
കാറ്റ് കൊളളുന്നേരം
കാറ്റിനോടൊപ്പം
കാറ്റായി ചീറിയടിച്ചു.
മഴ കൊളളുന്നേരം
മഴയോടൊപ്പം
മഴയായി പെയ്തിറങ്ങി.
ഇളവെയിൽ കൊളളുന്നേരം
ഇളവെയിലിനോടൊപ്പം
ഇളവെയിലായി തിളങ്ങിപ്പരന്നു.
2
എല്ലാറ്റിലും ഒരു കർത്താവിനെ
പ്രതിഷ്ഠിക്കുക എന്നത്
വിരസവും മുഷിപ്പാർന്നതുമായ
ഒരു സംഗതിയാണ്.
ഇപ്പോഴത്തെ സുഖദമായ അകർമ്മണ്യതയിൽ
സത്യത്തെ തേടിയലയേണ്ട പണിയില്ല.
ഒരു വേള സത്യം ഇറങ്ങിത്തിരിച്ചിട്ടുണ്ടാകും
എന്നെ കണ്ടെത്തി
എന്റെ നെഞ്ചകത്ത്
ഒരു കൂട് വെക്കാൻ!
3
ജനിമൃതിചക്രത്തിരിച്ചിലിനുമപ്പുറം
അദൃശ്യമാം അന്ധകാരപരപ്പിൽ
വാഴേണ്ടയാർക്കും വാഴാതെ
മാഴ്കാതെയെന്നും.
ആകയാൽ ജനിച്ചവർക്കെല്ലാം
വേണം മരണം
മരിച്ചവർക്കെല്ലാം
വേണം പുനർ വാഴ് വിന്റെ
സങ്കടക്കടൽ.
4
ഇത് ഇല്ലായ്മയിൽ നിന്ന്
ഇല്ലായ്മയിലേക്കുള്ള
ഒരു വിശുദ്ധയാത്ര
വഴിയിൽ വല്ലായ്മയും
പോരായ്മയുമൊക്കെ കാണും
അതൊക്കെ യാത്രയിൽ
പ്രതിനിമിഷം ഉണ്മയെ മാറോട്
ചേർത്തുപിടിക്കാനുള്ള
ഊർജ്ജമാകട്ടെ!
ഉണ്മ മേൽക്കോയ്മക്ക്
കുപ്പായം തുന്നുകയില്ല
ഈ ഭൂമിയിലത്
സുതാര്യവും അക്ലിഷ്ടവുമായ
നഗ്നതയിൽ കുറഞ്ഞൊന്നും
അവകാശപ്പെടുന്നില്ല.