
"നാളെ 'കൂവാലപ്പറമ്പ് ലേൻ 'സിമൻ്റ് ചെയ്യുകയാണ്. "രാത്രി കൃത്യം പത്തര മണിക്കാണ് സഹൃദയ റെസിഡൻസ് അസോസിയേഷൻ പ്രസിഡൻ്റ് സാജൻ എബ്രഹാം റസിഡൻസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിലേക്ക് മെസ്സേജ്
അയക്കുന്നത്. മെസ്സേജ് വന്നതും ലൈക്കുകളുടെ എണ്ണംഗ്രൂപ്പിൽ പെരുകി പെരുകി കുമിഞ്ഞു കൂടി.
" ഹൊ , ഇപ്പോളേലും കൗൺസിലർ ഗ്രേസിമോൾക്ക് നല്ല ബുദ്ധി തോന്നിയല്ലോ . ". ജഗദീശ്വരി അമ്മയുടെ ശബ്ദ സന്ദേശത്തിൽ ആശ്വാസം നിറഞ്ഞു തുളുമ്പി.
" വളവു തിരിയുന്നിടത്ത് കുറച്ച് കനത്തിൽ ചരിച്ച് കോൺക്രീറ്റിടാൻപറയണം.അല്ലെങ്കിൽമഴവെള്ളം ഒലിച്ചിറങ്ങി അവിടം പെട്ടെന്ന് കുഴിയാകും " പി.ഡബ്ല്യു.ഡി യിൽ നിന്നും വിരമിച്ച് നാട്ടുകാരുടെ എല്ലാ പ്രശ്നങ്ങളിലും തലയിട്ട് നടക്കുന്ന 'കീരി എന്ന് വിളിപ്പേരുള്ള ശ്രീകുമാരൻ നായർ തൻ്റെ പരിചയസമ്പത്തിൻ്റെ പൊതിക്കെട്ട് അഴിച്ച് ശബ്ദസന്ദേശങ്ങളായി പതുക്കെ വിളമ്പുവാൻ തുടങ്ങി.
" ഓ , കീരി തുടങ്ങി " ഗ്രൂപ്പിൽ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടവർ അടക്കത്തിൽ ചിരിച്ചു.
" വാഹനങ്ങളുള്ളവർ എത്രയും വേഗം മെയിൻ റോഡരികിലോ സുഹൃത്തുക്കളുടെ വീട്ടിലോ
കൊണ്ടു ചെന്നിടണം. നാളെ കോൺക്രീറ്റിംഗ് കഴിഞ്ഞാൽ രണ്ടു മൂന്നുദിവസം കഴിയാതെ ടു വീലർ പോലും ഈ വഴിയിലൂടെ ഓടിക്കുവാൻ പറ്റില്ല. " . കീരിക്ക് ഇടങ്കോലിട്ട് സാജൻ എബ്രഹാമിൻ്റെ മെസ്സേജ് ഇടിച്ചു കയറി.
" ഇയാൾക്കിത് പാതിരാത്രിയായപ്പോളാണോ പറയാൻ തോന്നിയത് " സാലിയുടെ മെസ്സേജിന് മറുപടികളൊന്നും വന്നില്ല.
ധൃതി പിടിച്ച് പ്രധാന നിരത്തിലേക്ക് പായുന്ന വാഹനങ്ങളുടെ ശബ്ദം കൊണ്ട് കൂവാലപ്പറമ്പ് ലേൻ അപ്പോളേക്കുംമയക്കം വിട്ടുണർന്നു. വണ്ടിയൊതുക്കിയിട്ടിട്ട് തിരികെ വീട്ടിലേക്ക് മടങ്ങുന്നവരുടെ സംഭാഷണങ്ങളിൽ സന്തോഷം നിറഞ്ഞു തുളുമ്പി.
" ഇലക്ഷൻ ജയിച്ചാൽ ആദ്യത്തെ വർക്ക് ചെയ്യുന്നത് ഇതായിരിക്കുമെന്ന് ഇത്തവണ വോട്ടു ചോദിക്കാൻ വന്നപ്പോൾ ഗ്രേസി മോൾ പറഞ്ഞിരുന്നു. ഏതായാലും കൗൺസിലർ വാക്കു പാലിച്ചു. "
കൂവാലപ്പറമ്പ് ലേനിൽ നിന്നും കഷ്ടിച്ച് നടക്കാവുന്ന ദൂരമേയുള്ളൂ മെയിൻ റോഡിലേക്ക്.
അതിനാൽ വീടുകളോട് ചേർന്ന് കടമുറികൾ പണിത് പലരും വാടകയ്ക്ക് നൽകിയിട്ടുണ്ട്.
സമീറിൻ്റെ വീടിനു മുൻപിൽ ഒരു സ്പെയർ പാർട്ട്സ് കട പ്രവർത്തിക്കുന്നുണ്ട്. ഒരു വെജിറ്റേറിയൻ ഭക്ഷണശാല കമ്മത്തും നടത്തുന്നുണ്ട്. പകൽ സമയത്ത് ബൈക്കുകളും കാറുകളുമൊക്കെയായി കസ്റ്റമേഴ്സിൻ്റെയും വാഹനങ്ങളുടെയും ബഹളമാണ്.
"ഇനി കുറച്ചു ദിവസത്തേക്ക് എല്ലാം ബന്ദ് " വഴിയുടെ മുൻഭാഗം കയറു കെട്ടി സാജൻ എബ്രഹാം അടച്ചു.
അടുത്ത ദിവസം രാവിലെ എട്ടു മണിക്ക് തന്നെ കോൺട്രാക്ടറും ബംഗാളി സേട്ടന്മാരുമെല്ലാം ഹാജരായി. ഇത്തിരി സിമൻ്റിൽ കുഴഞ്ഞു കിടക്കുന്ന ശർക്കര പുരട്ടി പോലുള്ള മെറ്റൽ ചീളുകൾ കൂവാലപ്പറമ്പ് റോഡിൻ്റെ വിരിമാറിലേക്ക് ചിതറി വീഴുന്നത് ഇരുവശവുമുള്ള താമസക്കാർ ഉൾപ്പുളകത്തോടെ നോക്കി നിന്നു.
"നിരപ്പാക്കുമ്പോൾ ഗേറ്റിൻ്റെ മുൻഭാഗം കുറച്ച് സ്ലോപ്പാക്കിയിടണം. ഇല്ലേൽ വെള്ളം മുഴുവൻ മുറ്റത്തായിരിക്കും "
വഴി കവിഞ്ഞ് മഴ വെള്ളം തങ്ങളുടെ മുറ്റത്തേക്ക് കയറാതിരിക്കുവാൻ വേണ്ട നിർദ്ദേശങ്ങൾ കൊടുത്ത് കൊണ്ട് കമ്മത്തും , സമീറും വീട്ടുപടിക്കൽ ശുഷ്കാന്തിയോടെ നിലയുറപ്പിച്ചു.
ഗേറ്റിന് പുറത്ത് ഹമ്പ് ഉയർത്തി തളരുന്ന ബംഗാളി സോദരർക്ക് നാരങ്ങ വെള്ളവും കട്ടൻ ചായയും യഥേഷ്ടം നൽകുന്നതിൽ അവരുടെ സഹധർമ്മിണികളും മത്സരിച്ചു. നാലുമണി വെയിൽ ചായാൻ തുടങ്ങുന്നതിന്
മുൻപ് റോഡിൻ്റെ മുക്കാൽ ഭാഗവും കോൺക്രീറ്റ് മിശ്രിതം കൊണ്ട് നിറഞ്ഞു.
"നാലിഞ്ച് കനം വേണ്ടായിരുന്നു. റോഡങ്ങ് പൊങ്ങിപ്പോയി " കീരിയുടെ അഭിപ്രായം ഓവർസീയർ അനഘ കേട്ടില്ലെന്ന് നടിച്ചു .
"വീതം വയ്പെല്ലാം കഴിയുമ്പോൾ കുറവു കൊടുക്കാൻ പറ്റുന്നത് സിമൻ്റിലല്ലേ. മിക്സിംഗ് ഒട്ടും ശരിയായിട്ടില്ല " കീരി വിടുന്ന മട്ടില്ല.
" പാറപ്പൊടി കൂട്ടിയാണേ കോൺക്രീറ്റ് ഇടുന്നത്. സിമൻ്റ് പിടിക്കൂല " കീരിയുടെ വിളംബരം വീണ്ടും കേട്ട് സാജൻ എബ്രഹാം പുച്ഛിച്ചു ചിരിച്ചു.
" ഗ്രേസിമോളെ ഇങ്ങോട്ടൊന്നും കണ്ടേയില്ലല്ലോ "
ഞങ്ങൾ നന്നായി ചെയ്യുമെന്ന് കൗൺസിലർക്ക് ഉറപ്പുണ്ടേ " കമ്മത്തിൻ്റെ സംശയത്തിന് കോൺട്രാക്ടർ ബാലമുരുകൻ മറുപടി കൊടുത്തു.
അങ്ങനെ കൃത്യം അഞ്ചേകാൽ മണിയായപ്പോളേക്കും ബ്യൂട്ടിപാർലറിൽ നിന്നും ഒരുങ്ങിയിറങ്ങിയ കല്യാണപ്പെണ്ണിനെപ്പോലെ കൂവാലപ്പറമ്പ് ലേൻ ഒരു കൊച്ചുസുന്ദരിയായി. നേരം ഒട്ടും കളയാതെ കോൺട്രാക്ടറുടെ ജീപ്പിൽ കയറി അനഘ മാഡം റെയിൽവേ സ്റ്റേഷനിലേക്കും തിരിച്ചു. പിറ്റേന്ന് മൂത്ത പെങ്കൊച്ചിന് പ്ലസ്സ് ടു പരീക്ഷ തുടങ്ങുകയാണ്. എത്രയും പെട്ടെന്ന് മെമുവിൽ കയറി കായംകുളത്തെ വീട്ടിലെത്തണമെന്ന ചിന്ത മാത്രമാണ് ഇതുവരെ അവരുടെ തലയിലൂടെ കയറിയിറങ്ങിയത്. കോൺക്രീറ്റിംഗ് നേരത്തെ നിശ്ചയിച്ചതിനാൽ ലീവെടുക്കാനും പറ്റിയില്ല. കാലങ്ങളായി തുടരുന്ന രീതിയിൽ കോൺക്രീറ്റിംഗ് അങ്ങ് നടന്നോളും. മകളുടെ പ്ലസ്സ് ടു പരീക്ഷ അത് പോലെയാണോ .
"തൻ്റെ ഭരണകാലത്ത് തന്നെ കാലങ്ങളായി പൊട്ടിപ്പൊളിഞ്ഞു കിടന്നിരുന്ന റോഡിൻ്റെ മുഖം മിനുക്കിയെടുക്കുവാൻ സാധിച്ചതിലുള്ള അഭിമാനത്തിൽ സാജൻ എബ്രഹാം വീട്ടുവരാന്തയിലെ കസേരയിൽ ചാരി കിടന്നു.
അപ്പോളതാ എവിടുന്നോ വന്നൊരു ശുനകൻ തൻ്റെ പാദമുദ്രകൾ ഉറക്കാത്ത സിമൻ്റ് മിശ്രിതത്തിൽ ആഴത്തിൽ പതിപ്പിച്ചു കൊണ്ട് ഓടുന്നു. ചങ്കിന് ഒരു ഇടി വെട്ടിയ പോലെ സാജൻ എബ്രഹാം ചാടിയെഴുന്നേറ്റു. ഗേറ്റിൽചെന്ന് നായയെ ഓടിച്ച് വിട്ട് തിരിയുമ്പോൾ കണ്ട കാഴ്ച അയാളുടെ രക്തസമ്മർദ്ധം കുത്തനെ ഉയർത്തി.
അടുത്ത വീട്ടിലെ സീതാംബാളുടെ സഹായി രമണി ഒരു സർക്കസ് അഭ്യാസിയെപ്പോലെ മതിലിൽ പിടിച്ച് ഒത്തിയും ചാടിയും നീങ്ങുന്നു.
" ഹൈ , ഇന്ന് ആരും ചവിട്ടാൻ പാടില്ലെന്നറിയില്ലേ " സാജൻ രമണിയോട് ആക്രോശിച്ചു.
" എന്നാൽ എന്നെ നേരത്തേ വീട്ടിൽ വിടാൻ സീതാക്കയോട് പറയാൻ പാടില്ലായിരുന്നോ. ഇതിലൂടെ ചാടി ചെല്ലുമ്പോൾ ബസ്സ് പോകുമോന്നാ പേടി "
" ആഹാ , അത്രയ്ക്ക് ധിക്കാരമോ " സാജൻ എബ്രഹാം വേഗം സീതാംബാളിൻ്റെ
മൊബൈൽ നമ്പറിലേക്ക് വിളിച്ചു.
" രമണി ശ്രദ്ധിച്ചു പൊയ്ക്കോളും. മനുഷ്യർക്ക് നടക്കാൻ പാകത്തിന് ഓരം ചേർത്ത് വല്ല പലകയും പെറുക്കിയിടാൻ നോക്ക് .ഇതു പോലൊരു ഉത്തരവാദിത്വമില്ലാത്ത പ്രസിഡൻ്റിനെ ഞാനെൻ്റെ ജീവിതത്തിൽ കണ്ടിട്ടേയില്ല "
നാക്കിന് ഒന്നര മുഴം നീളമുള്ള രമണിയെയും അതിലും രണ്ടരയടി നീളം കൂടുതലുള്ള സീതാംബാളിനെയും നേരിടാൻ ശക്തിയില്ലാതെ വിഷണ്ണനായി സാജൻ എബ്രഹാം ഗേറ്റിങ്കൽ നിന്നും തിരിഞ്ഞു നടന്നു.
" ബ്ധും "
കോൺക്രീറ്റ് പായസത്തിലേക്ക് രമണി വഴുതി വീണിരിക്കുന്നു.
" ഒന്ന് വന്ന് പിടിക്കെൻ്റെ സാറേ " തൻ്റെ മതിലിനോട് ചേർന്ന് വലിയൊരു ഗർത്തം സൃഷ്ടിച്ചു കൊണ്ട് സാമാന്യം പുഷ്ടിയുള്ള രമണിയുടെ ശരീരം അമർന്നിരിക്കുന്നു.
ഇനി താനും കൂടി ചവിട്ടി ബാക്കി ഭാഗവും കൂടി കുഴിയാക്കണ്ട.കേൾക്കാത്ത മട്ടിൽ അയാൾ വീട്ടിനുള്ളിലേക്ക് കയറി. പുറത്ത് സീതാംബാൾ വന്ന് രമണിയെ പൊക്കിയെടുക്കുമ്പോൾ വീടിൻ്റെ മുൻവശത്ത് 'രമണി ഗർത്തം ' രൂപപ്പെട്ടതിൻ്റെ അസ്വാസ്ഥ്യത്തിലായിരുന്നു സാജൻ എബ്രഹാം.
" വെള്ളമൊഴിക്കുവാൻ ആരും വന്നില്ലല്ലോ പ്രസിഡൻ്റെ ". കീരിയുടെ തല രാവിലെ ഗേറ്റിങ്കൽ
പ്രത്യക്ഷപ്പെട്ടപ്പോളാണ് അക്കാര്യം അയാളും ഓർത്തത്. ഗ്രേസി മോളുടെ നമ്പരിലേക്ക് ഉടനെ
വിളിച്ചു.
" അതേയ് സാറേ , കുറച്ച് വെള്ളം നിങ്ങളെല്ലാരും ചേർന്ന് ഒഴിക്കാമോ ? പാലാട്ട് ലേനിലെ വർക്ക്
ഇന്ന് തുടങ്ങുവാ " ഗ്രേസി മോളുടെ കിളിമൊഴി പെട്ടെന്നവസാനിച്ചു.
ഒരു റസിഡൻസ് അസോസിയേഷൻ പ്രസിഡൻ്റിൻ്റെ കഷ്ടപ്പാടുകൾ ആരെങ്കിലും
അറിയുന്നുണ്ടോ.
ഭാര്യ അന്നാമ്മ ചെടിക്ക് വെള്ളമൊഴിക്കുവാൻ ഉപയോഗിക്കുന്ന ഹോസ് പൈപ്പും എടുത്ത്
അയാൾ രാവിലെയും വൈകിട്ടും കൃത്യമായി ജലധാര നടത്തി. നനവ് കിട്ടാത്തത് കൊണ്ട് സിമൻ്റും മെറ്റലും കൂടി ഇനി പിണങ്ങണ്ട.
"കോൺഗ്രീറ്റ് ഇട്ടതിലെ മണ്ണിളകി വരുന്നുണ്ടല്ലോ പ്രസിഡൻ്റെ . വെള്ളമൊഴിക്കുമ്പോൾ മണ്ണെല്ലാം കൂടി ഒലിച്ചു വന്നു കൂടുന്നത് ഞങ്ങളുടെ പടിക്കലാണ്. " കമ്മത്ത് പരാതിയുമായെത്തി.
" പാറപ്പൊടി സിമൻ്റിൽ ചേർത്താൽ അങ്ങനെയേ വരൂ എന്ന് ഞാനന്നേ പറഞ്ഞതല്ലേ " കമമത്തിനെയും പ്രസിഡൻ്റിനെയും നോക്കി വിജയിയെപ്പോലെ പരിഹസിച്ച് ചിരിക്കുകയാണ്കീരി.
വഴിയിലൂടെ വാഹനങ്ങൾ ഓടാൻ കൂടി തുടങ്ങിയപ്പോൾ പ്രശ്നം രൂക്ഷമായി. പൊടിയെന്ന് പറഞ്ഞാൽ സർവ്വത്ര പൊടിമയം. പല പ്രാവശ്യം തൂത്താലും തുടച്ചാലും വീടുകളുടെ വരാന്തകളെല്ലാം എപ്പോളും വെളുത്ത പൊടി പൂശി കിടന്നു.
" രണ്ട് മഴ പെയ്തു കഴിയുമ്പോളേക്കും പൊടിയൊക്കെ മാറുമെന്നേ " ഗ്രേസി മോൾ ലാഘവത്തോടെ പറഞ്ഞൊഴിഞ്ഞു.
അത് വരെ കഴിയണ്ടേ. പോരെങ്കിൽ മീനമാസവുമാണ്. പൊടിയുടെ അലർജി കാരണം തുമ്മിയും ചീറ്റിയും ആദ്യം കിടപ്പിലായത് സാജൻ എബ്രഹാമിൻ്റെ ഭാര്യ അന്നാമ്മ തന്നെയാണ്.
കമ്മത്തിൻ്റെ ഭാര്യയ്ക്കും ശ്വാസം മുട്ടൽ രൂക്ഷമായി. പ്രസിഡൻ്റിനെ ചീത്ത വിളിച്ചു കൊണ്ട് രാവിലെയും നട്ടുച്ചക്കും വൈകിട്ടും വഴിയിൽ വെള്ളമൊഴിക്കുന്ന ജോലി കമ്മത്തും ഏറ്റെടുത്തു. വഴിയിലൂടെ നിരന്തരമൊഴുകുന്ന വാഹനങ്ങൾ ആ ശ്രമങ്ങളെ കാറ്റിൽ പറഞ്ഞി പൊടിയുമായി അന്തരീക്ഷമെങ്ങും വിലസി നടന്നു.
കൊറോണക്കാലം കഴിഞ്ഞതോടെ അലമാരയുടെ മൂലയിലൊതുക്കിയ മാസ്ക്കുകൾക്കും പുനർജന്മം കിട്ടി. പഴയ മുഖാവരണം വീണ്ടും അണിയാതെ എല്ലാവർക്കും നിവൃത്തിയില്ലെന്നായി.
" ഇതിലും ഭേദം പഴയ വഴി തന്നെയായിരുന്നു. " ഇതിപ്പോ തൂത്തും കഴുകിയും , വാക്വം ക്ലീനർ പിടിച്ചും
എൻ്റെ നടുവൊടിഞ്ഞു. "ജഗദീശ്വരിയമ്മ എല്ലാ ദിവസവും പ്രസിഡൻ്റിൻ്റെ വീട്ടിൽ ചെന്ന്
പരാതിപ്പെട്ടി തുറക്കും.
" മാസ്കിട്ട് സൈക്കിളോടിക്കാനും കളിക്കാനും ഒന്നും വയ്യ അപ്പാപ്പാ . " സാജൻ എബ്രഹാമിൻ്റെ മകളുടെ മകനും ബുദ്ധിമുട്ടുകളുടെ പട്ടിക നിരത്തി. ഒരാഴ്ചയായി അവന് നല്ല ചുമയാണ്. മരുന്നൊന്നും അങ്ങോട്ട് ഏശുന്നില്ല.
" രണ്ട് മഴ പെയ്താൽ വഴി പഴയതിനേക്കാൾ കഷ്ടമാകും. ഇപ്പോളേ മെറ്റലെല്ലാം തെളിഞ്ഞു
തുടങ്ങി " കീരിയുടെ വക കമൻ്റുകളും ഇടയ്ക്കുണ്ട്. അയൽക്കാരുടെയും വീട്ടുകാരുടെയും പഴി കേട്ട് സാജൻ എബ്രഹാം ആകെ വശം കെട്ടു.
എല്ലാവരുടെയും ഒപ്പുകൾ ശേഖരിച്ച് പരാതി നൽകിയെങ്കിലും നടപടികളൊന്നുമുണ്ടായില്ല.
" റസിഡൻസിലെ ഒരു വഴി പോലും സംരക്ഷിക്കുവാനറിയാത്ത പ്രസിഡൻ്റ് രാജി വയ്ക്കണം " .
" ഈ ചാണത്തലയനെ പ്രസിഡൻ്റാക്കിയപ്പോഴേ ഇങ്ങനൊക്കെ സംഭവിക്കുമെന്ന്ഞ ങ്ങൾ വിചാരിച്ചതാണ് . കുറച്ച് മുടിയുള്ള പ്രസിഡൻ്റായിരുന്നേൽ എല്ലാം ശരിക്കു ചെയ്തേനെ. " രാമൻകുട്ടിയുടെ ഭാര്യയാണ്.
"നിൻ്റെ കെട്ടിയോനല്ലേടി സെക്രട്ടറി. തലയിൽ മുടിയുണ്ടായിട്ട് അതിയാനെന്തോന്ന് ഇവിടെ ഉലത്തി " സാജൻ്റെ ഭാര്യ അന്നാമ്മയും വിട്ടു കൊടുത്തില്ല. പെൺപോരുകളും വാക് യുദ്ധങ്ങളും വാട്ട്സ് ആപ്പ്ഗ്രൂപ്പിൽ കൊടുമ്പിരി കൊണ്ടു.
" തനിക്ക് അങ്ങനെ തന്നെ വരണടോ " സീതാംബാളിൻ്റെ വീട്ടിലേക്ക് കുണുങ്ങി കുണുങ്ങി നടന്നു പോകുന്നതിനിടയിൽ രമണി പിറുപിറുക്കുന്നത് അയാൾ വ്യക്തമായി കേൾക്കാറുണ്ട്. മറുപടി പറഞ്ഞാൽ അവളുടെ ജിഹ്വാതാണ്ഡവം കൂടി കാണണം. അവൾ അന്ന് വീണ് ഗർത്തമായ സ്ഥലം പാറപ്പൊടി മൂടിയ നിലയിലായിട്ടുണ്ട്.. മഴ പെയ്തു കഴിഞ്ഞാൽ ഭാവിയിൽ അവിടമൊരു തടാകമായി മാറുവാനും നല്ല സാധ്യത കാണുന്നുണ്ട്.
വാട്ട്സ് ആപ്പ് ഗ്രൂപ്പ് തുറക്കാതെ റസിഡൻസ് അസോസിയേഷൻ പ്രസിഡൻ്റ് പദവിയുടെ ഭാരവും പേറി സാജൻ എബ്രഹാം വിഷമിച്ചു .
" ഞാനന്നേ പറഞ്ഞതല്ലേ പാറപ്പൊടിയുമായിmസിമൻ്റ് പിടിക്കൂലാന്ന് . പ്രസിഡൻ്റ് കേട്ടില്ലല്ലോ" പിറ്റേ ദിവസം രാവിലെയും കീരി കൃത്യമായിmചൊറിയാൻ ഹാജരായി.
" എന്നാൽ താൻ പോയി കുറച്ച് മണൽ വാങ്ങിmഒന്നൂടെ ഈ പണി ചെയ്യിക്ക്. എന്നേ കൊണ്ടി ത്രയുമൊക്കെയേ പറ്റത്തൊള്ളൂ. "
അയാൾ ഗേറ്റ് അടച്ച് കുറ്റിയിട്ടു.
അന്ന് രാത്രി പത്തരയ്ക്ക് സഹൃദയ റെസിഡൻസ്ഗ്രൂപ്പിൽ പ്രസിഡൻ്റിൻ്റെ സന്ദേശം വീണ്ടുമെത്തി.
" ഈ നാട്ടിലെ അഴിമതിയുടെ ബലിയാടാണ് ഞാൻ. ഇപ്പോളുള്ള വ്യവസ്ഥിതിയോട് പട വെട്ടി പരാജയപ്പെട്ടിരിക്കുകയാണ്.എല്ലാ വീടുകളിലും നിങ്ങളുടെ മനസ്സുകളിലും പറന്നിറങ്ങുന്ന പൊടിയോട് പ്രതികരിക്കുവാൻ സാധിക്കാത്തതിൽ ക്ഷമ ചോദിച്ച് കൊണ്ട് പ്രസിഡൻ്റ് സ്ഥാനംരാജി വയ്ക്കുന്നു. രണ്ട് മഴ പെയ്തു കഴിയുമ്പോൾ പൊടിയ്ക്ക് ശമനം വരുമെന്നാണ് കൗൺസിലർ പറഞ്ഞത്. അതിനാൽ ഒരു വേഴാമ്പലിനെപ്പോലെ ഞാനും മഴയ്ക്കായി കാത്തിരിക്കുന്നു. പൊടി നിർമാർജ്ജനം ചെയ്യാൻ
ത്രാണിയുള്ള , തലയിൽ നിറയെ മുടിയുള്ള പുതിയ പ്രസിഡൻ്റിനെ തെരഞ്ഞെടുത്ത് പ്രശ്നപരിഹാരം കാണുക. നന്ദി"
സാജൻ എബ്രഹാം രാജി വച്ചതോടെ ഗ്രൂപ്പിലെ ബഹളങ്ങൾ കെട്ടടങ്ങി. അപ്പോളും പൊടി മാത്രം അടങ്ങാതെ വെല്ലുവിളി ഉയർത്തി എങ്ങും പാറി നടന്നു.
രണ്ട് മഴ പെയ്താൽ എല്ലാം ശരിയാകുമെന്ന വിശ്വാസത്തിൽ കൂവാലപ്പറമ്പ് നിവാസികളെല്ലാം മഴയെ കാത്തിരിക്കുന്നു.