
ടെക്സസ്: യുഎസിലെ ടെക്സസിലുള്ള ഫ്രിസ്കോ സിറ്റി കൗൺസിൽ യോഗത്തിൽ ഇന്ത്യക്കാർക്കെതിരെ ഉയർന്ന വിദ്വേഷ പരാമർശങ്ങൾക്ക് ശക്തമായ മറുപടി നൽകി ഇന്ത്യൻ-അമേരിക്കൻ ആക്ടിവിസ്റ്റായ നേഹ സുരത്രൻ. എച്ച്-1ബി വിസയെക്കുറിച്ചും ഇന്ത്യൻ പ്രൊഫഷണലുകളെക്കുറിച്ചും നടന്ന ചർച്ചയ്ക്കിടെ, ഇന്ത്യൻ സമൂഹം പ്രാദേശിക സമൂഹത്തിന് ഭീഷണിയാണെന്ന ആരോപണങ്ങൾ ഉയർന്നപ്പോഴാണ് നേഹ കണക്കുകൾ നിരത്തി ആഞ്ഞടിച്ചത്.
ഇന്ത്യൻ സമൂഹം ഉയർന്ന വിദ്യാഭ്യാസവും വരുമാനവും ഉള്ളവരാണെന്നും കുറ്റകൃത്യങ്ങളിൽ വളരെ പിന്നിലാണെന്നും നേഹ ചൂണ്ടിക്കാട്ടി. സുരക്ഷിതമായ അയൽപക്കങ്ങളും മികച്ച സ്കൂളുകളും സാമ്പത്തിക വളർച്ചയും നൽകുന്ന ഇന്ത്യൻ സമൂഹത്തെ എന്തിനാണ് ഭയപ്പെടുന്നത് എന്നും ഇത്തരമൊരു സാഹചര്യത്തിലാണ് കുട്ടികൾ വളരുന്നതെങ്കിൽ ആ പ്രവണത ഇതിനെ ഭയപ്പെടുകയല്ല, സ്വാഗതം ചെയ്യുകയാണ് വേണ്ടതെന്നും അവർ പറഞ്ഞു.
സാംസ്കാരിക സ്വത്വത്തെക്കുറിച്ചുള്ള ആശങ്കകൾക്കും അവർ വ്യക്തമായ മറുപടി നൽകി.തങ്ങൾ താങ്ക്സ്ഗിവിംഗും ക്രിസ്മസും ആഘോഷിക്കാറുണ്ടെന്നും ആരെയും മതം മാറാൻ ഹിന്ദുമതം നിർബന്ധിക്കുന്നില്ല എന്നും നല്ല മനുഷ്യനായി ജീവിക്കുന്ന ആർക്കും സ്വർഗ്ഗത്തിൽ ഇടമുണ്ടെന്നാണ് തങ്ങൾ വിശ്വസിക്കുന്നതെന്നും നേഹ വ്യക്തമാക്കി.
നേഹയുടെ പ്രസംഗത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളിൽ നിന്നുൾപ്പെടെ വലിയ പിന്തുണയാണ് ലഭിച്ചിരിക്കുന്നത്. അമേരിക്കയുടെ പുരോഗതിയിൽ ഡോക്ടർമാരായും എൻജിനീയർമാരായും ഇന്ത്യക്കാർ നൽകുന്ന സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്നും 'ജീവിക്കുക, ജീവിക്കാൻ അനുവദിക്കുക' എന്ന ഭാരതീയ തത്വം മുറുകെ പിടിക്കുന്നവരെ ടാർഗെറ്റ് ചെയ്യുന്നത് ഖേദകരമാണെന്നും വീഡിയോയ്ക്ക് താഴെ വന്ന കമന്റുകൾ സൂചിപ്പിക്കുന്നു. വിദ്വേഷത്തിനെതിരെ ഇന്ത്യൻ മൂല്യങ്ങളെ ഉയർത്തിപ്പിടിച്ച നേഹയുടെ നിലപാടിനെ പ്രവാസി സമൂഹം പ്രകീർത്തിച്ചു.