
'ലോക പുസ്‌തക ദിനം' പകർപ്പവകാശ ദിനവും കൂടിയാണ്!
ചില പകർപ്പവകാശ വ്യവഹാരങ്ങളും.
വിശ്വ സാഹിത്യത്തിലെ അതികായനായ വില്യം ഷേക്സ്പിയരുടെ ജന്മദിനവും (1564) ചരമദിനവും (1616) ഇന്നല്ലോ, അതായത് ഏപ്രിൽ 23-ന്. സാഹിത്യകാരന്മാരായ മിഗ്വെൽ ഡി സെർവാന്റെസ്, ഗാർസിലാസോ ഡേ ലാ വെഗാ എന്നിവരുടെ ചരമദിനം കൂടിയാണിന്ന്.
'ഏപ്രില്‍ 23' ലോക പുസ്തകദിനമായി ആചരിക്കാന്‍ നിശ്ചയിച്ചത്, 1996-ലെ 'യുനെസ്കോ'യുടെ പൊതുസമ്മേളനമാണ്. പുസ്തക വായനയും വിതരണവും പ്രോത്സാഹിപ്പിക്കുന്നതിന് ഏറ്റവും ഫലപ്രദമായ മാര്‍ഗം 'പുസ്തകദിന'ങ്ങൾ പോലുള്ള ആചരണങ്ങൾ പ്രചരിപ്പിക്കുകയും കൊണ്ടാടുകയുമാണെന്ന് യുനെസ്കോ സമ്മേളനം നിരീക്ഷിക്കുകയും അതിനായി ആഹ്വാനം നടത്തുകയും ചെയ്തു.
അതിന് ഒരു വർഷം മുമ്പുതന്നെ, 1995 മുതൽ, യുനസ്കോ ഏപ്രിൽ 23-നു് ലോക പുസ്തക/ പകർപ്പവകാശ ദിനമായി ആചരിക്കുവാൻ ആരംഭിച്ചു.
ഇന്ത്യയിലെ പകർപ്പവകാശ നിയമം പ്രകാരം സ്രഷ്ട്ടാവ് മരിച്ച ശേഷം 60 വർഷം വരെ അവകാശികൾക്ക് പകർപ്പവകാശ സംരക്ഷണമുണ്ടാവും. അമേരിക്കൻ നിയമമനുസരിച്ചു 'സൃഷ്ടി' പ്രസിദ്ധീകരിച്ചു 90 വർഷത്തേക്കാണ് പകർപ്പവകാശ സംരക്ഷണമുള്ളത്.
കേരളത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട രണ്ടു പകർപ്പവകാശ വ്യവാഹരങ്ങൾ ഇവയാണ്:
1. 'മാർത്താണ്ഡവർമ്മ' സിനിമ പകർപ്പവകാശകേസ്:
സി. വി. രാമൻപിളളയുടെ 'മാർത്താണ്ഡവർമ്മ' എന്ന നോവലിനെ ആസ്പദമാക്കി പി.വി.റാവു സംവിധാനം ചെയ്ത് 1933-ൽ പുറത്തിറങ്ങിയ ഒരു നിശ്ശബ്ദ, ബ്ലാക്ക് ആന്റ് വൈറ്റ് ചലച്ചിത്രമാണ് 'മാർത്താണ്ഡവർമ്മ'. മലയാളചലച്ചിത്ര മേഖലയിൽ രണ്ടാമതു പുറത്തിറങ്ങിയത് ഈ ചിത്രമാണ്. നിർമ്മാണവേളയിൽ നോവലിൻ്റെ പകർപ്പവകാശത്തെക്കുറിച്ചുള്ള ചോദ്യങ്ങളൊന്നും നിർമ്മാതാവ് കാര്യമാക്കിയില്ല. ചിത്രത്തിലുള്ള ഇംഗ്ലീഷിലും മലയാളത്തിലുമായുള്ള സബ് ടൈറ്റിലുകളിൽ കൊടുത്ത വാക്യങ്ങൾ മിക്കതും മൂലഗ്രന്ഥത്തിൽ നിന്ന് കൈകൊണ്ടവ ആയിരുന്നു; 1933-ൽ ചിത്രം തിരുവനന്തപുരം കാപിറ്റോൾ തീയേറ്ററിൽ പ്രദർശിപ്പിച്ചപ്പോൾ, സി വി രാമൻപിള്ളയുടെ 'മാർത്താണ്ഡവർമ്മ' നോവലിൻറെ പ്രസാധകരായ കമലാലയ ബുക്ക് ഡിപ്പോയുമായുള്ള പകർപ്പവകാശ തർക്കം മൂലം, പ്രഥമ പ്രഥമ പ്രദർശനത്തിനോടുവിൽ തന്നെ പ്രദർശന കേന്ദ്രത്തിൽ നിന്ന് അതിന്റെ പ്രിന്റ് കണ്ടുകെട്ടുകയും കമലാലയ ബുക്ക് ഡിപ്പോയുടെ മൂലയിൽ കിടന്നു അത് നശിക്കുകയും ചെയ്തു. കമലാലയ ബുക്ക് ഡിപ്പോയുടെ കൈവശമായിരുന്ന ചിത്രത്തിൻറെ പ്രിൻറ് 1974-ലാണ് പൂനയിലുള്ള 'നാഷണൽ ഫിലിം ആർക്കേവ്സ് ഓഫ് ഇന്ത്യ' ഇടപ്പെട്ട് കണ്ടെതെങ്കിലും ഭാഗികമായേ വീണ്ടെടുക്കാൻ കഴിഞ്ഞിരുന്നുള്ളൂ എന്നാണ് അറിവ്.
കേരളത്തിലെ സാഹിത്യമേഖലയിലെയും ചലച്ചിത്രമേഖലയിലെയും ആദ്യത്തെ പകർപ്പവകാശവ്യവഹാരം ഇതെനെന്നാണ് പറയപ്പെടുന്നത്.
2. 'ബോബനും മോളിയും' പകർപ്പവകാശ കേസ്: കാർട്ടൂൺ വരച്ച ടോംസും മൂന്നു പതിറ്റാണ്ടോളം അത് പ്രസിദ്ധീകരിച്ച മലയാള മനോരമയും തമ്മിലുള്ള കേസ് ആണിത്. ഇത് അടുത്ത കാലത്ത് ഉണ്ടായതായതു കൊണ്ടു എല്ലാവർക്കും ഓർമയുണ്ടാകും. 1987-ല്‍ മനോരമയില്‍നിന്ന് ടോംസ് പിരിഞ്ഞതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. തുടര്‍ന്നും ബോബനും മോളിയും അദ്ദേഹം തന്നെ വരക്കണമെന്ന് മനോരമക്ക് ആഗ്രഹമുണ്ടായി. (അതിനിടയിൽ 'മംഗളം' വാരിക ഇടപെട്ടതിനാൽ ചില അന്തർ നാടകങ്ങൾ നടന്നതായി പറയപ്പെടുന്നു; എന്നാൽ അതിന് തെളിവുകൾ ഇല്ല) എന്തായാലും, സ്ഥിരം ജോലിയിൽ നിന്ന് പിരഞ്ഞതിനു ശേഷം, ബോബനും മോളിയും വരക്കുവാർ മനോരമ മുന്നോട്ടുവച്ച വ്യവസ്ഥകൾ ടോംസിന് സ്വീകാര്യമായില്ല; മാത്രമല്ല, ഈ തർക്കം സജീവമായപ്പോഴാണ് കലാകൗമുദി ഇതു പ്രസിദ്ധീകരിക്കാർ സ്വീകരിച്ചത്; മനോരമാകട്ടെ, ടോംസ് വരക്കാത്ത ബോബനും മോളിയും പ്രസിദ്ധീകരിക്കാൻ തുടങ്ങുകയും ചെയ്തു!
ന്യായം ടോംസ് പക്ഷത്തായിരുന്നെങ്കിലും കേസിൽ ജില്ലാ കോടതി വിധിയിൽ മനോരമ വിജയം കണ്ടു.... ഈ വിധി പറഞ്ഞ ജില്ലാ ജഡ്ജി ഗോവിന്ദൻ, ഈ വിധിവന്നു ഉടൻ തന്നെ റിട്ടയർ ചെയ്തതായി ആണ് ഓർമ്മ; അതോ അദ്ദേഹത്തെ അഴിമതിയുടെ പേരില്‍ ഹൈക്കോടതി നീക്കം ചെയ്തോ എന്ന് സംശയമുണ്ട്. 'മനോരമ' തുടർ നടപടികൾ ഒഴിവാക്കാനായിരിക്കാം, അല്ലെങ്കിൽ പൊതുജന അഭിപ്രായം എതിരായതിനാലാകാം, 'ബോബനും മോളിയും' ടോംസിനു വിട്ടുകൊടുത്തു കൊണ്ടു മുൻ പേജിൽ ആറു കോളം അറിയിപ്പ് കൊടുത്തു... ഒരു കാർട്ടൂൺ സഹിതം.... സ്രഷ്ടാവിന്റെ അവകാശം സംബന്ധിച്ച പകര്‍പ്പവകാശനിയമത്തിലെ വ്യവസ്ഥകള്‍ക്ക് അവശ്യം ലഭിക്കേണ്ട വ്യക്തതയ്ക്കുള്ള അവസരം അതോടെ നഷ്ടമാകുന്ന അവസ്ഥ വന്നു. എന്നാൽ ജില്ലാ കോടതി വിധിക്കുമേൽ ഹൈകോടതിയിൽ അപ്പീൽ നല്കി ടോംസ് തൻ്റെ അവകാശം നിയമപരമായി സ്ഥിരീകരിച്ചെടുത്തു.
1957-ൽ നിലവിൽ വന്നതും 1983, 1984, 1992, 1994, 1999, എന്നീ വർഷങ്ങളിൽ ഭേദഗതി വരുത്തിയിട്ടുള്ളതുമായ പകർപ്പവകാശ നിയമമാണ് ഇന്ത്യയുടെ പകർപ്പവകാശ നിയമം എന്നറിയപ്പെടുന്നത്. ഇത് 1911-ൽ ബ്രിട്ടീഷ് ഭരണകാലത്ത് നിലവിലുണ്ടായിരുന്ന, പകർപ്പവകാശ നിയമത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.
ഒരു സൃഷ്ടി എന്നാൽ ലിഖിതരചനയോ, നാടകാവിഷ്കാരമോ, സംഗീതസൃഷ്ടിയോ, ശബ്ദലേഖയോ, കലാസൃഷ്ടിയോ ആണ്. ലിഖിതരചനയന്നതിൽ, കമ്പ്യൂട്ടർ പ്രോഗ്രാമുകളും, പട്ടികകളും, ദത്തശേഖരങ്ങളും ഇതര സമാഹാരങ്ങളും ഉൾപ്പെടുന്നു. (പകർപ്പവകാശ നിയമം, 1957: വകുപ്പ് 14 ) പകർപ്പവകാശം എന്നാൽ, ഒരു സൃഷ്ടി, ഏതു മാദ്ധ്യമത്തിലും സൂക്ഷിയ്ക്കാനും, പുന സൃഷ്ടിക്കാനും, പകർപ്പുകൾ പ്രസിദ്ധീകരിക്കുവാനും, പൊതുജനമധ്യേ പ്രദർശിക്കാനും, ചലച്ചിത്രമോ ശബ്ദരേഖയോ ഇതര കലാരൂപത്തിലോ ആയി രൂപാന്തരം ചെയ്യുവാനും, കമ്പ്യൂട്ടർ പ്രോഗ്രാമുകളുടെ കാര്യത്തിൽ വിൽക്കുവാനും വാടകക്കുനൽകുവാനും കൂടിയുള്ള, അവകാശമാണ്.
സൃഷ്ടാവ് അന്തരിച്ച് 60 വർഷം തികയും വരെയാണ് പൊതുവിൽ ഈ അവകാശം - ഗ്രന്ഥങ്ങൾക്ക് ബാധകമായത് ഈ നിബന്ധനയാണ്. അമേരിക്കയിൽ സൃഷ്ടികൾ പ്രസിദ്ധീകരിച്ച്, 90 വർഷത്തേക്ക് എന്ന നിബന്ധനയും.
.....................
വാലറ്റം :
കുമാരനാശാൻ്റെ പത്നി കെ. ഭാനുമതിയമ്മയും അവരുടെ രണ്ടാം ഭർത്താവും തമ്മിലുള്ളതാണ് കേരളത്തിലെ കോളിളക്കം സൃഷ്ടിച്ച മറ്റൊരു പകർപ്പവകാശ വ്യവഹരം :
•••••••••••••••••••
1918-ല്‍ തൻെറ നാൽപ്പത്തഞ്ചാം വയസ്സിലാണ് കുമാരനാശാൻ വിവാഹിതനായത്. തിരുവനന്തപുരം കുന്നുകുഴി കമലാലയം ബംഗ്ലാവിൽ പതിനാറുകാരിയായ കെ. ഭാനുമതിയമ്മയായിരുന്നു ഭാര്യ. ആറുവർഷമെ ഇവർ ഒരുമിച്ചു ജീവിച്ചിട്ടുള്ളൂ. ഇവർക്ക് സുധാകരന്‍, പ്രഭാകരന്‍ എന്നീ രണ്ട് പുത്രന്‍മാരുണ്ടായി. (മഹാകവി മരിക്കുമ്പോൾ ആറും രണ്ടും വയസ്സുള്ള ബാലന്മാർ)
ശാരദാ ബുക്ഡിപ്പോ എന്ന പേരിൽ സ്വന്തമായി ഡിപ്പോ നടത്തിയിരുന്നു മഹാകവി.
കുമാരനാശാൻ മരിച്ച് പന്ത്രണ്ട് വർഷം കഴിഞ്ഞപ്പോൾ, ഭാനുമതിയമ്മ പുനർ വിവാഹത്തിന് തയ്യാറായി.
സി. ഒ. കേശവൻ ആണ് ഭാനുമതിഅമ്മയെ പുനർ വിവാഹം കഴിച്ചത്, (പ്രശസ്ത നോവലിസ്റ്റ് കെ. സുരേന്ദ്രന്റെ പിതാവിന്റെ അനുജൻ ആയിരുന്നു കേശവൻ. ഇവർക്ക് ലളിത, മാധവൻ, ലീല, അശോകൻ എന്നീ നാലു മക്കൾ ഉണ്ടായി. മൂത്ത മകളായ ലളിതയുടെ ഭർത്താവ് ഏതാനും വർഷം മുമ്പ് അന്തരിച്ച വയലാർ ട്രസ്റ്റ് മുൻ സെക്രട്ടറി സി. വി. ത്രിവിക്രമൻ; മക്കൾ മാല പാർവതി; ലക്ഷ്മി. )
ഭാനുമതിയമ്മ സി ഒ കേശവൻ ബന്ധം അധിക കാലം നീണ്ടു നിന്നില്ല. അവർ വിവാഹമോചനം നേടി. ആശാന്റെ ആദ്യ ജീവചരിത്രകാരൻ സി. ഒ. കേശവൻ ആയിരുന്നു; എന്നാൽ ആശാന്റെ കൃതികളിൽ നിന്നു ആ പുസ്തകത്തിൽ ഉദ്ധരിച്ചിട്ടുള്ളത് പകർപ്പവകാശ ലംഘനമാണെന്ന് കാണിച്ചു ഭാനുമതി അമ്മ കേസ് കൊടുക്കുകയും പുസ്തക വിൽപ്പന കോടതി നിരോധിക്കുകയും ചെയ്തു.