Image

കാലാനുസൃത ഭരണപരിഷ്‌കരണങ്ങൾക്ക് കെ.എച്ച്.എൻ.എ ബൈലോ കമ്മിറ്റി രൂപീകരിച്ചു

അനഘ വാരിയർ (കെ.എച്ച്.എൻ.എ ന്യൂസ് ഡെസ്ക്) Published on 21 April, 2026
കാലാനുസൃത ഭരണപരിഷ്‌കരണങ്ങൾക്ക് കെ.എച്ച്.എൻ.എ ബൈലോ കമ്മിറ്റി രൂപീകരിച്ചു

വടക്കേ അമേരിക്കയിലെ ഹിന്ദു സമൂഹത്തിന്റെ സാംസ്‌കാരിക പൈതൃകവും സാമൂഹിക ഐക്യവും ശക്തിപ്പെടുത്തുന്നതിനായി പ്രവർത്തിച്ചുവരുന്ന കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (കെ.എച്ച്.എൻ.എ), സംഘടനയുടെ ഭരണഘടനയിലും ചട്ടങ്ങളിലുമായി കാലാനുസൃതമായ ഭേദഗതികൾ നടപ്പാക്കുന്നതിനായി 2025–2027 പ്രവർത്തനകാലഘട്ടത്തേക്കുള്ള ബൈലോ കമ്മിറ്റി രൂപീകരിച്ചു.

ടി.എൻ. നായർ ചെയർമാനായുള്ള കമ്മിറ്റിയിൽ പ്രസന്നൻ പിള്ള, സുരേന്ദ്രൻ നായർ, ഡോ. സതീഷ് അമ്പാടി, രഘുവരൻ നായർ എന്നിവർ അംഗങ്ങളായി ചുമതലയേറ്റു പ്രവർത്തനങ്ങൾ ആരംഭിച്ചു.

സംഘടനയുടെ ദൈനംദിന പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമവും സുതാര്യവുമായ രീതിയിൽ ക്രമീകരിക്കുകയും, ഭാവി വളർച്ചയ്ക്ക് ഉറച്ച അടിത്തറ സൃഷ്ടിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കമ്മിറ്റി പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ദീർഘകാല സംഘടനാനുഭവമുള്ള അംഗങ്ങളുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ഉൾക്കൊണ്ട്, സംഘടനയെ കൂടുതൽ ശക്തിപ്പെടുത്തുന്ന രീതിയിൽ ഭരണഘടനാ ഭേദഗതികൾ രൂപപ്പെടുത്തുകയെന്നതാണ് പ്രധാന ലക്ഷ്യം.

കെ.എച്ച്.എൻ.എയുടെ മുൻ പ്രസിഡന്റും സ്ഥാപക അംഗങ്ങളിലൊരാളുമായ ടി.എൻ. നായർ കമ്മിറ്റിക്ക് നേതൃത്വം വഹിക്കുന്നു. സംഘടനയുടെ തുടക്കകാലം മുതൽ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് കമ്മിറ്റിക്ക് വലിയ കരുത്താണ്. ബൈലോ രൂപീകരണത്തിലും പരിഷ്‌കരണങ്ങളിലും നിർണായക പങ്ക് വഹിച്ച മുൻ ട്രസ്റ്റി ബോർഡ് അംഗവും നിലവിലെ ഡയറക്ടർ ബോർഡ് അംഗവുമായ പ്രസന്നൻ പിള്ളയുടെ പങ്കാളിത്തം കമ്മിറ്റിക്ക് വ്യക്തമായ ദിശാബോധം നൽകുന്നു.

കൂടാതെ മുൻ പ്രസിഡന്റുമാരായ സുരേന്ദ്രൻ നായർ, ഡോ. സതീഷ് അമ്പാടി, മുൻ ട്രഷററും നിലവിലെ ട്രസ്റ്റി ബോർഡ് അംഗവുമായ രഘുവരൻ നായർ എന്നിവരുടെ അനുഭവസമ്പത്തും ദർശനവും ഈ പ്രവർത്തനങ്ങൾക്ക് ശക്തമായ പിന്തുണയായി മാറും.

സംഘടനയുടെ ദീർഘകാല വളർച്ചയും സ്ഥിരതയും ഉറപ്പാക്കുന്നതിനായി ഭരണഘടനയിൽ ആവശ്യമായ ഭേദഗതികൾ അനിവാര്യമാണെന്ന് കെ.എച്ച്.എൻ.എ പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ അഭിപ്രായപ്പെട്ടു. ഈ ബൈലോ കമ്മിറ്റി പ്രവർത്തനം കെ.എച്ച്.എൻ.എയെ കൂടുതൽ ശക്തവും ഉത്തരവാദിത്തമുള്ളതുമായ സംഘടനയായി ഉയർത്തുന്നതിനുള്ള നിർണായക ചുവടുവയ്പ്പാണെന്ന് ട്രസ്റ്റി ബോർഡ് ചെയർപേഴ്സൺ വനജ നായർ പ്രത്യാശ പ്രകടിപ്പിച്ചു.

  • അനഘ വാരിയർ (കെ.എച്ച്.എൻ.എ ന്യൂസ് ഡെസ്ക്)
     
കാലാനുസൃത ഭരണപരിഷ്‌കരണങ്ങൾക്ക് കെ.എച്ച്.എൻ.എ ബൈലോ കമ്മിറ്റി രൂപീകരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക