Image

പണ്ഡിറ്റ് ദീനാനാഥ് മങ്കേഷ്‌കർ 84-ാം ഓർമ്മദിനത്തിൽ ഒരു കലാകുടുംബ പുരാണം : ആർ. ഗോപാലകൃഷ്ണൻ

Published on 24 April, 2026
പണ്ഡിറ്റ് ദീനാനാഥ് മങ്കേഷ്‌കർ  84-ാം ഓർമ്മദിനത്തിൽ ഒരു കലാകുടുംബ പുരാണം : ആർ. ഗോപാലകൃഷ്ണൻ

ഹിന്ദുസ്ഥാനി സംഗീത വിദഗ്ധനും മറാത്തി നാടക വേദിയിലെ ഗായക - നടനുമായിരുന്നു ദീനനാഥ് മങ്കേഷ്കർ. ഹിന്ദുസ്ഥാനി ക്ലാസിക്കൽ സംഗീതഞ്ജൻ എന്ന നിലയിലാണ് അദ്ദേഹത്തെ ആദരിക്കേണ്ടത്; അതിനുപരിയായി, ചിലതുണ്ട്....

....ഈ പരിചയപ്പെടുത്തലുകൾ കൊണ്ട് ആളെ മനസ്സികാൻ വഴിയില്ല; എന്നാൽ മക്കളുടെ പേരു പറഞ്ഞു പരിചയപ്പെടുത്താം:

ഗായികമാരായ ലതാ മങ്കേഷ്‌കർ, ആഷ ഭോസ്ലെ, മീന ഖദികർ, ഉഷ മങ്കേഷ്കർ എന്നിവരുടെയും സംഗീത സംവിധായകനായ ഹൃദയ്നാഥ് മങ്കേഷ്കറുടെയും പിതാവ് എന്ന നിലയിലാണ് പണ്ഡിറ്റ് ദീനാനാഥ് മങ്കേഷ്‌കർ ഇന്ന് ഓർമ്മിക്കപ്പെടുന്നത്; ഞാൻ പ്രണാമം അർപ്പിക്കുന്നതും അതേ കാരണത്താലാണെന്നത്, എന്നത് വെറും സത്യം മാത്രം....

ഇന്ന്, പണ്ഡിറ്റ് ദീനാനാഥ് മങ്കേഷ്‌കറുടെ

84-ാം ചരമവാർഷിക ദിനം...

ദീനാനാഥ് മങ്കേഷ്‌കർ ജനിച്ചത് 1900 ഡിസംബർ 29-നാണ്. യഥാർത്ഥ പേര് ദീനനാഥ് 'ഹാർദ്ദികാർ'/ 'ഹാർദിക്കർ'. 'ഹാർദ്ദികാർ' എന്ന കുടുംബപ്പേര്, ദീനനാഥിന്റെ സ്വദേശമായി ഗോവയിലെ 'മങ്കേഷി' എന്ന സ്ഥലപ്പേരുമായി ബന്ധപ്പെടുത്തി മങ്കേഷ്കർ എന്നാക്കിയതാണ്‌. ഒരു മഹാരാഷ്ട 'കാർഹഡ് ബ്രാഹ്മണ' കുടുബമാണിവരുടേത്; കൊങ്കണി ഭാഷക്കാർ. ക്ഷേത്ര പൂജാരിമാരായിരുന്നു അവർ. അവരിൽ നിന്ന് ഒരാൾ കലാരംഗത്തും വരുന്നത് അത്യഅപൂർവം!

ഗോവയിലെ പ്രസിദ്ധമായ 'മംഗിഷി'ക്ഷേത്രം ത്തിലെ പൂജാരിയായിരുന്നു പിതാവ് ഗണേഷ് ഭട്ട് നവതേ ഹാർദിക്കർ (അഭിഷേകി); അദ്ദേഹത്തിന്റെ അമ്മ യേശുബായ് (യേശുബായ് റാണെ എന്നും അറിയപ്പെടുന്നു) ഗോവയിലെ 'ഗോമാന്തക് മറാത്ത സമാജ്' എന്നറിയപ്പെടുന്ന സമുദായത്തിൽ (ദേവദാസി സമാനമായ ഒരു സമുദായം) ഉൾപ്പെട്ടവരായിരുന്നു. ദേവദാസി സമുദായ രീതിയനുസരിച്ച്, അമ്മ യേശുബായ് ക്ഷേത്ര പരിപാടികളിലും ഉത്സവങ്ങളിലും പലപ്പോഴും പാട്ടുപാടുകയും നൃത്തം ചെയ്യുകയും ചെയ്തുവന്നിരുന്നു. അവൾക്ക് സംഗീതത്തിൽ അസാമ്മാന്യമായ പ്രതിഭയുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നുവെത്രെ. പ്രശസ്ത ഇന്ത്യൻ ഗായകൻ ജിതേന്ദ്ര അഭിഷേകിയും ദീനനാഥും അർദ്ധസഹോദരന്മാരാണ്.

അഞ്ചാം വയസ്സിൽ ദീനനാഥ് മങ്കേഷ്കർ സംഗീത പാഠങ്ങൾ ആരംഭിച്ചു. അദ്ദേഹം തുടക്കത്തിൽ ഗ്വാളിയോർ ഖരാന പിന്തുടർന്നു സംഗീതകാരനായിരുന്നു. ചെറുപ്പത്തിൽ ബിക്കാനറിലേക്ക് പോയ അദ്ദേഹം 'കിരാന ഘരാന'യിലെ പണ്ഡിറ്റ് മണി പ്രസാദിന്റെ പിതാവ് പണ്ഡിറ്റ് സുഖ്ദേവ് പ്രസാദിൽ നിന്ന് ശാസ്ത്രീയ സംഗീതത്തിൽ ഔപചാരിക പരിശീലനം നേടി...

ദീനനാഥിന്റെ സ്വരഭംഗിയുള്ള ശബ്ദവും ആലാപന നിലവാരവുമാണ്, അദ്ദേഹത്തിന് മറാത്തി നാടകവേദിയിൽ പ്രശസ്തി നേടികൊടുത്തത്. ദീനനാഥ് സംഘടിപ്പിച്ചവതരിപ്പിച്ച (നിർമ്മിച്ച) നാടകങ്ങൾ ജനങ്ങൾക്കിടയിൽ വളരെ പ്രചാരത്തിലെത്തിയിരുന്നു. 1935-കാലഘട്ടത്തിൽ അദ്ദേഹം മൂന്ന് സിനിമകൾ നിർമ്മിച്ചു, അതിൽ ഏറ്റവും പ്രസിദ്ധിനേടിയത് 'കൃഷ്ണാർജുൻ യുദ്ധ' ആയിരുന്നു. ഹിന്ദിയിലും മറാത്തിയിലും ഇത് നിർമ്മിക്കപ്പെട്ടു; അതിൽ ഉള്ള ഒരു ഗാനം ദീനനാഥ് ആലപിക്കുകയും ക്യാമറക്കുമുന്നിൽ വന്നു ചിത്രീകരിക്കുകയും ചെയ്തു.

ദീനാനാഥ് മങ്കേഷ്‌ക റിന്റെ ആദ്യ ഭാര്യ ശ്രിമതി; കുട്ടികളില്ലാതെ മരണമടഞ്ഞു; അവരുടെ അനുജത്തിയായിരുന്നു ദീനാനാഥ് മങ്കേഷ്‌കരുടെ രണ്ടാം ഭാര്യ ശേവന്തി (ശുധാമതി). ദീനനാഥ് മങ്കേഷ്കറുടെ ആറുമക്കളിൽ മൂത്തയാളായി 1929-ൽ ഇൻഡോറിൽ കുടുംബത്തിൽ ലത (ആദ്യനാമം 'ഹേമ') ജനിച്ചു.

വളരെ ചെറുപ്പത്തില്‍ തന്നെ കലയോട് അടുപ്പം പുലര്‍ത്തിയിരുന്ന ലതയുടെ സംഗീതത്തിലുള്ള അഭിരുചി കണ്ടെത്തുന്നത് അച്ഛനും നാടകപ്രവര്‍ത്തകനുമായ പണ്ഡിറ്റ് ദീനാനാഥ് മങ്കേഷ്‌ക്കറാണ്. ഗായകന്‍ കൂടിയായ അദ്ദേഹം തന്റെ മകളുടെ പാടാനുള്ള കഴിവുകള്‍ തിരിച്ചറിഞ്ഞ് അവളെ അവളുടെ അഞ്ചാം വയസില്‍ തന്റെ നാടക ട്രൂപ്പിലെ നടിയാക്കി. പാടി അഭിനയിക്കേണ്ട റോളുകളായിരുന്നു അന്നത്തെ നടീനടന്മാര്‍ കൈകാര്യം ചെയ്തിരുന്നത്.

1930-കളിൽ, കടുത്ത സാമ്പത്തിക ഞെരുക്കം നേരിട്ട ആ നാളുകളിൽ ദീനനാഥ് മദ്യപിച്ചിരുന്നു. അത് അദ്ദേഹത്തിൻ്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചു.

ഏതാനും ആഴ്ചകളായി അസുഖം ബാധിച്ച നിലയിൽ കിടപ്പിലായ ശേഷം അദ്ദേഹം യാത്രയായി: അതീവ ദരിദ്രനായി 1942 ഏപ്രിൽ 24-ന് പൂനെയിൽ വച്ച് ദീനാനാഥ് മങ്കേഷ്‌കർ അന്തരിച്ചു. മരിക്കുമ്പോൾ അദ്ദേഹത്തിന് വെറും 41 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

1942-ൽ അച്ഛന്‍ പണ്ഡിറ്റ് ദീനാനാഥ് മങ്കേഷ്‌കര്‍ മരണമടയുമ്പോള്‍ 'ലത'യ്ക്ക് പതിമൂന്നു വയസ്സുമാത്രം. ദീനാനാഥിന്റെ ആത്മസുഹൃത്ത് വിനായക് ദാമോദര്‍ കര്‍ണാടകിയാണ് ലതയെ ചലച്ചിത്രരംഗത്ത് എത്തിച്ചത്. പഹ്‌ലി മംഗള്‍-ഗോര്‍ (1942) എന്ന മറാത്തി ചിത്രത്തില്‍ ലത അഭിനയിക്കുകയും ഒരു പാട്ടു പാടുകയും ചെയ്തു. ലത ആദ്യമായി ഹിന്ദി പിന്നണിഗാനം ആലപിക്കുന്നതും ഒരു മറാത്തി ചിത്രത്തില്‍ തന്നെ - 'ഗജബാവു' (1943).

കാലം ആ കുടുംബത്തെ പ്രശസ്തിയുടെ തേരിലേറ്റിയെന്നതാണ് കഥാശേഷം! 

ദീനാനാഥ് മങ്കേഷ്‌കറിന്റെ മക്കൾ അടങ്ങിയ കുടുംബം പിൽക്കാലത്ത് പൂനെയിൽ 'ദീനനാഥ് മങ്കേഷ്കർ ആശുപത്രിയും ഗവേഷണ കേന്ദ്ര'വും സ്ഥാപിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക