
ദബ എപ്പോഴും അറബി പുസ്തകങ്ങൾ ആയിരുന്നു വായിച്ചിരുന്നത്. ഖുർആൻ, ഹദീസുകൾ, മുഹിയുദീൻ മൗലീദ്, ബദർ പാട്ടുകൾ അങ്ങനെ പലതരം അറബി വായനകളും അവയുടെ ഈണങ്ങളും എന്നെ ഭ്രമിപ്പിച്ചിട്ടുണ്ട്. അതിരാവിലെ എഴുന്നേറ്റ് സുബിഹി നിസ്കരിച്ചു സൂര്യന്റെ പുലർവെട്ടം വരുവോളം ഈണത്തിലും താളത്തിലും മുഴങ്ങുന്ന ഖുർആൻ ശീലുകൾ അങ്ങനെയാണ് ഞാൻ കേട്ട് പഠിച്ചത്.
പുസ്തകങ്ങൾ നമുക്ക് നൽകുന്ന വലിയൊരു ആകാശമുണ്ട്. കറുത്തും ഇരുണ്ടും പേടിപ്പിച്ച് നീലയായും വെള്ളയായും ചിരി തൂകി ആ ആകാശങ്ങൾ എനിക്ക് തുറന്നു നൽകിയത് എന്റെ ഉമ്മയുടെ സഹോദരിമാർ ആയിരുന്നു. ദബയും മേമയും.
ഞാൻ അന്ന് ദബയോട് ചോദിച്ചിരുന്ന ഒരു ചോദ്യമുണ്ട്.
'എങ്ങെനെയാ ദബ ഇതൊക്കെ പഠിച്ചത്? എനിക്കും ഇതൊക്കെ പഠിച്ചു വല്യ ആളാവണം '
ദബ ചിരിക്കും. ഒരു കിളിപ്പാട്ടിന്റെ ഈണമുള്ള ചിരി!
ചുവന്ന ചുണ്ടും പുറത്തേക്കിട്ട് മുട്ടയ്ക്ക് അടയിരിക്കുന്ന പെൺകിളിയെ സന്ദർശിക്കുന്ന നബിയുടെ മരുമകൻ അലിയോട് ആൺകിളി തന്നെ വഞ്ചിച്ചു എന്നും അവനെ ശിക്ഷിക്കാൻ നബിയോട് ശുപാർശ ചെയ്യുന്ന ഒരു പെൺകിളിയുടെ ധൈര്യവുമെല്ലാം അങ്ങനെയാണ് കേട്ടു പഠിച്ചത്.
പിന്നീട് ഞാൻ സ്കൂളിൽ ആയ കാലം. അന്നത്തെ ആഴ്ചപ്പതിപ്പുകൾ എല്ലാം മേമ വാങ്ങി വായിക്കുമായിരുന്നു. മംഗളം വരിക, മനോരമ വീക്കിലി, മനോരാജ്യം, കന്യക വനിത...കൂടാതെ അടുത്ത വീടുകളിലെ ബാലരമ, ബാലമംഗളം,അമ്പിളി അമ്മാവൻ തുടങ്ങി ചെറു പുസ്തകങ്ങളും എനിക്കുവേണ്ടി മേമ എത്തിച്ചു തരും. പക്ഷേ മംഗളം മുതലായവ ഞാൻ വായിക്കാൻ മേമ സമ്മതിച്ചിരുന്നില്ല. അതൊക്കെ കുട്ടികൾ വായിക്കേണ്ടതല്ല എന്നായിരുന്നു വിവക്ഷ!
പക്ഷേ കട്ടെടുത്തു വായിക്കൽ എന്റൊരു ഹോബി ആയി മാറാൻ അധികം താമസമുണ്ടായില്ല.
അങ്ങനെയിരിക്കെയാണ് വിക്‌ടർ ഹ്യൂഗോ എഴുതിയ പാവങ്ങൾ - നാലപ്പാട്ട് നാരായണമേനോൻ വിവർത്തനം ചെയ്ത പുസ്തകം - എന്റെ കൈയിൽ എത്തുന്നത്. ഒരു സ്കൂൾ കുട്ടിയായിരുന്ന എന്നെ പലവിധ ലോകത്തേക്കും ലോകാന്തരങ്ങളിലേക്കും മനസ്സിന്റെ അതിനിഗൂഢ ഭാവങ്ങളിലേക്കും എടുത്തെറിഞ്ഞ നോവൽ ആയിരുന്നു 'പാവങ്ങൾ!'
ഒരു മനുഷ്യൻ എങ്ങനെയാവണം സമൂഹം എങ്ങനെ ആവരുത് എന്നെല്ലാം മനുഷ്യസാമൂഹിക ജീവിതത്തിന്റെ എട്ടു വീക്ഷണകോണുകളുടെ കഥ പറഞ്ഞ ക്ലാസ്സിക് നോവലായിരുന്നു
'ലെ മിസെറബിൾസ് (പാവങ്ങൾ)'
വിക്‌ടർ ഹ്യുഗോ എഴുതിയ ഫ്രഞ്ച് എപ്പിക് ചരിത്ര നോവൽ! 1862-ൽ പുറത്തിറങ്ങിയ ഈ നോവൽ പത്തൊൻപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച നോവലുകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. ഈ നൂറ്റാണ്ടിലും!
ഹ്യൂഗോ തന്റെ ഇറ്റാലിയൻ പ്രസാധകനോട് ഈ നോവലിനെക്കുറിച്ച് പറഞ്ഞതായ ചില വരികളുണ്ട്.
"ഈ നോവൽ എല്ലാവരും വായിക്കുമോ എന്നെനിക്കറിയില്ല, പക്ഷേ ഇത് എല്ലാവർക്കും വേണ്ടിയുള്ളതാണ്. ഇംഗ്ലണ്ട്, സ്പെയിൻ, ഇറ്റലി, ഫ്രാൻസ്, ജർമ്മനി, അയർലൻഡ് എന്നിവയെയും ഈ നോവൽ അഭിസംബോധന ചെയ്യുന്നു. അടിമകളെ പാർപ്പിക്കുന്ന റിപ്പബ്ലിക്കുകളും സെർഫുകളുള്ള സാമ്രാജ്യങ്ങളും ഇതിലുണ്ട്. സാമൂഹിക പ്രശ്നങ്ങൾ അതിർത്തികൾക്കപ്പുറത്തേക്ക് പോകുന്നു. മനുഷ്യരാശിയുടെ മുറിവുകളും ലോകത്തിൽ ചിതറിക്കിടക്കുന്ന വലിയ വ്രണങ്ങളും ഭൂപടങ്ങളിൽ വരച്ച നീലയും ചുവപ്പും വരകളിൽ ഒതുങ്ങുന്നില്ല. പുരുഷന്മാർ അജ്ഞതയിലോ നിരാശയിലോ ആണ്ടു പോകുന്നിടത്തെല്ലാം സ്ത്രീകൾ അപ്പത്തിനായി സ്വയം വിൽക്കുന്നിടത്തെല്ലാം കുട്ടികൾക്ക് പഠിക്കാൻ ഒരു പുസ്തകമോ ചൂടുള്ള അടുപ്പോ ഇല്ലാത്തിടത്തെല്ലാം ലെസ് മിസറബിൾസ് വാതിലിൽ മുട്ടി പറയുന്നു: "തുറക്കൂ, ഞാൻ നിങ്ങൾക്കായി ഇവിടെയുണ്ട്."
എന്നെ പുസ്തകങ്ങളിലേക്ക് എത്തിച്ച ഓരോ നിമിഷത്തോടും ഓരോ മനുഷ്യരോടും ഓരോ അക്ഷരങ്ങളോടും എനിക്ക് തീർത്താൽ തീരാത്ത സ്നേഹമുണ്ട്. ഈ ലോകത്തെ എല്ലാ പുസ്തകങ്ങളും വായിക്കണമെന്ന തീരാമോഹത്തിലാണ് ഞാൻ കിടന്നുറങ്ങുന്നത്. ഉണർന്നെണീക്കുന്നത്.
ഇന്നലെ വായിക്കാതെ പോയ പുസ്തകങ്ങളും നാളെ വായിക്കാനിരിക്കുന്ന പുസ്തകങ്ങളും ഇന്നെന്നെ കാണാൻ വരുമെന്നും അവരെ സ്വീകരിക്കാനായി എന്റെ മുറികൾ മുഴുവനും ഒരുക്കി വെക്കുമെന്നും ഞാൻ സ്വപ്‍നം കാണുന്നു. എന്റെ മുറികളിൽ പുസ്തകങ്ങളും കഥാപാത്രങ്ങളും കഥ പറയാനായി കസേരകളിൽ ഇരിക്കുമെന്നും അത് കണ്ടു പേടിച്ചു ഞാൻ എഴുതിയ കുഞ്ഞു അക്ഷരങ്ങൾ നാണക്കേടിനാൽ പതറിയും പേടിച്ചും ഒളിച്ചിരിക്കുമെന്നും എനിക്കറിയാം.
പക്ഷേ അവരുണ്ടല്ലോ, അവർ മിടുമിടുക്കർ ആണല്ലോ. അവർ ഞാൻ ഒളിച്ചു വെച്ച ഓരോ പുസ്തകവും കണ്ടെടുക്കുമെന്നും
'ദാ...നോക്ക്...'ഇത് സനയുടെ പുസ്തകമാണെന്ന് പറഞ്ഞു ഒരാൾ മറ്റൊരാളെ വിളിച്ചു കൂട്ടുമെന്നും അവരെല്ലാം എന്നെ അത്ഭുതത്തോടെ നോക്കുമെന്നും ഞാൻ നാണത്തോടെ തല കുനിച്ചു നിൽക്കുമെന്നും....
'ഓഹ്... നീ... ഇത് നീയാണോ....' എന്ന് അത്ഭുതപ്പെടുമ്പോൾ യാതൊരു ചലനവും കാണിക്കാത്ത മുഖത്തോടെ വിക്‌ടർ ഹ്യുഗോ പറയും.
'എനിക്കറിയാമായിരുന്നു. അന്നേ എനിക്കറിയാമായിരുന്നു. എന്നെ വായിക്കുമ്പോഴേ എനിക്കറിയാമായിരുന്നു.'
ബ്രാം സ്റ്റോക്കർ ചുവന്ന കണ്ണുകളോടെ ഡ്രാക്കുളയെ തോണ്ടും.
'നോക്ക്... ഡ്രാക്കുളയുടെ കാമുകി പുസ്തകമെഴുതിയിരിക്കുന്നു. കണ്ടില്ലേ"
ഡ്രാക്കുള കറുത്ത ചിറകോടെ പറന്നു വരും.
'Come... Let's dance...'
ഞാനും ഡ്രാക്കുളയും ക്ഷീരപഥങ്ങളിൽ നിറഞ്ഞാടുന്നത് ആർഥർ ഡോയലും ഷെർലോക് ഹോംസും വാട്സണും ഓരോ സിഗാർ പുകച്ചുകൊണ്ട് അലസമായി നോക്കിയിരിക്കും.
ഫയഡോർ ദെയ്തോവ്സ്കിയെ അന്ന ചൂതാട്ടകേന്ദ്രത്തിൽ നിന്നും പിടിച്ചോണ്ട് വന്നു ഒരു സോഫയിൽ ഇരുത്തും. ചാരം കലങ്ങുന്ന കണ്ണുകൾ ഉയർത്തി ഫയദോർ എന്നെ നോക്കും! അന്നയെ വീഴ്ത്തിയ അതേ നോട്ടം! ഞാൻ എന്നേ അദ്ദേഹത്തിൽ വീണലിഞ്ഞവൾ ആണെന്ന കുറ്റത്തിന് ശിക്ഷ എന്തായിരിക്കും? ഏകാന്തമായ പ്രണയത്തിന്റെ നൂറുനൂറു വർഷങ്ങൾ തേടി ഇനിയും നടക്കാൻ കൂടെ വരുമോ എന്ന് ഇവരെല്ലാവരും ഇരിക്കുമ്പോൾ അദ്ദേഹത്തോട് മാത്രമായി എങ്ങനെ ചോദിക്കും?
പണ്ട് ഡിസംബറിൽ ജനിച്ച ഏറ്റവും ഭാരം കുറഞ്ഞ നേരെ കിടക്കുവാൻ പോലും കനമില്ലാത്ത കുട്ടിയായിരുന്നത്രെ ഞാൻ!
ഈ കുട്ടി ജീവിക്കുമോ എന്ന് സംശയിച്ച പലരും അന്ന് നേരിട്ട് ഉമ്മയോടും ദബയോടും ഈ ചോദ്യം ചോദിച്ചിരുന്നു!!
ഈ കുട്ടി ജീവിക്കുമോ ജീവിക്കാനുള്ള ശേഷി ഈ കുട്ടിക്കുണ്ടോ എന്ന ചോദ്യത്തിന് മുകളിൽ....ഡിസംബറിന്റെ മഞ്ഞിൽ തണുത്തു വിറച്ച ആ ചോദ്യത്തിന് മുകളിൽ വളർന്നേറിപ്പോയ ആ കുഞ്ഞിനെ നോക്കി ദബയും ഉമ്മയും ഇന്ന് എന്ത് പറയുന്നുണ്ടാകാം.
അവൾ വായിക്കാൻ വേണ്ടി ജീവിച്ചു. അവൾ വായിച്ചു വായിച്ചു ജീവിച്ചു വളർന്നേറിപ്പോയി എന്ന് സ്നേഹത്തോടെ നോക്കുന്നുണ്ടാവാം.
ഇനിയും വായിക്കാൻ ഏകാന്തമായ നൂറു നൂറു വർഷങ്ങൾ എനിക്ക് വേണം!
സ്നേഹത്തോടെ എന്റെ പുസ്തകങ്ങൾക്ക്....

SANA RUBEENA International Book Day