
ആത്മകഥകൾ എന്നോ അനുഭവക്കുറിപ്പുകൾ എന്നോ ഒക്കെ വിളിക്കാവുന്ന കൃതികൾ മലയാളത്തിലും മറ്റ് ഭാഷാസാഹിത്യങ്ങളിലും ധാരാളമായി പുറത്തിറങ്ങുന്നുണ്ട്. അവകളിൽ മിക്കതും ഒരാളുടെ ബയോഡാറ്റയുടെ ഒരുനിലവാരത്തിലോ ചിലപ്പോൾ അൽപ്പം കൂടി ഉയർന്ന് അയാളുടെ കാഴ്ചപ്പാടുകളുടെ ഒരു പ്രഖ്യാപനം എന്ന നിലയിലോ ജനഹൃദയങ്ങളിൽ സ്ഥാനം നേടുന്നുമുണ്ട്. സമകാലീന ജീവിത പരിസരങ്ങളുടെ നേർചിത്രം എന്നനിലയിലുള്ള ഒരാളുടെ അനുഭവങ്ങൾ സമകാലികരായ മറ്റുള്ളവരുടെയും അനുഭവങ്ങളുടെ സമാന ചിത്രങ്ങൾതന്നെയാണ് പങ്കു വയ്ക്കപ്പെടുന്നത് എന്നതിനാൽ ഈ ശാഖയിലുള്ള രചനകൾ വ്യാപകമായിസ്വീകരിക്കപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്നുണ്ട്.
ഏതൊരു കാലഘട്ടത്തിലും ജീവിച്ചിരിക്കുന്ന വ്യക്തി തനിക്കു ചുറ്റും രൂപപ്പെടുന്ന പ്രതികൂലങ്ങളോട്പടവെട്ടിക്കൊണ്ടാണ് തന്റെ ജീവിതായോധനത്തിനിറങ്ങുന്നത് എന്നതിനാൽ സ്വാഭാവികമായും കുറെകീറലുകളും പോറലുകളും ആ വ്യക്തിത്വത്തിന് ഉണ്ടായിരിക്കും. ഇവയിൽ നിന്ന് മറയ്ക്കേണ്ടത് മറച്ചുംതുടയ്‌ക്കേണ്ടത് തുടച്ചും കൊണ്ടുള്ള ചിത്രീകരണങ്ങളാണ് സാധാരണയായി പുറത്തു വരുന്നത് എന്നിരിക്കെസത്യസന്ധതയെ നായകനാക്കികൊണ്ട് പച്ചയായ ജീവിതത്തിന്റെ പച്ചയായ പരിസരങ്ങളെ തുറന്നുകാണിച്ചിട്ടുള്ള മഹത്തായ ഒരു ആത്മാവിഷ്ക്കാരമാണ് അനുഗ്രഹീത പ്രതിഭാ ശാലിയായ ജയൻ വർഗീസിന്റെ ‘പാടുന്നു പാഴ്മുളം തണ്ടു പോലെ ‘ എന്ന ഈ വിശിഷ്ട കൃതി.
അതിജീവനം അതി ദാരുണമായിരുന്ന ജീവിത ഘട്ടങ്ങളിൽ അര വയറിൽ മുണ്ട് മുറുക്കേണ്ടി വന്നദയനീയാവസ്ഥയിൽ ആയിരുന്നിട്ടും അദമ്യമായ സാഹിത്യ തൃഷ്ണ നെഞ്ചിലേറ്റി നടന്ന ഒരുനാട്ടുമ്പുറത്തുകാരൻ യുവാവിന്റെ അതിജീവനത്തിന്റെ ആത്മ തേങ്ങലുകൾ കൂടിയാണ് ‘ പാടുന്നു പാഴ്മുളം തണ്ട്പോലെ ‘
കാലം കണ്ടെടുത്ത കർമ്മ യോഗിയെപ്പോലെ ഇവിടെ അദ്ദേഹം ഒരു നായകനാവുന്നു. അതുകൊണ്ടുതന്നെസാഹസികമായ സ്വന്തം ജീവിത കഥയിലെ വീര നായകൻ എന്ന നിലയിൽ ‘ നായകൻ ‘ എന്നഅർത്ഥപൂർണ്ണമായ സംജ്ഞയിൽ ആയിരിക്കും ഈ ആസ്വാദകൻ ഇനിയുള്ള പരാമർശനങ്ങളിൽ അദ്ദേഹത്തഅടയാളപ്പെടുത്തുക.
താനൊരു പാഴ്മുളം തണ്ട് മാത്രമാണെന്ന് വിനയാന്വിതനായി അദ്ദേഹം സ്വയം പരിചയപ്പെടുത്തുമ്പോളും സ്വതന്ത്രഭാരതത്തിലെ ആദ്യ ദശകങ്ങളിലെ ഗ്രാമ ഗലികളിൽ ദരിദ്രമായ ജന ജീവിതത്തിന്റെ നേരനുഭവങ്ങൾഅവരിലൊരാളായി നിന്ന് സ്വയം അനുഭവിച്ചു കൊണ്ട് സത്യാന്വേഷകനായ ഒരു ചരിത്രകാരനെപ്പോലെ സ്വന്തംചോരയിൽ കോറിയിട്ട ചോരപ്പാടുകളാണ് ഉന്നതമായ സാഹിത്യ മൂല്യമുള്ള ഈ അനുഭവക്കുറിപ്പുകൾ.
ആരാലും അറിയപ്പെടാതെ കാട്ടിലെ ഏകാന്തതയിൽ ഒറ്റപ്പെട്ട് കിടക്കുകയായിരുന്ന ഒരു പാഴ്മുളം തണ്ടാണ് താൻഎന്നാണ് ഗ്രന്ഥകാരൻ ഉദ്ദേശിക്കുന്നതെങ്കിൽ അത് പൂർണ്ണമായും ശരിയല്ല. പിന്നയോ കൈരളിയുടെസമാദരണീയനായ പത്രാധിപർ ശ്രീ ജോസ് തയ്യിൽ ആമുഖത്തിൽ സൂചിപ്പിച്ച പോലെ ആത്മ സംതൃപ്തിക്ക് വകനൽകുന്നതും സമൂഹത്തിനു ഗുണം ചെയ്യുന്നതുമായ നിരവധി രചനകൾ തന്റെ തൂലികയിലൂടെ ബഹുജനസമക്ഷം അവതരിപ്പിച്ചു കൊണ്ട് ജനങ്ങളുടെ മുക്ത കണ്ഠമായ പ്രകീർത്തനത്തോടൊപ്പം ഇന്ത്യയിലെയുംഅമേരിക്കയിലെയും പ്രമുഖങ്ങളായ സാംസ്ക്കാരിക സ്ഥാപനങ്ങളിൽ നിന്നുള്ള പതിനഞ്ച് പ്രസ്റ്റീജിയസ്അവാർഡുകൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട് എന്ന് കൂടി അറിയുമ്പോൾ അർഹമായ അംഗീകാരം ഇതിനകംതന്നെ അദ്ദേഹത്തിന് ലഭ്യമായിട്ടുണ്ട് എന്നതിൽ നമുക്ക് അദ്ദേഹത്തെ തികച്ചും അനുമോദിക്കാം.
ഉന്നതമായ ഗിരി ശിബിരങ്ങളിൽ നിന്നും കുത്തിയൊഴുകുന്ന ജല പ്രവാഹത്തിന് തടയിടുക ക്ഷിപ്ര സാധ്യമല്ലഎന്നത് പോലെ തന്നെയാണ് മനുഷ്യ മനസ്സുകളിൽ നിന്ന് പ്രവഹിക്കുന്ന കലാ സാഹിത്യ വാസനകൾ. കുട്ടിക്കാലത്ത് പോഷകാഹാരക്കുറവ് മൂലമുള്ള വെള്ളപ്പിത്തം പിടിപെട്ട് മരണ വക്ത്രത്തിൽ അകപ്പെട്ട നമ്മുടെനായകൻ നിയതിയുടെ നിയോഗത്താലാവണം അതിൽ നിന്ന് രക്ഷപ്പെട്ടത് എന്നാണ് ഈ ആസ്വാദനം എഴുതുന്നആളിന്റെ തോന്നൽ.
ബാല്യ കൗമാരങ്ങൾ പിന്നിടുമ്പോളെക്കും വിശപ്പിന്റെ വിളി എത്ര ഭീതിതമാണെന്ന് നല്ലതു പോലെഅനുഭവിച്ചറിഞ്ഞ ഒരു വ്യക്തി ആയിരുന്നു ജയൻ വർഗീസ്.
യന്ത്ര സഹായങ്ങൾ ഒന്നുമില്ലാതിരുന്ന കാലത്ത് അന്യരുടെ ഭൂമിയിൽ നെൽകൃഷി ചെയ്ത് അന്നംകണ്ടെത്തേണ്ടി വന്ന കർഷകനായ പിതാവിന്റെ ജീവിത സാഹചര്യങ്ങൾ എത്ര കഠിനമായിരുന്നെന്ന് അദ്ദേഹംതുറന്നെഴുതുന്നുണ്ട്.
പാട്ടത്തിനു എടുക്കുന്ന ഭൂമിയിൽ പ്രകൃതി ക്ഷോഭം കൊണ്ടോ കീടബാധ കൊണ്ടോ ഉൽപ്പാദനം കുറയുകയോകൃഷി നാശം സംഭവിക്കുകയോ ചെയ്താൽപ്പോലും ഭൂവുടമയ്ക്കുള്ള പാട്ടം കൊടുത്തേ തീരൂ എന്നതായിരുന്നുഅക്കാലത്തെ സാമ്പത്തിക സാമൂഹ്യ നീതി. ആ വ്യവസ്ഥയിൽ പാട്ടത്തിനു ഭൂമി എടുത്തിരുന്ന ചിലകർഷകരെങ്കിലും കൃഷിനാശം മൂലം പാട്ടം അളക്കാനാവാഞ്ഞിട്ട് ഉണ്ടായിരുന്ന കിടപ്പാടം വിറ്റ് നെല്ല് വാങ്ങിപാട്ടമളന്ന് വെറും കയ്യോടെ മലബാറിലേക്ക് കുടിയേറിപ്പോയ ചരിത്രവും ഉണ്ടായിട്ടുണ്ടത്രെ !
അമ്മയുടെ അപ്പനായിരുന്നു നമ്മുടെ നായകന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആദർശ പുരുഷൻ. നിർമ്മലതയും ദയയും നിറഞ്ഞ ഒരു മനസ്സിന് ഉടമയായിരുന്നു അദ്ദേഹം. സ്വയം നേടിയ അറിവ് കൊണ്ട്പള്ളിയിൽ പതിവായി വേദ പുസ്തകം വായിച്ചിരുന്ന അദ്ദേഹം പ്രതിഫലം ഒന്നും സ്വീകരിക്കാതെ ഒറ്റമൂലിചികിത്സ കൊണ്ട് അനേകരുടെ രോഗങ്ങൾ ഭേദപ്പെടുത്തിയിരുന്നു.
കറ കളഞ്ഞ സത്യ വിശ്വാസിയും കറ കളഞ്ഞ കമ്യൂണിസ്റ്റുമായിരുന്ന വള്ളിപ്ലാവിൽ ഔസേഫ് എന്ന് പേരുള്ളവല്യാപ്പൻ എ. കെ. ജി. യുടെ അടുത്ത സ്നേഹിതനായിരുന്നു. അമരാവതിയിലെ സത്യാഗ്രഹ പന്തലിൽ എ. കെ. ജി. യോടൊപ്പം ഇദ്ദേഹവും ഉണ്ടായിരുന്നു. ഇടയ്ക്കിടെ നാട്ടിൽ വന്നുപോകുന്ന ബസ്കീപ്പാ റമ്പാച്ചൻ എന്നമനുഷ്യ സ്‌നേഹി ആയിരുന്നു വല്യാപ്പന്റെ മറ്റൊരൂ സ്നേഹിതൻ. സ്വന്തം പോക്കറ്റിൽ നിന്നുള്ള പണം മുടക്കിവാങ്ങുന്ന തുണിക്കെട്ടുകൾ വീടു വീടാന്തരം തലച്ചുമടായി എത്തിച്ച് ഒരു ഉടുതുണി വാങ്ങാൻ നിവൃത്തിയില്ലാത്തപാവങ്ങൾക്ക് പാകത്തിന് മുറിച്ചു കൊടുക്കൽ ആയിരുന്നു റമ്പാച്ചന്റെ പരിപാടി.
ഒരിക്കൽ വല്യാപ്പന്റെ തോളത്തിരുന്ന് 'അമ്മ വീട്ടിലേക്കു പോകുമ്പോൾ വഴിയിൽ വച്ച് റമ്പാച്ചനെ കാണുന്നൂ. മകളുടെ കുട്ടിയാണെന്നറിഞ്ഞപ്പോൾ കുശലം പറഞ്ഞ റമ്പാച്ചനോട് “ എല്ലാം കൂക്കോയ മട്ടിലായല്ലോ റമ്പാച്ചാ ” എന്ന് അഞ്ചു വയസുകാരനായ നമ്മുടെ നായകൻ പറയുകയും അതിൽ സന്തുഷ്ടനായ റമ്പാച്ചൻ നമ്മുടെനായകനെ താഴെയിറക്കി രണ്ടു കൈകളും തലയിൽ വച്ച് “ നീ മിടുക്കനായി വരും “ എന്ന് അനുഗ്രഹിച്ചിട്ടുപോവുകയും ചെയ്തുവത്രേ !

വളർന്നപ്പോൾ ജനിച്ചു വളർന്ന കുഗ്രാമത്തിലെ ജന ജീവിതത്തിൽ ഇഴ ചേർന്നു കൊണ്ട് ഭൂരഹിതരായ ദരിദ്രകർഷകരുടെയും കർഷകത്തൊഴിലാളികളുടെയും നേതൃത്വം ഏറ്റെടുത്ത് ബലമായി സർക്കാർ ഭൂമി കയ്യേറിയക്രിമിനൽ കേസിൽ അറസ്റ്റിലാവുന്ന ടീനേജുകാരനായ നമ്മുടെ നായകൻ ആ സമരത്തിലൂടെ അൻപത് ദരിദ്രകുടുംബങ്ങൾക്ക് അരയേക്കർ വിതം ഭൂമി നേടിക്കൊടുക്കാൻ സാധിച്ചതിന്റെ പേരിൽ ജർമ്മൻ കാവ്യോപാസകൻഗൊയ്‌ഥെയുടെ വിശ്രുത കഥാപാത്രം ഫൗസ്റ്റ് അനുഭവിച്ച മനസുഖം ഇന്നും അനുഭവിക്കുന്നതായിസമ്മതിക്കുന്നുണ്ട്.
പതിനൊന്നു അംഗങ്ങളുള്ള കുടുംബത്തിന്റെ ദാരിദ്ര്യത്തിന് ഒരു കൈത്താങ്ങാവാൻ വേണ്ടി ഇടയ്ക്കു വച്ച്പഠിപ്പുപേക്ഷിച്ചു കൃഷിപ്പണിക്ക് ഇറങ്ങേണ്ടി വന്ന ദുരവസ്ഥയിലും അറിവ് നേടാനുള്ള അദമ്യമായആഗ്രഹത്തോടെ അയൽക്കാരനായ ഒരധ്യാപകന്റെ ദയയിൽ ഇംഗ്ലീഷ് പഠനം തുടരുന്നതായും സമീപഗ്രാമങ്ങളിലെ ലൈബ്രറികളിൽ നിന്നുള്ള മിക്ക പുസ്തകങ്ങളും വായിച്ചു തീർത്തതായും നമ്മൾ മനസ്സിലാക്കുന്നു.
എല്ലാ വേദനകളിലും താങ്ങും തണലുമായി നിന്ന വല്യാമ്മയുടെ സ്നേഹ ലാളനങ്ങൾ സ്വാർത്ഥതയുടെ മുഖംമൂടിയണിഞ്ഞ ആധുനിക മനുഷ്യ ബന്ധങ്ങളിൽ നിന്ന് വ്യത്യസ്തമായിരുന്നു എന്ന് അദ്ദേഹം എഴുതുന്നു. പതിനൊന്ന് അംഗങ്ങളുള്ള വലിയ കുടുംബത്തിലെ ഓരോരുത്തർക്കും ആനുപാതികമായി വിളമ്പി വരുമ്പോൾഅവസാനം കലത്തിൽ ഒന്നുമുണ്ടാവാറില്ല. കുറെ കഞ്ഞിവെള്ളം കലത്തിലേക്കൊഴിച്ച് കലത്തിന്റെ വശങ്ങളിൽപറ്റിപ്പിടിച്ചിരിക്കുന്ന അരിവറ്റുകൾ എല്ലാം കൂടി ഇളക്കിക്കൂട്ടി ആ കഞ്ഞിവെള്ളം കുടിച്ചിട്ടാണ് ആത്മസംതൃപ്തിയോടെ മരണം വരെ വല്യമ്മ ജീവിച്ചത് എന്ന സത്യം വ്രിണിത ശോക ഹൃദയനായി വിവരിക്കുമ്പോൾഎഴുത്തുകാരന്റെ തേങ്ങലുകളിൽ വായനക്കാർക്കും തേങ്ങാതിരിക്കുവാൻ സാധിക്കുന്നില്ല.
നാട്ടിലെ യുവാക്കളെ സംഘടിപ്പിച്ചു കൊണ്ട് സമാരംഭിച്ച ‘ ജ്വാല ‘ സാംസ്ക്കാരിക വേദിയിലൂടെ അൻപതിലധികംയുവാക്കൾ ചേർന്ന് സർക്കാർ സ്‌കൂളിന്റെ ചോർന്നൊലിച്ചു കൊണ്ടിരുന്ന പ്രധാന കെട്ടിടം സൗജന്യമായി ഓട്‌മേഞ്ഞു കൊടുത്തു കൊണ്ടാരംഭിച്ച പൊതു പ്രവർത്തനം നാടക മത്സര വേദികളിലെ സ്ഥിരം സാന്നിധ്യമായിവളർന്ന് കേരള സംഗീത നാടക അക്കാദമിയുടെ അവാർഡുകൾ രണ്ടു തവണ സ്വന്തം ഗ്രാമത്തിലുംജീവിതത്തിലും എത്തിക്കുന്നതിലും ആൾ ഇന്ത്യ റേഡിയോയുടെ എല്ലാ നിലയങ്ങളിലൂടെയും മുഴുവൻഭാരതത്തിലും സ്വന്തം നാടകങ്ങൾ പ്രക്ഷേപണം ചെയ്യുന്ന നിലയിൽ വരെയും വിജയിക്കുന്നുണ്ട് . ജ്വാലയുടെആഭിമുഖ്യത്തിൽ മൂവായിരത്തിലേറെ പുസ്തകങ്ങളുമായി ആരംഭിച്ച ലൈബ്രറിയിൽ അത്യാവശ്യം സംഗീതഉപകരണങ്ങളുടെ സൗജന്യ പരിശീലനം കൂടി ആരംഭിച്ചതോടെ നാട്ടിലെ യുവാക്കളുടെയും വിദ്യാർത്ഥികളുടെയുംവിഹാര രംഗമാക്കി അവിടം മാറ്റിയെടുക്കുന്നതിൽ ജ്വാലയുടെ പേട്രൺ എന്ന നിലയിൽ നമ്മുടെ നായകൻ വലിയപങ്കു വഹിക്കുന്നുണ്ട്.
യുവകലാ സാഹിതിയുടെ എറണാകുളം ജില്ലാ എക്സിക്യൂട്ടീവ് കമ്മറ്റിയംഗമായി പ്രവർത്തിക്കുമ്പോൾഹിരോഷിമാ നാഗസാക്കി ആണവ ദുരന്തത്തിന്റെ അനുസ്മരണ പരിപാടിയിൽ പങ്കെടുത്തു കൊണ്ട് ആഗസ്റ്ആറു മുതൽ ഒൻപതു വരെ ഭാരതീയ വിദ്യാ ഭവനിൽ നടന്ന 72 മണിക്കൂർ ഉപവാസത്തിൽ പങ്കെടുത്തതിനെതുടർന്ന് കൊച്ചിയിലെ അഴുക്കുചാൽ കൊതുകുകളുടെ കടിയേറ്റ് പഴുത്തു വീർത്ത കാലുകളുമായാണ് നമ്മുടെനായകൻ വീട്ടിൽ തിരിച്ചെത്തിയതെന്ന് അദ്ദേഹം അനുസ്മരിക്കുന്നു. വർഷങ്ങളോളം നീണ്ടു നിന്ന ഈരോഗത്തിന് ചികിത്സ തേടിയുള്ള യാത്രയിലാണ് പ്രകൃതി ചികിത്സാ ആചാര്യനായ ശ്രീ സി. ആർ. ആർ. വർമ്മയെ പരിചയപ്പെട്ടതും അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ച് അദ്ദേഹത്തോടൊപ്പം നടന്ന് പ്രകൃതി ചികിത്സപഠിച്ച് ആ രീതിയിൽ ചികിൽസിച്ചിട്ടാണ് കാലിലെ മാറാ രോഗമായി പരിഗണിച്ചിരുന്ന ‘ രക്തവാതപ്പൊട്ട് ‘ പൂർണ്ണമായി സുഖപ്പെട്ടതും അദ്ദേഹത്തിൽ നിന്ന് ഉൾക്കൊള്ളാനായ ദാർശനികമായ ഒരു ധാർമ്മികഅവബോധത്തോടെ സ്വന്തം ജീവിതം ഒരു പുത്തൻ ദിശാബോധത്തോടെ പുനർ നിർമ്മിക്കാൻ സാധിച്ചതും എന്നുംഗ്രന്ഥകാരൻ ഏറ്റു പറയുന്നുണ്ട്.
സ്തീധനം ഒരു സാമൂഹ്യാചാരമായി നില നിന്നിരുന്ന ഒരു കാലഘട്ടത്തിൽ - സ്വന്തമായൊരു സാമ്പത്തിക ഭദ്രതഇല്ലാതിരുന്നിട്ടും - സ്തീധനം വാങ്ങില്ലെന്ന പുരോഗമന തീരുമാനം സ്വജീവിതത്തിൽ നടപ്പിലാക്കിയ നായകന്റെആദർശ ചിന്ത ഉദാത്തമായിരുന്നെങ്കിലും അതിന്റെ പേരിലും അനുഭവിക്കേണ്ടി വന്ന കഷ്ടപ്പാടുകൾഏറെയായിരുന്നു.
ജോലിക്കായി എത്തിയ സ്ഥലത്തു വച്ച് ഏതോ തർക്ക ഭൂമിയിൽ കുടിയൊഴിപ്പിക്കാൻ വന്ന ഗുണ്ടാ സംഘത്തെനേരിട്ട നാട്ടുകാർക്കൊപ്പം നിന്ന് നമ്മുടെ നായകന് ഒരാളെ അടിക്കേണ്ടി വന്നു. ‘ വിതച്ചതേ കൊയ്യൂ ‘ എന്നപ്രമാണത്തിൽ വിശ്വസിച്ചത് കൊണ്ടാവാം കാലങ്ങൾക്ക് ശേഷം താൻ തന്നെ മറ്റൊരു സംഘത്തിന്റെ മർദ്ദനത്തിന്ഇരയായപ്പോളും അക്രമികൾക്കെതിരെ പോലീസിൽ പരാതിപ്പെടുന്നതിനുള്ള കുടുംബത്തിന്റെയുംസുഹൃത്തുക്കളുടെയും നിർബന്ധത്തിൽ നിന്ന് പിൻവാങ്ങിക്കൊണ്ട് ഒരിക്കൽ കൊടുത്തത് പലിശയോടെ തിരിച്ചുകിട്ടി എന്ന നിലയിൽ താൻ ആത്മ സംതൃപ്തി അനുഭവിക്കുകയായിരുന്നു എന്ന് ജയൻ വർഗീസ്രേഖപ്പെടുത്തുന്നു.
അന്ന് മൂന്നര വയസ്സുണ്ടായിരുന്ന ഗ്രന്ഥകാരന്റെ മകൻ അവനോളം നീളമുള്ള ഒരു കറിവേപ്പിന്റെ കമ്പുംകയ്യിലേന്തി “ എന്റെ പപ്പയെ അടിച്ചവനെ ഞാൻ കൊല്ലും “ എന്നാക്രോശിച്ച ആ കൊച്ചു ബാലൻ ഇന്ന്പ്രസിദ്ധമായ ഒരു സ്വിസ് ബാങ്കിന്റെ സീനിയർ വൈസ് പ്രഡിഡന്റ് എന്ന എന്ന നിലയിൽ എക്‌സിക്യൂട്ടീവ്പദവിയിൽ വിരാജിക്കുമ്പോൾ ആ ഓർമ്മക്കുറിപ്പുകൾ രേഖപ്പെടുത്തുന്ന ഒരു പിതാവിന്റെ ആത്മാഭിമാനം പിൻതലമുറയുടെ അഭ്യുന്നതി അഭിലഷിക്കുന്ന ഏതു മാതാ പിതാക്കളെയാണ് പുളകം കൊള്ളിക്കാതിരിക്കുക !
കഠിനാദ്ധ്വാനം കൊണ്ട് സ്വരുക്കൂട്ടിയ പണവുമായി ഒരു കിടപ്പാടം വാങ്ങാനിറങ്ങിയ നായകൻ രണ്ട് മല്ലന്മാരുടെകുടിപ്പകയിൽ കുടുങ്ങിയ ഒരു വസ്തു വാങ്ങലിൽ ഇടപെടുകയും കടുവയുടെയും കിടുവയുടെയും ഇടയിൽപ്പെട്ടആട്ടിൻ കുട്ടിയുടെ അവസ്ഥയിൽ ആയിപ്പോകുകയും ചെയ്‌തെങ്കിലും ബുദ്ധിപരവും സാഹസികവുമായഇടപെടലുകളിലൂടെ കടുവയെയും കിടുവയേയും കീഴടക്കി കിടപ്പാടം സ്വന്തമാക്കിയ അനുഭവങ്ങൾആശ്ചര്യത്തോടെയും അത്ഭുതത്തോടെയും മാത്രമേ അനുവാചകന് വായിച്ചു പോകുവാൻ സാധിക്കുകയുള്ളു.
സ്ഥാന മാനങ്ങളിൽ തീരെ താൽപ്പര്യം ഇല്ലാതിരുന്നിട്ടും വേണ്ടപ്പെട്ടവരുടെ നിർബന്ധത്തിന് വഴങ്ങി ചാത്തമറ്റം ഗവ: ഹൈസ്‌കൂളിലെ പി. ടി. എ. പ്രസിഡണ്ടായി ഒരു ടേമിൽ പ്രവർത്തിച്ചിരുന്നുവെങ്കിലും രാഷ്ട്രീയചേരിതിരിവുകളിൽ മനുഷ്യ ബന്ധങ്ങൾ മറന്നു പോയ ഒരു വിഭാഗത്തിന്റെ പീഢനങ്ങൾ ഏറ്റു വാങ്ങേണ്ടി വന്നത്അദ്ദേഹം അനുസ്മരിക്കുന്നു. എങ്കിലും കുന്നായിക്കിടന്ന ഒരിടം നിരപ്പാക്കി ഫുട്ബാൾ ഗ്രൗണ്ടാക്കുന്നതിനും സ്‌കൂളിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനായി വാട്ടർ സപ്ലെ പ്രൊജക്റ്റ് നടപ്പിലാക്കുന്നതിനും ആ ഭരണസമിതിക്കു സാധിക്കുകയുണ്ടായി.
അമേരിക്കൻ സമ്പന്നതയുടെ വന്യതയിൽ ആകൃഷ്ടരായി ന്യൂ യോർക്കിൽ വിമാനമിറങ്ങുമ്പോൾ നാട്ടിൽ നട്ടുവളർത്തിയ സ്വപ്നങ്ങളുടെ മുറിപ്പാടുകളിൽ നിന്നുള്ള നിണപ്പാടുകൾ കൂട്ടിനുണ്ടായിരുന്നു. കഠിനാദ്ധ്വാനം കൊണ്ട്നേടിയെടുത്ത രണ്ടേക്കർ പുരയിടവും സ്വന്തം ഡിസൈനിൽ പണിതെടുത്ത കൊച്ചു വീടും ഉൾപ്പടെയുള്ളസകലതും ഇന്ന് വെറും ഓർമ്മകൾ മാത്രം.
ഓപ്പർട്യൂണിറ്റികളുടെ നാട് എന്നറിയപ്പെടുന്ന അമേരിക്കൻ മണ്ണിൽ ആയുധമില്ലാതെ അടരാടുവാൻഇറങ്ങിയവന്റെ നിസ്സഹായതയാണ് ആദ്യം കുടുംബത്തിന് അനുഭവപ്പെട്ടത്. പരാജയങ്ങളിൽ നിന്നുള്ള പാഠങ്ങളുംഅതിജീവനത്തിനുള്ള അസാമാന്യ ശേഷിയും അനുഭവങ്ങളിൽ നിന്ന് തന്നെ മുന്നമേ നേടിയിരുന്നതിനാൽതീയിൽ കുരുത്ത ചങ്കൂറ്റത്തോടെയാണ് അദ്ദേഹം പ്രശ്നങ്ങളെ നേരിടുന്നത്. ജനുവരി മാസത്തിലെ കൊടുംമഞ്ഞിലും തണുപ്പിലും ഒറ്റയ്ക്ക് ബസ്‌യാത്ര ചെയ്ത് സ്റ്റാറ്റൻ ഐലണ്ടിന്റെ മുക്കിലും മൂലയിലും സഞ്ചരിച്ച്അവിടങ്ങളിലെ പ്രകൃതിയും ജീവിതവും പഠിക്കുക എന്നതായിരുന്നു ആദ്യ ടാസ്ക്. ഉച്ചയ്ക്ക് ഒരു ചായയുംബട്ടർറോളും മാത്രം കഴിച്ചു കൊണ്ടുള്ള ആ യാത്രകൾക്കിടയിൽ വന്നിട്ട് കൃത്യം ഒരു മാസം തികയുന്ന ദിവസംതന്നെ സ്വന്തമായി അന്വേഷിച്ച് ഒരു ജോലി കണ്ടെത്തുവാനും സാധിക്കുന്നുണ്ട്. .
കഠിനമായി ജോലി ചെയ്യുന്നതിനുള്ള സന്നദ്ധതയും വാക്കിലും പ്രവർത്തിയിലും പുലർത്തുന്ന സത്യസന്ധതയുംകുടുംബത്തിന്റെ പൊതു ശീലം ആയിരുന്നതിനാൽ പുതിയ അവസരങ്ങൾ കണ്ടെത്തുവാൻ അത് എല്ലാവരെയുംസഹായിച്ചു. അന്ന് പതിനൊന്നു വയസ്സുണ്ടായിരുന്ന മകൻ പഠനത്തോടൊപ്പം പത്രവിതരണം കൂടി നടത്തികുടുംബത്തെ സഹായിച്ചിരുന്നു. പത്ര വിതരണത്തിനിടയ്ക്ക് ഏതോ വീട്ടിലെ പട്ടിയുടെ കടിയേറ്റ്ചോരയൊലിക്കുന്ന കാലുമായി കരഞ്ഞു കൊണ്ട് വന്ന അവനെപ്രതി ബാത്റൂമിലെ വെള്ളം തുറന്നുവിട്ട ഒച്ചയിൽആരും കേൾക്കാതെ അവന്റെ പപ്പയായ നമ്മുടെ നായകൻ പൊട്ടിക്കരയുന്ന രംഗം വായിക്കുമ്പോൾ ആ കരച്ചിലിൽപങ്കുചേർന്ന് അറിയാതെ നമ്മളും കരഞ്ഞു പോകുന്നു.
പിന്നെപ്പിന്നെ സാഹചര്യങ്ങൾ മാറി വരുന്നു. പഠനത്തിനിടയ്ക്ക് ഒഴിവുള്ള ഏത് നേരത്തും ചെയ്യാവുന്ന പ്രത്യേകഷെഡ്യൂൾ അനുവദിച്ചു കൊണ്ട് വലിയ സ്ഥാപനമായ ‘ ജെ. പി. മോർഗൻ ‘ മകന് ജോലി കൊടുത്തതോടെകുടുംബത്തിന്റെ സാമ്പത്തിക നിലയിൽ വലിയ മാറ്റം സംഭവിച്ചു. എല്ലാവർക്കും ജോലിയും കൂലിയുംഒക്കയായപ്പോൾ സാധാരണ മനുഷ്യന്റെ സ്വപ്നങ്ങളായ വാഹനം വീട് കുട്ടികളുടെ വിവാഹങ്ങൾ എല്ലാംഒന്നൊന്നായി സാദ്ധ്യമായി.
അക്കാലത്തെ മലയാളം പ്രസിദ്ധീകരണങ്ങളായ മലയാളം പത്രം, കൈരളി, മലയാളം വാർത്ത, ജനനി, കേരളഎക്സ്പ്രസ് എന്നിവകളിൽ പതിവായി എഴുതി തന്റെ സാന്നിധ്യം അറിയിച്ചു കൊണ്ടാണ്വായനക്കാർക്കിടയിൽ ജയൻ വർഗീസ് ശ്രദ്ധേയനാവുന്നത്. ഫൊക്കാനയും കേരളാ സെന്ററും ഉൾപ്പടെയുള്ള അരഡസൻ അമേരിക്കൻ മലയാളി സ്ഥാപനങ്ങൾ അവാർഡുകൾ നൽകി അദ്ദേഹത്തെ ആദരിച്ചു.
‘തേനുള്ള പൂക്കളെ തേടി വണ്ടുകൾ പറന്നു വരും ‘ എന്ന ആപ്തവാക്യം തന്റെ ജീവിത വീക്ഷണമാക്കിയ ജയൻവർഗീസിനെ തേടിഎത്തിയത് ഇന്ത്യയിലെയും അമേരിക്കയിലെയും നിലവാരമുള്ള സ്ഥാപനങ്ങളിൽ നിന്നുള്ളപതിനഞ്ച് പ്രസ്റ്റീജിയസ് അവാർഡുകളാണ്. ഔപചാരിക വിദ്ധ്യാഭ്യാസത്തിന്റെ അക്ഷര വെളിച്ചംആസ്വദിക്കാനാവാതെ പതിനൊന്നാം വയസ്സിൽ പഠിപ്പുപേക്ഷിച്ചു പാടത്ത് പണിക്കിറങ്ങേണ്ടി വന്ന ഒരു ദരിദ്രബാലൻ അവിശ്വസനീയങ്ങളായ അജ്ഞാത സാഹചര്യങ്ങളുടെ അനേകം ഇടപെടലുകളിലൂടെ ചരിത്രത്തിൽആദ്യമായി ഒരമേരിക്കൻ യൂണിവേഴ്സിറ്റി പ്രസിദ്ധീകരിച്ച ആദ്യ മലയാള ഗ്രന്ഥത്തിന്റെ രചയിതാവ് എന്ന ചരിത്രനിയോഗം ഏറ്റുവാങ്ങി നിൽക്കുമ്പോൾ തേനുള്ള പൂവുകൾ തേടി വണ്ടുകൾ പറന്നു വരും എന്ന സ്വന്തം ജീവിതവീക്ഷണത്തിന്റെ ദാർശനിക സൂത്രവാക്യം പ്രായോഗിക തലത്തിൽ നടപ്പിലാവുകയായിരുന്നു എന്നാണ് അദ്ദേഹംവിശ്വസിക്കുന്നത്.
മലയാള സാഹിത്യത്തിൽ ഇതുവരെയില്ലാത്ത ഈ ചരിത്ര വിജയം ആകസ്മികമായി സംഭവിച്ച ഒന്നല്ലെന്നുംജയൻ വർഗീസ് എന്ന പ്രതിഭാശാലിയായ എഴുത്തുകാരന്റെ സാഹിത്യ സപര്യയുടെ ആത്മാർത്ഥതയുംനിപുണതയും ഒത്തുചേർന്നത് കൊണ്ട് കൂടിയാണ് എന്നറിയുമ്പോൾ ആരൊക്കെ അവഗണിച്ചാലുംആത്മാർത്ഥമായ കലാ സാഹിത്യ സപര്യയെ കാലം അംഗീകരിക്കുക തന്നെ ചെയ്യും എന്നതിന് തെളിവായി ഒരുപ്രതിഭാശാലിക്ക് അയാൾ അർഹിക്കുന്ന അംഗീകാരങ്ങൾ തന്നെയാണ് ലഭ്യമാവുന്നത് എന്ന് തന്നെയാണ് ഈആസ്വാദന്റെയും ദാർശനികമായ നിഗമനം.
നാടകം, കവിത, ലേഖനം എന്നീ വിവിധ സാഹിത്യ രൂപങ്ങളിൽ നിരന്തരമായി എഴുതി വായനക്കാരെബോധവൽക്കരിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ നായകന്റെ നൈസർഗ്ഗികമായ പ്രതിഭാ വിലാസം യാതൊരുപ്രതികൂല സാഹചര്യങ്ങളിലും തളരില്ല എന്നുള്ളതിനുള്ള ഉത്തമ ഉദാഹരണമാണ് അമേരിക്കയിലെയുംബ്രിട്ടനിലെയും ജർമ്മനിയിലെയും ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ നിരന്തരം പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെ രചനകൾ.
പത്ത് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. അതിൽ അവസാനത്തേതാണ് നൂറ് അദ്ധ്യായങ്ങളിലായി 664 പേജുകളുള്ള ‘ പാടുന്നു പാഴ്മുളം തണ്ട് പോലെ ‘ എന്ന ഈ ബൃഹത് ഗ്രന്ഥം. ഹൃദയസ്പർശിയും അത്യപൂർവരചനാ സൗകുമാര്യം ഉൾക്കൊള്ളുന്നതുമായ ഈ ഗ്രന്ഥം ബഹുമാന്യരായ വായനക്കാർക്ക്പരിചയപ്പെടുത്താനായതിൽ ഈ ആസ്വാദകൻ അതീവ സന്തുഷ്ടനാണ്.
ത്യാഗപൂരിതമായ തന്റെ അസാധാരണമായ ജീവിതാനുഭവങ്ങൾ ലളിത സുന്ദരമായ മനോഹര ശൈലിയിൽ സത്യസന്ധമായി ആലേഖനം ചെയ്തിട്ടുള്ള ഈ അനുഭവക്കുറിപ്പുകൾ പ്രതീക്ഷകളോടെ ഭാവിയെ ഉറ്റുനോക്കുന്നവർക്കുള്ള വഴികാട്ടിയും പരാജയങ്ങളുടെ കൂരിരുട്ടിൽ ദിക്കറിയാതെ നിൽക്കുന്നവർക്ക് പുറത്തെവെളിച്ചത്തിലേക്കുള്ള പ്രകാശ നാളവുമാണ്. കവിതയുടെ കരുത്തും നോവലിന്റെ നോവുകളും നാടകത്തിന്റെസംഘർഷവും ഒരേ കൃതിയിൽ സന്നിവേശിപ്പിച്ചു കൊണ്ട് പ്രതിഭാ ശാലിയായ ജയൻ വർഗീസ് തുറന്നു വയ്ക്കുന്നസ്വന്തം ജീവിതാനുഭവങ്ങളുടെ ഈ ഉൽകൃഷ്ട രചന മലയാള ഭാഷയ്ക്ക് ലഭിച്ച ഇതിഹാസ തുല്യമായ ഈടുറ്റസംഭാവനയും വിപ്ലവകരമായ പുത്തൻ ദിശാബോധം വായനക്കാരന് സമ്മാനിക്കുന്ന ഉത്തമ സാഹിത്യവുമാണ്.
ഒരു പ്രവാസി പ്രതിഭയുടെ ത്യാഗ പൂരിതമായ ജീവരേഖയാണ് ഈ ഗ്രന്ഥം. ആത്മ വിശ്വാസവും ലക്ഷ്യബോധവുംകൊണ്ട് ഉയരങ്ങൾ കീഴടക്കിയ കഥയാണ് ഗ്രന്ഥകാരൻ അനുവാചകരുമായി പങ്കു വയ്ക്കുന്നത്. കഠിനാദ്ധ്വാനവുംകാരുണ്യവും പൈതൃക സമ്പത്തായി ലഭിച്ചതിന്റെ ആത്മ നിർവൃതി നിറഞ്ഞു തുളുമ്പുന്ന സന്ദർഭങ്ങൾ ഈപുസ്തകത്തിൽ അങ്ങോളമിങ്ങോളം ഒരു വായനക്കാരന് കണ്ടെത്താനാവുന്നതാണ്. ഇല്ലായ്മയുടെ കുത്തിനോവിക്കലുകൾ ബാല്യകാല ‘ സുഖ ‘. ങ്ങളായി അനുഭവിക്കാൻ വിധിക്കപ്പെട്ടിട്ടും അതിൽ നിന്നെല്ലാംനിയതിയുടെ ലീലാ വിലാസത്താലും സ്വപ്രയത്നത്തിന്റെ ഉറച്ച കാൽ വയ്പുകളാലും കര കയറുകയായിരുന്നു. നാടകം, കവിത, ലേഖനം രചനകളിലൂടെ മലയാള സാഹിത്യത്തിൽ തന്റേതായ ഒരു ഇരിപ്പിടം നേടിയെടുത്ത ഈഅതുല്യ പ്രതിഭയ്ക്ക് കൂടുതൽ കൂടുതൽ ഉയരങ്ങൾ കീഴടക്കുവാൻ ഇനിയും അവസരമുണ്ടാകട്ടെ എന്ന്ആശംസിച്ചു കൊണ്ട് ഈ ആസ്വാദനത്തിനു വിരാമമിടട്ടെ ! നന്ദി.
ഡോക്ടർ നന്ദകുമാർ ചാണയിൽ
nchanayil@gmail.com