Image

തമിഴകം 85 ശതമാനം; ശർമ്മിളയുടെ ബിരിയാണിക്കു ഉത്സവകച്ചവടം (കുര്യൻ പാമ്പാടി)

Published on 24 April, 2026
തമിഴകം 85 ശതമാനം;  ശർമ്മിളയുടെ ബിരിയാണിക്കു ഉത്സവകച്ചവടം (കുര്യൻ പാമ്പാടി)

വ്യാഴാഴ്ച വോട്ടെടുപ്പ് നടന്ന തമിഴ് നാട്ടിലെ 38 ജില്ലകളിൽ കേരളവുമായി പുൽക്കൊടി ബന്ധമുള്ള ഒന്നാണ് മധുര. കേരളവുമായി മുട്ടിക്കിടക്കുന്ന തേനിയാണ് അടുത്തത്. പണ്ട് രണ്ടും മധുര എന്ന ഒരൊറ്റ  ജില്ലയായിരുന്നു.

കേരളം ഈ ജില്ലകൾക്ക്  മുല്ലപ്പെരിയാറിലൂടെ ജീവജലം നൽകുന്നു. പകരം അവർ  മുട്ടയും ഇറച്ചിയും പാലും പച്ചക്കറിയും  കടലയും  മുന്തിരിയും നൽകുന്നു. നാളികേരം പോലും.

2011ലെ തെര ഞ്ഞെടുപ്പിൽ 234 നിയോജകമണ്ഡലങ്ങളിൽ  ആകെ 72.8 ശതമാനം പേരാണ് വോട്ടു ചെയ്തത് ഇത്തവണ പോളിങ് ശതമാനം 85 ശതമാനത്തിൽ ഏറെയായി ഉയർന്നിട്ടുണ്ട്.

ഡിഎംകെയും എഐഎഡിഎംകെ തമ്മിലുള്ള കടുത്തമത്സരത്തിൽ നടൻ വിജയ് നയിക്കുന്ന ടിവികെ യുടെ രംഗപ്രവേശം വെറും വാശിയും കൂട്ടിയിട്ടുണ്ട്.  പോളിംഗ് ശതമാനം  കൂടാൻ അതും ഒരു കാരണമാകാം.

ശർമ്മിളയുടെ ബിരിയാണിക്കട, സിക്കന്ദറും ഇർഫാനും സമീപം

പോളിംഗ് നടന്ന വ്യാഴാഴ്ച്ച മധുരമീനാക്ഷിയുടെ ചിത്തിര ഉത്സവത്തിന് കൊടിയേറിയിട്ടു അഞ്ചു ദിവസമായി. ഏപ്രിൽ 28നു പത്താം ദിവസം മീനാക്ഷി-സുന്ദരേശ്വർ തിരുക്കല്യാണമാണ് ഉൽസവത്തിന്റെ ഏറ്റവും പ്രധാന ദിനം. 29നു തേരോട്ടം,

30നു പന്ത്രണ്ടാം ദിവസം വൈഗാനദിയിൽ ആറാട്ടോടെ സമാപനം. കാലങ്ങളായി തടിയിൽ തീർത്ത ചക്രങ്ങളിലാണ് തേര് അഥവാ രഥം ഉരു ണ്ടുകൊണ്ടിരുന്നത്. ഇത്തവണ സ്റ്റീൽ ചക്രങ്ങൾ ഘടിപ്പിച്ചിരിക്കയാണ്.

പാർവതിയുടെ അവതാരമായ മീനാക്ഷിയും ശിവന്റെ അവതാരമായ സുന്ദരേശ്വരനും തമ്മിലുള്ള ശിവ-പാർവതി പരിണയം  ആറാം നൂറ്റണ്ടിൽ തുടങ്ങിയ വിശ്വാചാരങ്ങളുടെ തുടർച്ചയായി പരിഗണിക്കപ്പെടുന്നു. മീനാക്ഷിയുടെ അവതാരമായ കോട്ടയം കുടമാളൂർ  കാർത്തികയ്ക്കും ഇത് ഉത്സവ വേളയാണ്. മധുരയിൽ വേരുകളുള്ള തന്ത്രിമാരാണ് അവിടെ ഉത്സവത്തിന് കൊടിയേറ്റുന്നത്.

മീനാക്ഷി ക്ഷേത്രത്തിന്റെ നടുമുറ്റത്ത് സ്ഥിതി ചെയ്യുന്ന പെരിയാർ ബസ് സ്റ്റാൻഡിന്റെ കവാടത്തിൽ വർഷങ്ങളായി ബിരിയാണിക്കട നടത്തുന്ന ശർമ്മിളക്കും ഭർത്താവ് സിക്കന്ദറിനും മകൻ ഇർഫാനും വോട്ടെടുപ്പ് ദിവസം കോളായിരുന്നു. ഒറ്റദിവസം കൊണ്ട് ഒരുലക്ഷം  രൂപയിൽ കുറയാത്ത  ബിരിയാണി വിറ്റു.

ജില്ലാ കലക്ടർ പ്രവീൺ കുമാർ പോളിംഗ് ബൂത്തിൽ; രാമദാസൻ തിരുപ്പരകുന്ദ്രത്തിൽ

എല്ലാ വോട്ടെടുപ്പു ദിവസവും അവർക്കു പെരുത്തുകച്ചവടമാണ്. സർക്കാർ അവധി പ്രഖ്യാപിച്ചതിനാൽ നഗരത്തിലെ ആയിരക്കണക്കിന്  റെസ്റ്റോറന്റുകൾ അടഞ്ഞു കിടന്നു. ഞാൻ താമസിച്ച തമിഴ്‌നാട് ടൂറിസം ഡവലപ്മെന്റ് കോർപറേഷന്റെ ഹോട്ടൽ തമിഴ്‌നാടിന്റെ അമുദഗം റെസ്റ്റോറന്റുപോലും പകുതി സ്റ്റാഫിനെക്കൊണ്ട് പ്രവർത്തിപ്പിക്കേണ്ടി വന്നു. സ്റ്റാഫിൽ മിക്കവരും വോട്ടു ചെയ്യാൻ പോയി.

നൂറ്റിപ്പത്തു വർഷം  മുമ്പ് ബ്രിട്ടീഷ് കോളനി വാഴ്ച്ച ക്കാലത്തു  തുടങ്ങിയ കോളേജ് ഹൗസ് എന്ന ഹെറിറ്റേജ് ഹോട്ടലിന്റെ ഭക്ഷണശാല പോലും അടഞ്ഞു കിടന്നു. പണ്ടൊരിക്കൽ അവിടെ താമസിച്ചിട്ടുള്ള ആളാണു  ഞാൻ.

അന്ന് അവരുടെ റെസ്റ്റോറന്റിൽ നിന്ന് ഇഡ്ഡലിയും വടയും ഫിൽറ്റർ കോഫിയും കൂടി അഞ്ചു രൂപയ്ക്കു കിട്ടി. ഇന്നതിന്  നൂറു രൂപയിൽ ഏറെയാകും. 145 മുറികളും 80 ജോലിക്കാരുമുള്ള  ഹോട്ടലിന്റെ ഉടമ കാർത്തിക്കിന് എനിക്ക് ഒരു കപ്പ് കാപ്പി തരാൻഫ്രണ്ട് ഓഫീസിലെ ഒരു വിശ്വസ്ഥനെ പുറത്തേക്ക് ഓടിക്കേണ്ടി വന്നു.

മീനാക്ഷി ക്ഷേത്രത്തിലെ ചിത്തിര മഹോത്സവം

എന്നിട്ടും ശർമിളയുടെ ബിരിയാണിക്കടയിൽ നിന്നു തിരിയാൻ  ഇടമില്ലാതെവന്നു. ചിക്കൻ ബിരിയാണി ഒരു പ്ളേറ്റിനു 80 രൂപ, ബീഫ് ബിരിയാണി 60, വെജിറ്റബിൾ ബിരിയാണി 50, ഇറച്ചിച്ചാറും സാവാളഅരിഞ്ഞതും ഫ്രീ    മുട്ടയോ ചായയോ കാപ്പിയോ  ഒന്നുമില്ല.   തണുത്ത വെള്ളം ഇഷ്ട്ടം പോലെ കുടിക്കാം.

മറ്റുകടകൾ ഇല്ലാത്തതിനാൽ ബസ് സ്റ്റാൻഡിലെയും പോലീസ് സ്റ്റേഷനിലെയും സ്റ്റാഫിന് വേണ്ടി ബിരിയാണി പാക്കറ്റുകൾ ചാക്കിൽ കെട്ടികൊണ്ടുപോകാൻ ഓട്ടോ റിക്ഷകൾ  കാത്തുകിടന്നു. സന്ധ്യവരെനിന്നാലേ തങ്ങളുടെ ഊഴം ആകൂ  എന്ന് വന്നപ്പോൾ  കടയുടമകളെ ശകാരിച്ചുകൊണ്ടു  പലരും സ്ഥലം വിടുകയും ചെയ്തു. ഒരു ബൈക്കിൽ ഭാര്യയും മൂന്ന് കുട്ടികളുമായി വന്ന ഒരു  ചെറുപ്പക്കാരൻ തമിഴിൽ തെറിതന്നെ വിളിച്ചു.

 ക്ഷേത്രത്തിലെ ദീപക്കാഴ്ച്ച

എങ്കിലും ബിരിയാണിയുടെ മണം പിടിച്ച്  ഞാൻ കടയ്ക്കുള്ളിൽ ഒന്നരമണിക്കൂർ കാത്തിരുന്നു.  ഒരു യുവതി ഉൾപ്പെടെ മറ്റു ചിലരും. നൂറു രൂപകൊടുത്തപ്പോൾ കിറുകൃത്യമായി ഇരുപതു രൂപയുടെ തുട്ടുകൾ സിക്കന്ദർ പെറുക്കിതന്നു. മുറിയിൽ എത്തിയപ്പോൾ  നല്ലൊരു കോഴിക്കാൽ  ഉൾപ്പെടെ രണ്ടുപേർക്കു കഴിക്കാനുള്ള വകയുണ്ടെന്നു അനുഭവിച്ചറിഞ്ഞു.

രാവിലെ പെരിയാർസ്റ്റാൻഡിൽ നിന്ന് 48ആം നമ്പർ ബസിൽ മധുരാപുരിയോട് ചേർന്നുള്ള തിരുപ്പരകുന്ദ്രം നിയോജകമണ്ഡലത്തിലേക്കു ഒരു ഓട്ടപ്രദക്ഷിണം നടത്തി. തിരുമംഗലത്തേക്കുള്ള ബസ് ആണ്. തിരുനഗർ മൂന്നാം  സ്റ്റോപ്പിൽ ഇറങ്ങി.മധുര മലയാള സമാജം സെക്രട്ടറി രാമദാസനുമൊത്തു സവിതാബായി സ്‌കൂളിലെ ബൂത്തിലേക്ക് പോയി.

 നെറ്റ്ഫ്ളിക് സിൽ സ്ട്രീം ചെയ്യുന്ന മീനാക്ഷി കല്യാണം 

മലമുകളിലെ മുരുഗക്ഷേത്രത്തിനു പേരുകേട്ട മണ്ഡലമാണ് തിരുപ്പരകുന്ദ്രം. എഐഎഡിഎംകെ  എംഎൽഎയായിരുന്ന രാജ് ചെല്ലപ്പ വീണ്ടും  മത്സരിച്ച മണ്ഡലത്തിൽ ഡിഎംകെയുടെ കിർത്തിക തങ്കപാണ്ടി യും ടിവികെയുടെ നിർമ്മൽ കുമാറും നാം തമിഴർ കക്ഷിയുടെ  ടി. സത്യ ദേവിയും എതിരാളികൾ.

ഭരണകക്ഷിയും പ്രതിപക്ഷവും തമ്മിൽ കടുത്ത മത്സരമാണെന്ന് വോട്ടു ചെയ്ത ശേഷം രാമദാസൻ പറഞ്ഞു. കനത്ത ചൂടിലും  80 ശതമാനത്തിലേറെ പേർ  വോട്ടു ചെയ്തു. രാമദാസന്റെ കുടുംബത്തിൽ  തന്നെ ഭാര്യ ഉൾപ്പെടെ അഞ്ചു വോട്ടർമാർ ഉണ്ടായിരുന്നു.

മെയ് നാലിന് ഫലം അറിയാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക