Image

ചാക്കോച്ചന്റെ ‘ഒരു ദുരൂഹ സാഹചര്യത്തിൽ’ തിയേറ്ററുകളിൽ തരംഗമാകുന്നു

Published on 22 April, 2026
ചാക്കോച്ചന്റെ ‘ഒരു ദുരൂഹ സാഹചര്യത്തിൽ’ തിയേറ്ററുകളിൽ തരംഗമാകുന്നു

രതീഷ് ബാലകൃഷ്ണൻ പൊതുവാൾ-കുഞ്ചാക്കോ ബോബൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘ഒരു ദുരൂഹ സാഹചര്യത്തിൽ’ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ‘ന്നാ താൻ കേസ് കൊട്’ എന്ന സൂപ്പർ ഹിറ്റിന് ശേഷം ഇരുവരും ഒന്നിച്ച ഈ ചിത്രം പ്രേക്ഷക പ്രതീക്ഷകളെ ഒട്ടും നിരാശപ്പെടുത്തുന്നില്ല.

 പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ സിനിമയുടെ അന്തരീക്ഷത്തെയും ആഖ്യാനത്തെയും നിർവചിക്കുന്ന ഒരു ദുരൂഹത തുടക്കം മുതൽ ഒടുക്കം വരെ നിലനിർത്താൻ സംവിധായകന് സാധിച്ചിട്ടുണ്ട്. മനസ്സിന്റെ സങ്കീർണ്ണതകളും സാഹചര്യങ്ങളുടെ അനിശ്ചിതത്വവും ഇഴചേർത്തൊരുക്കിയ ഈ സൈക്കോളജിക്കൽ കോമഡി ത്രില്ലർ, വേറിട്ടൊരു സിനിമാനുഭവമാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.

വയനാട് തോൽപ്പട്ടിയിലെ ഗ്രാമീണ പശ്ചാത്തലത്തിൽ വികസിക്കുന്ന ചിത്രം, സേതു എന്ന ഗവൺമെന്റ് ഹെൽത്ത് വർക്കറുടെ ജീവിതത്തെയും അയാളുടെ വൈകാരിക സംഘർഷങ്ങളെയുമാണ് ഫോക്കസ് ചെയ്യുന്നത്. കിടപ്പിലായ തന്റെ സഹോദരൻ മധുവിനെ പരിചരിക്കുന്നതിനായി ജീവിതം ഉഴിഞ്ഞുവെച്ച സേതുവിന്, സഹോദരൻ വെറുമൊരു ബന്ധു മാത്രമല്ല, അയാളുടെ ലോകം തന്നെയാണ്. മരണപ്പെട്ട ഇളയപ്പൻ മാർക്കോസ് ഇന്നും ജീവിച്ചിരിക്കുന്നു എന്ന് വിശ്വസിക്കുന്ന മധുവിന്റെ ഭ്രമലോകം തകരാതിരിക്കാൻ, സേതുവിന് പലപ്പോഴും മാർക്കോസായി വേഷം മാറേണ്ടി വരുന്നു. ഇത്തരമൊരു വൈകാരിക തലം നിലനിർത്തിക്കൊണ്ടുതന്നെയാണ് ചിത്രം പിന്നീട് ഉദ്വേഗഭരിതമായ ഒരു ത്രില്ലറിലേക്ക് വഴിമാറുന്നത്.

കുഞ്ചാക്കോ ബോബന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ചതും പക്വവുമായ പ്രകടനങ്ങളിലൊന്നാണ് സേതു എന്ന കഥാപാത്രം. ഹാസ്യവും സോഷ്യൽ സറ്റയറും വൈകാരികതയും കൃത്യമായ അളവിൽ ചേർത്തൊരുക്കിയ ഈ ചിത്രത്തിൽ, ചാക്കോച്ചന്റെ അഭിനയമികവ് പുരസ്‌കാരങ്ങൾ അർഹിക്കുന്നുവെന്നാണ് ആരാധക പക്ഷം. കഥാപാത്രത്തിന്റെ ആന്തരിക സംഘർഷങ്ങളെ അത്രമേൽ സൂക്ഷ്മമായി അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക