
ചിക്കാഗോ: സെൻറ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ സി.എം.എൽ (CML) യൂണിറ്റിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി നേതൃത്വ പരിശീലന വർക്ക്‌ഷോപ്പ് ഏപ്രിൽ 18-ാം തീയതി ശനിയാഴ്ച വിജയകരമായി സംഘടിപ്പിച്ചു. സി.എം.എൽ എക്സിക്യൂട്ടീവുകൾ, ഗ്രൂപ്പ് ലീഡേഴ്സ്, അസിസ്റ്റന്റ് ലീഡേഴ്സ് എന്നിവർക്ക് വേണ്ടി നടത്തിയ പരിപാടി പങ്കെടുത്ത കുട്ടികൾക്ക് പ്രചോദനകരമായ അനുഭവമായി മാറി. അമേരിക്കയിൽ ഹ്രസ്വ സന്ദർശനത്തിന് എത്തിയ ഡൽഹി-ആഗ്ര രൂപതയിൽ സേവനം അനുഷ്ഠിക്കുന്ന ഫാദർ സുനിൽ കുഴിപ്പറമ്പിൽ പ്രാർത്ഥനയോടെ പരിപാടിക്ക് തുടക്കം കുറിക്കുകയും തുടർന്ന് വർക്ക്‌ഷോപ്പ് ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.
സി.എം.എൽ ജോയിന്റ് ട്രഷറർ ഡേവിഡ് കളപ്പുരക്കൽ സെമിനാർ നയിക്കുന്നവരെ പരിചയപ്പെടുത്തി സ്വാഗതം ആശംസിച്ചു. പരിപാടിയുടെ സമാപനത്തിൽ സെൻമേരിസ് സിഎംഎൽ യൂണിറ്റ് പ്രസിഡൻറ് ഐസക് മറ്റത്തിൽ എല്ലാവർക്കും നന്ദി രേഖപ്പെടുത്തി. വർക്ക്‌ഷോപ്പിന്റെ ഏകോപനം മിഷൻ ലീഗ് യൂണിറ്റ് ഡയറക്ടേഴ്സ് ആയ ജോജോ ആനാലിൽ ,ബിബി നെടുംതുരുത്തി പുത്തൻപുരയിൽ, സൂര്യ കരിക്കുളം എന്നിവർ ചേർന്നാണ് നിർവഹിച്ചത്. പരിശീലന സെഷനുകൾക്ക് നേതൃത്വം നൽകിയത് മിസ്റ്റർ ടെഡി ജോൺ മുഴയൻ മാക്കിലും , മിസ്റ്റർ ജെയിംസ് കുന്നാശ്ശേരിയും ആയിരുന്നു. 30 വർഷത്തിലേറെ പരിചയമുള്ള ടെക്നോളജി വിദഗ്ധനും ഗ്ലോബൽ ടീമുകളുടെ ടെക്നിക്കൽ ലീഡുമായ ടെഡി ജോൺ ആദ്യ പകുതിയിലെ ക്ലാസുകൾ കൈകാര്യം ചെയ്തു. ഹൈസ്കൂൾ സീനിയറും സെൻമേരിസ് ഇടവകയിലെ സി.എം.എൽ യൂണിറ്റിന്റെ ആദ്യ പ്രസിഡന്റുമായ ജെയിംസ് കുന്നാശ്ശേരി ഹാൻഡ്സ്-ഓൺ സെഷനുകൾക്ക് നേതൃത്വം നൽകി.
കുട്ടികളിൽ നേതൃത്വഗുണങ്ങളും ആത്മവിശ്വാസവും വളർത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഈ പരിപാടിയിൽ സിദ്ധാന്തപരമായ പഠനത്തോടൊപ്പം പ്രായോഗിക പരിശീലനവും ഉൾപ്പെടുത്തി. ആശയവിനിമയ കഴിവുകൾ, ഗ്രൂപ്പ് പ്രവർത്തനങ്ങൾ, നേതൃത്വപരമായ തീരുമാനമെടുക്കൽ തുടങ്ങിയ വിഷയങ്ങളിൽ കുട്ടികൾക്ക് പരിശീലനം നൽകി. കുട്ടികളുടെ സജീവ പങ്കാളിത്തം പരിപാടിയെ കൂടുതൽ ഉത്സാഹഭരിതമാക്കി.
നേതൃത്വ ശേഷി വികസിപ്പിക്കുന്നതിനൊപ്പം കൂട്ടായ്മയും ഉത്തരവാദിത്തബോധവും വളർത്തുന്നതിൽ ഈ വർക്ക്‌ഷോപ്പ് ഏറെ സഹായകമായതായി സംഘാടകർ അറിയിച്ചു. ഭാവിയിൽ മികച്ച നേതാക്കളായി കുട്ടികളെ വളർത്തുന്നതിനുള്ള പ്രചോദനമായി ഈ സംരംഭം മാറട്ടെ എന്ന് ഫാദർ സുനിൽ കുഴിപ്പറമ്പിൽ ആശംസിച്ചു. സെൻമേരിസ് മിഷൻ ലീഗ് യൂണിറ്റ് സ്പിരിച്വൽ ഡിറക്ടർ ഫാദർ അനീഷ് മാവേലി പുത്തൻപുരയിൽ പങ്കെടുത്ത കുട്ടികളെ പ്രത്യേകം അനുമോദിച്ചു.