Image

മുഖ്യമന്ത്രി മോഹം മനസില്‍ കിടന്ന് തിളയ്ക്കുന്നു; കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയാ സെല്ലില്‍ ചേരിതിരിഞ്ഞ് പോര് (എ.എസ് ശ്രീകുമാര്‍)

Published on 25 April, 2026
മുഖ്യമന്ത്രി മോഹം മനസില്‍ കിടന്ന് തിളയ്ക്കുന്നു; കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയാ സെല്ലില്‍ ചേരിതിരിഞ്ഞ് പോര് (എ.എസ് ശ്രീകുമാര്‍)

കാര്യം പറയുന്നവരാണ് യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാര്‍ എന്നാണ് വയ്പ്പ്. എങ്കില്‍ മുന്‍ മന്ത്രിയും മുതിര്‍ന്ന സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ എ.കെ ബാലന്‍ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റാണ്. കാരണം അദ്ദേഹം ഒരു കാര്യം പറഞ്ഞിരിക്കുന്നു. ഗര്‍ഭം ഉണ്ടാവും മുമ്പേ കുട്ടിയുടെ ജാതകം നോക്കുന്നുവെന്നും ഇത് കോണ്‍ഗ്രസിന്റെ ആഭാസത്തരമാണെന്നുമാണ് കോണ്‍ഗ്രസിലെ മുഖ്യമന്ത്രി തര്‍ക്കത്തില്‍ എ.കെ ബാലന്റെ പരിഹാസം. ചെന്നിത്തലയെയും വി.ഡി സതീശനെയും പരസ്പരം അടിപ്പിക്കുന്ന നിലപാടാണ് കെ.സിയുടേത്. ഗര്‍ഭം ഉണ്ടാവും മുമ്പേ കുട്ടിയുടെ ജാതകം നോക്കുകയാണെന്നും ഇത് കോണ്‍ഗ്രസിന്റെ ആഭാസത്തരമാണെന്നും എ.കെ ബാലന്‍ ആവര്‍ത്തിച്ചു. അതേ ബാലന്‍ പറഞ്ഞതാണ് സത്യം. അതാണിപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ് ക്യാമ്പുകളില്‍ നടക്കുന്നത്.

അതുകൊണ്ട്, മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കോണ്‍ഗ്രസിനുള്ളില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്ക് കര്‍ശന വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്. പത്ര, ദൃശ്യ മാധ്യമങ്ങളിലൂടെയോ സാമൂഹ്യ മാധ്യമങ്ങളിലൂടെയോ നടത്തുന്ന ഇത്തരം പ്രസ്താവനകള്‍ സംഘടനയുടെ പ്രതിച്ഛായയെ പൊതുസമൂഹത്തില്‍ മോശമായി ബാധിക്കുമെന്നും അച്ചടക്കലംഘനമായി കണക്കാക്കുമെന്നുമാണ് വ്യക്തമാക്കിയിരിക്കുന്നത്. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പും ഇത്തരമൊരു വിലക്ക് അദ്ദേഹം കല്‍പ്പിച്ചിരുന്നു. എന്നാല്‍ അതാരും ഗൗനിക്കാതെ കടിപിടി തുടരുകയായിരുന്നു. അതുകൊണ്ടാണ് പുതിയ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പക്ഷേ പരസ്യ പ്രസ്താവന നടത്തിയാല്‍ ഏതുതരത്തിലുള്ള കര്‍ശന നടപടിയെടുക്കമെന്ന് അദ്ദേഹം പറയുന്നില്ല.

സണ്ണി ജോസഫല്ല സാക്ഷാല്‍ രാഹുല്‍ ഗാന്ധി വിലക്കിയാലും കസേരകളി നിര്‍ബാധം തുടരും. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, രമേശ് ചെന്നിത്തല എം.എല്‍.എ, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എന്നിവര്‍ക്കുവേണ്ടിയുള്ള അങ്കംവെട്ടാണിപ്പോള്‍ കലശലായി നടക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് ഫലമറിയാന്‍ വെറും എട്ട് ദിവസം മാത്രം ശേഷിക്കെ മുഖ്യമന്ത്രിക്കസേര ഉറപ്പിക്കാനുള്ള പിടിവലിക്ക് ശക്തി കൂടിയിട്ടുണ്ട്. മേല്‍പ്പറഞ്ഞ മൂവരും പ്രത്യക്ഷത്തില്‍ വലിയ കുഴപ്പമില്ലാതെയാണ് കാണുന്നതെങ്കിലും ഉള്ളിന്റെയുള്ളില്‍ ആ വലിയ മോഹം കിടന്ന് വെട്ടിത്തിളക്കുകയാണ്.

കെ.പി.സി.സിയുടെ ഡിജിറ്റല്‍ മീഡിയ സെല്ലിലാണ് മൂവര്‍ക്കും വേണ്ടിയുള്ള ചേരിതിരിഞ്ഞുള്ള അടി. പാരമ്പര്യം കൊണ്ടും സമരചരിത്രം കൊണ്ടും നേതൃസ്ഥാനത്തേയ്ക്ക് ചെന്നിത്തല യോഗ്യനാണെന്ന് സ്ഥാപിക്കാന്‍ പഴയ ചിത്രങ്ങള്‍ സഹിതം പ്രചാരണം നടക്കുന്നുണ്ട്. മുതിര്‍ന്ന നേതാക്കളെ അധിക്ഷേപിക്കുന്നതിന് നേതൃത്വം നല്‍കിയത് എറണാകുളത്തെ വി.ഡി സതീശന്‍ ഗ്രൂപ്പിലെ പ്രധാനിയും കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ സെല്‍ കോര്‍ഡിനേറ്ററുമായ വിമല ബിനുവാണെന്നാണ് ആരോപണം. കെ സുധാകരനെ അധിക്ഷേപിക്കുന്ന വിമല ബിനുവിന്റെ വാട്‌സ്ആപ്പ് ചാറ്റ് ഇതിനിടെ പുറത്തുവന്നിരുന്നു.

'ഇലക്ഷന്‍ 2026 വി.ഡി.എസ്' എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പിലെ ചാറ്റുകളായിരുന്നു പുറത്തുവന്നത്. വിമല ബിനുവാണ് ഇതിന്റെ അഡ്മിന്‍. ''കണ്ണൂര്‍ സിഹം എന്നല്ല ഏത് കോണോത്തിലെ സിംഹം അലറിയാലും രാവും പകലും കഷ്ടപ്പെട്ടവന്റെ ഒപ്പം...'' എന്ന ക്യാപ്ഷനോട് കൂടി വി.ഡി സതീശന്റെ പടം വിമല ബിനു ഗ്രൂപ്പില്‍ പങ്കുവെക്കുകയുണ്ടായി. റോജി എം ജോണിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ അധിക്ഷേപത്തിനും ഈ ഗ്രൂപ്പില്‍ ആഹ്വാനം ചെയ്യുകയുണ്ടായി. വിമല ബിനുവിനെതിരെ കെ.പി.സി നടപടി ഉണ്ടാകുമെന്ന അഭ്യൂഹങ്ങളും ഇതിനിടെ ഉണ്ടായിട്ടുണ്ട്. എന്നാല്‍ മുഖ്യമന്ത്രി കസേര തര്‍ക്കത്തില്‍ തന്റെ പേരില്‍ വ്യാജ സ്‌ക്രീന്‍ ഷോട്ടുകള്‍ പ്രചരിപ്പിക്കുന്നുവെന്നും പ്രചരണം നടത്തിയവര്‍ക്കെതിരെ കേസെടുക്കണമെന്നും വിമല ഡി.ജി.പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

ഇതിനിടെ കെ.സി വേണുഗോപാല്‍ പക്ഷക്കാരനായ അജയ് തറയില്‍ ''എന്റെ സ്വപ്നത്തിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി...'' എന്ന തലക്കെട്ടോടെ ഫെയ്‌സ് ബുക്കില്‍ ഇട്ട പോസ്റ്റില്‍, ''ഒരു ദിവസമെങ്കിലും ജയിലില്‍ കിടന്നവനും ഒരിറ്റ് വെള്ളമെങ്കിലും ജലപീരങ്കിയില്‍നിന്ന് ശരീരത്തില്‍ പതിച്ചവനുമാകണം മുഖ്യമന്ത്രി...'' എന്ന് പറയുന്നു. വിദ്യാര്‍ഥി, യൂത്ത് കോണ്‍ഗ്രസ് നേതാവായിരിക്കെത്തന്നെ ദേശീയ തലത്തില്‍ നേതാക്കളുമായി അടുത്ത ബന്ധം സ്ഥാപിച്ചിരുന്നെന്നും ഇന്ദിര, രാജീവ് തുടങ്ങിയവരോടെല്ലാം അടുപ്പമുണ്ടായിരുന്നു എന്നും ചെന്നിത്തലയ്ക്ക് വേണ്ടി ഒരു കൂട്ടര്‍ വാദമുയര്‍ത്തുന്നത്. ഇങ്ങനെ മുഖ്യമന്ത്രി ആരാകണം എന്നതിനെ ചൊല്ലിയുള്ള സൈബര്‍ പോര് അവസാനം ഇല്ലാതെ തുടരുകയാണ് സംസ്ഥാന കോണ്‍ഗ്രസില്‍.

പ്രധാന നേതാക്കള്‍ കാര്യമായ പ്രതികരണം നടത്തുന്നില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ കെ.സി വേണുഗോപാലിനെയും വി.ഡി സതീശന്റെയും രമേശ് ചെന്നിത്തലയുടെയും അനുയായികള്‍ ചേരിതിരിഞ്ഞ് രൂക്ഷമായി ഏറ്റുമുട്ടുകയാണ്. ഇതിനിടെ തിരഞ്ഞെടുപ്പില്‍ ജയിച്ച് എം.എല്‍.എ ആകാന്‍ സാധ്യതയുള്ളവരുടെ പിന്തുണ ഉറപ്പിക്കാനുള്ള നീക്കങ്ങളും മൂന്ന് നേതാക്കളുടെയും വിശ്വസ്തര്‍ അണിയറയില്‍ തുടങ്ങിയിട്ടുണ്ട്. അതേസമയം, കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ച യു.ഡി.എഫിന് വോട്ട് ചെയ്തവര്‍ക്ക് നിരാശയുണ്ടാക്കുന്നുവെന്ന രൂക്ഷ വിമര്‍ശനവുമായി മുസ്ലിംലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് എം.എല്‍.എ രംഗത്തുവന്നു.

ചര്‍ച്ചകള്‍ തടയേണ്ടവര്‍ തന്നെ പരസ്യപ്രസ്താവന നടത്തുകയാണെന്നും ഉപ മുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസ് ലീഗിന് കണ്ടറിഞ്ഞു നല്‍കുമെന്നും അബ്ദുള്‍ ഹമീദ്  പറഞ്ഞു. ഉപമുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് കോണ്‍ഗ്രസ് ആലോചിക്കുക പോലും ചെയ്യാത്ത സാഹചര്യത്തില്‍ മുസ്ലീം ലീഗ് അവസരം മുതലാക്കി ഒരു ചൂണ്ടയെറിഞ്ഞിരിക്കുകയാണ്. അങ്ങനെ അവരുടെ മനസിലിരിപ്പും വ്യക്തമായി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക