
കേരളം അക്ഷരാഭ്യാസത്തിലും സാംസ്കാരിക ബോധത്തിലും ഇന്ത്യയിൽ തന്നെ മുൻപന്തിയിൽ നിൽക്കുന്ന സംസ്ഥാനമാണ്. ദൈവത്തിന്റെ സ്വന്തം നാട് എന്ന് നാം അഭിമാനത്തോടെ വിളിക്കുന്ന ഈ മണ്ണിൽ നിന്ന് അടുത്ത കാലത്തായി കേൾക്കുന്ന വാർത്തകൾ നമ്മെ ഏറെ ലജ്ജിപ്പിക്കുന്നതാണ്. അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർത്ഥിയായ നിതിൻ രാജിന്റെ ആത്മഹത്യ വെറുമൊരു മരണവാർത്തയല്ല മറിച്ച് നമ്മുടെ വിദ്യാഭ്യാസ രീതികളും സാമൂഹിക ബോധവും എത്രത്തോളം മലീമസമായിരിക്കുന്നു എന്നതിന്റെ പച്ചയായ തെളിവാണ്.
തിരുവനന്തപുരം ഉഴമലയ്ക്കൽ സ്വദേശിയായ നിതിൻ രാജ് എന്ന ഇരുപത്തിരണ്ടുകാരൻ ഒരു ദളിത് കുടുംബത്തിൽ നിന്ന് കഠിനാധ്വാനം ചെയ്ത് മെറിറ്റ് സീറ്റിൽ അഡ്മിഷൻ നേടിയ പ്രതിഭയായിരുന്നു. എന്നാൽ ആ പ്രതിഭയെ തളർത്താനും തകർക്കാനും ഒരു കൂട്ടം അധ്യാപകർക്ക് കഴിഞ്ഞു. നിതിൻ്റെ മരണശേഷം പുറത്തുവന്ന വിവരങ്ങൾ ഞെട്ടിക്കുന്നതാണ്.
ജാതീയമായ അധിക്ഷേപം ഇതിൽ ഏറ്റവും വലിയ വില്ലനായി മാറുന്നു. നിതിൻ്റെ തൊലിനിറത്തെയും ജാതിയെയും മുൻനിർത്തി അധ്യാപകർ ക്രൂരമായ രീതിയിൽ പരിഹസിച്ചിരുന്നു. തെരുവ് നായ എന്നുമൊക്കെയുള്ള വിളികൾ ഒരു അധ്യാപകന്റെ വായിൽ നിന്ന് വിദ്യാർത്ഥിക്ക് നേരെ ഉണ്ടായെന്നത് അക്ഷന്തവ്യമായ തെറ്റാണ്. ഇതിന് പുറമെ ഉത്തരക്കടലാസിലെ അക്ഷരത്തെറ്റുകൾ ക്ലാസിന് മുന്നിൽ ഉറക്കെ വായിച്ച് പരിഹസിക്കുക മാതാപിതാക്കളുടെ സാന്നിധ്യത്തിൽ പോലും കുട്ടിയെ അപമാനിക്കുക തുടങ്ങിയവ അധ്യാപകർ വിനോദമാക്കി മാറ്റിയിരുന്നു.
നിതിൻ രാജിനെപ്പോലെയുള്ള വിദ്യാർത്ഥികൾക്ക് നീതി കിട്ടാത്തതിന് പിന്നിൽ കൃത്യമായ ഒരു രാഷ്ട്രീയ അച്ചുതണ്ടുണ്ട്. കേരളത്തിലെ ക്യാമ്പസുകളിൽ ഇന്ന് അറിവിനേക്കാൾ കൂടുതൽ രാഷ്ട്രീയ യൂണിയനുകൾക്കാണ് പ്രാധാന്യം. ഏത് കൊടും ക്രൂരത ചെയ്താലും തങ്ങളെ സംരക്ഷിക്കാൻ രാഷ്ട്രീയ പാർട്ടികളുണ്ടെന്ന വിശ്വാസം ചില അധ്യാപകർക്കും വിദ്യാർത്ഥി സംഘടനകൾക്കും ഉണ്ടെന്നത് വാസ്തവമാണ്. നിതിൻ്റെ കാര്യത്തിൽ കൃത്യമായ നടപടിയെടുക്കാൻ അധികൃതർ വൈകുന്നത് രാഷ്ട്രീയ സമ്മർദ്ദങ്ങൾ കാരണമാണെന്ന ആരോപണം ശക്തമാണ്. ആരോപണവിധേയനായ വ്യക്തികൾ ഇപ്പോഴും പുറത്താണെന്നത് നീതിപീഠത്തോടുള്ള വെല്ലുവിളിയാണ്.
നമ്മുടെ നാട്ടിൽ അധ്യാപകനെ ദൈവതുല്യനായാണ് കാണുന്നത്. എന്നാൽ ദൈവതുല്യരാകേണ്ടവർ സാത്താൻ്റെ രൂപം പ്രാപിക്കുമ്പോൾ അറിവിന്റെ ആലയങ്ങൾ ശവപ്പറമ്പുകളായി മാറുന്നു. ഉന്നത വിദ്യാഭ്യാസ രംഗത്ത് നിലനിൽക്കുന്ന ജാതീയതയും വംശീയതയും കേരളം ഇത്രയും കാലം മൂടിവെച്ചിരുന്ന രഹസ്യങ്ങളായിരുന്നു. ഹൈദരാബാദ് സർവ്വകലാശാലയിലെ രോഹിത് വെമുലയ്ക്ക് ശേഷം നിതിൻ രാജിലൂടെ മറ്റൊരു ഇൻസ്റ്റിറ്റ്യൂഷണൽ മർഡർ ആണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.
അധ്യാപകർക്ക് ബിരുദങ്ങൾ മാത്രം പോരാ മറിച്ച് ഒരു വിദ്യാർത്ഥിയെ മനുഷ്യനായി കാണാനുള്ള വിവേകം കൂടി ഉണ്ടാകണം. ക്രിമിനൽ കുറ്റങ്ങൾ ചെയ്യുന്നവരെ രാഷ്ട്രീയ നിറം നോക്കാതെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ഭരണകൂടം തയ്യാറാകണം. മാനസികമായ പ്രയാസങ്ങൾ അനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് പരാതിപ്പെടാനും പരിഹാരം കാണാനും സ്വതന്ത്രമായ സംവിധാനങ്ങൾ കോളേജുകളിൽ ഉണ്ടാവേണ്ടത് അത്യാവശ്യമാണ്.
സ്വന്തം മണ്ണിൽ നീതി ലഭിക്കില്ലെന്ന ബോധ്യത്താൽ ലക്ഷക്കണക്കിന് യുവാക്കൾ കേരളം വിട്ട് വിദേശത്തേക്ക് പോകുന്ന കാലമാണിത്. നിതിൻ രാജിനെപ്പോലെയുള്ള ഒരു മിടുക്കനായ വിദ്യാർത്ഥിക്ക് ഇവിടെ ജീവിക്കാൻ കഴിയാതെ പോകുന്നത് സമൂഹമെന്ന നിലയിൽ നമ്മുടെ എല്ലാവരുടെയും പരാജയമാണ്. നിതിൻ്റെ മരണത്തിന് ഉത്തരവാദികളായവർ മാതൃകാപരമായി ശിക്ഷിക്കപ്പെടണം. നീതി വൈകുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണ്.