Image

കുംഭാരശില്പം (കഥ - ബാജിഓടംവേലി, ഡാലസ്)

Published on 25 April, 2026
കുംഭാരശില്പം (കഥ - ബാജിഓടംവേലി, ഡാലസ്)

മുന്‍പൊക്കെ ഈ കുശവന്‍‌കുന്നില്‍ എന്ത് ആരവങ്ങളും ആള്‍ക്കൂട്ടവുമായിരുന്നെന്നോ? അന്നിവിടെ എന്നും ഉത്സവം പോലെയായിരുന്നു, അല്ല സമ്പന്നതയുടെ ഉത്സവം തന്നെയായിരുന്നു. 
ഇന്ന് അതെല്ലാം ഓര്‍മ്മകളില്‍ പൊടിപിടിച്ചു കിടക്കുന്നു. ആ നല്ലകാലത്ത് ഇവിടെ ഒത്തിരി കുടുംബങ്ങള്‍ കുലത്തൊഴില്‍ ചെയ്യുകയും നന്നായി ജീവിക്കുകയും ചെയ്‌തിരുന്നു. ഇന്ന് ഞാനൊഴികെ മറ്റെല്ലാവരും ഇവിടെ നിന്നും ഒഴിഞ്ഞു പോയിരിക്കുന്നു.    
ആളുകള്‍ കൂടുന്നയിടങ്ങള്‍ എവിടെയാണെന്ന് അന്വേഷിച്ചറിഞ്ഞ് എത്തുന്നവരെല്ലാം അന്നിവിടെയും വന്നിരുന്നു. പീപ്പിയും കളിത്തോക്കും ബലൂണും മറ്റുകളിപ്പാട്ടങ്ങളും വില്‍ക്കുന്നവരും, കരിവളയും ചാന്തും പൊട്ടും ക്യൂട്ടെക്‌സും വില്‍ക്കുന്നവരും, പൊരിക്കടലയും കരിമ്പിന്‍ ജൂസും വില്‍ക്കുന്നവരും ഒക്കെ ഇവിടെ സ്ഥിരമായി വരുമായിരുന്നു. കുലുക്കിക്കുത്തുകാരും വളയമേറുകാരും വരുമായിരുന്നു. ഇവിടെയെത്തുന്ന ഭിക്ഷക്കാര്‍ക്കു പോലും നല്ല കോളായിരുന്നു. കാശുള്ള ആണുങ്ങളെപ്പിടിക്കാനായി ഉടുത്തൊരുങ്ങി മുല്ലപ്പൂവും ചൂടി യക്ഷികളുമെത്തുമായിരുന്നു എന്നതും എല്ലാവര്‍ക്കും അറിയാവുന്ന രഹസ്യമായിരുന്നു.  
ഞങ്ങളുണ്ടാക്കുന്ന ‌വിഗ്രഹങ്ങളും വിളക്കുകളും പാത്രങ്ങളും പക്ഷി-മൃഗ പ്രതിമകളുമൊക്കെ വാങ്ങാന്‍ അന്നൊക്കെ എന്തൊരു തിരക്കായിരുന്നെന്നോ. ഗുണമേന്മയുടെ കാര്യത്തില്‍ ഞങ്ങളെ വെല്ലാന്‍ മറ്റാരുമുണ്ടായിരുന്നില്ല. ഉണ്ണുന്ന ചോറില്‍ വിഷം കലര്‍ത്തിയായും കുഴയ്‌ക്കുന്ന മണ്ണില്‍ ഞങ്ങള്‍ മായം ചേര്‍ക്കുകയില്ലായിരുന്നു. പണിയില്‍ മായം ചേര്‍ക്കാത്തവരെ ആര്‍ക്കും കണ്ണടച്ച് വിശ്വസിക്കാമല്ലോ. 
പട്ടണങ്ങളില്‍ നിന്ന് മൊത്തക്കച്ചവടക്കാര്‍ വാഹനങ്ങളിലാണ് വന്നിരുന്നത്. അവരുടെ വാഹനം വരുമ്പോള്‍ ഇവിടേക്ക് ആവശ്യമുള്ളതെല്ലാം കൊണ്ടു വന്നിരുന്നു. ഞങ്ങളുടെ കരവിരുത് കയറ്റി വാഹനം തിരികെ കുന്നിറങ്ങുന്നത് കാണുമ്പോള്‍ മനസ്സും മടിശീലയും നിറയുമായിരുന്നു.
വീടുകളിലേക്ക് ആവശ്യമുള്ളത് വിലകുറച്ച് വാങ്ങാനായി ഗ്രാമീണര്‍ കൂട്ടമായി കുന്നുകയറി നടന്നും വരാറുണ്ടായിരുന്നു. ആളും ആവശ്യവുമറിഞ്ഞ് വിലപേശി സാധനങ്ങള്‍ വില്‍ക്കാന്‍ ഞങ്ങളുടെ പെണ്ണുങ്ങള്‍ നല്ല മിടുക്കു കാട്ടിയിരുന്നു. 
കുശവന്റെ പണിയും പണിശാലയും കാണാനായി വിനോദസഞ്ചാരികളും വരാറുണ്ടായിരുന്നു. അവരുടെ ക്യാമറകള്‍ നിറയുവോളം ഫോട്ടോകളെടുത്ത് സന്തോഷത്തോടെയാണ് അവരെല്ലാവരും മടങ്ങിയിരുന്നത്. ഞങ്ങള്‍ അവരുടെ മുന്‍പില്‍ ഒരു കാഴ്‌ചവസ്തുവാണെന്നറിഞ്ഞു കൊണ്ടുതന്നെ നന്നായി അഭിനയിക്കാറുണ്ടായിരുന്നു. ക്യാമറയ്‌ക്കു മുന്‍പില്‍ സംസാരിക്കാനൊന്നും എനിക്കറിയില്ല, എങ്കിലും ഈ കരവിരുതവര്‍ക്ക് നിറമുള്ള കാഴ്‌ചയായിരുന്നു. 
അടുത്തിടെ ഈ കുന്നെല്ലാം പട്ടണത്തില്‍ നിന്ന് വന്ന കമ്പനിക്കാര്‍ വിലയ്‌ക്കുവാങ്ങി. പാരമ്പര്യമായി ഇത് ഞങ്ങളുടെ സ്വന്തം കുന്നാണെന്നാണ് ഞങ്ങളൊക്കെ വിശ്വസിച്ചു പോന്നത്, പക്ഷേ ചവിട്ടടിയിലെ മണ്ണില്ലാതായപ്പോഴാണ് അത് വെറും വിശ്വാസം മാത്രമായിരുന്നെന്ന് തിരിച്ചറിഞ്ഞത്. ഞങ്ങളുടെ മണ്ണ് ആരാണ് വിറ്റതെന്നോ ആരാണ് വാങ്ങിയതെന്നോ അറിയില്ല. 
ഒരു ജീവിതം കൊണ്ട് കെട്ടിപ്പടുത്തതെല്ലാം, ഒന്ന് കണ്ണടച്ച് തുറന്നപ്പോള്‍ നഷ്‌ടപ്പെട്ടെന്ന് മാത്രം അറിയാം. ഭാവി ഇരുളടഞ്ഞതായി തോന്നി. നിറഞ്ഞു നിന്ന വലിയൊരു ശൂന്യത ശ്വാസം മുട്ടിച്ചു.
കുന്നിനു ചുറ്റും താഴ്‌വാരത്തില്‍ വലിയ മതിലുകെട്ടി, ഗെയിറ്റിട്ട്, കൊമ്പന്‍‌ മീശക്കാരനെ തോക്കും കൊടുത്ത് കാവലാക്കി. ഗെയിറ്റിന്നരികില്‍ സ്ഥാപിച്ച ബോര്‍ഡില്‍ ഞങ്ങള്‍ക്കറിയാത്ത ഭാഷയില്‍ എന്തൊക്കെയോ എഴുതി വെച്ചു. അതില്‍ ഞങ്ങളെ കാക്കേണ്ടെ സര്‍ക്കാരിന്റെ ചിഹ്നവും സീലുമൊക്കെ ഉണ്ടായിരുന്നു.
ജീവിതത്തിലെ ഇന്നലെകളിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ എല്ലാം നഷ്‌ടമായിരുന്നോ എന്ന് തോന്നിപ്പോകുന്നു.

ഒരു മകനുണ്ടായിരുന്നത് ചെറുപ്പത്തില്‍ പട്ടണത്തിലേക്കുള്ള വണ്ടിയില്‍ കയറി പോയതാണ്. പിന്നെ അവനേക്കുറിച്ച് അറിവൊന്നുമില്ല. ഈ ഭൂമിയിലെവിടെയെങ്കിലും ജീവനോടെ ഇരിക്കുന്നൂ എന്നെങ്കിലും ഒന്ന് അറിഞ്ഞിരുന്നെങ്കില്‍ ആശ്വാസമാകുമായിരുന്നു. പട്ടിണി മാത്രം മിച്ചം തരുന്ന കുലത്തൊഴിലിനോടുള്ള പക ഇന്നും അവനില്‍ മിടിക്കുന്നുണ്ടാവും.
 ഒരു മകളുണ്ടായിരുന്നത്, അവസാനകാലത്ത് കുന്നുകയറിവന്നൊരു ടൂറിസ്റ്റിന്റെ കൂടെ വിദേശത്തേക്ക് പോയെന്നാണ് വിശ്വസിക്കുന്നത്. നാവിന്റെ ബലത്തില്‍ അവള്‍ ജീവിക്കുമെന്നെനിക്കുറപ്പുണ്ട്. എനിക്ക് അറിയാത്ത ഭാഷകളൊക്കെ അവള്‍ നന്നായി പറയുമായിരുന്നു. വിദേശികളോടൊക്കെ അവള്‍ ചിരിച്ചു കൊണ്ട് സംസാരിക്കുന്നത് കാണാന്‍ നല്ല ചേലായിരുന്നു. അവള്‍ക്ക് അവളുടെ അമ്മയുടെ അഴകായിരുന്നു. അവരൊക്കെ ഏതെങ്കിലും നാട്ടില്‍ സുഖമായി ജീവിക്കുന്നൂ എന്നെങ്കിലുമൊന്ന് അറിഞ്ഞിരുന്നെങ്കില്‍ ആശ്വാസമാകുമായിരുന്നു.
നാടുവിട്ടു പോയവരില്‍ ആരുടെയെങ്കിലും കത്തുമായി പോസ്‌റ്റുമാന്‍ വരുമെന്ന ആശയില്‍ വഴിയിലേക്ക് കണ്ണ് പോകാറുണ്ട്. പോസ്‌റ്റുമാന്‍ ഒരിക്കലും ഈ കുന്നുകയറി വന്നിട്ടില്ല. ഈ കുന്നിനെ പാലായനം ചെയ്‌തവര്‍ നന്നായി വെറുക്കുന്നുണ്ടാകും അല്ലെങ്കില്‍ ഓര്‍മ്മകളിലേക്ക് കത്തെഴുതാതെ എങ്ങനെ ജീവിക്കാനാവും.
വീടു വിട്ട് പോയവര്‍ തന്നെ ആ വഴിയിലൂടെ, തന്റെ ക്ഷേമം തിരക്കാനായി തിരികെ വരുമെന്ന ആശ ഇനിയും കൈവിട്ടിട്ടില്ല. കാലം എത്ര മാറിയാലും ഇന്നലെകള്‍ മറന്ന് മനുഷ്യന് ജീവിക്കാനാവില്ലല്ലോ. ജീവിതത്തിന്റെ അവസാന നാളിലെങ്കിലും എറിഞ്ഞുടച്ച ഓര്‍മ്മകളുടെ ചീളുകള്‍ പെറുക്കിയെടുക്കാനായി അവര്‍ വരാതിരിക്കില്ല.
കാലം മോശമാകുന്നതറിഞ്ഞ് കുടുംബക്കാരൊക്കെ ആന്ധ്രയിലേക്ക് തിരികെപ്പോയി. അവസാനംവരെ കൂടെനില്‍ക്കാമെന്ന് പറഞ്ഞവള്‍, അങ്ങനെ വിശ്വസിപ്പിച്ചവള്‍, എന്റെ എല്ലാം എല്ലാം അയിരുന്നവള്‍, ഒരു നാള്‍ തലച്ചുമടായ്, പൂച്ചട്ടികളുമായ് കുന്നിറങ്ങിയതാണ്. അവള്‍ ചുമന്ന ചട്ടികളില്‍ ചെടികള്‍ പലവട്ടം പൂത്തു വിടര്‍ന്നിട്ടും അവള്‍ മടങ്ങി വന്നിട്ടില്ല.
അവള്‍ മടങ്ങി വരാതിരുന്നത് വഴി മറന്നിട്ടല്ല. പുതിയവഴി കണ്ടെത്തിയതിനാലാണെന്ന് പറഞ്ഞറിഞ്ഞു. അവളിപ്പോള്‍ ഗ്രാമങ്ങളിലൊക്കെ അലൂമിനിയം പാത്രങ്ങള്‍ കൊണ്ടു നടന്ന് വില്‍ക്കാറുണ്ടു പോലും. ഇപ്പോള്‍ ജനങ്ങള്‍ക്കൊക്കെ അലൂമിനിയം പാത്രങ്ങളോടാണ് താത്‌പര്യം. അവളെങ്കിലും സുഖമായി ജീവിക്കുന്നു എന്ന അറിവില്‍ മനസ്സുനീറിയാണെങ്കിലും സന്തോഷിക്കാന്‍ ശ്രമിക്കാറുണ്ട്. ആരൊക്കെ പോയാലും ജനിച്ച മണ്ണില്‍ ജീവിച്ചു മരിക്കുക എന്നത് എന്റെ അവകാശമാണ്.
മഞ്ഞു പോലെ ചുറ്റും വീണ് ഘനീഭവിക്കുന്ന ഏകാന്തതയിലും മനസ്സ് മരവിക്കുന്നില്ലായിരുന്നു, ജീവിതം മടുക്കുന്നില്ലായിരുന്നു. ഉറക്കം വരുമ്പോള്‍ ഉറങ്ങും ഉണര്‍ന്നിരിക്കുമ്പോഴൊക്കെ കുശവചക്രത്തില്‍ താളംപിടിക്കും. പട്ടിണി കിടക്കുമ്പോഴും വിഷ്‌ണുചക്രത്തിന്റെ സംഗീതം ആശ്വാസമായിരുന്നു.

കുശവചക്രം മുരളാത്ത നിമിഷങ്ങളിലെ നിശ്ശബ്‌ദത എന്നെ ഭയപ്പെടുത്തി. കുശവന്‍‌ കുന്നിലേക്ക് ഇപ്പോള്‍ കാറ്റുപോലും വിരുന്നുവരാറില്ല. അല്ലെങ്കില്‍ ആ ശബ്‌ദമെങ്കിലും എനിക്ക് സാന്ത്വനമാകുമായിരുന്നു. കമ്പനിക്കാരുടെ വന്‍‌മതില്‍ കാറ്റിനെപ്പോലും തടയുന്നു. 
കളിമണ്ണ് ഇപ്പോള്‍ കിട്ടാനില്ല. കിട്ടിയാലും കമ്പനിക്കാരുടെ ഗെയിറ്റ് കടന്ന് ഇവിടേക്ക് കൊണ്ടുവരാന്‍ അനുവദിക്കില്ല. ഉണ്ടാക്കിയ പാത്രങ്ങള്‍ വീണ്ടും ഉടച്ച് കളിമണ്ണാക്കി ഒരു യന്ത്രം പോലെ പിന്നെയും ജോലി തുടരുകയാണ്. 
കളിമണ്ണിന്റെ അവസാനകൂട്ടാണ് അവശേഷിക്കുന്നത്. ഈ വറവുകാലത്തും കളിമണ്ണ് ഉണങ്ങാതെ സൂക്ഷിക്കുക ആയാസകരമാണ്. ഇപ്പോള്‍ വില്‍ക്കാന്‍ വേണ്ടിയല്ല പാത്രം ഉണ്ടാക്കുന്നത്, ശ്വാസം നിലയ്‌ക്കാതിരിക്കാന്‍ വേണ്ടിയാണ്. പാത്രങ്ങള്‍ ഉണ്ടാക്കാതെയിരുന്നാല്‍, ആ ജീവതാളം കേള്‍ക്കാതിരുന്നാല്‍, ഞാന്‍ മരിച്ചു പോകുമോയെന്ന് ഭയപ്പെടുന്നു.
കുറേ ദിവസങ്ങളായി ആഹാരം കഴിച്ചിട്ട്, എങ്കിലും എന്നെ പട്ടിണിക്കിട്ടു കൊല്ലാനാവില്ല. വെള്ളം കുടിക്കാറുണ്ട് അതു തന്നെ ധാരാളം. 
എന്റെ ജീവനെടുക്കാന്‍ മറ്റാര്‍ക്കുമാവുകയില്ല. അവസാന നിമിഷം വരെ ഞാന്‍ ജീവിക്കും.

നിങ്ങള്‍ക്കെന്നെ ഭ്രാന്തനെന്ന് വിളിക്കാം പക്ഷേ ഇതെന്റെ ജീവിതമാണ്, എനിക്കിത് ജീവിച്ചു തീര്‍ത്ത് കണക്ക് ബോധിപ്പിക്കേണ്ടതുണ്ട്. സൃഷ്‌ടാവിനോടുള്ള ഉത്തരവാദിത്വത്തേക്കുറിഞ്ഞ് എന്നേ ആരും പഠിപ്പിക്കേണ്ടതില്ല.
എന്റെ രാജ്യം നഷ്‌ടപ്പെടുന്നതുവരെ, എന്നെ സ്‌നേഹിച്ച പ്രജകള്‍ ഓടിയൊളിക്കുന്നതു വരെ, അന്തഃപ്പുരം ശൂന്യമാകുന്നതുവരെ, ഏകാന്തത എന്തെന്ന് എനിക്ക് അറിയില്ലായിരുന്നു. 
ഏകാന്തതേ..., നിന്നെ ഞാന്‍ ആയിരം വട്ടം വെറുക്കുന്നു. അവസാന നിമിഷം വരെ എന്റെ താളമെങ്കിലും കൂടെയുണ്ടാകുമെന്ന് ഉറപ്പിച്ചിരുന്നു. അതെന്നെ ഒരിക്കലും ഏകാന്തതയില്‍ ഉപേക്ഷിക്കുകയില്ലെന്ന് വിചാരിച്ചു.
ഇപ്പോള്‍ ഇതാ എന്റെ എല്ലാമെല്ലാമായിരുന്ന കുശവചക്രത്തിന്റെ കാലും ഒടിഞ്ഞിരിക്കുന്നു. അതിനിയുമെനിക്ക് ശരിയാക്കാനാവില്ല എന്ന തിരിച്ചറിവ് എന്നെ ഏകാന്തതയുടെ ആഴത്തിലേക്ക് എടുത്തെറിഞ്ഞു.  
ഇനിയും എനിക്ക് ജീവിക്കാനാവില്ല. എന്റെ അന്ത്യനിമിഷള്‍ അടുത്തിരിക്കുന്നു. ഈ കളിമണ്ണിനെ കെട്ടിപ്പിടിച്ച്, പൊട്ടിയ കുശവചക്രത്തെ ചുംബിച്ച് ഞാനും മണ്ണായി മാറും, കളിമണ്ണില്‍ തീര്‍ത്തൊരു ശിലപമായി മാറും. മണ്ണിനെ തോല്‍പ്പിക്കാന്‍ മനുഷ്യനാവില്ല.
ഈ ജീവനുള്ള ശില്പം വരുംതലമുറയ്‌ക്ക് ഒരു പാഠമാകും.

കുശവന്‍കുന്നിലെ അവസാനത്തെ കുംഭാരന്റെ ജീവിതം ‘ഇന്നു ഞാന്‍ നാളെ നീ' എന്ന ഓര്‍മ്മപ്പെടുത്തലിന്റെ കുംഭാരശില്പമാകും.

കഥ - ബാജി ഓടംവേലി, ഡാലസ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക