
'കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം...' കൊച്ചിക്കാരൻ 'മെഹബൂബ്' ഭായിയുടെ സ്മരണ തുടിക്കുന്ന അനശ്വരഗാനം... 'നായര് പിടിച്ച പുലിവാൽ' എന്ന ചിത്രത്തിലെ ഈ "കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം" ഇത്രയും ഗാംഭീര്യത്തോടെ പാടാന്‍ മറ്റാര്‍ക്കും കഴിയില്ല എന്നാണ് എൻ്റെ വിശ്വാസം.
'നീലക്കുയിൽ' എന്ന ചിത്രത്തില്‍ പി.ഭാസ്‌കരന്‍ എഴുതി കെ. രാഘവന്‍ ഈണം പകര്‍ന്നു മെഹബൂബ് പാടിയ 'മാനെന്നും വിളിക്കില്ല' എന്ന ഗാനം ആ ചിത്രത്തിലെ മറ്റു ഗാനങ്ങളെപ്പോലെ തന്നെ സൂപ്പര്‍ ഹിറ്റ് ഗാനമായിരുന്നു....
"നീയല്ലാതാരുണ്ടെന്നുടെ
പ്രണയപ്പുഴയില്‍ ചിറകെട്ടാന്‍..." എന്ന അഗാധമായ വിഷാദം ശ്രോതാക്കളില്‍ ഉണര്‍ത്തുന്ന ഗാനം പാടിയ മെഹബൂബ് പിന്നീട് കോമഡിപ്പാട്ടുകളില്‍ മാത്രമായി തളച്ചിടപ്പെടുകയായിരുന്നു.
'ഡോക്ടര്‍' എന്ന ചിത്രത്തിലെ ദേവരാജന്റെ ഈണത്തില്‍ പാടിയ,
"വണ്ടീ വണ്ടീ നിന്നെപ്പോലെ
വയറില്‍ എനിക്കും തീയാണ്..."
എന്ന ഗാനത്തിലൂടെ അദ്ദേഹം സ്വന്തം ജീവിതവ്യഥയാണ് പാടിയത്...
ഗായകൻ മെഹബൂബ്ബിൻ്റെ ജന്മശതാബ്ദി വർഷമാണ് 2026; ഇന്ന് 45-ാം ചരമവാർഷികം. സ്മരണാഞ്ജലി !
ബ്രിട്ടീഷ് കൊച്ചിയില്‍, ദെഖ്നി മുസ്ലിം സമുദായത്തിൽപ്പെട്ട ഹുസൈന്‍ ഖാന്റെയും ഖാലജനിന്റെയും രണ്ടാമത്തെ മകനായി 1926-ല്‍ മെഹബൂബ് ഖാൻ ജനിച്ചു. ഹിന്ദി ഭാഷയിലും ഉറുദു ഭാഷയിലും പരിജ്ഞാനമുള്ളവരായിരുന്നു ദെഖ്നികൾ. കലാപരമായി അത്യധികം ആഭിമുഖ്യമുള്ള ഒന്നായിരുന്നു ദെഖ്നി മുസ്ലിമുകളുടെ ജീവിതവും സംസ്കാരവും.
മെഹബൂബിന്റെ ചെറുപ്രായത്തിൽ തന്നെയാണ് പിതാവ് മരിച്ചത്. അനാഥമായ കുടുംബത്തെ പുലർത്താൻ വേണ്ടി മെഹബൂബിന് കുട്ടിക്കാലത്ത് വീടിനടുത്തുണ്ടായിരുന്ന അടുത്തുള്ള മിലിട്ടറി ക്യാമ്പിൽ ചെരുപ്പ് മിനുക്കി നിത്യവൃത്തിക്കു വഴിതേടി; അപ്പോൾ മെഹബൂബിന്റെ അമ്മ മിലിട്ടറി ക്യാമ്പിലെ ക്ലീനിംഗ് ജോലികൾ ചെയ്തു. ക്യാമ്പിൽ മെഹബൂബ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സൈനികരുടെ വൈവിധ്യമുള്ള ഭാഷകളും പാട്ടുകളും പഠിച്ചെടുക്കുന്നത്; ചില ബ്രിട്ടീഷുകാരും ക്യാമ്പിൽ ഉണ്ടയിരുന്നു - അവരിൽ പലരും മെഹബൂബിന്റെ പാട്ട് ഇഷ്ടപ്പെട്ടിരുന്നു.
അമ്മയുടെ കൂടെ കൊച്ചിയിലെ കല്യാണവീടുകളില്‍ ഡോലക്ക് കൊട്ടിപ്പാട്ടിനു പോകാന്‍ തുടങ്ങി. സ്ത്രീകള്‍ അതിനുചുറ്റും വട്ടം കൂടിയിരുന്നു കൊട്ടിപ്പാട്ടു നടത്തും. മൈലാഞ്ചിരാവുകളില്‍ പാടാന്‍ പോകുന്ന ഉമ്മയുടെ കൂടെ മെഹബൂബും ഉണ്ടാകും. ഉമ്മയുടെ പാട്ടുകേട്ടാണ് മെഹബൂബ് വളര്‍ന്നത്.
ചെറുപ്പത്തിൽ തന്നെ അസാധാരണ സംഗീതത്തിൽ താത്പര്യം പ്രകടിപ്പിച്ച മെഹബൂബ് മെഹ്ഫിൽ വേദികളിലും കല്യാണസദസ്സുകളിലും മറ്റു ജനകീയവേദികളിലും പാടി ജനഹ്രൃദയങ്ങളിൽ സ്ഥാനം പിടിച്ചു. ഫോർട്ടു കൊച്ചിയിൽ താമസിച്ചിരുന്ന വെള്ളക്കാർക്ക് പോലും മെഹബൂബിന്റെ ഗാനങ്ങൾ ഹരമായിരുന്നു. മട്ടാഞ്ചേരിയിലെ തന്നെ സംഗീതപ്രേമികളുടെ ഒരു വലിയ സൗഹൃദവൃന്ദം മെഹബൂബിനുണ്ടായിരുന്നു.
പ്രശസ്ത ഗസൽ ഗായകൻ പങ്കജ് മല്ലിക്ക് ഒരിക്കല്‍ മെഹബൂബിന്റെ പാട്ടു കേള്‍ക്കാനിടയായി. അത്ഭുതത്തോടെ ആയിരുന്നു അദ്ദേഹം കേട്ടിരുന്നത്... പാടിക്കഴിഞ്ഞപ്പോള്‍ സന്തോഷത്തോടെ പങ്കജ്, മെഹബൂബിനെ വാരിപ്പുണര്‍ന്നു. അദ്ദേഹത്തിന് വലിയ ഒരംഗീകാരമായിരുന്നു. മെഹബൂബിലെ ഗായകനെ തിരിച്ചറിയുകയും അദ്ദേഹത്തെ 'മുഹമ്മദ് റാഫി കൺസേർട്ടു' കളിലും കച്ചേരികളിലും പങ്കെടുപ്പിക്കുകയും ചെയ്തു. ബോംബേയിലെ 'ബാർവാല'കളുടെ ഇടയിൽ പോലും മെഹബൂബ് എന്ന കൊച്ചി ഗായകൻ പ്രശസ്തനായി.
സിനിമയില്‍ പാടിയതിനുശേഷമാണ് മെഹബൂബ് നമ്മുടെ നാട്ടിൽ ശ്രദ്ധിക്കപ്പെടുന്നത്. പക്ഷേ അതിനു മുമ്പ് ശ്രുതിമധുരങ്ങളായ ഒട്ടനവധി ലളിതഗാനങ്ങള്‍ മെഹബൂബ് മലയാളികള്‍ക്ക് സമ്മാനിച്ചിരുന്നു. തിരുനല്ലൂര്‍ കരുണാകരന്റെ
”കാറ്റേ നീ… വീശരുതിപ്പോള്‍
കാറേ നീ പെയ്യരുതിപ്പോള്‍…”,
”ചെറുപ്പത്തില്‍ നമ്മള്‍ രണ്ടും
മണ്ണുവാരി കളിച്ചപ്പോള്‍",
”നാളത്തെ പൂക്കണി”,
”കരളില്‍ തീയെരിയുന്നു",
”നാടിനുവേണ്ടി” തുടങ്ങി നിരവധി ലളിതഗാനങ്ങള്‍ അക്കൂട്ടത്തില്‍പ്പെടുന്നു.
സിനിമയിൽ പാടിയതിലും എത്രയോ കൂടുതൽ ഗാനങ്ങൾ സ്വകാര്യവേദികളിലും നാടകങ്ങളിലും മെഹബൂബ് പാടിയിട്ടുണ്ട്. എന്നാൽ ഇവയിൽ പലതും റെക്കോർഡ് ചെയ്യപ്പെട്ടിട്ടില്ല. മേപ്പള്ളി ബാലൻ എന്ന സുഹൃത്താണ് ഈ ഗാനങ്ങളിൽ പലതിനും സംഗീതം നൽകിയത്. മെഹബൂബിന്റെ തബലിസ്റ്റും പ്രസിദ്ധ ഗസല്‍ ഗായകനുമായിരുന്ന ഉമ്പായി, മെഹബൂബിനുള്ള ഗുരുദക്ഷിണയായി ഈ ഗാനങ്ങള്‍ പാടാറുണ്ടായിരുന്നു.
മലയാളത്തിലെ ആദ്യ സൂപ്പർഹിറ്റ് ചിത്രമായ 'ജീവിത നൗക'യിലാണ് മെഹബൂബ് ആദ്യമായി പാടുന്നത്. സുഹൃത്തും നടനുമായ ടി. എസ്. മുത്തയ്യയാണ് അദ്ദേഹത്തെ ഈ ചിത്രത്തിനായി ശുപാർശ ചെയ്തത്. ഈ ഗാനം ശ്രദ്ധിക്കപ്പെട്ടെങ്കിലും 'നീലക്കുയിലി'ലെ "മാനെന്നും വിളിക്കില്ല" എന്ന ഗാനമാണ് ഒരു ഗായകൻ എന്ന നിലയിൽ മലയാളികളുടെ ഇടയിൽ മെഹബൂബിന് ഇടം നൽകിയത്.
1953-ല്‍ 'പ്രത്യാശ' എന്ന സിനിമയില്‍ വിമല്‍കുമാറിന്റെ സംഗീതസംവിധാനത്തിലും പാടി. ഇതിന്റെ റെക്കോഡിങ്ങ് കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് നീലക്കുയിലില്‍ പാടാന്‍ നിര്‍മ്മാതാവായ ടി.കെ പരീക്കുട്ടി വിളിക്കുന്നത്. സംവിധായകനായ രാമുകാര്യാട്ടും ഭാസ്‌കരന്‍ മാഷും സംഗീത സംവിധായകനായ കെ. രാഘവനും മെഹബൂബിന്റെ പാട്ടുകള്‍ കേട്ടു. മദിരാശിയില്‍ വാഹിനി സ്റ്റുഡിയോയില്‍ റിക്കാര്‍ഡിംഗ് നിശ്ചയിച്ചു. റിക്കാഡിങ്ങിന്റെ തലേന്നാണ് കൊച്ചിയില്‍ നിന്നും ഫോണ്‍ വന്നത്. മെഹബൂബ് ഭായിയുടെ ഉമ്മ ഖാലാജാന്‍ മരിച്ചിരിക്കുന്നു. റിക്കോഡിങ്ങ് മാറ്റി വെച്ച് മെഹബൂബ് നാട്ടിലേക്ക് മടങ്ങി. ഉമ്മയുടെ ഖബറടക്കം കഴിഞ്ഞ് കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞ് മദിരാശിയിലെത്തി. ഉമ്മയുടെ ആ അപ്രതീക്ഷിത മരണം തന്ന വേദന ഉള്ളിലൊതുക്കിയാണ് ആ പാട്ടുകാരന്‍ സ്റ്റുഡിയോയിലെ മൈക്കിന് മുന്നില്‍ നിന്നത്. രാഘവന്‍ മാസ്റ്ററുടെ നിര്‍ദ്ദേശങ്ങള്‍ക്കൊത്ത് മെഹബൂബ് പാടി.....
‘മാനെന്നും വിളിക്കില്ല മയിലെന്നും വിളിക്കില്ല മാടത്തിന്‍ മണിവിളക്കേ…’ ഈ ഗാനം പാടി അഭിനയിച്ചത് സത്യനായിരുന്നു. സത്യന്റെ ശബ്ദവുമായി ഏറെ ബന്ധമുള്ളതുകൊണ്ട് ആ പാട്ട് യഥാര്‍ത്ഥത്തില്‍ പാടിയത് അദ്ദേഹമായിരുന്നു എന്ന് എല്ലാരും കരുതി. ഒരു ഗായകന്‍ എന്ന നിലയില്‍ മെഹബൂബിന്റെ നേട്ടമായിരുന്നു അത്.
അതോടെ ഗാനമേളകളില്‍ മെഹബൂബ് വേണമെന്ന് കൂടുതൽ ആളുകള്‍ ആവശ്യപ്പെട്ടുതുടങ്ങി.
ഇതൊരു നല്ല തുടക്കമായി; തുടർന്ന്, ബാബുരാജ്, കെ. രാഘവൻ, ദേവരാജൻ, ആർ. കെ. ശേഖർ തുടങ്ങി പ്രഗല്ഭരുടെ സംഗീതത്തിൽ നിരവധി ഗാനങ്ങൾ. പാടിയ എല്ലാ ഗാനങ്ങളും ഹിറ്റാക്കിയ ചുരുക്കം ഗായകരിലൊരാളാണ് മെഹബൂബ്. പി. ഭാസ്കരന്റെ രചനയിലാണ് അദ്ദേഹം കൂടുതലായും പാടിയത്.
തമാശരൂപേണയുള്ള ഗാനങ്ങളായിരുന്നു ഇവയിൽ മിക്കതും. മൊയ്തു പടിയത്തിന്റെ നോവല്‍ 'തങ്കക്കുടം' (1965) സിനിമയാക്കിയപ്പോള്‍ ബാബുക്കയുടെ സംഗീതത്തില്‍ മെഹബൂബ് പാടി. "കോഴിക്കോട്ടങ്ങാടീല് കോയക്കാന്റെ കടയിലെ കോഴീന്റെ കറിയുടെ ചാറ് ഹഹ ബായക്ക ബറുത്തതും ജോറ്.” സിനിമയോടൊപ്പമോ പലപ്പോഴും സിനിമയെക്കാൾ എത്രയോ കൂടുതൽ ആ മെഹബൂബിൻ്റെ ഈ പാട്ടുകള്‍ ശ്രദ്ധിക്കപ്പെട്ടു.
"മാനെന്നും വിളിക്കില്ല…”(നീലക്കുയിൽ), "തപസ്സു ചെയ്തു തപസ്സു ചെയ്തു…”(മിന്നാമിനുങ്ങ്), “ഹാലു പിടിച്ചൊരു പുലിയച്ഛൻ….”, “കാത്തുസൂക്ഷിച്ചൊരു കസ്തൂരിമാമ്പഴം…” (നായരു പിടിച്ച പുലിവാൽ), “വെളിക്കു കാണുമ്പം…” ('ഉ മ്മ'),”നയാ പൈസയില്ല…”, “ഓട്ടക്കണ്ണിട്ടു നോക്കും കാക്കേ…”, “നീയല്ലാതാരുണ്ടെന്നുടെ…” (നീലിസാലി), ”കണ്ടം വെച്ചൊരു കോട്ടാണ്….”, ”ആട്ടെ പോട്ടെ ഇരിക്കട്ടെ ലൈലേ…”, 'സിന്ദാബാദ് സിന്ദാബാദ് സ്വന്തംകാര്യം…." (കണ്ടം വച്ച കോട്ട്), ”അന്നത്തിനും പഞ്ഞമില്ല….”, ”കണ്ണിനകത്തൊരു കണ്ണുണ്ട്…” (ലൈലാ മജ്‌നു), “വണ്ടീ പുക വണ്ടീ….”, “കേളെടി നിന്നെ ഞാൻ…” (ഡോക്‌ടർ), “എന്തൊരു തൊന്തരവ്…” (മൂടുപടം), "പണ്ട് പണ്ട് പണ്ട് നിന്നെ കണ്ട നാളയ്യാ!" ('രാരിച്ചൻ എന്ന പൗരൻ') തുടങ്ങി അനേകം ഗാനങ്ങളിലൂടെ മെഹബൂബ് മലയാളികളുടെ മനസ്സിൽ ഇന്നും ജീവിക്കുന്നു!
1974-ല്‍ ഇറങ്ങിയ 'ചഞ്ചല' എന്ന ചിത്രത്തിലാണ് മെഹബൂബ് അവസാനമായി പാടുന്നത്. എം.കെ. അര്‍ജുനന്‍ മാഷിന്റെ സംഗീതത്തിലെ ഒരു തമാശപ്പാട്ട്. "കല്യാണ വീട്ടില്‍ കള്ളന്‍ കടന്നയ്യോ!"- തമാശപ്പാട്ടുകള്‍ അല്ലാത്ത പാട്ടുകൾ ഏറെ ആഗ്രഹിച്ചിരുന്ന അദ്ദേഹം കുറെയേറെ ജീവിതത്തമശയിൽ ഒതുങ്ങിപ്പോയി എന്നതാണ് സത്യം. പ്രൊഫഷണൽ രംഗത്തെ ഗൂഡ തന്ത്രങ്ങൾ മനസ്സിലാക്കാത്ത, സൗഹൃദത്തിൻ്റെ ലഹരിയിൽ ജീവിതം മുന്നോട്ടു കൊണ്ടുപോയ മെഹബൂബ് ഭായി യൗവനാന്ത്യത്തിൽ തന്നെ ഏറെ ദാരിദ്ര്യാനുഭങ്ങളാൽ അലഞ്ഞെങ്കിലും, പക്ഷേ, താൻ പാടിയ പാട്ടുകളുടെ ബലത്തിൽ തന്നെ, ഒരു ലെജൻ്റായി മാറി.....
“നീയല്ലാതാരുണ്ടെന്നുടെ പ്രണയപ്പുഴയിൽ ചിറകെട്ടാൻ…”:
"പണ്ട് പണ്ട് പണ്ട് നിന്നെ കണ്ട നാളയ്യാ":
"മിടുക്കി.... മിടുക്കി.... മിടുക്കി ...." (1961 - ഉണ്ണിയാർച്ച )
എഴുപതുകളുടെ അവസാനം തന്നെ ചലച്ചിത്രരംഗത്തോടു വിട പറഞ്ഞ മെഹബൂബ് പിന്നെ കച്ചേരികളിലും സ്വകാര്യവേദികളുലും മാത്രമായി ഒതുങ്ങിക്കൂടി.
അവസാനകാലത്ത്, എറണാകുളം കാക്കനാട് ചെമ്പുമുക്കിലുള്ള ഒരു പള്ളിയിൽ ബാങ്ക് വിളിയിൽ മാത്രം ആയി ആ ജീവിതം ഒരുങ്ങിയതായി ചില സ്നേഹിതർ ഓർക്കുന്നു....
രോഗങ്ങളും ദാരിദ്ര്യവും അലട്ടിയിരുന്ന അദ്ദേഹം 1981 ഏപ്രിൽ 22-ന്, 55-ാം വയസ്സിൽ, അന്തരിച്ചു. മട്ടാഞ്ചേരി കൊച്ചങ്ങാടി ചെമ്പട്ട പള്ളിൽ ഖബറടക്കി.
സ്മരണാഞ്ജലികൾ!
.................
അവലംബം: ഓൺലൈൻ സ്രോതസുകൾ & ടി.എം. സുരേഷ് കുമാർ