
വത്തിക്കാന്‍ : റോമിന്റെ മെത്രാനും ഒരിടയനുമെന്ന നിലയിൽ ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കാനും, ദൈവജനത്തെ അടുത്തറിയാനും അവരെ അനുധാവനം ചെയ്യാനുമാണ് താൻ ശ്രമിക്കുന്നതെന്നും, എന്നാൽ അപ്പസ്തോലികയാത്രയുടെ കൂടെ ഭാഗമായി രാഷ്ട്രത്തലവന്മാരുമായി സംസാരിക്കേണ്ടിവരുമ്പോൾ, പൊതുനന്മ ലക്ഷ്യമാക്കി പ്രവർത്തിക്കുന്നതിന് അവരെ ആഹ്വാനം ചെയ്യാൻ താൻ പരിശ്രമിക്കാറുണ്ടെന്നും ലിയോ പതിനാലാമൻ പാപ്പാ. തന്റെ മൂന്നാമത്തേതും, ആഫ്രിക്കയിലേക്കുള്ള ആദ്യത്തേതുമായ പതിനൊന്ന് ദിവസങ്ങൾ നീണ്ട അപ്പസ്തോലികയാത്രയ്ക്ക് ശേഷം വത്തിക്കാനിലേക്ക് മടങ്ങിവരവേ, കൂടെയുണ്ടായിരുന്ന എഴുപതോളം വരുന്ന മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു പാപ്പാ.
ഇറാനും യുദ്ധവും
ഭൂമിയെയും അതിലെ സമാധാനപൂർണമായ വാസത്തെയും തകിടം മറിക്കുന്ന സ്വേശ്ചാധിപതികളെക്കുറിച്ചും, ഇറാനിലെ ഭരണമാറ്റത്തെക്കുറിച്ചും പ്രതിപാദിച്ചുകൊണ്ട് ഇറ്റലിയിലെ റായ് ടെലിവിഷന്റെ ഒന്നാം ചാനൽ (Tg1) പ്രവർത്തകൻ മുന്നോട്ട് വച്ച ചോദ്യത്തിന് മറുപടി നൽകിയ പാപ്പാ, സമാധാനത്തിന്റെ മനോഭാവവും സംസ്കാരവുമാണ് നാം പ്രോത്സാഹിപ്പിക്കേണ്ടതെന്ന് പറഞ്ഞു. ചില അവസരങ്ങളിൽ പ്രശ്നപരിഹാരത്തിനുള്ള വഴിയായി ആക്രമണങ്ങളും യുദ്ധവും തിരഞ്ഞടുക്കപ്പെടുമ്പോൾ, കൊല്ലപ്പെടുന്ന നിരവധി നിഷ്കളങ്കരായ മനുഷ്യരുണ്ടെന്ന കാര്യം നമ്മൾ മറക്കരുതെന്ന് പരിശുദ്ധ പിതാവ് ഓർമ്മിപ്പിച്ചു. നാം മുന്നോട്ട് വയ്ക്കുന്ന മൂല്യങ്ങൾ നേടിയെടുക്കേണ്ടത് അത്തരം മനുഷ്യരുടെ ജീവൻ നഷ്ടപ്പെടുത്തിക്കൊണ്ടാകരുതെന്ന് പാപ്പാ ആവർത്തിച്ചു.
ഇറാനിലെ ഭരണമാറ്റവും യുദ്ധവും സംബന്ധിച്ച് സംസാരിക്കവെ, ഇറാന്റെയും അമേരിക്കയുടെയും നിലപാടുകളിൽ തുടരെ ഉണ്ടായിരിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളും, യുദ്ധത്തിന്റെ ആദ്യദിനങ്ങളിൽത്തന്നെ കൊല്ലപ്പെട്ട നിരവധി മനുഷ്യജീവനുകളും പരാമർശിച്ച പാപ്പാ, ലോകത്തെമ്പാടും സങ്കീർണ്ണമായ സാമ്പത്തികസ്ഥിതി സൃഷ്ടിക്കാൻ കാരണമായ ഈ ആക്രമണങ്ങൾ, ഇറാനിലെ നിഷ്കളങ്കരായ മനുഷ്യരുടെ ജീവിതത്തിൽ വലിയ സഹനങ്ങളാണ് വരുത്തിവയ്ക്കുന്നതെന്ന സത്യം നമുക്ക് മുന്നിലുണ്ടെന്ന് ഓർമ്മിപ്പിച്ചു.
യുദ്ധഭീഷണി മാറ്റി വച്ച്, സമാധാനം പ്രോത്സാഹിപ്പിക്കാൻ വേണ്ട സംവാദങ്ങൾ പ്രോത്സാഹിപ്പിക്കുകയും അന്താരാഷ്ട്രനിയമങ്ങൾ പാലിക്കുകയും നിഷ്കളങ്കരായ മനുഷ്യർ സംരക്ഷിക്കപ്പെടുകയും വേണ്ടതുണ്ടെന്ന് പാപ്പാ പ്രസ്താവിച്ചു. സഭയെന്ന നിലയിലും, ഇടയനെന്ന നിലയിൽ യുദ്ധത്തെ അനുകൂലിക്കുന്ന നിലപാടെടുക്കാൻ തനിക്കാകില്ലെന്ന് പാപ്പാ ഉറപ്പിച്ചു പറഞ്ഞു.
സ്പെയിനിലേക്കുൾപ്പെടെയുള്ള കുടിയേറ്റവും തെക്കിന്റെ വികസനവും
കുടിയേറ്റപ്രശ്‍നങ്ങളുമായി ബന്ധപ്പെട്ട സ്പെയിനിലെ കോപ്പ് റേഡിയോ (Radio Cope) പ്രവർത്തകയുടെ ചോദ്യത്തിന് മറുപടി പറയവേ, ഭൂമിയുടെ വടക്കൻ പ്രദേശങ്ങൾ, തെക്കൻ പ്രദേശങ്ങളിലുള്ള മനുഷ്യരെ സഹായിക്കാൻ വേണ്ടി ചെയ്യുന്നതെന്താണെന്ന് പാപ്പാ സംശയമുയർത്തി. തങ്ങളുടെ അതിർത്തികൾ സംരക്ഷിക്കാൻ എല്ലാ രാജ്യങ്ങൾക്കും അവകാശമുണ്ടെന്ന് പറഞ്ഞ പാപ്പാ, യാതൊരു നിബന്ധനകളുമില്ലാതെ എല്ലാവർക്കും പ്രവേശനം അനുവദിക്കണമെന്ന ഒരു നിലപാട് തനിക്കില്ലെന്ന് വ്യക്തമാക്കി. വികസിത രാജ്യങ്ങൾ വികസ്വരരാജ്യങ്ങൾക്ക് വേണ്ടി ചെയ്യേണ്ട പ്രവർത്തനങ്ങളിലേക്ക് പാപ്പാ ഏവരുടെയും ശ്രദ്ധ വീണ്ടും ക്ഷണിച്ചു.
മിനറലുകൾ എടുക്കാനുള്ള ഇടമായി ആഫ്രിക്കയെ കണക്കാക്കുന്നതിനെ പാപ്പാ അപലപിച്ചു. കുടിയേറ്റം ആവശ്യമായി വരാത്ത വിധത്തിൽ, നീതിയും സമത്വവും വികസനവും എല്ലായിടങ്ങളിലും ഉണ്ടാകേണ്ടതിന്റെ ആവശ്യം പാപ്പാ എടുത്തുപറഞ്ഞു. കുടിയേറ്റക്കാരും മനുഷ്യരാണെന്നും, മൃഗങ്ങളെക്കാൾ മോശമായ രീതിയിൽ അവരോട് പെരുമാറരുതെന്നും അവരുടെ അന്തസ്സ് മാനിക്കണമെന്നും പാപ്പാ ഓർമ്മിപ്പിച്ചു.
സ്വവർഗ്ഗവിവാഹവും ആശീർവാദവും
മ്യൂണിച് ഫ്രൈസിങ് അതിരൂപതാദ്ധ്യക്ഷൻ കർദ്ദിനാൾ റയ്‌നാർഡ് മാർക്സ് തന്റെ രൂപതയിൽ സ്വവർഗ്ഗവിവാഹക്കാർക്ക് ആശീർവാദം നൽകുന്നതിന് അനുമതി നൽകിയെന്ന വാർത്തയെക്കുറിച്ച് പരാമർശിച്ച്, സഭയുടെ ഐക്യവുമായി ബന്ധപ്പെട്ട് ആർഡ് റുണ്ട്ഫുങ്ക് (Ard Rundfunk) പ്രവർത്തക മുന്നോട്ട് വച്ച ചോദ്യത്തിന് മറുപടി പറഞ്ഞ പാപ്പാ, സഭയുടെ ഐക്യം ലൈംഗികതയുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്ക് ഒതുക്കരുതെന്ന് പറഞ്ഞു. ധാർമ്മികതയെന്നാൽ ലൈംഗികതയുമായി ബന്ധപ്പെട്ടത് മാത്രമല്ല. നീതി, സമത്വം, സ്ത്രീപുരുഷ സ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം തുടങ്ങിയ നിരവധി കാര്യങ്ങളുമായി ബന്ധപ്പെട്ടതാണ് അതെന്ന് പാപ്പാ വിശദീകരിച്ചു. ജർമൻ മെത്രാന്മാർ സ്വവർഗ്ഗവിവാഹം സംബന്ധിച്ച കാര്യങ്ങൾ ഇതിനോടകം ചർച്ച ചെയ്തുകഴിഞ്ഞുവെന്ന് പാപ്പാ കൂട്ടിച്ചേർത്തു.
സ്വവർഗ്ഗദമ്പതികളുടെ വിവാഹം ഔപചാരികമായി ആശീവദിക്കില്ലെന്നത് പരിശുദ്ധ സിംഹാസനം ഇതിനോടകം വ്യക്തമാക്കിക്കഴിഞ്ഞതാണെന്ന് പറഞ്ഞ പാപ്പാ, എന്നാൽ ഫ്രാൻസിസ് പാപ്പാ പറഞ്ഞിരുന്നതുപോലെ, എല്ലാവർക്കും വിശുദ്ധ കുർബാന പോലെയുള്ള അവസരങ്ങളിൽ ആശീർവാദം സ്വീകരിക്കാൻ അനുവാദമുണ്ടെന്ന് വ്യക്തമാക്കി. ഏവരും, ഏവരും എന്ന ഫ്രാൻസിസ് പാപ്പായുടെ പ്രയോഗം, യേശുവിനെ അനുഗമിക്കാൻ സഭ ഏവരെയും സ്വാഗതം ചെയ്യുന്നു എന്ന അർത്ഥത്തിലാണ് മനസ്സിലാക്കേണ്ടതെന്ന് പരിശുദ്ധ പിതാവ് കൂട്ടിച്ചേർത്തു. ഏവരും ജീവിതപരിവർത്തനത്തിന് ക്ഷണിക്കപ്പെടുന്നു എന്നും ഇതിലൂടെ നാം മനസ്സിലാക്കേണ്ടതുണ്ടെന്ന് പാപ്പാ പ്രസ്താവിച്ചു.
വധശിക്ഷയും ഇറാനും മനുഷ്യജീവന്റെ അമൂല്യതയും
ഇറാനിൽ ഭരണനേതൃത്വം പ്രതിപക്ഷത്തുള്ള ഒരാളെ വധിച്ചുവെന്നും, നിരവധി ആളുകളെ പരസ്യമായി തൂക്കിക്കൊന്നുവെന്നും ഉള്ള വാർത്തകളെ പരാമർശിച്ചുകൊണ്ട്, ഇറാൻ ഭരണകൂടത്തിന് നൽകാൻ എന്തെങ്കിലും സന്ദേശമുണ്ടോ എന്ന ന്യൂസ് മാക്സ് ടിവി (Newsmax TV) പ്രവർത്തകയുടെ ചോദ്യത്തിന് മറുപടി നൽകിയ പാപ്പാ, അനീതിയുടെ പ്രവർത്തികളെ എല്ലാം താൻ അപലപിക്കുന്നുവെന്നും, മറ്റുള്ളവരുടെ ജീവനെടുക്കുന്നതിനെയും അതുപോലെതന്നെ താൻ അപലപിക്കുന്നുവെന്നും പ്രസ്താവിച്ചു. വധശിക്ഷയെയും താൻ അതിന് തുല്യം അപലപിക്കുന്നു. ജനനം മുതൽ, സാധാരണ മരണം വരെയുള്ള മനുഷ്യജീവിതത്തെ താൻ ബഹുമാനിക്കുന്നുവെന്ന് പ്രസ്താവിച്ച പാപ്പാ, ജീവൻ ബഹുമാനിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും വേണമെന്ന് ഓർമ്മിപ്പിച്ചു. ഏതൊരു രാജ്യമാണെങ്കിലും അന്യായമായ രീതിയിൽ ആളുകളുടെ ജീവനെടുക്കുന്നത് തീർച്ചയായും അപലപനീയമാണെന്ന് പാപ്പാ കൂട്ടിച്ചേർത്തു.