
പ്രസവത്തെക്കുറിച്ച് നടത്തിയ വിവാദ പരാമർശത്തിൽ റിയാലിറ്റി ഷോ താരവും സംവിധായകനുമായ അഖിൽ മാരാർക്കെതിരെ ആരോഗ്യ വകുപ്പ് മെഡിക്കൽ ഓഫീസർ ഡോ. കെ. പ്രതിഭ ചീഫ് സെക്രട്ടറിക്ക് പരാതി നൽകി. ആശുപത്രികളും രക്ഷിതാക്കളും ചേർന്നാണ് സ്ത്രീകളുടെ പ്രസവം സങ്കീർണ്ണമാക്കിയതെന്ന അഖിൽ മാരാരുടെ പ്രസ്താവന വസ്തുതാവിരുദ്ധവും പൊതുജനാരോഗ്യ സംവിധാനത്തെ തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിക്കായി അപേക്ഷിച്ചിരിക്കുന്നത്.
സ്ത്രീകൾ പണ്ട് വളരെ എളുപ്പത്തിൽ പ്രസവിച്ചിരുന്ന കാര്യമായിരുന്നുവെന്നും, എന്നാൽ ഇന്ന് ആശുപത്രികളും രക്ഷിതാക്കളും ഗർഭിണികളെ ഭയപ്പെടുത്തി പ്രസവം സങ്കീർണ്ണമാക്കുകയാണെന്നുമാണ് അഖിൽ മാരാർ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഈ പ്രസ്താവന സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും വലിയ വിമർശനങ്ങൾ ക്ഷണിച്ചുവരുത്തുകയും ചെയ്തിരുന്നു. പൊതുപ്രവർത്തകനും മാധ്യമശ്രദ്ധയുള്ള വ്യക്തിയുമായ ഒരാൾ ഉത്തരവാദിത്തമില്ലാതെ ഇത്തരം പ്രസ്താവനകൾ നടത്തുന്നത് സമൂഹത്തിൽ തെറ്റായ കീഴ്വഴക്കങ്ങൾ സൃഷ്ടിക്കുമെന്ന് ഡോക്ടർ പരാതിയിൽ വ്യക്തമാക്കുന്നു.
അഖിൽ മാരാരുടെ പരാമർശം ആരോഗ്യ മേഖലയെക്കുറിച്ചും ആശുപത്രികളെക്കുറിച്ചും പൊതുജനങ്ങളിൽ വലിയ തെറ്റിദ്ധാരണയാണ് സൃഷ്ടിക്കുന്നത്. സുരക്ഷിത പ്രസവത്തിനും ഗർഭകാല പരിചരണത്തിനും ആശുപത്രികളെ സമീപിക്കണമെന്ന സർക്കാർ നിർദ്ദേശങ്ങളെ അട്ടിമറിക്കുന്നതാണ് ഈ പ്രസ്താവനയെന്നും ഡോ. പ്രതിഭ ചൂണ്ടിക്കാട്ടുന്നു. കേരള പൊതുജനാരോഗ്യ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം അഖിൽ മാരാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.
അമ്പത് വർഷം മുമ്പുള്ള സാഹചര്യവുമായി ഇന്നത്തെ കാലത്തെ താരതമ്യം ചെയ്യുന്നത് അശാസ്ത്രീയമാണെന്ന് ഡോക്ടർ വ്യക്തമാക്കി. അമ്മയുടെയും കുഞ്ഞിന്റെയും സുരക്ഷയ്ക്കായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മികച്ച ആരോഗ്യ സംവിധാനങ്ങളും പദ്ധതികളുമാണ് ഒരുക്കിയിട്ടുള്ളത്. അശാസ്ത്രീയമായ പ്രവണതകൾക്കെതിരെയും വീട്ടിലെ പ്രസവങ്ങൾക്കെതിരെയും മുൻപും ശക്തമായ നിയമപോരാട്ടങ്ങൾ നടത്തിയിട്ടുള്ള വ്യക്തിയാണ് ഡോ. കെ. പ്രതിഭ.