Image

ഇത് നാലാമത്തെ വലിയ വെടിക്കെട്ടപകടം; ഇക്കുറി തൃശൂര്‍ പൂരം കളറാവില്ല, ആചാരത്തില്‍ മാത്രമൊതുങ്ങും (എ.എസ് ശ്രീകുമാര്‍)

Published on 23 April, 2026
ഇത് നാലാമത്തെ വലിയ വെടിക്കെട്ടപകടം; ഇക്കുറി തൃശൂര്‍ പൂരം കളറാവില്ല, ആചാരത്തില്‍ മാത്രമൊതുങ്ങും (എ.എസ് ശ്രീകുമാര്‍)

കൊച്ചിരാജാവായിരുന്ന ശക്തന്‍ തമ്പുരാന്‍ തുടക്കം കുറിച്ച തൃശ്ശൂര്‍ പൂരത്തിന് എകദേശം 200 വര്‍ഷത്തെ ചരിത്ര പാരമ്പര്യമുണ്ട്. പുരങ്ങളുടെ പൂരമായ തൃശൂര്‍ പൂരം കേരളത്തിനകത്തും പുറത്തും ഏറ്റവും ജനശ്രദ്ധയാകര്‍ഷിക്കുന്ന ഉത്സവങ്ങളില്‍ പ്രധാനപ്പെട്ടതും പ്രശസ്തവുമാണെന്നിരിക്കെ  വിവാദങ്ങളുടെ കുടമാറ്റവും നടന്നിട്ടുണ്ട്. തൃശൂര്‍ പൂരത്തെച്ചൊല്ലി അടുത്തിടെ ഉണ്ടായിട്ടുള്ള കോടതി വിധികളും വിവാദങ്ങളും വെടിക്കെട്ട് പോലെതന്നെ ജനശ്രദ്ധയാകര്‍ഷിച്ചിട്ടുമുണ്ട്. തൃശൂര്‍ പൂരത്തോടനുബന്ധിച്ച് ഉണ്ടാകുന്ന നാലാമത്തെ വെടിക്കെട്ടപകടത്തിനാണ് 21-ാം തീയതി ചെവ്വാഴ്ച മുണ്ടത്തിക്കോട് സാക്ഷ്യം വഹിച്ചത്.

അതിനാല്‍ വെടിക്കെട്ടില്ലാതെയായിരിക്കും ഇത്തവണത്തെ തൃശൂര്‍ പൂരം. ഇന്ന് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് വെടിക്കെട്ടില്ലാതെ പൂരം നടത്താമെന്ന് തീരുമാനിച്ചത്. കുടമാറ്റം ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ നടത്തും. ഇലഞ്ഞിത്തറമേളം, മഠത്തില്‍വരവ് ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ നടത്തും. 15 വീതം ആനകളെ അണിനിരത്തുമെന്നും വിവരമുണ്ട്. കുടമാറ്റം ഒഴിവാക്കാന്‍ കഴിയില്ലെന്ന് ദേവസ്വം പ്രതിനിധികള്‍ ഉന്നതതല യോഗത്തില്‍ അറിയിച്ചു. 15 ആനകളെ അണിനിരത്തി കുടമാറ്റം നടത്താന്‍ അണിനിരത്തി കുടമാറ്റം നടത്താന്‍ യോഗം അനുമതി നല്‍കി. ഇലഞ്ഞിത്തറ മേളം, ചെറുപൂരങ്ങള്‍, മഠത്തില്‍ വരവ് തുടങ്ങി തൃശൂര്‍ പൂരത്തിന്റെ മുഴുവന്‍ ചടങ്ങുകളും നടത്തും.

അതേസമയം മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ വന്‍ ദുരന്തത്തിന്റെ ഞെട്ടലില്‍ നിന്ന് പൂരപ്രേമികള്‍ മോചിതരായിട്ടില്ല. 48 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉണ്ടായ മറ്റൊരു അത്യാഹിതം പലരുടെയും ഓര്‍മയിലുണ്ട്.1978 ഏപ്രില്‍ 20-നാണ് ആ ദുരന്തം സംഭവിച്ചതെങ്കില്‍ നാലരപ്പതിറ്റാണ്ടിനുശേഷം മറ്റൊരു ഏപ്രില്‍ മാസം, അന്നത്തെ അപകടം നടന്നതിന്റെ തൊട്ടടുത്ത തീയതിയില്‍ തൃശ്ശൂര്‍ പൂരവുമായി ബന്ധപ്പെട്ട മറ്റൊരു ദുരന്തം ആവര്‍ത്തിച്ചത്. ആ വ്യാഴാഴ്ച പുലര്‍ച്ചെയാണ് പ്രസിദ്ധമായ വെടിക്കെട്ടിനിടെ ഗുണ്ടുകള്‍ ആള്‍ക്കൂട്ടത്തിലേക്ക് പതിച്ച്, പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. അന്ന് അഞ്ചുപേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും നൂറ്റമ്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

വെടിക്കെട്ടിന്റെ ഫിനിഷിങ്ങില്‍നിന്ന് ചില ഗുണ്ടുകള്‍ ആള്‍ക്കൂട്ടത്തിലേക്ക് പതിച്ചതിനുപിന്നാലെയാണ് സ്‌ഫോടനമുണ്ടായത്. നാലുപേര്‍ക്ക് സംഭവസ്ഥലത്തുവെച്ചും ഒരാള്‍ക്ക് ആശുപത്രിയില്‍വെച്ചും ജീവന്‍ നഷ്ടമായി. മരിച്ച ഭാസ്‌കരന്‍പിള്ള ഒരു സ്വകാര്യ സ്‌കൂളിലെ അധ്യാപകനായിരുന്നു. ഭാര്യക്കും മൂന്ന് കുട്ടികള്‍ക്കും ഒപ്പമായിരുന്നു അദ്ദേഹം പൂരം കാണാനെത്തിയത്. ഇവര്‍ക്കും പരിക്കേറ്റു. ജീവിതത്തില്‍ ആദ്യമായിട്ടായിരുന്നു അദ്ദേഹം പൂരം വെടിക്കെട്ട് കാണുന്നത് എന്നതാണ് ദൗര്‍ഭാഗ്യകരമായ വസ്തുത. സി.എം.എസ് ഹൈസ്‌കൂളിന്റെ ഗേറ്റ് കടന്ന ഉടനെ ഇടതുഭാഗത്തെ കെട്ടിടത്തിന്മധ്യഭാഗത്തുവെച്ചാണ് ഗുണ്ടുകള്‍ പൊട്ടിയതെന്നാണ് കരുതിയത്. ഈ കെട്ടിടത്തിന്റെ ജനലഴികളില്‍ പിടിച്ചാണ്  ഭാസ്‌കരന്‍പിള്ള നിന്നിരുന്നത്.

ഈ സ്‌കൂളിനും തിരുവമ്പാടി ദേവസ്വം ഓഫീസിനും ഇടയില്‍നിന്നിരുന്ന കാണികളാണ് പരിക്കേറ്റവരില്‍ ഏറെയും. തിരുവമ്പാടി ഭാഗക്കാരുടെ വെടിക്കെട്ടിനാണ് ആദ്യം തിരികൊളുത്തിയത്. വലിയ ആരവത്തോടെയാണ് പൂരപ്രേമികള്‍ ഇതിനെ സ്വീകരിച്ചത്. തിരുവമ്പാടിയുടെ വെടിക്കെട്ട് സമാപിച്ചത് ഫിനിഷിങ് പോയിന്റിലായിരുന്നെങ്കില്‍ പാറമേക്കാവ് വെടിക്കെട്ട് തുടങ്ങിയത് ഫിനിഷിങ് പോയിന്റില്‍നിന്നായിരുന്നു. ആദ്യ റൗണ്ട് കഴിഞ്ഞ് തുടര്‍ന്നുള്ള മിന്നല്‍ അമിട്ടുകളുടെ പ്രവാഹം കാണാന്‍ കാത്തുനിന്നിരുന്ന ജനക്കൂട്ടത്തിനിടയിലൂടെ അപ്പോഴാണ് ഒരു പോലീസ് ജീപ്പും പിന്നാലെ അപായ സൈറണുമായി ഫയര്‍ എന്‍ജിനുംകുതിച്ചുപാഞ്ഞത്. വാഹനങ്ങള്‍ തിരുവമ്പാടി ദേവസ്വം ഓഫീസിനു മുന്നിലെത്തിയപ്പോഴാണ് വലിയ അത്യാഹിതം നടന്ന വിവരം ആളുകള്‍ മനസിലാക്കിയത്. റോഡില്‍ നൂറുകണക്കിനാളുകള്‍ തലങ്ങും വിലങ്ങും വീണുകിടക്കുന്നത് ജീപ്പിന്റെ പ്രകാശത്തിലാണ് അവര്‍ കണ്ടത്.

ഈ അപകടത്തിനുപുറമേ മറ്റുചില അനിഷ്ട സംഭവങ്ങളും അന്ന് നടന്നു. വെടിക്കെട്ട് കണ്ടുനില്‍ക്കുകയായിരുന്ന തിമോത്തി എന്ന 30 വയസുകാരന്‍ കടകളിലെ ദീപാലങ്കാരത്തിന് അനുബന്ധമായി ഘടിപ്പിച്ച ഇലക്ട്രിക് വയറില്‍ നിന്ന് ഷോക്കേറ്റ് മരിച്ചതാണ് അതിലൊന്ന്. പൂരം കണ്ട് മടങ്ങുകയായിരുന്നന ഒരു പെണ്‍കുട്ടി എറണാകുളം ഇടപ്പള്ളിയിലുണ്ടായ കാറപകടത്തില്‍ മരിച്ചതും ഇതേ ദിവസമാണ്. ഈ കാറിലുണ്ടായിരുന്ന എട്ടുപേര്‍ക്കും സംഭവത്തില്‍ പരിക്കേറ്റു. 2004-ല്‍ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട്  ലൈസന്‍സി കുണ്ടന്നൂര്‍ സുന്ദരന്‍ സാന്പിള്‍ വെടിക്കെട്ടിനിടെ കുഴിമിന്നി പൊട്ടിത്തെറിച്ച് മരിച്ചു.

തൃശൂര്‍  നഗരത്തില്‍നിന്ന് 5 കിലോമീറ്റര്‍ അകലെ പാടൂക്കാടുള്ള പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ടു പുര പൊട്ടിത്തെറിച്ച് 7 പേരാണ് 2006 മേയ് 4-ന് എരിഞ്ഞടങ്ങിയത്. സാംപിള്‍ വെടിക്കെട്ടിന്റെ തലേന്നായിരുന്നു അപകടം. സ്‌ഫോടനം നടന്ന വീട് പൂര്‍ണമായും തകര്‍ന്നു. അടുത്തുണ്ടായിരുന്ന വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. 4 കിലോമീറ്റര്‍ അകലെയുള്ള വീടുകളുടെ ജനല്‍ചില്ലുകള്‍ പോലും പൊട്ടി. വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ ആശുപത്രിയുടെ മേല്‍ക്കൂര തകര്‍ന്നു. ശരീരഭാഗങ്ങള്‍ സമീപത്തെ പറമ്പുകളിലേക്ക് തെറിച്ചു. ചുറ്റുവട്ടത്തുള്ള എഴുപതോളം 70 വീടുകള്‍ക്കു കേടുപറ്റി. 30 വീട്ടുകാരെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വന്നു. പ്രദേശത്തെ കിണറുകള്‍ ഉപയോഗശൂന്യമായി. വെടിക്കെട്ടിന്റെ വിശേഷങ്ങള്‍ പൂരപ്രേമികളെ അറിയിക്കാന്‍ മാധ്യമപ്രവര്‍ത്തകരെ നിര്‍മാണ കേന്ദ്രത്തിലേക്കു കൊണ്ടുപോയ ദിവസമാണ് അന്നും അപകടം നടന്നത്. ...

സുപ്രീം കോടതിയുടെ ഒരു സുപ്രധാന വിധിയില്‍ പൂരങ്ങളില്‍ നടത്തുന്ന വെടിക്കെട്ടിനെ നിയന്ത്രിക്കണമെന്ന് പ്രസ്താവിച്ചിരുന്നു. ഈ വിധി പൂരം നടത്തിപ്പിനെ തന്നെ ബാധിക്കുമെന്ന ഘട്ടം വന്നിരുന്നു. എന്നാല്‍ 2007 മാര്‍ച്ച് 27-ന് സുപ്രീംകോടതിയുടെ മറ്റൊരു സുപ്രധാന വിധിയില്‍ ഈ വിലക്കില്‍ നിന്ന് തൃശ്ശൂര്‍ പൂരത്തെ ഒഴിവാക്കി. ഏപ്രില്‍ 12-ന്  കേരള ഹൈക്കോടതി പുറപ്പെടുവിച്ച 'ആനകളെ 11 മണിക്കും വൈകീട്ട് 3 മണിക്കും ഇടയ്ക്കും എഴുന്നള്ളിക്കരുത്' എന്ന വിധിയും പൂരത്തിന്റെ നടത്തിപ്പിനെ ബാധിക്കും എന്നു കരുതിയിരുന്നു. എന്നാല്‍ ഈ വിധിയും പിന്നീട് കോടതി തിരുത്തിപ്പുതുക്കുകയുണ്ടായി. തൃശ്ശൂര്‍ പൂരത്തിന് രാത്രിയിലെ വെടിക്കെട്ട് 2016ല്‍ ഹൈക്കോടതി നിരോധിച്ചിരുന്നു. 2016 ഏപ്രില്‍ 14-ന് ഉപാധികളോടെ വെടിക്കെട്ട് നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കി.

പൂരം ഒരു ആനപ്പുറത്ത് ചടങ്ങുമാത്രമായി നടത്തിയ സന്ദര്‍ഭങ്ങളുമുണ്ടായിട്ടുണ്ട്.

* 1930-ല്‍ കനത്ത മഴയെ തുടര്‍ന്ന് മുഴുവന്‍ ആനകളേയും എഴുന്നെള്ളിച്ചില്ല.
* 1939-ല്‍ രണ്ടാം ലോകമഹായുദ്ധം തുടങ്ങിയപ്പോള്‍ ചടങ്ങുമാത്രമായി പൂരം ഒതുക്കുകയുണ്ടായി.
* 1948-ല്‍ മഹാത്മാഗാന്ധിയുടെ മരണത്തെ തുടര്‍ന്ന് ചടങ്ങുമാത്രമായി പൂരം നടത്തി.
* 1956-ല്‍ വെടിക്കെട്ടിന് നിയന്ത്രണം ഏര്‍പ്പെടുത്തിയപ്പോള്‍ ചടങ്ങുമാത്രമായി പൂരം.
* 1962-ല്‍ പൂരം പ്രദര്‍ശനത്തിന്റെ വിഹിതം ദേവസ്വങ്ങള്‍ക്ക് സംഘാടകരായ സ്റ്റേഡിയം കമ്മിറ്റി തടഞ്ഞപ്പോള്‍ ചടങ്ങുമാത്രമായി പൂരം നടത്തുകയുണ്ടായി.
* 1963-ല്‍ ഇന്ത്യ- ചൈന യുദ്ധ സമയത്തും ചടങ്ങായി മാത്രം പൂരം നടത്തി.
* 2020-ല്‍ കൊറോണ വൈറസ് എന്ന മഹാമാരിയെ തുടര്‍ന്ന് ചരിത്രത്തിലാദ്യമായി പൂരം പൂര്‍ണമായും ഉപേക്ഷിച്ചു. ചടങ്ങിന് അഞ്ചു പേര്‍ മാത്രമാണുണ്ടായിരുന്നത്. തൃശ്ശൂര്‍ പൂരത്തിന്റെ 200 വര്‍ഷത്തെ ചരിത്രത്തില്‍ ക്ഷേത്രത്തിനകത്തു മാത്രമായി ആയി ചടങ്ങ് നടത്തുന്നത് ആദ്യമായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക