
സാക്രമെന്റോ: യുണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയുടെ (യുസി) പേരും പദവിയും ദുരുപയോഗം ചെയ്ത് എച്ച്-1ബി വിസ തട്ടിപ്പ് നടത്തിയ കേസിൽ കാലിഫോർണിയയിലെ ഡബ്ലിനിൽ താമസിക്കുന്ന രണ്ട് മലയാളികൾ ഫെഡറൽ കോടതിയിൽ കുറ്റസമ്മതം നടത്തി. ഡബ്ലിൻ സ്വദേശികളായ സമ്പത്ത് രജിദി (51), ശ്രീധർ മാഡ (51) എന്നിവരാണ് വിസ തട്ടിപ്പിനായുള്ള ഗൂഢാലോചനയിൽ തങ്ങളുടെ പങ്ക് സമ്മതിച്ചത്. ഏപ്രിൽ 17-ന് യു.എസ് അറ്റോർണി എറിക് ഗ്രാന്റാണ് ഇക്കാര്യം അറിയിച്ചത്.
സമ്പത്ത് രജിദിയുടെ ഉടമസ്ഥതയിലുള്ള 'എസ്-ടീം സോഫ്റ്റ്‌വെയർ', 'അപ്‌ട്രെൻഡ് ടെക്നോളജീസ്' എന്നീ സ്ഥാപനങ്ങൾ വഴി വിദേശ തൊഴിലാളികൾക്കായി എച്ച്-1ബി വിസയ്ക്ക് അപേക്ഷിക്കുമ്പോൾ, യുണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിലെ അഗ്രികൾച്ചർ ആൻഡ് നാച്ചുറൽ റിസോഴ്‌സസ്(യുസിഎൻആർ) വിഭാഗത്തിൽ ഇവർക്ക് ജോലിയുണ്ടെന്ന വ്യാജരേഖകളാണ് സമർപ്പിച്ചിരുന്നത്. യു.സി ഡേവിസിലെ യുസിഎൻആർ വിഭാഗത്തിൽ ചീഫ് ഇൻഫർമേഷൻ ഓഫീസറായിരുന്ന ശ്രീധർ മാഡയുടെ സഹായത്തോടെയാണ് ഈ ഗൂഢാലോചന നടന്നത്. തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത്, സർവകലാശാലയിലേക്ക് തൊഴിലാളികളെ നിയമിക്കാൻ അധികാരമില്ലാതിരുന്നിട്ടും അപേക്ഷകൾക്ക് നിയമസാധുത നൽകുന്ന രേഖകൾ മാഡ ചമയ്ക്കുകയായിരുന്നു.
2020 ജൂണിനും 2023 ജനുവരിക്കും ഇടയിൽ സമർപ്പിക്കപ്പെട്ട ഈ അപേക്ഷകളിലെ തസ്തികകൾ പൂർണ്ണമായും വ്യാജമായിരുന്നുവെന്ന് ഫെഡറൽ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. വിസ ലഭിച്ചുകഴിഞ്ഞാൽ, യൂണിവേഴ്‌സിറ്റിക്ക് പകരം മറ്റ് സ്വകാര്യ കമ്പനികളിൽ ഈ തൊഴിലാളികളെ വിന്യസിക്കുകയായിരുന്നു ഇവരുടെ രീതി. വ്യാജരേഖകൾ നൽകി യു.എസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസിനെ (യുഎസ്സിഐഎസ്) കബളിപ്പിച്ചതിലൂടെ, എച്ച്-1ബി വിസയ്ക്കായി കാത്തിരിക്കുന്ന മറ്റ് അർഹരായ കമ്പനികളുടെ അവസരം ഇവർ നഷ്ടപ്പെടുത്തിയതായും അധികൃതർ ചൂണ്ടിക്കാട്ടി. കേസിലെ ശിക്ഷാവിധി 2026 ജൂലൈ 30-ന് പ്രഖ്യാപിക്കും. പ്രതികൾക്ക് അഞ്ച് വർഷം വരെ തടവും 2.5 ലക്ഷം ഡോളർ പിഴയും ശിക്ഷ ലഭിക്കാം.