Image

ഹെർമൻ ഗുണ്ടർട്ട് ; 133-ാം ഓർമ്മദിനം : ആർ. ഗോപാലകൃഷ്ണൻ

Published on 25 April, 2026
ഹെർമൻ ഗുണ്ടർട്ട് ; 133-ാം ഓർമ്മദിനം : ആർ. ഗോപാലകൃഷ്ണൻ

കേരളത്തിനും മലയാള ഭാഷയ്ക്കും ഏറ്റവും മൂല്യവത്തായ സംഭാവനകൾ നൽകിയ ജർമൻ ഭാഷാ പണ്ഡിതനായിരുന്നുവല്ലോ റെവ്. ഡോ. ഹെർമൻ ഗുണ്ടർട്ട്: മതപ്രചരണത്തിനായി ഇവിടെ വന്ന് ഭാഷ പോഷണത്തിനായി ജീവിതമർപ്പിക്കുകയും ചെയ്ത ഒരു മഹാത്‌മാവ്‌. മലയാള ഭാഷയ്‌ക്ക് വ്യാകരണമെഴുതിയ ഭാഷാ പണ്ഡിതൻ. മലയാള നിഘണ്ടു ചമച്ച ഭാഷസ്‌നേഹി. മലയാളത്തിലെ ആദ്യത്തെ പത്രങ്ങള്‍ തുടങ്ങിയ ആദ്യ ജേർണലിസ്റ്റ്.

ഹെർമൻ ഗുണ്ടർട്ട് ജർമനിയിലേക്ക് മടങ്ങിപോയപ്പോൾ മലയാൾമയുടെ തിരുശേഷിപ്പുകളായ പല രേഖകളും കൂടെ കൊണ്ടുപോയി; അങ്ങനെ‌ കൊണ്ടു പോയത്‌ മലയാളികൾ ഇന്നോളം കാണാത്ത മലയാള ഭാഷയുടേയും സാമൂഹ്യ വ്യവസ്‌ഥിതിയുടേയും ചരിത്രരേഖകൾ.

ഭാഗ്യവശാൽ ജർമനിയിലെ ട്യൂബിങ്ങ് സർവകലാശാല അവയെല്ലാം നമുക്ക് ലഭ്യമാക്കിയിട്ടുണ്ട്: ജർമനിയിലെ ട്യൂബിങ്ങ് സർവകലാശാലയുടെ ഹെർമൻ ഗുണ്ടർട്ട് പോർട്ടൽ.

ഇദ്ദേഹത്തിന്റെ133-ാം ചരമവാർഷിക ദിനം.... സ്മരണാഞ്ജലികൾ ! 

കേരളത്തിനും മലയാള ഭാഷയ്ക്കും ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ ജര്‍മന്‍ ഭാഷാ പണ്ഡിതനായിരുന്നു ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട് ജർമനിയിലെ സ്റ്റുട്ട്ഗാര്‍ട്ട് എന്ന സ്ഥലത്ത് 1814 ഫെബ്രുവരി 4-നു ജനിച്ചു.

1836 ജൂലൈ 7-നു് ഇന്ത്യയിലെത്തി. മദ്രാസ് പ്രസിഡന്‍സിയുടെ വിവിധഭാഗങ്ങളില്‍ മതപ്രചരണ സംബന്ധമായ ജോലികള്‍ നടത്തുന്നതിനിടയില്‍ 1838 ഒക്ടോബര്‍ 7-നു് ഗുണ്ടര്‍ട്ടും ഭാര്യയും തിരുനെല്‍വേലിയില്‍ നിന്നും തിരുവന്തപുരത്തെത്തി താമസമാക്കി. തമിഴ്‌നാട്ടിലെ ഹ്രസ്വകാല ജീവിതത്തിനിടയില്‍ തമിഴ്ഭാഷയില്‍ പ്രസംഗപാടവം നേടിയ ഗുണ്ടര്‍ട്ട് അതിവേഗം മലയാളവും പഠിച്ചു.

ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ടിനെ മലയാളം പഠിപ്പിച്ചത് ഊരാച്ചേരി ഗുരുനാഥന്‍മാര്‍ ആണ്. തലശ്ശേരിക്കടുത്ത് ചൊക്ലിയിലെ കവിയൂര്‍ ആണ് ഗുരുനാഥന്‍മാരുടെ ജന്മദേശം. താമസിയാതെ തലശ്ശേരിയിലും നെട്ടൂരിലും സ്കൂളുകളും നെട്ടൂരില്‍ ഒരു കല്ലച്ചുകൂടവും സ്ഥാപിച്ചു. ‘ബാസല്‍ മിഷന്‍’ എന്ന അന്തര്‍ദ്ദേശീയ മത സംഘടനയുടെ ഇന്ത്യയിലെ സെക്രട്ടറിയായും സ്കൂള്‍ ഇന്‍സ്പെക്ടറായും പ്രവര്‍ത്തിച്ചു. ഇക്കാലഘട്ടത്തില്‍ സ്കൂളുകളില്‍ പഠിപ്പിക്കാനായി മലയാളം, കന്നട, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ പുസ്തകങ്ങള്‍ എഴുതി അച്ചടിച്ചു പ്രസിദ്ധീകരിച്ചു.

ഒരു സാധാരണ പാതിരിയായി പ്രവര്‍ത്തിച്ചെങ്കിലും, ഭാഷാ പാണ്ഡിത്യത്തിന്റെ പേരിലാണ് അദ്ദേഹം ചരിത്രത്തില്‍ അവിസ്മരണീയനായത്. 1868-ല്‍ എഴുതിയ 'മലയാള വ്യാകരണം'; 'ഗുണ്ടര്‍ട്ട് നിഘണ്ടു' എന്ന മലയാളം–-ഇംഗ്ലീഷ് ഡിൿഷണറി; 'കേരള ഉല്‍പ്പത്തി' (മംഗലാപുരം/1843) എന്നിവ സുപ്രധാനമാണ്. ബൈബിള്‍ വേദ പുസ്തകവും മലയാളത്തിലേക്ക് ഗുണ്ടര്‍ട്ട് പരിഭാഷപ്പെടുത്തി ഭാഷാ വ്യാകരണത്തില്‍ അദ്ദേഹം നടത്തിയ പഠനങ്ങള്‍, സംസ്കൃതേതരമായ ആദ്യത്തെ ആധികാരിക പഠനമായിരുന്നു.

തലശ്ശേരിയിലെ ഇല്ലിക്കുന്നില്‍ കല്ലച്ച് സ്ഥാപിച്ച് സ്വന്തമായി രണ്ടു പ്രസിദ്ധീകരണങ്ങള്‍ ഗുണ്ടര്‍ട്ട് നടത്തിയിട്ടുണ്ട്. 1847-ൽ തുടങ്ങിയ 'രാജ്യസമാചാരം' മലയാളത്തിലെ ആദ്യത്തെ വര്‍ത്തമാന പത്രവും ആനുകാലികവുമായി വിലയിരുത്തപ്പെടുന്നു. 42 ലക്കങ്ങള്‍ ഇറക്കി. സുവിശേഷ പ്രവർത്തനത്തിനായി 'പശ്ചിമോദയം' എന്ന പത്രവും തുടങ്ങി...

മലയാളത്തിലെ രണ്ടാമത്തെ വർത്തമാന പ്രസിദ്ധീകരണമായ 'പശ്ചിമോദയം', ഒക്ടോബർ 1847 -ല്‍ തന്നെ ഇല്ലിക്കുന്നില്‍ നിന്നുതന്നെ 'പശ്ചിമോദയം' എന്നൊരു പ്രസിദ്ധീകരണവും അദ്ദേഹം തുടങ്ങി. 'രാജ്യസമാചാര'ത്തിന് സമാനമായിരുന്നു ഈ പത്രത്തിന്റേയും ഘടന. എന്നാൽ ഉള്ളടക്കത്തിൽ 'രാജ്യസമാചാര'ത്തിൽനിന്നും വ്യത്യസ്തമായി 'പശ്ചിമോദയ'ത്തിൽ ക്രൈസ്തവ വിഷയങ്ങൾക്ക് പുറമേ ശാസ്ത്രം, ചരിത്രം, ജ്യോതിശ്ശാസ്ത്രം, ഭൂമിശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലും ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. 'രാജ്യസമാചാര'ത്തെ അപേക്ഷിച്ച് ആധുനിക മാധ്യമപ്രവര്‍ത്തനത്തിന്റെ സ്വഭാവം ഈ പ്രസിദ്ധീകരണത്തിനാണ് ഉണ്ടായിരുന്നത് എന്ന് രണ്ടും വായിച്ചിട്ടുള്ളവര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

1859-ല്‍ രോഗബാധിതനായി ജര്‍മ്മനിയിലേക്കു മടങ്ങിപ്പോയി. 1893 ഏപ്രില്‍ 25-ന് അദ്ദേഹം അന്തരിച്ചു.

തലശ്ശേരിയില്‍ ഗുണ്ടര്‍ട്ടിന്റെ ഒരു പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. പ്രശസ്ത ജര്‍മ്മന്‍ നോവലെഴുത്തുകാരനും നോബല്‍ സമ്മാനിതനുമായ ഹെര്‍മ്മന്‍ ഹെസ്സെ ഗുണ്ടര്‍ട്ടിന്റെ ചെറുമകനായിരുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക