
ഹൂസ്റ്റണ്‍: വസന്തത്തിന്റെ നയനമനോഹരമായ തുടക്കം. ടെക്‌സാസ് സംസ്ഥാനത്തിന്റെ തെക്കുകിഴക്കന്‍ പ്രദേശം കാട്ടു പൂക്കള്‍ കൊണ്ട് നിറയുന്നു. പാതയോരങ്ങളിലും മൈതാനങ്ങളിലും പുറമ്പോക്കുഭൂമിയിലും എന്നുവേണ്ട എവിടെയും സമൃദ്ധമായ നിറങ്ങള്‍. വിടര്‍ന്നവയും അതിനു വെമ്പി നില്‍ക്കുന്ന പൂമൊട്ടുകളും. വെള്ളയും പിങ്കും മഞ്ഞയും നീലയും സംസ്ഥാനത്തിന്റെ തന്നെ ആഘോഷമായ ബ്‌ളൂ ബോണറ്റ് പുഷ്പ പാടങ്ങള്‍ കണ്ണിന് ഏറെ കുളിര്‍മ്മ നല്‍കുന്നു. വഴിയോരങ്ങളിലെ മഞ്ഞ നമ്മുടെ വിഷുക്കാലത്തിന്റെ നിറപ്പകിട്ട് ഗൃഹാതുര ഓര്‍മയായി മനസിലേക്കെത്തിക്കുന്നു. നമ്മുടെ സ്വന്തം വിഷുക്കാലം നമ്മെത്തേടി വരുന്നതുപോലെ.
ഈ പശ്ചാത്തലത്തിലാണ് വായനയുടെയും എഴുത്തിന്റെയും സ്വതന്ത്ര ചിന്തയുടെയും കേദാരവും മലയാള സാഹിത്യ സ്‌നേഹികളുടെ അമേരിക്കയിലെ പ്രഥമ മലയാളി കൂട്ടായ്മയുമായ, ഹൂസ്റ്റണിലെ കേരള റൈറ്റേഴ്‌സ് ഫോറം പതിവുപോലെ ചര്‍ച്ചകളും വിലയിരുത്തലുകളുമൊക്കെയായി സ്റ്റാഫോര്‍ഡിലെ മസാല ഹട്ട് റസ്റ്റോറന്റില്‍ യോഗം ചേര്‍ന്നു. ഏപ്രില്‍ മാസം കാവ്യ മാസമായാണല്ലോ ആചരിക്കുന്നത്. പരമ്പരാഗതവും ആധുനികവും കൂടാതെ മലയാളവും ഇംഗ്‌ളീഷുമെല്ലാം സമൃദ്ധമായി ഇവിടെ നിറഞ്ഞു നില്‍ക്കുന്നു. വസന്തത്തിലെ മനോഹരമായ മഴച്ചാറ്റലുകള്‍ക്കൊപ്പം.

ജോസഫ് തച്ചാറയുടെ 'എന്റെ മശിഹ' എന്ന കവിത സാധാരണ നമ്മുടെ മുന്നില്‍ അവതരിപ്പിക്കപ്പെടുന്നതോ അല്ലെങ്കില്‍ കാലങ്ങളായി നമ്മുടെ മനസ്സില്‍ പതിഞ്ഞിരിക്കുന്നതോ ആയ മശിഹ രൂപത്തിനു കടക വിരുദ്ധമാണ്. ദേവ-ദൈവ സങ്കല്പങ്ങള്‍ വരയിലൂടെയോ വാക്കുകളിലൂടെയോ ആവിഷ്‌ക്കരിക്കപ്പെടുമ്പോള്‍ അത് ആകര്‍ഷണീയവും സുന്ദരവും ആയിരിക്കണമെന്നാണല്ലേ വെയ്പ്. പക്ഷേ, കവി ഇവിടെ പരോക്ഷമായി ചോദിക്കുന്നത് അങ്ങനെയുള്ള രൂപങ്ങള്‍ നമ്മോടു ചേര്‍ന്നു നില്‍ക്കുന്നതാണോ എന്നാണ്.
ബാബു കുരൂരിന്റെ 'നിന്നെ ഞാനും അറിഞ്ഞില്ല...' എന്ന കവിതയാണ് തുടര്‍ന്ന് അവതരിപ്പിത്. മലയാള പദങ്ങള്‍ കോര്‍ത്തിണക്കുന്നതിന്റെ സൗന്ദര്യം ഉള്‍ക്കൊണ്ടതായിരുന്നു ഈ കവിത. ബന്ധങ്ങള്‍ എത്ര തീവ്രമാണെങ്കിലും എത്ര അടുത്ത് ചേര്‍ത്ത്വയ്ക്കപ്പെട്ടതാണെങ്കിലും ഒരിക്കല്‍ വേര്‍പെടുന്ന അവസരങ്ങള്‍ ഉണ്ടാക്കുന്ന നഷ്ടബോധം. അപ്പോഴാണ് ചോദിക്കുന്നത് ''നിന്നെ ഞാനും അറിഞ്ഞില്ലല്ലോ...'' എന്ന്. ആ ബന്ധങ്ങള്‍ വ്യക്തിപരമാകാം. പ്രകൃതിയുമായി ഇണങ്ങിയിട്ടുള്ളതുമാകാം.

''എങ്കിലും എന്റെ ഈ
അന്ത്യ യാത്രയില്‍ നീ
എന്നെ അറിഞ്ഞിരുന്നുവെങ്കി
ലെന്നു ഞാനേറ്റം മോഹിച്ചു വിട-
വാങ്ങവേ, അറിയുന്നു ഞാനും
നിന്നെ അറിഞ്ഞിരുന്നിലെന്ന്...''
റോയ് തോമസ് അവതരിപ്പിച്ചത് വ്യത്യസ്തമായ അര്‍ത്ഥതലങ്ങളുള്ള, ഒരു കാരള്‍ ഗീതത്തിന്റെ സൗന്ദര്യം മുറ്റി നിന്ന കവിതയായിരുന്നു. 'ബെതലേഹേമേ നീ രാജകുമാരനായ്...'' ആധുനിക മലയാള ഭാഷയുടെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന പ്രാചീന കവിത്രയത്തിലെ ഭക്തകവി തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്റെ സുന്ദരകാണ്ഡത്തിലെ ഏതാനും വരികള്‍ അദ്ദേഹം വായിച്ചു.
ജോണ്‍ മാത്യു ''When World Will Look Like When All the Water Leaves Us...'' എന്ന കവിത അവതരിപ്പിച്ചു.
''We who will soon die
Because we have been so thirsty
We whose tears can fill
Rivers seas oceans,
We sail...''

ചെറിയാന്‍ മഠത്തിലേത്ത്, മാത്യു നെല്ലിക്കുന്ന്, ബാബു കുരൂര്‍, ജോസഫ് തച്ചാറ, ഗ്രേസി നെല്ലിക്കുന്ന്, ബോബി മാത്യു, മറിയാമ്മ തോമസ്, എ.സി ജോര്‍ജ്, റോയ് തോമസ്, ഡോളി കാച്ചപ്പിള്ളി, മോട്ടി മാത്യു, റവ. ഡോ. തോമസ് അമ്പലവേലില്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.
യോഗത്തില്‍ കേരള റൈറ്റേഴ്‌സ് ഫോറം പ്രസിഡന്റ് ചെറിയാന്‍ മഠത്തിലേത്ത് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ജോണ്‍ മാത്യു സാഹിത്യ ചര്‍ച്ചകളുടെ മോഡറേറ്ററായിരുന്നു. റൈറ്റേഴ്‌സ് ഫോറത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ബാബു കുരൂരുനെ യോഗം പബ്‌ളിക് റിലേഷന്‍സിന്റെ ചുമതല ഏല്‍പ്പിച്ചു. പ്രസിഡന്റിന്റെ ഉപക്രമത്തിന് ശേഷം സെക്രട്ടറി മോട്ടി മാത്യു കൃതജ്ഞത പ്രകാശിപ്പിച്ചു.
ഫോട്ടോ: മോട്ടി മാത്യു