Image

നഴ്‌സുമാരുടെ സമരത്തിനെതിരെ തൃശ്ശൂർ അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത്

Published on 26 April, 2026
നഴ്‌സുമാരുടെ സമരത്തിനെതിരെ തൃശ്ശൂർ അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ്  താഴത്ത്

പ്രിയ ബഹു. വൈദികരേ, സമർപ്പിതരേ, പ്രിയ സഹോദരീ സഹോദരന്മാരേ, വത്സലമക്കളേ,

സ്നേഹവും കരുണയും കരുതലും ഒന്നിക്കേണ്ട ഇടമാണ് ആതുരശുശ്രൂഷാരംഗം. അവിടെ ഭയന്നും വേദനിച്ചും എത്തുന്ന രോഗികളുടെ കാവൽമാലാഖമാരായി വർത്തിക്കുന്നവരാണ് നഴ്‌സുമാർ. തങ്ങളുടെ ഉത്തരവാദിത്തം സ്തു‌ത്യർഹമായി നിറവേറ്റുന്ന ധാരാളം നഴ്‌സുമാർ ഉണ്ടെന്നുള്ളത് സമൂഹത്തിന് ഒരു അനുഗ്രഹമാണ്. ആദരവോടും നന്ദിയോടുംകൂടെ അവരെ ഓർക്കുന്നു. ദൗത്യബോധമുള്ള നഴ്‌സുമാരുടെ ക്ഷേമം ഉറപ്പുവരുത്തുക എന്നത് എല്ലാവരുടെയും കടമയാണെന്ന തിരിച്ചറിവും നമുക്കുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി നഴ്സുമാരുടെ സമരങ്ങളെക്കുറിച്ചുള്ള വാർത്തകൾ നമ്മെ ആശങ്കപ്പെടുത്തുന്നവയാണ്. ചിലയിടങ്ങളിൽ സമരപരിപാടികൾ അവസാനിച്ചിട്ടുണ്ടെങ്കിലും തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ആശുപത്രി, അമല മെഡിക്കൽ കോളേജ് ആശുപത്രി എന്നിവിടങ്ങളിൽ നഴ്‌സുമാരുടെ സമരം തുടരുകയാണ്. നമ്മുടെ ആശുപത്രികളിലെ സേവനങ്ങൾ സമരംമൂലം തടസ്സപ്പെടുകയോ പരിമിതപ്പെടുകയോ ചെയ്യുമ്പോൾ അത് ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത് സാധാരണക്കാരായ രോഗികളെയാണ് എന്ന കാര്യം നാം പ്രത്യേകം ഓർക്കണം. സമരക്കാരും അവരെ പിന്തുണയ്ക്കുന്നവരും പ്രചരിപ്പിക്കുന്ന വസ്‌തുതാവിരുദ്ധമായ കാര്യങ്ങൾ സഭാമക്കളിൽപോലും ചിലപ്പോൾ തെറ്റിദ്ധാരണകൾ ഉണ്ടാക്കുന്ന സാഹചര്യത്തിലാണ് ഈ സംക്ഷിപ്‌ത വിശദീകരണം നൽകുന്നത്.
നാൽപത് ദിവസത്തിലധികമായി തുടരുന്ന നഴ്‌സുമാരുടെ സമരം നീതികരിക്കാൻ കഴിയാത്തതാണ് എന്നതിനുള്ള വ്യക്തമായ പത്ത് കാരണങ്ങൾ താഴെപ്പറയുന്നവയാണ്:

1) രോഗികളുടെ ജീവൻ രക്ഷിക്കാൻ ഓരോ നിമിഷവും ജാഗ്രതയോടെ പ്രവർത്തിക്കേണ്ട ആരോഗ്യമേഖലയുടെ സുഗമമായ നടത്തിപ്പിനെ ഈ സമരം തടസ്സപ്പെടുത്തിയിരിക്കുന്നു.

2) വേണ്ടതായ നിയമപരമായ മുന്നറിയിപ്പുകൾ നൽകാതെയാണ് പലപ്പോഴും സമരപരിപാടികൾ ആരംഭിച്ചിട്ടുള്ളത്. നിയമവ്യവസ്ഥകൾ പാലിക്കാത്തത് സ്ഥാപനങ്ങളെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ്.

3) അത്യാഹിതവിഭാഗം, തീവ്രപരിചരണവിഭാഗം, ശസ്ത്രക്രിയവിഭാഗം എന്നിവിടങ്ങളിലെ സേവനങ്ങൾ തടസ്സപ്പെടുന്ന വിധത്തിൽ സമരത്തിൽ പങ്കെടുക്കാൻപാടില്ലെന്ന കോടതി നിർദ്ദേശം അവഗണിക്കപ്പെട്ടു. മരണത്തോട് മല്ലിടുന്ന രോഗികളുടെ അരികിൽ നിന്ന് പോലും ശുശ്രൂഷകരെ പിൻവലിക്കുന്നത് മനഃസാക്ഷിയുള്ള ആർക്കും അംഗീകരിക്കാനാവില്ല.

4) പ്രാബല്യത്തിലുള്ള സർക്കാർ വേതന വ്യവസ്ഥകളിൽ നിഷ്‌ക്കർഷിച്ചിട്ടുള്ളതിൽ കൂടുതൽ വേതനം നഴ്‌സുമാർക്ക് നമ്മുടെ ആശുപത്രികളിൽ നല്‌കി വരുന്നുണ്ട് എന്നതാണ് യാഥാർത്ഥ്യം.

5) പുതിയ ശമ്പളം പരിഷ്കരണം സംബന്ധിച്ച് സർക്കാർ ഉത്തരവിറങ്ങുന്ന മുറയ്ക്ക് അത് നടപ്പിലാക്കാമെന്ന് ആശുപത്രി അധികൃതർ ഉറപ്പു നൽകിയതാണ്. എന്നിട്ടും സമരം ചെയ്യുന്നവർ സമരത്തിൽനിന്ന് പിന്മാറാൻ തയ്യാറാകുന്നില്ല.

6) ലഭിച്ചുകൊണ്ടിരിക്കുന്ന യഥാർത്ഥവേതനം എത്രയെന്ന് മറച്ചുവച്ച് വേതനം സംബന്ധിച്ച തെറ്റായവിവരങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്.

7)ആശുപത്രികളിലെ ഭൂരിഭാഗം നഴ്സുമാരും  ഈ സമരത്തെ അനുകൂലിക്കുന്നില്ല.

😎 ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ആശുപത്രിയും അമല മെഡിക്കൽ കോളേജ് ആശുപത്രിയും നൽകുന്നതിനേക്കാൾ കുറവ് വേതനം നൽകുന്ന ആശുപത്രികൾ തൃശൂരിൽ തന്നെയുണ്ട്. അവിടങ്ങളിൽ ജോലിചെയ്യുന്ന നഴ്‌സുമാരുടെ വേതനവർദ്ധനവിനായി സമരങ്ങൾ നടത്തപ്പെടാത്തതിൻ്റെ പുറകിൽ ഗൂഢലക്ഷ്യങ്ങൾ ഉണ്ട് എന്നതിന്റെ തെളിവാണ്.
9) സമരക്കാർ മുന്നോട്ടു വയ്ക്കുന്ന വേതനവ്യവസ്ഥകൾ അപ്പാടെ അംഗീകരിച്ചാൽ ആശുപത്രികളിലെ സേവനചാർജ്ജുകൾ ഇനിയും വലിയ തോതിൽ ഉയരുന്ന സാഹചര്യമാണ് ഉണ്ടാവുക. ഭാരിച്ച ചികിത്സാചെലവ് പാവപ്പെട്ട രോഗികളെ കുറെക്കൂടി ദുരിതത്തിലാഴ്ത്തും.

10) സാമ്പത്തിക പ്രതിസന്ധികൾമൂലം ഇതിനോടകം തന്നെ പല  ചെറുകിട ആശുപത്രികളും അടച്ചുപൂട്ടാൻ നിർബന്ധിതമായി.
നഴ്സു‌മാരുടെ സമരങ്ങളുടെ പശ്ചാത്തലവും ദിശയും നാം ശാന്തമായി വിലയിരുത്തുമ്പോൾ നഴ്‌സുമാർക്ക് ഉയർന്ന വേതനം നേടിക്കൊടുക്കുക എന്നതിനപ്പുറത്ത് മറ്റ് നിഗൂഢലക്ഷ്യങ്ങൾ തല്പ‌ര കക്ഷികൾക്കുള്ളതായാണ് മനസ്സിലാകുന്നത്. ആരോഗ്യപരിപാലന മേഖല കോർപ്പറേറ്റുകൾക്ക് തീറെഴുതിക്കൊടുത്ത് ചികിത്സാചെലവുകൾ കുത്തനെ വർദ്ധിക്കാൻ ചിലർ നടത്തുന്ന തന്ത്രപരമായ നീക്കങ്ങളായാണ് ഈ സമരത്തെ വിലയിരുത്താനാകുന്നത്. ഇതിൽ ഏറ്റവും വേദനാജനകമായ കാര്യം, സമരത്തിൻ്റെ യഥാർത്ഥ ഉദ്ദേശ്യങ്ങൾ സമരപന്തലിൽ ഇരുന്നുരുകുന്ന നഴ്‌സുമാർക്കുപോലും വേണ്ടവിധം ഗ്രഹിക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ്. തങ്ങളുടെ മഹത്തായ ദൗത്യബോധം മറ്റാരുടെയങ്കിലും തന്ത്രങ്ങൾക്ക് ഉപകരണമാകരുതെന്ന തിരിച്ചറിവ് ആതുരശുശ്രൂഷാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഉണ്ടാകേണ്ടതാണ്.

സമരപരിപാടികൾ തുടരുന്ന സാചര്യത്തിലും സമരം തൃശൂർ അതിരൂപതയെ അവഹേളിക്കാനുള്ള അവസരമാക്കുന്നതിനാലും ഇക്കാര്യത്തെ കുറിച്ച് ഇടവകകളിൽ    ബോധവൽക്കരണം നടത്താനും പൊതുസമൂഹത്തോട് സംവദിക്കാനും നാം നിർബന്ധിതരായിരിക്കുകയാണ്.

 അതിരൂപതയിലെ സംഘടനകളുടെയും പ്രസ്ഥാനങ്ങ യുടെയും നേതൃയോഗം ശുപാർശ ചെയ്ത്‌തതനുസരിച്ച് ഈ വരുന്ന ഏപ്രിൽ 29-ാംതീയ്യതി ബുധനാഴ്ച ഉച്ചതിരിഞ്ഞ് 4.30 ന് തൃശൂർ കിഴക്കേകോട്ടയിൽ വച്ച് ഒരു വിശദീകരണയോഗം സംഘടിപ്പിക്കാൻ തിരുമാനിച്ചിട്ടുണ്ട്. തൃശൂർ അതിരൂപതയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പ്രസ്തുത വിശദീകരണയോഗത്തിലേക്ക് ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

ബഹു. വികാരിയച്ചന്മാർ ഓരോ ഇടവകയിൽ നിന്നും പ്രതിനിധിയോഗം, കുടുംബകൂട്ടായ്മകൾ, ഭക്തസംഘടനകൾ, പാസ്റ്ററൽ കൗൺസിൽ എന്നിവയിൽ നിന്നുള്ള അംഗങ്ങൾ ഉൾപ്പെടുന്ന ചുരുങ്ങിയത് 10 പേരെങ്കിലുമുള്ള ടീമുകളായി യോഗത്തിൽ സംബന്ധിക്കണം. പങ്കെടുക്കുന്നവർക്ക് ആവശ്യമായ വാഹന സൗകര്യങ്ങൾ ഇടവകയിൽ നിന്ന് ക്രമീകരിക്കേണ്ടതാണ്. ഇടവകകളിൽ വിവിധതലങ്ങളിലായി ബോധവല്ക്കരണം നൽകുന്നതിന് ആവശ്യമായ ശ്രദ്ധയും സഹകരണവും ബഹു. വികാരിയച്ചന്മാരുടെ ഭാഗത്തുനിന്നുണ്ടാകണം.

 ആതുരശുശ്രൂഷാരംഗത്ത് അർപ്പണബോധത്തോടെ സേവനം ചെയ്യുന്ന നഴ്സുമാരുടെ ന്യായമായ ആവശ്യങ്ങൾ മനസ്സിലാക്കി അവരുടെ ക്ഷേമം ഉറപ്പാക്കാൻ നാമെന്നും പ്രതിബദ്ധതയോടെ പ്രയത്നിക്കണമെന്നതിൽ തർക്കമില്ല. അതോടൊപ്പം. ഭൂരിപക്ഷം വരുന്ന സാധാരണക്കാർക്ക് മിതമായ നിരക്കിൽ ചികിത്സാസൗകര്യം ഒരുക്കുന്നതിനും നമുക്ക് കടമയുണ്ട്.

   ആയതിനാൽ ഏപ്രിൽ 29-ാം തിയ്യതി തൃശൂർ കിഴക്കേകോട്ടയിൽ നടക്കുന്ന വിശദീകരണ യോഗത്തിലേക്ക് നിങ്ങളുടെ സാന്നിധ്യം പ്രതീക്ഷിക്കുന്നു. ഉയിർത്തെഴുന്നേറ്റ കർത്താവ് നമ്മെ അനുഗ്രഹിക്കട്ടെ.പരിശുദ്ധ അമലോത്ഭവ മാതാവിന്റെ മാദ്ധ്യസ്ഥ്യ പ്രാർത്ഥനകൾ നമുക്ക് എന്നും തുണയായിരിക്കട്ടെ

മിശിഹായിൽ സ്നേഹപൂർവ്വം,
മാർ ആൻഡ്രൂസ്  താഴത്ത്
തൃശ്ശൂർ അതിരൂപത മെത്രാപ്പോലീത്ത

Join WhatsApp News
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-04-26 01:43:47
💥🔥അതെന്താ , ഇവന്മാർ അമേരിക്ക ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ സ്ഥിരം പോയിട്ട് , നഴ്സുമാരുടെ വീടുകൾ മാത്രം തപ്പിപ്പിടിച്ച് ഓടി നടന്നു പിരിവു നടത്തുന്നത് കാണാമല്ലോ???? ങേ?? അതെന്താ അങ്ങനെ ശ്രീമാൻ. താഴത്തേ ????‼️ ഇവിടെ വന്നാൽ നിങ്ങൾ മേളത്തേ കൊമ്പത്തു മാത്രമേ പിടിക്കതൊള്ളല്ലോ....അതെന്താ???? Rejice
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക