Image

ചന്ദ്രകിരണങ്ങൾ : പി.സീമ

Published on 26 April, 2026
ചന്ദ്രകിരണങ്ങൾ : പി.സീമ

"എനിക്ക് ഒരു ഫോട്ടോ തരുമോ? അമ്മയെ കാണിക്കാനാ "  

വർഷങ്ങൾക്കു മുൻപ്  എറണാകുളം മഹാരാജാസ് കോളേജിൽ B.A  മലയാളം ക്ലാസ്സിൽ വെച്ചുണ്ടായ ഒരു അനുഭവം.  ചോദിച്ചത് ക്ലാസ്സിലെ സുമുഖനും പാകത തോന്നിക്കുന്നവനുമായ ഒരു യുവാവ്. ഞങ്ങൾ ഒരേ ക്ലാസ്സിൽ പഠിക്കുന്നു. ചുറ്റു ഗോവണിയോട് ചേർന്നായിരുന്നു ഞങ്ങളുടെ ക്ലാസ്സ്‌. 

ആ ചോദ്യം കേട്ടു ഞാൻ പെട്ടെന്ന് തിരിഞ്ഞു നോക്കി  അന്നത്തെ ഫാഷൻ ആയിരുന്ന  എന്റെ ബ്ലാക്ക് ഷിഫോൺ ദാവണിയുടെ എളിയിൽ കുത്തിയിട്ട  നീളൻ മുന്താണിയിൽ മെല്ലെ പിടിച്ചു നോക്കി നിൽക്കുകയാണ് അയാൾ 

ഞാൻ ത്രിശങ്കു സ്വർഗത്തിൽ എന്നത് പോലായി . ഇത്തരം ഒരു പ്രണയാഭ്യർത്ഥന ജീവിതത്തിൽ ആദ്യമായാണ് കേട്ടത്. "എനിക്ക് നിന്നെ ഇഷ്ടം ഐ ലവ് യു" ഒക്കെ ആണല്ലോ സാധാരണ ഉപയോഗിക്കുന്നത്. ആ ചോദ്യത്തിലെ വ്യത്യസ്തത എന്നെ ഒട്ടു നേരത്തേക്ക് നിശ്ശബ്ദയാക്കി. പിന്നെ മൗനം സമ്മത ലക്ഷണം എന്ന് അയാൾക്ക്‌ തോന്നാതിരിക്കാൻ ഇത്രയും പറഞ്ഞു. "സോറി ട്ടോ എനിക്ക് വേറെ ഒരാൾ ഉണ്ടല്ലോ " അയാൾ ഒന്നും മിണ്ടാതെ ദാവണിത്തുമ്പിലെ പിടി വിട്ടു. ബെഞ്ചിൽ പോയിരുന്നു.  എനിക്ക് സങ്കടം തോന്നി എങ്കിലും ഇക്കാര്യത്തിൽ ഒന്നും ചെയ്യാനില്ലല്ലോ. ഒരാൾ നിലവിൽ ഉള്ളപ്പോൾ മറ്റൊരാളെ പ്രണയിക്കുന്നത് ഒരു തരം ചതി ആകുമല്ലോ. മനസ്സാക്ഷിക്കു ശരി എന്ന് തോന്നുന്നതേ എപ്പോഴും  ഞാൻ ചെയ്യാറുള്ളു.  അയാളുടെ പേര് ചന്ദ്രൻ എന്നായിരുന്നു. എന്നും നെറ്റിയിൽ ചന്ദനക്കുറിയും  അതിനു നടുവിൽ സിന്ദൂരവും തൊട്ടു വരുന്ന ഒരാൾ. പിന്നീടും കുറെക്കാലം ഞങ്ങൾ ഒരു ക്ലാസ്സിൽ പഠിച്ചു.  കാണുമ്പോൾ വെറുതെ  ചിരിച്ചു..രണ്ടാം വർഷം പരീക്ഷ കഴിഞ്ഞതോടെ ഞാൻ മഹാരാജാസിനോട് വിട പറഞ്ഞു.  അയാളെ പിന്നെ കണ്ടിട്ടുമില്ല. എവിടെ ങ്കിലും സുഖമായി ജീവിക്കുന്നുണ്ടാകും.  

ഇപ്പോൾ ഈ മയിൽ‌പീലി സെറ്റ് സാരിയുടെ മുന്താണി അടുക്കി കുത്താൻ ശ്രമിച്ചപ്പോൾ പിന്ന് ഒടിഞ്ഞു പോയതാണ് ഈ മുന്താണിക്കഥ ഓർമ്മിക്കാൻ കാരണം.  

ചന്ദ്രനെ ശിരസ്സിൽ ചൂടിയ ശിവന്റെ പേരുള്ള ഒരാളെ ആണല്ലോ ഞാൻ സ്വയംവരം ചെയ്തത്. ജടയിൽ  ഗംഗയെ ഒളിപ്പിച്ചു വെക്കാൻ കഴിവുള്ള സാക്ഷാൽ ശിവ ഭഗവാന്റെ കാരുണ്യം ഇല്ലെങ്കിൽ ആയില്യം നക്ഷത്രം അധോഗതി എന്ന് ജ്യോൽസ്യം.  എങ്കിലും കൃഷ്ണ പ്രീതി ആണോ ഈ  മയിൽ‌പീലി മുന്താണിയെ നിവർത്തി ഇട്ടത്.?. ഓരോരോ അന്ധവിശ്വാസങ്ങൾ.അല്ലെ??

എന്ന് തീർത്തു പറയാനും പറ്റില്ലല്ലോ 

നന്ദ ഗോവിന്ദത്തെ നിന്ദഗോവിന്ദം ആക്കി പോസ്റ്റ്‌ വരുന്ന ഇക്കാലത്തു വിശ്വാസം ഉള്ളവർ ഏറെ എന്നും തോന്നുന്നു... ഞങ്ങൾ നാരായണീയം വായിക്കുമ്പോൾ ഒന്ന് വിയർത്താൽ ആ നിമിഷം പടിഞ്ഞാറു നിന്ന് ഒരു കാറ്റ് വന്നു ഞങ്ങളെ തഴുകി കടന്നു പോകാറുണ്ട്... അത് കൃഷ്ണപ്രീതി എന്ന് പറഞ്ഞാൽ അന്തരീക്ഷത്തിലെ മർദ്ദവ്യത്യാസം എന്ന് പറയുന്ന ഒരു വിഭാഗവും ഉണ്ട്.  എന്തായാലും "ലോകാ സമസ്താ സുഖിനോ ഭവന്തു."

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക