
ബഷീർ ഒറുക്കുഴിയിലേക്ക് ചാഞ്ഞുനിൽക്കുന്ന വയസ്സൻ നാട്ടുമാവിൻ്റെ വെള്ളത്തിലേക്ക് വളഞ്ഞുവളർന്ന തടിച്ചതും മെലിഞ്ഞതുമായ ഞരമ്പുകളിലേക്ക് നോക്കി മറുകരയിലിരുന്നു.
പണ്ട് ആ വേരുകൾക്ക് ചുറ്റും മണ്ണുണ്ടായിരുന്നിരിക്കണം. പ്രകൃതിയുടെയോ മനുഷ്യരുടേയോ ഇടപെടൽ മൂലം മണ്ണിടിഞ്ഞ് വീണ് ഒരു ഭാഗത്തെ വേരുകൾ ആലംബഹീനരായപ്പോൾ ഒറുക്കുഴിയിലേക്ക് തൻ്റെ മുഴുവൻ നിഴലും വീഴത്തക്കവിധം ചാഞ്ഞെങ്കിലും മാവ് പൂർണ്ണമായും വെള്ളത്തിലാണ്ടില്ല. മണ്ണിൽ ബാക്കിയായ വേരുകൾ ഇനിയെത്ര മണ്ണടർന്നാലും നഗ്‌നരാക്കപ്പെടാത്ത വിധം എതിർ ദിശയിലെ പറമ്പിലേക്ക് പടർത്തി ചാഞ്ഞു കിടന്നാണെങ്കിലും അത് വളരുകയും പന്തലിക്കുകയും ചെയ്തു . കൊഴിഞ്ഞുവീഴുന്ന ഇലകളും കൊഴിഞ്ഞ് വീഴുന്ന മാമ്പൂക്കളും കൊഴിഞ്ഞ് വീഴുന്ന മാമ്പഴങ്ങളും ഏറ്റുവാങ്ങി കനത്ത ഉൾച്ചുഴികൾ ഉള്ളിലൊതുക്കി മാവിനടിയിലുടെ ഒറുക്കുഴി ചലനമില്ലാതൊഴുകി.
അശാന്തികളകത്തെരിയുമ്പോഴും തികച്ചും ശാന്തരായി കാണപ്പെടുന്ന ചില മനുഷ്യരെപ്പോലെ.
മാർച്ച് ഏപ്രിൽ മാസങ്ങളിലാണ് ഇല മൂടുംവിധം ഉരുണ്ടു ഞാന്നു കിടക്കുന്ന മാങ്ങകളുമായി നാട്ടുമാവ് ഉൽസവഭേരി മുഴക്കുന്നത്. ആ സമയത്ത് കടുത്ത വേനലിൽ ഒറുക്കുഴിയിലെ അടിയൊഴുക്ക് കുറയുന്നതിനാൽ സാഹസികരും മരണഭയമില്ലാത്തവരും ആയവർ മാങ്ങ കുലുക്കിയിടുകയും ചൂരൽക്കൊട്ടയിൽ വെള്ളത്തിൽ വീഴുന്ന മാങ്ങകൾ കോരിയെടുക്കുകയും ചെയ്യും. പുഴയല്ല. എന്നാൽ തോടുമല്ല. ചെറിയൊരു നീർച്ചാലായി നേർത്തൊഴുകി വന്ന് ഇരവിഴുങ്ങിയ പെരുമ്പാമ്പിനെപ്പോലെ ഒറുക്കുഴിയെത്തുമ്പോൾ വികാസപ്പെട്ട് പിന്നെയും ചുരുങ്ങി അകലെയുള്ള ഏതോ ലക്ഷ്യത്തിലേക്ക് പൊയ്ക്കാണ്ടിരിക്കുന്ന ഒരു കൈത്തോട് .
ഓരോരോ രാത്രികളിൽ രാമേട്ടൻ പറയുന്ന കഥകളിൽ നിന്ന് ബഷീറിന് ഒറുക്കുഴി സത്യമായി കാണപ്പെടുന്ന വലിയൊരു മിഥ്യയായി അനുഭവപ്പെട്ടുകൊണ്ടിരുന്നു.
ഇറുങ്ങനെ കായ്ച്ച് നിൽക്കുന്ന കണ്ണിമാങ്ങകൾ മൂത്ത് പഴുക്കുമ്പോൾ ഇവിടെയെല്ലാം നാട്ടുമാങ്ങയുടെ ഹൃദ്യമായ മണം പരക്കും. വിശാലമായി പരന്നു കിടക്കുന്ന ഒറുക്കുഴിയിലിറങ്ങാതെ ഒരൊറ്റ മാങ്ങയും ഓരാൾക്കും കിട്ടരുതെന്ന രീതിയിലുള്ള നാട്ടുമാവിൻ്റെ നിൽപ്പ് കണ്ടപ്പോൾ പണ്ട് മറ്റേമ്മ പറഞ്ഞു തരാറുള്ള അത്തിമരത്തിൽ ഹൃദയം സൂക്ഷിച്ച കുരങ്ങൻ്റെയും അത് തിന്നാനാശിച്ച മുതലയുടെയും കഥ ബഷീറിനോർമ്മവന്നു.
“എപ്പോൾ,എന്ത്, എവിടെ കിളിർക്കണം എങ്ങനെ വളരണം എന്നൊക്കെ പ്രകൃതിക്കൊരു തീരുമാനമുണ്ട് . ആ കൃത്യതയെ മറികടക്കാൻ ആരെക്കൊണ്ടും കഴിയില്ലെടോ. പിന്നെ നമ്മളൊക്കെ വിചാരിക്കും സ്വന്തം പ്രയ്ത്നം കൊണ്ടാണ് ഓരോരോ സ്ഥലത്തൊക്കെ എത്തണേന്ന്. അത് നമ്മടെ വിവരല്ലായ്മ. താന്വേഷിക്കുന്നിടത്തെത്താൻ താൻ മാത്രം വിചാരിച്ചാ പോര. ഇനി താൻ ഒരിക്കലും വിചാരച്ചില്ലെങ്കിലും ചിലപ്പൊ അവിടെ ചെന്നെത്താനും മതി. “
കട്ടിലിൽ തലയ്ക്കടിയിൽ ഇരുകയ്കളും കൊരുത്ത് വച്ച് മുകളിലെ മേൽക്കൂരയഴികളിലേക്ക് നോക്കികിടന്ന് ഇന്നലെ രാമേട്ടൻ പറഞ്ഞു.
വല്ലൂർകുത്ത് തേടിപ്പോയി ഓലക്കയം കുത്ത് കണ്ട് തിരിച്ച് വന്നതിൻ്റെ നിരാശയിലിരുന്നു ബഷീറപ്പോൾ. കുത്തിൽ നിന്നിറങ്ങിയപ്പോൾ നന്നേ വൈകിയിരുന്നെങ്കിലും ആദ്യം കണ്ട നാട്ടുകാരൻ പറഞ്ഞ ചായക്കടയിലേക്കാണയാൾ നേരെ പോയത്. നാട്ടുചായക്കടകളിൽ നാട്ടു വിശേഷങ്ങൾ പങ്കുവയ്ക്കുന്ന കാർന്നോർകൂട്ടം ഉണ്ടായേക്കുമെന്ന ബഷീറിൻ്റെ കണക്കുകൂട്ടൽ തെറ്റിയില്ല. പക്ഷേ അവിടെ അയാളന്വേഷിക്കാനുദ്ദേശിച്ച ചോദ്യം പുറത്തെടുക്കും മുൻപേ അയാളെ വീണ്ടും നിരാശയിലാഴ്ത്തി കൊണ്ട് അവിടെയിരുന്നവരിൽ ആരോ ഓലക്കയം കുത്തിനെ വല്ലൂർകുത്തെന്ന് തെറ്റിദ്ധരിച്ചെത്തുന്ന യാത്രക്കാരെ പറ്റി പറയാൻ തുടങ്ങി.
എങ്കിലും അടുത്തെവിടെയോ വല്ലൂർ എന്നൊരു സ്ഥലപ്പേരുണ്ടെന്നറിഞ്ഞതും അതിനടുത്ത് വല്ലൂർക്കുത്തെന്നറിയപ്പെടുന്ന തീരെ ചെറിയൊരു നീരൊഴുക്കുണ്ടെന്നുമുള്ള അറിവ് ബഷീറിന് ആശ്വാസം നൽകുകയും ചെയ്തു.
“വല്ലൂർ കുത്ത് കാണാനാ പോണേന്ന് തനിക്കൊരു വാക്ക് പറഞ്ഞൂടാർന്നോ. അവടെ എൻ്റൊരു പരിചയക്കാരൻ ഇണ്ടാർന്നു. ആ… ഇനി വേണേലും പോവാലോ. “
രാമേട്ടൻ വീണ്ടും പറഞ്ഞു. പിന്നെ തലക്കടിയിൽ നിന്ന് കയ്യെടുത്ത് നെഞ്ചത്ത് കമഴ്ത്തി വച്ച് ദീർഘശ്വാസമെടുത്ത് പതിവുള്ള ജപങ്ങൾ വ്യക്തതയില്ലാതെ ഉരുവിടാൻ തുടങ്ങി.
ഇനി രാമേട്ടൻ പെട്ടെന്നുറങ്ങും. പോകും മുൻപ് രാമേട്ടനോട് കാര്യങ്ങൾ തുറന്ന് പറയാഞ്ഞതിൽ ബഷീറിന് സങ്കടം തോന്നി. ചോദിക്കാതെ തന്നെ അറിഞ്ഞഭയം തന്നവനാണ്. പറയാതെ തന്നെ പലതും അറിയുന്നവനുമാണ്. പക്ഷേ…. തനിക്കുപോലും വ്യക്ത്തയില്ലാത്ത ഒരു കാര്യത്തെ പറ്റി എന്ത് പറയാനാണ്? എങ്ങനെ പറയാനാണ്? എന്തെങ്കിലും ഒരു തുമ്പ് കിട്ടട്ടെ. എന്നിട്ട് പറയാം. ബഷീർ മനസ്സിൽ കരുതി.
തിരുവനന്തപുരം ആർസിസി യിൽ കൂട്ടിരിപ്പുകാരായി കഴിയുന്ന സമയത്താണ് ബഷീറും രാമേട്ടനും പരസ്പരം കാണുന്നത്.
കോളേജിൽ പഠിക്കുന്ന കാലത്ത് പൊള്ളലേറ്റ് ജൂബിലി മിഷൻ ഹോസ്പിറ്റലിൽ കിടന്ന സുഹൃത്തിന് കൂട്ടിരിക്കാൻ പോകുന്നതാണ് ആ മേഖലയിലെ ബഷീറിൻ്റെ ആദ്യത്തെ എക്സ്പീരിയൻസ്. ദേഹത്തെ പൊള്ളലിൻ്റെ നീറ്റലും ഉള്ളിൽ ഭാവിയെ കുറിച്ചോർത്തുള്ള ആധിയുടെ നീറ്റലുമായി കഴിയുന്ന സുഹൃത്തിനെ പരിചരിക്കൽ ഒട്ടും എളുപ്പമായിരുന്നില്ല. കട്ടിലിൽ കിടക്കുന്ന രോഗിയേക്കാൾ ഉൾനീറ്റലുമായി നിൽക്കുന്ന അവൻ്റെ മാതാപിതാക്കളെ മാറ്റി നിർത്തി ബഷീർ അന്ന് സ്വയം ഏറ്റെടുത്തതാണ് ഈ ആശ്വാസ സേവനക്കാരൻ്റെ വേഷം. പിന്നീട് മറ്റു സുഹൃത്തുക്കളിലേക്കും അവരുടെ മാതാപിതാക്കളിലേക്കും ബന്ധുക്കളിലേക്കും തുടർന്ന് നാട്ടുകാരിലേക്കും ആ സേവനം പടർന്നു.
അങ്ങനെയൊരിക്കൽ അടുത്തൊരു സുഹൃത്തിൻ്റെ അച്ഛന് കൂട്ടിരിക്കാനായി എത്തിയതാണ് ബഷീർ ആർസിസിയിൽ. തിരിച്ച് മടങ്ങുന്ന സമയത്ത് ട്രെയിനിൽ രാമേട്ടനും അദ്ദേഹത്തിൻ്റെ സഹോദരി ശാന്തേച്ചിയും ഉണ്ടായിരുന്നു. പോളിയോ വന്ന് തളർന്ന വലതുകാലിന് താങ്ങായി കക്ഷത്തിലിറുക്കി പിടിച്ചിരുന്ന ക്രച്ചസ് സീറ്റിൻ്റെ സൈഡിലേക്കൊതുക്കി വച്ച് രാമേട്ടൻ ആശ്വാസത്തോടെ നിശ്വസിച്ചു.
“ഈ കുന്ത്രാണ്ടത്തേക്കാൾ എനിക്കെളുപ്പം ആ മുളവട്യാ. അതാവുമ്പോ ഇതിൻ്റത്ര സ്ഥലോം മെനക്കെടുത്തില്ല. ല്ലേ പെങ്ങളേ…. “
ശാന്തേച്ചി അത് കേട്ട് വാടിയ ഒരു ചിരി ചിരിച്ചു.
തുടർ സംഭാഷണങ്ങൾക്കിടയിൽ “വീട്ടിൽ മറ്റാരും വരാനില്ലേ?” എന്ന ചോദ്യത്തിന് രാമേട്ടൻ കുറച്ചുകൂടി വിടർന്ന മറ്റൊരു ചിരിചിരിച്ച് ഇങ്ങനെ പറഞ്ഞു
“ മരുമക്കൾക്ക് നാണക്കേട് ഇല്ലാരുന്നെങ്കി തിരോന്തൊരത്തെന്നല്ല അങ്ങ് ഡല്ലി വരെ ഞാൻ അതെന്നെ എടുക്ക്വാരുന്നു. ആ മൊളവടി .”
അടുത്ത പ്രാവശ്യത്തെ തിരുവനന്തപുരം യാത്രയിൽ ശാന്തേച്ചിക്ക് കൂട്ടായി രാമേട്ടനും അവർക്ക് രണ്ടാൾക്കും കൂട്ടായി ബഷീറും അവരോടൊപ്പമുണ്ടായിരുന്നു. രാമേട്ടൻ തടയാൻ ശ്രമിച്ചെങ്കിലും “ഒരു തോൾ സഞ്ചില് കൊള്ളണ സാധനങ്ങള് ഇങ്ങനെ പോവുമ്പോ ഉപയോഗിക്കാനായി ഞാൻ എപ്പഴും മാറ്റിവയ്ക്കാറുണ്ട് രാമേട്ട . ഏത് പാതിരാത്രീലാ വിളി വരാന്നറിയില്ല. എനിക്ക് നോക്കാൻ ബാപ്പേം ഉമ്മേം കൂടപ്പെറപ്പോളും ഇല്ലാലോ. എന്നെ നോക്കി വളത്ത്യോർക്ക് എന്നോട് തോന്ന്യ സ്‌നേഹം ഞാനിങ്ങനെ മറ്റോള്ളോർക്ക് കൊടുത്തെങ്കിലും തീർക്കട്ടെ രാമേട്ട ….“ എന്ന ബഷീറിൻ്റെ വാദത്തിന് മുന്നിൽ ചിരിച്ച് തലകുലുക്കാനേ രാമേട്ടന് കഴിഞ്ഞുള്ളൂ.
പലരുടേയും ഹോസ്പിറ്റൽ അപ്പോയിൻ്റ്മെൻ്റ് തിയതികളും മരുന്നുകളുടെ പേരുകളും അളവുകളും സൂക്ഷിച്ചകൂട്ടത്തിൽ ശാന്തേച്ചിയ്ക്കും ഒരിടം കണ്ടെത്തി ബഷീർ.
തുടർന്നുള്ള കണ്ടുമുട്ടലുകളും രാമേട്ടനെന്ന വ്യത്യസ്തനായ മനുഷ്യനോടുള്ള ആദരവും ബഷീറിനെ അയാളോട് കൂടുതലടുപ്പിച്ചു. അത്തിക്കാവിനെ പറ്റി പറഞ്ഞതിനോടൊപ്പം മറ്റാരോടും പറഞ്ഞിട്ടില്ലാത്ത തൻ്റെ ഇതേവരെയുള്ള ജീവിതത്തെ പറ്റിയും രാമേട്ടനോട് പറയാൻ ബഷീറിനെ പ്രേരിപ്പിച്ചത് ആ അടുപ്പമാണ്. അപ്പോഴും മായയെ പറ്റിയോ മായയ്ക്കും തനിക്കുമിടയിലെ സങ്കീർണ്ണവും പരസ്പരവിരുദ്ധവുമായ ബന്ധത്തെ പറ്റിയോ ബഷീർ ഒന്നും വിട്ടു പറഞ്ഞിരുന്നില്ല.
അത്തിക്കാവ് വിടേണ്ട അവസ്ഥയുണ്ടായ സമയത്ത് ബഷീർ ആദ്യമോർത്തത് രാമേട്ടനെയായിരുന്നു. ശാന്തേച്ചിക്ക് ഇനിയൊരിക്കലും കൂട്ട് പോകേണ്ടതില്ലെന്ന് രാമേട്ടൻ വിളിച്ചറിയിച്ചിട്ട് വർഷം അഞ്ചാറായിട്ടുണ്ടായിരുന്നു അപ്പോൾ.
ശാന്തേച്ചിയുടെ മരണശേഷം ദുരിതാവസ്ഥയിൽ നിന്ന് മോചനം നേടിയ സഹോദരിയെ കുറിച്ചോർത്ത് ആശ്വാസത്തിലായിരിക്കുന്ന രാമേട്ടനേക്കാൾ അത്യാവശ്യക്കാരായിരുന്ന മറ്റുള്ളവരിലേക്ക് സ്വാഭാവികമായും ബഷീറിൻ്റെ ശ്രദ്ധതിരിഞ്ഞു . പിന്നീട് രാമേട്ടനെ കാണാനുള്ള അവസരങ്ങൾ പല കാരണങ്ങളാൽ ബഷീറിന് മാറ്റിവയ്ക്കേണ്ടിയും വന്നു. നേരിൽ കണ്ടില്ലെങ്കിലും വല്ലപ്പോഴുമുള്ള ഫോൺവിളിയിൽ താൻ ജീവിക്കുന്ന ചുറ്റുപാടുകളെകുറിച്ചുള്ള ദീർഘമായ വിവരണത്തിലൂടെ സന്തോഷവാനും ആരോഗ്യവാനുമായ രാമേട്ടൻ ബഷീറിന് മുന്നിൽ പഴയ വിടർന്ന ചിരിയോടെ പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു.
ഒരു ദിവസം ഒരു മുന്നറിയിപ്പുമില്ലാതെ യാത്രയിൽ സ്ഥിരമായുപയോഗിക്കുന്ന തോൾസഞ്ചിയോടൊപ്പം മറ്റൊരു വലിയ കവറുമായി വന്നുകയറിയ ബഷീറിനോട് രാമേട്ടനൊന്നും ചോദിച്ചില്ല. ബഷീർ ഒന്നും പറഞ്ഞതുമില്ല. അന്ന് തുടങ്ങി കഴിഞ്ഞ നാല് വർഷമായി ബഷീർ ഇവിടെ, ഒറുക്കുഴിയുടെ സാന്നിധ്യത്താൽ കൂടുതൽ നിഗൂഢവും കനത്തതുമാകുന്ന നിശബ്‌ദതക്കകത്ത് ഒറ്റപ്പെട്ട് നിൽക്കുന്ന രാമേട്ടൻ്റെ ഈ ഒറ്റമുറി വീട്ടിലാണ് താമസം.
ബഷീർ വന്നതിൻ്റെ പിറ്റേന്ന് കൈത്തോടിൻ്റെ ഓരത്ത് നിൽക്കുന്ന മഞ്ഞമുളങ്കൂട്ടത്തിൽ നിന്ന് രണ്ട് മുള രാമേട്ടൻ വെട്ടിയിട്ടു. അവിടെയിട്ട് തന്നെ ചില്ലകൾ ചെത്തിക്കളഞ്ഞ് ചീകിമിനുക്കാനാരംഭിച്ചു. ആ ഒരൊറ്റ ഉദ്യമത്തിൽ നിന്നു തന്നെ ബഷീറിന് ഒരു കാര്യം മനസ്സിലായി. വയ്യാത്ത വലതുകാൽ പിണച്ചു വച്ചിരിക്കുന്ന മിനുത്തുരുണ്ട മുളവടി രാമേട്ടന് സ്വന്തം കാൽ തന്നെയാണെന്ന്.
വൃത്തിയിൽ വെട്ടിയൊതുക്കി നിർത്തിയിരിക്കുന്ന നീരോലിയതിര്. നാനാവിധത്തിലുള്ള പൂമരങ്ങൾ, ചെറുചെടികൾ. ഫെറോസിമൻ്റ് കൊണ്ടുള്ള ചുമരും
ആസ്പറ്റോസുകൊണ്ടു മേഞ്ഞ മേൽക്കൂരയും ഉണ്ടെന്നതൊഴിച്ചാൽ ആ ഒറ്റമുറിവീട്ടിലും പറമ്പിലും കാണുന്ന കരവിരുതുകൾ ഒരു ഒറ്റക്കാലൻ മനുഷ്യൻ ഒറ്റയ്ക്ക് പണിതുണ്ടാക്കിയതാണെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കാൻ പോകുന്നില്ല.
ബഷീറും രാമേട്ടൻ്റെ കൂടെ കൂടി. ചെയ്യരുതാത്തതായ ഒരു ജോലിയും ബഷീറിനും ഉണ്ടായിരുന്നില്ല. ആവശ്യം വേണ്ട പണത്തിനായി മാത്രം ജോലിയെടുക്കുന്നവനാണ് ബഷീർ. കണക്കെഴുത്തും ക്ലാസെടുക്കലും മുതൽ കോൺക്രീറ്റ് പണി, സദ്യപ്പണി പെയ്ൻ്റ് പണി എന്നു വേണ്ട കക്കൂസ് ടാങ്ക് വൃത്തിയാക്കുന്ന ജോലിക്ക് വരെ പോയിട്ടുള്ളവനുമാണ്. ആത്മാർത്ഥമായും ശരീരം നോക്കാതെയും മരിച്ച് പണിയെടുക്കുന്നവനായതിനാൽ ആവശ്യം നേരത്ത് ബഷീറിന് ജോലിക്കൊരു പഞ്ഞവും ഉണ്ടായിരുന്നുമില്ല.
ധൃതിയിൽ മുള ചീന്തിമിനുക്കുന്ന ബഷീറിനെ നോക്കി രാമേട്ടൻ പറഞ്ഞു.
“സാവകാശം മതി. ഒത്തിരിചെയ്യുന്നതിലല്ല കാര്യം. ചെയ്യുന്നതിത്തിരി ആയാലും വൃത്തിയായും കൃത്യമായും ചെയ്യുന്നതിലാണ്. ഒരു ദെവസം കൂടുതൽ പായേല് നെലത്ത് കെടക്കണേന് നിനക്കസ്ക്കിത ഒന്നും ഇല്ലല്ലോ?”
രണ്ടോമൂന്നോ ദിവസം കൊണ്ട് മുളങ്കട്ടിൽ റെഡിയായി കഴിഞ്ഞപ്പോൾ കനത്ത പച്ചക്കായ്കളുടെ ഭാരത്താൽ വളഞ്ഞ ശിഖരങ്ങളുമായി നിൽക്കുന്ന പൂളമരത്തെ ചൂണ്ടി രാമേട്ടൻ വീണ്ടും പറഞ്ഞു
“അതൊന്ന് മൂത്തൊണങ്ങട്ടെ. പഞ്ഞിവിടർത്തി കുരു കളഞ്ഞെടുത്ത് മ്മക്കൊരു കെടക്കേം തലേണം കൂടി ണ്ടാക്കി കളയാം. ന്താ … “
ഒറുക്കുഴിയുടെ ഓരത്തായി വീതി കുറഞ്ഞ് വാലുപോലെ നീണ്ടുകിടക്കുന്ന പത്ത് സെൻ്റ് പുറമ്പോക്ക് ഭൂമിയിലാണ് രാമേട്ടൻ്റെ ഒറ്റമുറിവീട്. ഫെറോസിമൻ്റും ആസ്ബറ്റോസും കഴിഞ്ഞാൽ പുറകുവശത്ത ചായ്പ്പിലുള്ള ഗ്യാസടുപ്പാണ് ആധുനികം എന്ന് വിശേഷിപ്പിക്കാവുന്ന ആ വീട്ടിലെ ഏകവസ്തു . തറവാടിരുന്ന സ്ഥലമടക്കം ആധാരമുള്ള വസ്തുക്കളെല്ലാം വീതം വച്ച് വന്നപ്പോൾ രാമേട്ടനായി ഒന്നുമുണ്ടായിരുന്നില്ല.
ചതുരംഗപലകയുടെ അപ്പുറവും ഇപ്പുറവുമായി തപസ്സിരിക്കുന്നതിനിടയിൽ ഒരു ദിവസം രാമേട്ടൻ പറഞ്ഞു.
“എത്ര ശ്രദ്ധിച്ച് കളിച്ചാലും എവടെങ്കിലും ചെക്ക് വീഴണ കള്യാ ജീവിതം. ചെലപ്പോ വിചാരിക്കാത്ത സമയത്ത് വിചാരിക്കാത്തോട്ത്ത്ന്ന് വെട്ട് വീഴും. കുടുംബോം കുട്ട്യോളൂല്യാത്ത എനിക്കെന്തിനാ പ്രത്യേകിച്ചൊരു പ്രമാണം. മരുമക്കടെ ചോദ്യം ശര്യല്ലേ? എനിക്കെവടെ വേണേ നിക്കാലോന്നാ. പിന്നെ ബാക്കി വന്ന ഈ വാല്. ഒറുക്കുഴി ഭീതി കാരണം ആർക്കും വേണ്ടാതെ കാട്പിടിച്ച് കെടന്നതാ. ഞാനിവിടെ കൂടീപ്പൊ ആർക്കും ഒരു പരാതീം പരിഭവോം ണ്ടായില്ല.”
“ പ്രകൃതീടെ ഒരോ കരവിരുത് . അല്ലാണ്ടെന്താ പറയാ…. ? പണ്ടിവിടെ ഉണ്ടാർന്ന ഒരാൾക്കും അറിയില്ല ഒറുക്കുഴി എങ്ങനാ ഇങ്ങനായേന്ന്. അവര് കാണുമ്പഴൊക്കെ ഇങ്ങനാന്നാ …… ഒരിക്കലും വറ്റാത്ത ഒരുറവ അടീല്ണ്ടെന്ന് പറയണു. അതോണ്ടാരിക്കും ചെലപ്പോ ഈ പേര് . കുന്നും മോളില് ഒരു ദേവീടെ അമ്പലം ണ്ട്. അവിടെ ഒരു അമ്പലക്കൊളോം. കൊളം എപ്പഴും നിറഞ്ഞൊഴുകും. ഏത് വേനലിലും. ആ ഒഴുക്കാണ് തെക്ക്ന്ന് ഒറുകുഴീലേക്കെത്തണ ചെറിയ ചാല്. പൊറത്തെ ഒഴുക്ക്പോലെ കൊളത്തീന്ന് ഒരു അടിയൊഴുക്കും കൂടെ ഒറുകുഴീലെത്തണുണ്ടെന്നാണ് സങ്കൽപ്പം. അതും ശര്യാന്ന് കര്താണ്ടിരിക്കാൻ പറ്റില്ല. തെക്ക്ന്ന് വരണ വെളുത്തിൻ്റെ രണ്ടെരട്ടിയല്ലേ വടക്കോട്ടൊഴുകണത്. ഒറവ ഒണ്ടോന്ന് മുങ്ങിത്തപ്പാൻ ചെലരൊക്കെ ശ്രമിച്ചെന്നും ശ്രമിച്ചോരൊന്നും തിരിച്ച് വന്നില്ലെന്നും ഒക്കെ കഥേണ്ട്. “ എന്ന് ചോദിക്കാതിരിക്കാൻ ബഷീറിന് കഴിഞ്ഞില്ല.
“ചില കഥകൾ കേൾക്കുമ്പോൾ നിങ്ങടെ ഈ ഗ്രാമം കഴിഞ്ഞ നൂറ്റാണ്ടിൽ നിന്ന് പോന്നിട്ടേയില്ലെന്ന് തോന്നും. കഥകള് കൂടുതലും അന്ധവിശ്വാസാ….”
”എന്തിലും ഏതിലും യുക്തി തിരഞ്ഞാ അങ്ങനൊക്കെ തോന്നും. നമ്മടെ യുക്തിയെ തൃപ്തിപ്പെടുത്തുന്ന കാര്യങ്ങളാണോ ഈ ലോകത്ത് മുഴുവൻ നടക്കണത് “ രാമേട്ടൻ ചിരിച്ചു.
“ഇനീപ്പോ വിശ്വസിക്കാൻ കഴിയാത്ത പ്രകൃതിപ്രതിഭാസങ്ങൾ എന്ന ഗണത്തി പെടുത്തേണ്ട ഒന്നാണോ ഇത്……i”
“മിത്താണെന്നോ സത്യാണെന്നോ കര്തണത് കേക്കണോരടെ ഇഷ്ടം. യാദ്യശ്ചികം എന്ന് തോന്നുന്ന ചില അത്ഭുതങ്ങൾ ജീവിതത്തിലും സംഭവിക്കാറില്ലേ. പിന്നെ നമ്മളത് വല്ലോരോടും പറയുമ്പോ ആരും വിശ്വസിക്കാത്ത ചില കാര്യങ്ങള്..”
ബഷീർ പെട്ടെന്ന് നിശബ്ദനായി. അത് ശ്രദ്ധിക്കാതെ രാമേട്ടൻ തുടർന്നു.
.
ചെലര് ഒറുക്കുഴിക്കടീലെ കൊട്ടാരത്തില് ഭൂതത്താൻ ഉണ്ടെന്നും കുഴിലെറങ്ങ്യാല് പിടിച്ചോണ്ടോയി ശ്വാസം മുട്ടിച്ച് കൊല്ലുംന്നും പറഞ്ഞ് കുട്ട്യോളെ പേടിപ്പിക്കും. എൻ്റൊക്കെ ചെർപ്പത്തില്. എന്നാ എൻ്റെ മുത്തമ്മ ആ കഥ അല്ല
പറയാറ് . കുഴിക്കടീല് മുങ്ങിമുങ്ങി അങ്ങ് താഴെ ചെല്ലുമ്പോ കടലിലേക്ക് പോണ ഒരു വാതിലുണ്ടെന്നും വാതിലിന് കാവലായി സ്വർണ്ണമുടീള്ള ദേവി ഇണ്ടെന്നും നല്ലോരെ
അവള് കടലും കടലിനടീലെ സ്വർഗ്ഗം പോലത്തെ സ്വർണ്ണക്കൊട്ടാരത്തില് കൊണ്ടോവുന്നും ഒക്കൊയാ മുത്തമ്മ ഞങ്ങക്ക് പറഞ്ഞ് തരല്. അങ്ങനെ കഥ കേട്ടുകേട്ട് ഒര് ദെവസം എൻ്റേം ശാന്തേടേം എളേതാരുന്ന രണ്ടെണ്ണം ഒന്നിച്ച് കടല് കാണാൻ ഒരു പോക്ക് പോയി. ആരും കണ്ടില്ല. ഇന്നത്തെപ്പോലെ ഒന്നും രണ്ടും പിള്ളാരൊന്നും അല്ലല്ലോ. കാണാണ്ടായാ പെട്ടെന്നൊന്നും ശ്രദ്ധേ പെടില്ല. എന്നെട്ടെന്താ? ആ… ചെലപ്പോ അവര് കണ്ട് കാണും. ദേവീനേം കടലും കടൽക്കൊട്ടാരോം. ഇല്ലാന്ന് വിചാരിക്കാൻ അവര് കണ്ടില്ലാന്ന് പറയണോലോ…. “
“അന്നും ഇന്നും ഒറുക്കുഴിക്കൊരു മാറ്റോം ഇല്ല്യ. ആരും അതിലെറങ്ങാൻ ധൈര്യപ്പെടാറൂല്ല്യ. നല്ല ആഴം ണ്ടെന്നാ പറയണെ. അടീല് ചുഴിയുണ്ട്. സൂക്ഷിച്ച് നോക്കിയിരുന്നാ കാണാൻ പറ്റും. നോക്കുമ്പോ മോളിലൊരു ചലനം പോലും ണ്ടാവില്ല്യ. എന്നാ ചെലപ്പൊ ഒരെളക്കം കാണാം. ആ സമയത്ത് വല്ല മാവിലയോ മറ്റോ അവിടെ ണ്ടെങ്കില് അത് കറങ്ങി താഴുന്നതും കാണാം. ചെലര് ഇതിലെ വെള്ളം അടിച്ച് വറ്റിക്കാനൊക്കെ ശ്രമിച്ചിട്ടുണ്ട്. പക്ഷേ മുഴുവനാക്കാൻ പറ്റീട്ടില്ല. വിശ്വാസോ …. അന്ധവിശ്വാസോ , അതെന്തോ ആവട്ടെ. ഇതിൻ്റെടുത്ത് വന്നിരുന്നാ ഒരു ശാന്തത കിട്ടും.“
ഒറുക്കുഴിയുമായുള്ള നാല് വർഷത്തെ സഹവാസം. രാമേട്ടൻ പറഞ്ഞ ശാന്തത ബഷീറും അനുഭവിച്ചറിഞ്ഞിട്ടുണ്ട്. ഇപ്പോഴും അതേ ശാന്തത തന്നിലേയ്ക്ക് ആഴ്ന്നിറങ്ങുന്നത് അയാളറിഞ്ഞുകൊണ്ടിരിക്കുകയാണ്. തങ്ങൾക്കതീതരെന്ന് തോന്നുന്ന പ്രാപഞ്ചികശക്തികളോട് ആദിമകാലം മുതൽ തൻ്റെ പൂർവ്വികർക്ക് തോന്നിയിരുന്ന അതേ ഭയഭക്തിബഹുമാനത്തോടെ ബഷീർ ഒറുക്കുഴിയിലേക്ക് നോക്കി.
കല്ലൂരെന്ന ഗ്രാമത്തിലെ ഈ കുഞ്ഞുദേശത്തെത്തപ്പെടാനായിരിക്കുമോ രാമേട്ടനെന്ന മനുഷ്യനെ കാലം തനിക്ക് മുന്നിലെത്തിച്ചത് ? ഏത് ശക്തിയാണ് കൃത്യമായി കണക്കുകൂട്ടി കരുക്കളിങ്ങനെ നീക്കിക്കൊണ്ടിരിക്കുന്നത്?
തൻ്റെ ചിന്തകൾക്കുമപ്പുറത്തുള്ള പ്രപഞ്ച നിഗൂഢതകളെ പറ്റിയും പ്രപഞ്ചത്തിൻ്റെ അപ്രതീക്ഷിതമായ നീക്കങ്ങളെ പറ്റിയും വിസ്മയത്തോടെ ഓർത്തുകൊണ്ടിരിക്കുമ്പോൾ രാമേട്ടൻ വല്ലൂരുള്ള തൻ്റെ പരിചയക്കാരൻ്റെ അഡ്രസ്സെഴുതിയ കടലാസും കൊണ്ട് ബഷീനരികിൽ വന്നിരുന്നു. .
“ചെലപ്പോ നിനക്കുപകാരപ്പെടും.”
പൂരിപ്പിക്കാനാഗ്രഹിക്കുന്ന സമസ്യയിലെ ഏതോ ഒരുത്തരം അതിലൊളിഞ്ഞ് കിടപ്പുണ്ടെന്നതുപോലെ ബഷീർ ആ കടലാസിലെ അഡ്രസ്സിലൂടെ വീണ്ടും വീണ്ടും കണ്ണോടിച്ചു.
( തുടരും ......)
Read More: https://www.emalayalee.com/writer/284