്റെ പ്രതിപക്ഷ നേതാവായി

രണ്ടായിരത്തി ഇരുപത്തി ഒന്നിലെ തെരഞ്ഞെടുപ്പിൽ വിജയിച്ചു കേരളത്തിന്റെ മുഖ്യമന്ത്രി ആയി തന്റെ സ്വപ്നം പൂവണിയിക്കാം എന്ന് വ്യാമോഹിച്ചിരുന്ന രമേശ്ജിയെ ഞെട്ടിച്ചു കൊണ്ടു കോവിഡിനെയും പ്രളയെത്തെയും അസാധാരണ മികവോടെ നേരിട്ട് കേരള ജനതയുടെ മനസ്സിൽ സ്‌ഥാനം പിടിച്ച ശക്തനായ ഭരണാധികാരി പിണറായി വിജയൻ തുടർ ഭരണം നേടിയപ്പോൾ തകർന്നു തരിപ്പണമായതു രമേശ്ജിയുടെ സ്വപ്‌നങ്ങൾ ആയിരുന്നു

ഇപ്പോൾ നിയമസഭ തെരഞ്ഞെടുപ്പു കഴിഞ്ഞു ഫലം വരുന്നതിനു മുൻപേ മുഖ്യമന്ത്രി സ്‌ഥാനത്തേയ്ക്കു പരിഗണിക്കപ്പെടുന്ന പേരുകളിൽ താനും ഉണ്ടെന്നറിയാവുന്ന രമേശ്‌ജിയെ ഏറെ അലട്ടുന്നത് തന്റെ കീഴിൽ എൻ എസ് യു വിന്റെയും യൂത്ത് കോൺഗ്രസിന്റെയും ഭാരവാഹികൾ ആയിരുന്ന പലരും ഇപ്പോൾ പല സംസ്‌ഥാനങ്ങളിലും മുഖ്യന്മാർ ആയിരിക്കുന്നതായിരിക്കാം 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക