
വെയിലിൽ പുണർന്നാൽ
എരിഞ്ഞു പോകില്ലേ
എന്നും
മഴയിൽ മുകർന്നാൽ
അലിഞ്ഞു പോകില്ലേ
എന്നും
മഞ്ഞിൽ തൊട്ടാൽ
മരവിച്ചു പോകില്ലേയെന്നും
പറഞ്ഞു പറഞ്ഞു
കാലമറിയാതെ
കഥയറിയാതെ
എന്നെന്നും
അവർ
ഇരുവഴികളിലൂടെ
മാത്രം
സഞ്ചരിച്ചു.
സ്വപ്നത്തിൽ പോലും
കാൽപാടുകൾ
ഒന്നിക്കാത്ത
നിദ്രയിൽ
സങ്കൽപ്പങ്ങളാൽ
ജീവിതം
അവർക്കിടയിൽ
വരഞ്ഞിട്ട രേഖകൾ
സമാന്തരങ്ങളായി.
വിദൂരതകളിലേക്ക്
നീണ്ടു പോയി.
എന്നെങ്കിലും
ഒരിക്കൽ
കാലം
അവരെയും
കഥാവശേഷരാക്കും
ആ സമാന്തര രേഖകളും
മാഞ്ഞു പോകും.