
'വെള്ളം' സിനിമയിലൂടെ ശ്രദ്ധേയനായ വ്യവസായിയും നിര്‍മാതാവുമായ മുരളി കുന്നുംപുറത്തിന്റെ ഒരു വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു . അമിതമായ കടബാധ്യത കാരണം താൻ ആത്മഹത്യയുടെ വക്കിലാണെന്നും പലിശക്കാരെ പേടിച്ച് സ്വന്തം വീട്ടിൽ നിന്നുപോലും ഇറങ്ങി ഓടേണ്ടി വന്നുവെന്നും മുരളി പങ്കുവെച്ച വീഡിയോയിൽ പറയുന്നു. 'സുമതി വളവ്' എന്ന സിനിമ നിർമിച്ചതിലൂടെ കനത്ത സാമ്പത്തിക നഷ്‌ടം നേരിട്ടെന്ന് മുരളി കുന്നുംപുറത്ത് നിറകണ്ണുകളോടെ വീഡിയോയിൽ പറയൂന്നു. ചിത്രത്തിന്റെ സംവിധായകൻ വിഷ്ണു ശശി ശങ്കർ, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള എന്നിവരുടെ പേരെടുത്തു പറഞ്ഞാണ് മുരളി വീഡിയോ ചെയ്തത്.
സ്വന്തം നിലയിൽ ബിസിനസ് ചെയ്ത് വളർന്നുവന്ന മുരളി, ഇന്ന് ജീവിതം വഴിമുട്ടിയ അവസ്ഥയിലെന്നു പറഞ്ഞാണ് വീഡിയോയിൽ വന്നിട്ടുള്ളത്. താൻ 9 കോടി രൂപയുടെ കടക്കാരനായി മാറിയെന്നും മുരളി പറയുന്നു
നദികളിൽ സുന്ദരി യമുന’, ‘സുമതി വളവ്’ അടക്കമുള്ള സിനിമകളിലൂടെ ഏകദേശം ഒൻപത് കോടിയുടെ നഷ്ടമാണ് തനിക്കുണ്ടായതെന്നും ജീവനൊടുക്കുകയല്ലാതെ മറ്റു വഴികളിലെന്നും മുരളി കൂട്ടിചേർത്തു. ബിസിനസിൽ ഒരുപാട് ചതികൾ പറ്റി. ടൈൽസ് ദുബായിലും ഓസ്ട്രേലിയയിലും ആഫ്രിക്കയിലും ഒക്കെ കയറ്റി അയച്ചിട്ട് മലയാളികൾ വഴി ഒരുപാട് പൈസ കിട്ടാനുണ്ടായിരുന്നു .
ഉണ്ണി വെള്ളോറ, വിജേഷ് പാണത്തൂർ ഈ രണ്ടാളും കള്ളം പറഞ്ഞ് തന്റെ അടുത്ത് വന്നു. അസിസ്റ്റന്റ് ഡയറക്ടറാണെന്ന് വിശ്വസിപ്പിച്ചാണ് ‘നദികളിൽ സുന്ദരി യമുന‘ സിനിമ എടുപ്പിച്ചത്. ഇവരുടെ ഇടപെടലുകൾ തന്നെ ചതിക്കുഴിയിലാക്കിയെന്നും ഈ സിനിമ രണ്ടരക്കോടിയോളം രൂപയുടെ ബാധ്യതയിലേക്ക് തന്നെ തള്ളിവിട്ടെന്നുമാണ് മുരളിയുടെ ആരോപണം. "എല്ലാവരുടെയും വിചാരം ‘സുമതി വളവ്’ വലിയ വിജയമാണെന്നാണ്. ജീവിതം കൈവിട്ടു പോയിരിക്കുകയാണ്. എന്റെ മക്കളുടെയും ഭാര്യയുടെയും കൂടെ ജീവിച്ചിട്ട് മതിയായിട്ടില്ല, കൊതി തീർന്നിട്ടില്ല. പക്ഷേ ഈ സിനിമ കാരണം ഏഴ് കോടിയോളം രൂപ നഷ്ടം വന്നു. എനിക്ക് പിടിച്ചു നിൽക്കാൻ പറ്റുന്നില്ല, എനിക്ക് പിടിച്ചു നിൽക്കാൻ പറ്റുന്നില്ല. ഒരുപാട് കടങ്ങൾ ഓൾറെഡി ഉണ്ട്, അതിന്റെ കൂടെ ഇതും. അതുകൊണ്ട് ഞാൻ പോവുകയാണ്. ഞാൻ പോവുകയാണ്. എനിക്ക് ജീവിച്ച് കൊതി തീർന്നിട്ടില്ല."
"എനിക്ക് മരിക്കാൻ പേടിയാണ്, ജീവിക്കണമെന്നുണ്ട്. പക്ഷേ എന്നെ ജീവിക്കാൻ ഇവർ സമ്മതിക്കുന്നില്ല. ഞാൻ മരിച്ചാൽ ആർക്കും ഒന്നും കിട്ടില്ല. എനിക്ക് അല്പം സമയം നൽകിയാൽ എല്ലാ ബാധ്യതകളും തീർത്ത് മാന്യമായി ജീവിക്കും. എന്റെ നല്ലൊരു ജീവിതം ഈ സിനിമാക്കാർ എല്ലാവരും കൂടി കളഞ്ഞു. വിജേഷ് പാണത്തൂർ, ഉണ്ണി, അഭിലാഷ് പിള്ള, വിഷ്ണു ഇവരെല്ലാം ജീവിതം കളഞ്ഞു. ദൈവം അവർക്ക് മാപ്പ് കൊടുക്കാൻ പാടില്ല. അവരിപ്പോൾ ഭാര്യയുടെയും മക്കളുടെയും കൂടെ സുഖമായി ജീവിക്കുന്നു. എനിക്ക് മരിക്കുകയല്ലാതെ വേറെ വഴിയില്ല. പക്ഷേ മരിക്കാൻ ധൈര്യമില്ല. പക്ഷേ മരിച്ചേ പറ്റൂ, എനിക്ക് വേറെ വഴിയില്ല. എല്ലാവർക്കും മാപ്പ്. ഞാൻ കാരണം ഒരുപാട് ആളുകൾ ബുദ്ധിമുട്ടിയിട്ടുണ്ട്. നിങ്ങളാരും ഒരിക്കലും കുടിക്കരുത്. എന്റെ അവസ്ഥ ഇങ്ങനെയൊക്കെ ആയിപ്പോയി. മാപ്പ് സുഹൃത്തുക്കളെ മാപ്പ്.’’മുരളി വീഡിയോയിൽ പറയുന്നു.
ഇതേസമയം താൻ പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് വീഡിയോയിൽ പറഞ്ഞത് ശരിയായ കാര്യങ്ങളെന്നും പറഞ്ഞതിൽ ഉറച്ചുനിൽക്കുകയാണെന്നും ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരുന്നുവെന്നും മുരളി കുന്നുംപുറത്ത് പ്രതികരിച്ചു
സുമതി വളവ് എന്ന സിനിമയുടെ ചെലവ് 22 കോടിയോളം രൂപയാണെന്നും സിനിമ സാമ്പത്തികമായി പരാജയമായിരുന്നെന്നും മുരളി പറയുന്നു . 'സുമതി വളവ്' കാരണം ഏഴ് കോടിയാണ് ബാധ്യതയുണ്ടായത്. സംവിധാനം അറിയാതെ വിജേഷ് പാണത്തൂരടക്കം സമീപിക്കുകയായിരുന്നു.
തന്റെ ദുരവസ്ഥ അറിഞ്ഞതോടെ സിനിമ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, ഫെഫ്ക അടക്കം പിന്തുണ അറിയിച്ചിട്ടുണ്ട്. താരങ്ങളിൽ ജയസൂര്യയും സിദ്ധീഖും പിന്തുണ അറിയിച്ചു. വെള്ളത്തിന്‍റെ സംവിധായകൻ പ്രജേഷ് സെനും പിന്തുണയുമായി ഒപ്പമുണ്ട്. ഇനി ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം. സുമതി വളവിലെ താരങ്ങൾക്കും സാങ്കേതിക രംഗത്തുള്ളവർക്കും നൽകാനുള്ള പണം തിരിച്ചുനൽകും. എനിക്ക് വേണ്ടി പ്രാർഥിക്കണം. ഫുൾ സ്ക്രിപ്റ്റ് കേൾക്കാതെ ഇനി ഒരാളും സിനിമ എടുക്കാൻ ഇറങ്ങരുത്'. മുരളി പ്രതികരിച്ചു.
ഇദ്ദേഹത്തിന്റെ പ്രതികരണത്തെ തുടർന്ന് 'സുമതി വളവ്' പിആർഒ പ്രതീഷ് ശേഖർ ഈ സിനിമയിൽ പ്രതിഫലം കിട്ടാത്ത നിരവധിപ്പേർ ഇനിയുമുണ്ട് എന്ന് ഇൻസ്റ്റഗ്രാമിൽ റീൽസ് വീഡിയോ പോസ്റ്റ് ചെയ്‌തു. വിജയചിത്രമായി പേരിൽ പരക്കെ പ്രചരിപ്പിച്ച 'സുമതി വളവ്' ബോക്സ് ഓഫീസ് ഇനത്തിൽ 25.50 കോടി രൂപ കളക്റ്റ് ചെയ്തിരുന്നു.
മുരളിയുടെ വീഡിയോയെ തുടർന്ന് ചലച്ചിത്ര നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസഴ്സ് അസോസിയേഷൻ പ്രസിഡന്റ് ബി. രാകേഷ് മധ്യസ്ഥ ചർച്ചയ്ക്ക് തയാറെന്ന് അറിയിച്ചു.
സംഭവം അറിഞ്ഞതിനെ തുടർന്ന് മുരളിയെ കോൺടാക്ട് ചെയ്യാൻ ശ്രമിച്ചിരുന്നു എന്ന് രാകേഷ് പറയുന്നു. എന്നാൽ, അദ്ദേഹത്തെ ഫോൺ നമ്പറിൽ ലഭ്യമാവാത്ത സാഹചര്യത്തിൽ മുരളിയുടെ ഭാര്യയുടെ നമ്പർ കണ്ടെത്തി അവരുമായി സംവദിച്ചു. സംസാരിച്ച് സമാധാനിപ്പിച്ചിട്ടുണ്ട്. വിഷാദം നേരിട്ട മുരളി ആശുപത്രിയിലാണ്. അഭിലാഷ് പിള്ളയോടും സംസാരിച്ചു. ഈ ആഴ്ച തന്നെ മുരളിക്കും സുമതി വളവിന്റെ മറ്റു പ്രവർത്തകർക്കും ഒപ്പം കൂടിക്കാഴ്ച നടത്തി സംഭവങ്ങളുടെ നിജസ്ഥിതി മനസിലാക്കി, കബളിപ്പിക്കൽ നടന്നിട്ടുണ്ടോ, മുരളിയുടെ ആരോപണങ്ങളിലെ കഴമ്പ് തുടങ്ങിയ കാര്യങ്ങൾ വിലയിരുത്തേണ്ടത് മലയാള ചലച്ചിത്ര മേഖലയുടെ ആവശ്യമെന്ന് രാകേഷ് പറഞ്ഞു. അതിനുള്ള തയാറെടുപ്പുകൾ സജ്ജമെന്നും അദ്ദേഹം അറിയിച്ചു.