
ശ്രദ്ധക്കുറവും അനാസ്ഥയും കെടുകാര്യസ്ഥതയും ക്ഷണിച്ചുവരുത്തിയ അതിദാരുണമായ സ്‌ഫോടനമാണ് തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് നിര്‍മാണ ശാലയില്‍ ഉണ്ടായത്. വെടിക്കോപ്പ് പുരയില്‍ 40-ഓളം പേര്‍ ഉണ്ടായിരുന്നു. ഈ റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി. പരുക്കേറ്റവരെ ശരീരാവയവങ്ങള്‍ അറ്റ നിലയാലാണ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. നിരവധി പേര്‍ക്ക് 70 ശതമാനത്തിലേറെ പൊള്ളല്‍ ഏറ്റിട്ടുണ്ട്. മരണ സംഖ്യ ഉയരുമെന്ന കാര്യത്തില്‍ സംശയമില്ല. തൃശൂര്‍ പൂരത്തില്‍ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ഒരുക്കുന്ന പടക്ക നിര്‍മാണ ശാലയും പരിസരവുമാണ് ശവപ്പറമ്പായിമാറിയത്. തിരുവമ്പാടി വെടിക്കെട്ട് ലൈസന്‍സി മുണ്ടത്തിക്കോട് സതീഷിന്റെ വെടിക്കെട്ട് പുരയിലാണ് അപകടം. ഇയാളുടെ നില അതീവ ഗുരുതരമെന്നാണ് വിവരം.
അഞ്ച് ഏക്കറിലായി 8 വെടിപ്പുരകളാണ് ഉണ്ടായിരുന്നത്. ഇതില്‍ 5 പുരകള്‍ പൂര്‍ണമായി കത്തി നശിച്ചുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. പ്രദേശത്ത് സ്‌ഫോടക വസ്തുക്കള്‍ ഇനിയും പൊട്ടാതെ കിടക്കുന്നതായുള്ള സൂചനയുണ്ട്. അപകടത്തില്‍ പെട്ടവരിലേറെയും മുണ്ടത്തിക്കോട്-കുണ്ടന്നൂര്‍ സ്വദേശികളാണ്. ശരീരഭാഗങ്ങള്‍ മൃതദേഹങ്ങളായിട്ടാണ് കണക്കാക്കുന്നത് എന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അറിയിച്ചു. മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. അവിടെ ഫോറെന്‍സിക്ക് വിഭാഗത്തിന് പരിശോധനക്ക് മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഉള്‍പ്പടെയുള്ള പ്രത്യേക ക്രമീകരണം സജ്ജീകരിച്ചിട്ടുണ്ട്. അപകടം സംബന്ധിച്ച് മജിസ്റ്റീരിയല്‍ തല അന്വേഷണത്തിന് ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന്‍ ഉത്തരവിട്ടിരിക്കുകയാണ്. അപകട കാരണവും അനന്തരഫലങ്ങളും വിശദമായി അന്വേഷിക്കുന്നതിന് സബ് ഡിവിഷണല്‍ മജിസ്‌ടേറ്റായ തൃശൂര്‍ ആര്‍ഡിഒയെ ചുമതലപ്പെടുത്തി. ആദ്യ സ്‌ഫോടനം നടന്നത് 3.30നാണ്. പിന്നീടും പ്രദേശത്ത് പലവട്ടം പൊട്ടിത്തെറി ഉണ്ടായി.
കേരളത്തില്‍ ഉണ്ടായിട്ടുള്ള വെടിക്കെട്ട് അപകടങ്ങളുടെ പട്ടിക വളരെ നീണ്ടതാണ്. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ വെടിക്കെട്ടപകടമായിരുന്നു 2016 ഏപ്രില്‍ 10-ന് പുലര്‍ച്ചെ 3:30-ന് കൊല്ലം ജില്ലയിലുള്ള പരവൂരില്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടപകടം. ഇതില്‍ ഔദ്യോഗിക കണക്ക് പ്രകാരം 114 പേര്‍ കൊല്ലപ്പെടുകയും 300-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകരയും ചെയ്ത സംഭവമായിരുന്നു ഇത്. പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ കമ്പപ്പുരയില്‍ തീപിടിച്ചായിരുന്നു ദുരന്തം. ജില്ലാ ഭരണ കൂടത്തിന്റെ വിലക്ക് ലംഘിച്ചാണ് വെടിക്കെട്ട് നടത്തിയത്. രണ്ട് പ്രാദേശിക വെടിക്കെട്ട് സംഘങ്ങള്‍ തമ്മില്‍ നടത്തിയ മത്സരമാണ് ദുരന്തത്തിനു കാരണമായത്. മത്സരക്കമ്പമുള്ള വെടിക്കെട്ട് ജില്ലാ അധികൃതര്‍ നേരത്തേ തടഞ്ഞിരുന്നു. എന്നാല്‍ ആചാരപ്രകാരമുള്ളതാണെന്ന് വ്യക്തമാക്കിക്കൊണ്ട് ക്ഷേത്രം അധികൃതര്‍ വെടിക്കെട്ട് നടത്താന്‍ തീരുമാനിച്ചതാണ് ദുരന്തത്തില്‍ കലാശിച്ചത്.
വര്‍ക്കല കൃഷ്ണന്‍കുട്ടി, കഴക്കൂട്ടം സുരേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള രണ്ട് സംഘങ്ങളാണ് വെടിക്കെട്ട് നടത്തിയത്. സംഭവം നടന്ന സമയം പുലര്‍ച്ചെയായതിനാലും പ്രദേശത്തെ വൈദ്യുതി വിതരണം നിലച്ചതിനാലും രക്ഷാപ്രവര്‍ത്തനം ബുദ്ധിമുട്ടിലായി. പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. അപകടശേഷം ക്ഷേത്ര പരിസരത്തു നിന്നും ശാര്‍ക്കര കുറുമണ്ടല്‍ ക്ഷേത്ര പരിസരത്തെ കാറുകളില്‍ നിന്നും കണ്ടത്തെിയ ഉഗ്രശേഷിയുള്ള സ്‌ഫോടക വസ്തുക്കള്‍ പെട്രോളിയം ആന്റ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ (പെസോ) ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നശിപ്പിക്കുകയുണ്ടായി.
മുകളിലേക്കു പൊങ്ങി പൊട്ടിയ ഒരു അമിട്ടിലെ കത്തിക്കഴിഞ്ഞിട്ടില്ലാത്ത ഒരു ഗുളിക കമ്പപ്പുരയില്‍ വീണാണ് അപകടമുണ്ടായത്. സ്‌ഫോടനത്തിന്റെ പ്രകമ്പനം ഒന്നര കിലോമീറ്റര്‍ അകലെ വരെ ഉണ്ടായി. അമ്പലസമീപമുള്ള ദേവസ്വം ബോര്‍ഡ് കെട്ടിടം പൂര്‍ണമായും തകര്‍ന്നു. സമീപത്തുള്ള നൂറിലേറെ വീടുകള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചു. സ്‌ഫോടനത്തിനും അഗ്‌നിനാളത്തിനുമൊപ്പം കോണ്‍ക്രീറ്റ് പാളികള്‍ ആള്‍ക്കൂട്ടത്തിലേക്ക് ചിതറിത്തെറിച്ചാണ് മരണം കൂടുതലും സംഭവിച്ചത്. മൃതദേഹങ്ങള്‍ പലതും തിരിച്ചറിയാനാവാത്തവിധം വികൃതമായിരുന്നു. കളക്ടര്‍ അനുമതി നിഷേധിച്ചിട്ടും പോലീസിന്റെ മൗനാനുവാദത്തോടെയാണ് വെടിക്കെട്ടു നടന്നതെന്ന കൊല്ലം ജില്ലാ കളക്ടര്‍ ഷൈനാമോളുടെ പ്രസ്താവന വിവാദമായി. ക്ഷേത്രത്തില്‍ നിയമവിരുദ്ധമായാണ് വെടിക്കെട്ടു നടക്കാന്‍ പോകുന്നതെന്ന അറിവുണ്ടായിട്ടും, സ്ഥലം സി.ഐ അത് മേലധികാരികളില്‍ നിന്നും മറച്ചുവെച്ചു. വെടിക്കെട്ടു സംബന്ധിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ജില്ലാ പോലീസ് കമ്മീഷണര്‍ അവഗണിച്ചുവെന്നും, സ്ഥലം സി.ഐ തയ്യാറാക്കിയ എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിരിക്കുന്നു.
കേരളം സാക്ഷ്യം വഹിച്ച മറ്റ് വെടിക്കെട്ട് അപകടങ്ങളുടെ വിവരങ്ങള്‍ ഇങ്ങനെ:
* 2016 എറണാകുളം ജില്ലയിലെ മരട് കൊട്ടാരം ഭഗവതി ക്ഷേത്രം താലപ്പൊലിക്ക് വെടിക്കെട്ട് തയ്യാറാക്കുന്ന തെക്കേ ചേരുവാരം വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 2 മരണം.
* 2013-പാലക്കാട് പന്നിയംകുറുശ്ശി കുളങ്കുന്നത്ത് പടക്കനിര്‍മ്മാണശാലയിലുണ്ടായ പൊട്ടിത്തെറി. മരണം 6.
* 2011-ഷൊര്‍ണൂരിനടുത്ത് ത്രാങ്ങാലിയില്‍ വെടിക്കെട്ടുപുരയ്ക്ക് തീപിടിച്ചു. മരണം 13.
* 2008 ഫെബ്രുവരി 18-എറണാകുളം ജില്ലയിലെ മരടില്‍ കൊട്ടാരം ഭഗവതി ക്ഷേത്രം താലപ്പൊലി വെടിക്കെട്ടിനിടെ ഡൈന ആളുകളുടെ ഇടയില്‍ വീണു പൊട്ടി 3 മരണം.
* 2006-തൃശ്ശൂര്‍ പൂരത്തിന് തയ്യാറാക്കിയിരുന്ന വെടിക്കെട്ട് സാമഗ്രികള്‍ സൂക്ഷിക്കുന്നിടത്തുണ്ടായ അപകടം. മരണം 7.
* 1999-പാലക്കാട് ആളൂരില്‍ ചാമുണ്ടിക്കാവ് താലപ്പൊലി ഉത്സവത്തിനിടെ ഉണ്ടായ വെടിക്കെട്ടപകടം. മരണം 8.
* 1998-പാലക്കാട് കഞ്ചിക്കോട് വെടിക്കോപ്പ് നിര്‍മ്മാണശാലയില്‍ പൊട്ടിത്തറി. മരണം 13.
* 1997-തൃശ്ശൂര്‍ ചിയ്യാരം പടക്കനിര്‍മ്മാണശാലയില്‍ പൊട്ടിത്തെറി. മരണം 6.
* 1990-കൊല്ലം മലനടയില്‍ പോരുവഴി പെരുവിരുത്തി ക്ഷേത്രത്തിലെ വെടിക്കെട്ട് ഷെഡ്ഡിലുണ്ടായ അപകടം. മരണം 26.
* 1989-തൃശ്ശൂര്‍ കണ്ടശ്ശംകടവ് പള്ളിയില്‍ അഞ്ചു വര്‍ഷത്തിന് ശേഷം വീണ്ടും അപകടം. മരണം 12.
* 1988-തൃപ്പൂണിത്തുറയില്‍ വെടിക്കെട്ട് മരുന്നുപുരക്ക് തീപിടിച്ച് സ്ത്രീ ജോലിക്കാര്‍ മരിച്ചു. മരണം 10.
* 1987 ഏറണാകുളം ജില്ലയിലെ മരട് കൊട്ടാരം ഭഗവതി ക്ഷേത്രം താലപ്പൊലി വെടിക്കെട്ടിന് വെടിക്കെട്ടൊരുക്കുന്ന വടക്കേ ചേരുവാരം വെടിക്കെട്ട് പുരയ്ക്കു തീപിടിച്ചു 5 മരണം.
* 1987-തൃശ്ശൂര്‍ വേലൂരില്‍ വെള്ളാട്ടഞ്ചൂര്‍ -കൂട്ടന്മൂലി ക്ഷേത്രത്തിലെ അപകടം. മരണം 20.
* 1984-തൃശ്ശൂര്‍ കണ്ടശ്ശംകടവ് പള്ളിപ്പെരുന്നാളിലുണ്ടായ വെടിക്കെട്ടപകടം. മരണം 20.
* 1978-തൃശ്ശൂര്‍ പൂരത്തോട് അനുബന്ധിച്ച് കുഴിയമിട്ട് ലക്ഷ്യം തെറ്റി ആള്‍ക്കൂട്ടത്തില്‍ പതിച്ചുണ്ടായ അപകടം. മരണം 8.
* 1952-ശബരിമലയില്‍ ജനുവരി 14-ന് പകല്‍ മൂന്ന് മണിക്കുണ്ടായ കരിമരുന്നു സ്‌ഫോടനം. മരണം 68.
ഈ സ്‌ഫോടനങ്ങള്‍ ഒരു ഉത്സവത്തിന്റെ സന്തോഷത്തിനപ്പുറം ജീവനും സ്വത്തിനും ഭീഷണിയാകുന്ന ഒരു ഗുരുതര പ്രശ്‌നമായി മാറുന്നു. വെടിമരുന്നിന്റെ അനിയന്ത്രിതമായ സംഭരണം, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത നിര്‍മ്മാണം, നിയമ ലംഘനം തുടങ്ങിയവയാണ് ഇത്തരം ദുരന്തങ്ങളുടെ പ്രധാന കാരണങ്ങള്‍. പലപ്പോഴും ലഭേച്ഛയും അശ്രദ്ധയും ചേര്‍ന്നാണ് നിരപരാധികളുടെ ജീവന്‍ നഷ്ടപ്പെടുന്നത്. അധികാരികള്‍ ശക്തമായ നടപടികള്‍ സ്വീകരിക്കേണ്ട സമയമാണിത്. നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുകയും അനധികൃത പടക്കശാലകള്‍ അടച്ചുപൂട്ടുകയും വേണം. അതേസമയം, പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.സുരക്ഷയെ അവഗണിക്കുന്ന ആഘോഷങ്ങള്‍ക്ക് പിന്തുണ നല്‍കാതിരിക്കുക എന്നത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. ഒരു നിമിഷത്തിന്റെ അശ്രദ്ധ ആയുസ് മുഴുവന്‍ വേദനയായി മാറരുത്.