
ഇക്വേറ്റോറിയൽ ഗിനിയയിലെ ജയിലിൽ പാപ്പാ സന്ദർശനം നടത്തിയപ്പോൾ (ANSA)
അമേരിക്കയിലെ, ഇല്ലിനോയിസ് സംസ്ഥാനം 2011 ജൂലൈ 1-ന് വധശിക്ഷ റദ്ദാക്കി ഉത്തരവ് പുറപ്പെടുവിച്ചതിന്റെ പതിനഞ്ചാം വാർഷികത്തിൽ, ഡി പോൾ സർവ്വകലാശാലയിൽ, നടത്തിയ സമ്മേളനത്തിൽ സംബന്ധിച്ചവർക്ക്, ലിയോ പതിനാലാമൻ പാപ്പാ വീഡിയോ സന്ദേശം പങ്കുവച്ചു . ഓരോ മനുഷ്യജീവനും, അതിന്റെ ഉത്ഭവം മുതൽ, സ്വാഭാവിക മരണം വരെ, സംരക്ഷിക്കപ്പെടേണ്ടതും, പരിശുദ്ധവുമാണെന്നുള്ള, കത്തോലിക്കാ സഭയുടെ തുടർച്ചയായ പഠനങ്ങളെ ഓർമ്മപ്പെടുത്തിക്കൊണ്ടാണ് പാപ്പാ വീഡിയോ സന്ദേശം പങ്ക് വച്ചത്.
ഏവരെയും കണ്ടുമുട്ടുന്നതിൽ തന്റെ സന്തോഷവും പാപ്പാ അറിയിച്ചു. ജീവിക്കുവാനുള്ള അവകാശം എല്ലാ മനുഷ്യാവകാശങ്ങളുടെയും അടിസ്ഥാനമാണെന്നും പാപ്പാ ചൂണ്ടിക്കാട്ടി. ഇക്കാരണത്താൽ, ഒരു സമൂഹം മനുഷ്യജീവിതത്തിന്റെ പവിത്രത കാത്തുസൂക്ഷിച്ചാൽ മാത്രമേ അത് തഴച്ചുവളരുകയും അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യുകയുള്ളൂവെന്നും പാപ്പാ കൂട്ടിച്ചേർത്തു.
വളരെയധികം ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്യുമ്പോഴും ഒരു വ്യക്തിയുടെ അന്തസ്സ് നഷ്ടപ്പെടുന്നില്ലെന്നുള്ളത് ഇത് സ്ഥിരീകരിക്കുന്നുവെന്നും പാപ്പാ ചൂണ്ടിക്കാട്ടി. കുറ്റവാളികൾക്ക് വീണ്ടെടുപ്പിന്റെ സാധ്യത പൂർണ്ണമായും ഒഴിവാക്കാതെ, പൗരന്മാരുടെ സംരക്ഷണത്തിനായി, ഫലപ്രദമായ തടങ്കൽ സംവിധാനങ്ങൾ വികസിപ്പിക്കണമെന്നും പാപ്പാ അടിവരയിട്ടു. കുറ്റവാളികൾക്ക് മാനസാന്തരത്തിനുള്ള അവസരങ്ങൾ നൽകുന്നതിന്, വധശിക്ഷയെ ആശ്രയിക്കാതെതന്നെ പൊതുനന്മ സംരക്ഷിക്കാമെന്നും, നീതിയുടെ ആവശ്യകതകൾ നിറവേറ്റാമെന്നുമുള്ള ഫ്രാൻസിസ് പാപ്പായുടെ ആഹ്വാനവും പാപ്പാ എടുത്തുപറഞ്ഞു. വധശിക്ഷ ഒരു വ്യക്തിയുടെ അലംഘനീയതയ്ക്കും അന്തസ്സിനും നേരെയുള്ള അക്രമണമാണെന്നതിനാൽ, അത് അസ്വീകാര്യമാണെന്നും പാപ്പാ കൂട്ടിച്ചേർത്തു.
2011 ൽ ഇല്ലിനോയിസ് ഗവർണർ എടുത്ത വധശിക്ഷ റദ്ദാക്കുവാനുള്ള തീരുമാനത്തിന്റെ വാർഷിക ആഘോഷത്തിൽ, താനും പങ്കുചേരുന്നുവെന്നു പറഞ്ഞ പാപ്പാ, അമേരിക്കയിലും ലോകമെമ്പാടും വധശിക്ഷ നിർത്തലാക്കാൻ വാദിക്കുന്നവർക്ക് തന്റെ പിന്തുണയും വാഗ്ദാനം ചെയ്തു. ഇത്തരം പരിശ്രമങ്ങൾ ഓരോ വ്യക്തിയുടെയും അന്തസ്സിനെ കൂടുതൽ അംഗീകരിക്കുന്നതിലേക്ക് നയിക്കുമെന്നും, അതേസമയം നീതിയുക്തമായ ലക്ഷ്യത്തിനായി പ്രവർത്തിക്കാൻ മറ്റുള്ളവരെ പ്രചോദിപ്പിക്കുമെന്നും, അതിനായി താൻ പ്രാർത്ഥിക്കുന്നുവെന്നും പാപ്പാ സന്ദേശത്തിൽ എടുത്തു പറഞ്ഞു.